ADVERTISEMENT

ആഴക്കടലിൽ മറഞ്ഞിരിക്കുന്ന അദ്ഭുതങ്ങൾ ഒട്ടനവധിയാണ്. പല കാര്യങ്ങളും ഇപ്പോഴും നമുക്ക് അജ്ഞാതമാണ്. അത്തരമൊരു അദ്ഭുതപ്പെടുത്തുന്ന കണ്ടെത്തലിന്റെ ആഹ്ലാദത്തിലാണ് ഇപ്പോൾ ഗവേഷകർ. ബോഹെ‍ഡ് തിമിംഗലങ്ങളുടെ ആയുസ്സിനെക്കുറിച്ചുള്ള കണ്ടെത്തലാണ് ഗവേഷകരെ അമ്പരപ്പിച്ചത്. പുതിയ പഠനങ്ങൾ അനുസരിച്ച് 286 വയസ്സാണ് ഇവയുടെ ആയുസ്സ്. അതായത് 1914ലെ ഒന്നാം ലോകമഹായുദ്ധവും 1939ലാരംഭിച്ച രണ്ടാം ലോകമഹായുദ്ധവും കണ്ടും കടന്നുമാണ് ഈ തിമിംഗലങ്ങൾ ഇപ്പോഴും കടലിൽ നീന്തിത്തുടിക്കുന്നത്. അതിനും 100 വര്‍ഷം മുൻപുള്ള കടലും കാഴ്ചകളും കണ്ട ബോഹെഡ് തിമിംഗലങ്ങളും ഇപ്പോഴും ആർട്ടിക്കിന്റെ ആഴങ്ങളിൽ നീന്തുന്നുണ്ടാകാമെന്നും ഗവേഷകർ പറയുന്നു.

സമുദ്രത്തിലെ പല സസ്തനികൾക്കും ഗവേഷകർ കണക്കാക്കുന്നതിനേക്കാൾ പ്രായക്കൂടുതലുണ്ടാകാം എന്നാണ് നിഗമനം. ആർട്ടിക് പ്രദേശത്താണ് ബോഹെഡ് തിമിംഗലങ്ങളുടെ വാസം.മുൻപ് ബോഹെഡ് തിമിംഗലങ്ങളുടെ ആയുസ്സ് 211 വയസ്സാണെന്നാണ് ഗവേഷകർ കണക്കാക്കിയിരുന്നത്. തിമിംഗലത്തിന്റെ കണ്ണിൽ നിന്നും ശേഖരിച്ച ദ്രവത്തിൽ നിന്നാണ് തിമിംഗലത്തിന്റെ പ്രായം അന്ന് കണക്കാക്കിയിരുന്നത്. ഓസ്ട്രേലിയയിലെ ഒരു കൂട്ടം ഗവേഷകരാണ് പുതിയ പഠനത്തിനു പിന്നിൽ പ്രവർത്തിച്ചത്. നിരവധി പരീക്ഷണങ്ങൾക്കൊടുവിലാണ്  ഗവേഷകർ തിമിംഗലത്തിന്റെ യഥാർഥ ആയുസ്സ്  കണ്ടെത്തുന്നതിൽ വിജയിച്ചത്. ഡിഎൻഎ ഉപയോഗിച്ച് ജീവികളുടെ പ്രായം കണക്കാക്കുന്ന പുതിയ രീതി മീഥൈലേഷൻ എന്നാണ് അറിയപ്പെടുന്നത്.

എന്തായാലും ബോഹെ‍ഡ് തിമിംഗലങ്ങളുടെ യഥാർഥ ആയുസ്സ് കണ്ടെത്തി അമ്പരന്നിരിക്കുകയാണ് ഗവേഷകലോകം. പഠന പ്രകാരം ഏറ്റവും കുറവ് ആയുസ്സുള്ള കടൽ ജീവി ഉഷ്ണമേഖലാ തീരത്തേടു ചേർന്നു കാണപ്പെടുന്ന പിഗ്മി ഗോപി എന്നയിനം മത്സ്യമാണ്. വെറും എട്ടാഴ്ചയാണ് ഇവയുടെ ആയുസ്സ്. നാൽപ്പത്തി രണ്ടോളം വരുന്ന കടൽ ജീവികളിൽ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. മൂന്ന് നൂറ്റാണ്ടുകളോളം ജീവിക്കാൻ കഴിയുന്ന ബോഹെ‍ഡ് തിമിംഗലങ്ങൾ ശാസ്ത്ര ലോകത്തിന് അദ്ഭുതമായി മാറുകയാണ്.

ഇതുവരെ ഈ പ്രായത്തിലുള്ള തിമിംഗലങ്ങളെ കണ്ടെത്താൻ ഗവേഷകർക്ക് സാധിച്ചിട്ടില്ല. 2007ൽ ചത്തു തീരത്തടിഞ്ഞ ഒരു ബോഹെ‍ഡ് തിമിംഗലത്തിന് 200 വയസ്സോളം പ്രായമുണ്ടെന്നാണ് കണ്ടെത്തിയിരുന്നത്. മറ്റു പല ജീവികളേയും വംശനാശത്തിന്റെ പിടിയിൽ നിന്ന് രക്ഷിക്കാൻ ഈ കണ്ടെത്തൽ സഹായകരമാകുമെന്നാണ് ഗവേഷകരുടെ നിഗമനം. അമേരിക്ക രൂപപ്പെടുന്നതിനും മുൻപ് മുതൽ ഒരു തിമിംഗലം ആർട്ടിക് സമൂദ്രത്തിലൂടെ നീന്തിത്തുടിച്ചിരുന്നു എന്ന് ചിന്തിക്കുന്നത് തന്നെ അദ്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് കാൻബെറയിലെ പഠനത്തിനു നേതൃത്വം നൽകിയ ഗവേഷകനായ ഡോക്ടർ ബെഞ്ചമിൻ മേനെ വ്യക്തമാക്കുന്നു. 

English Summary: Scientists discover Bowheads could have been swimming around the Arctic for 268 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com