ADVERTISEMENT

രാജ്യത്തെ വനവിസ്തൃതി വർധിപ്പിക്കാൻ ഏറ്റവും കൂടുതൽ സംഭാവന നൽകിയ മൂന്നാമത്തെ സംസ്ഥാനം കേരളം. പുതിയ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് പ്രകാരം കേരളത്തിൽ വനവിസ്തൃതി 823 ചതുരശ്ര കിലോമീറ്റർ വർധിച്ചു. അതേസമയം, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ വനസമ്പത്ത് കാര്യമായി കുറയുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. 2017 ലെ റിപ്പോർട്ടുമായുള്ള താരതമ്യത്തിലാണ് ഈ മാറ്റം.

കർണാടക (1025 ച.കി.മീ), ആന്ധ്രപ്രദേശ് (990 ച.കി.മീ.) എന്നീ സംസ്ഥാനങ്ങളാണ് വനവിസ്തൃതി വർധിച്ച സംസ്ഥാനങ്ങളിൽ മുന്നിലുള്ളത്. ഈ കാലയളവിൽ രാജ്യത്താകെ 5188 ച.കി.മീ വനമേഖല വർധിച്ചു. അതേസമയം, വടക്കുകിഴക്കൻ മേഖലയിലെ വനവിസ്തൃതി കുറയുന്നത് കൂടുതൽ രൂക്ഷമായി. അവിടെ 765 ച.കി.മീ ആണ് ഈ കാലയളവിലെ കുറവ്.

തോട്ടം മേഖലയുടെ വർധന, ഉപഗ്രഹ സംവിധാനം അടക്കമുള്ള സൂക്ഷ്മ കണക്കെടുപ്പ് തുടങ്ങിയവയാണ് വനമേഖല വർധനയ്ക്കു പിന്നിലെ കാരണങ്ങൾ. കൃഷിരീതികളിൽ വരുന്ന മാറ്റങ്ങൾ, മരംവെട്ട്, വികസന പദ്ധതികൾ തുടങ്ങിയവ വനവിസ്തൃതി കുറയുന്നതിനു കാരണമാകുന്നു.

തോട്ടങ്ങളും  വനസംരക്ഷണവും കേരളത്തിനു തുണയായി

തോട്ടങ്ങളുടെ വ്യാപനവും വനസംരക്ഷണ പ്രവർത്തനങ്ങളുമാണ് കേരളത്തിൽ വനസമ്പത്ത് വർധിക്കാൻ കാരണമെന്ന് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ രേഖപ്പെടുത്തപ്പെട്ട വനവിസ്തൃതി 11,309 ചതുരശ്ര കിലോമീറ്റർ ആണ്. ഇതു മൊത്തം ഭൂവിസ്തൃതിയുടെ 29.10 ശതമാനമാണ്. 

∙ കേരളത്തിന്റെ മൊത്തം ഹരിത വിസ്തൃതി: 24,080 ചതുരശ്ര കി.മീ (ഭൂവിസ്തൃതിയുടെ 61.98%). വനാവരണം മാത്രം: 21,144 ചതുരശ്ര കി.മീ (ഭൂവിസ്തൃതിയുടെ 54.42%). വൃക്ഷകവചം: 2,936 ചതുരശ്ര കി.മീ (2 വർഷത്തിനിടെ 23 ചതുരശ്ര കി.മീ നഷ്ടമായി).

∙ ഭൂവിസ്തൃതിയുമായുള്ള താരതമ്യത്തിൽ ഏറ്റവും കൂടുതൽ വനാവരണമുള്ളത് വയനാട് ജില്ലയിൽ (74.18%). പത്തനംതിട്ടയും (73.4%) ഇടുക്കിയും (72.33%) രണ്ടും മൂന്നും സ്ഥാനത്ത്. ഏറ്റവും കുറവ് ആലപ്പുഴയിൽ (5.65%).

∙ കേരളത്തിൽ‍ കണ്ടൽക്കാട് 9 ച.കി.മീ. കൂടുതൽ കണ്ണൂർ (6.24%), എറണാകുളം (1.82%) കാസർകോട് (0.84%) ജില്ലകളിൽ.

∙ നിബിഡ വനമേഖലയിൽ കേരളത്തിൽ കാര്യമായ വർധന. മുൻ റിപ്പോർട്ടിൽ 1663 ച.കി.മീ ആയിരുന്നു നിബിഡ വനമെങ്കിൽ ഇപ്പോഴത് 1935 ച.കി.മീ ആയി. 9508 ച.കി.മീ. പ്രദേശം മധ്യതല നിബിഡ വനവും 901 ച.കി.മീ. പ്രദേശം തുറസ്സായ വനപ്രദേശത്തിന്റെ ഭാഗവുമാണ്. കുറുങ്കാട് 13 ച.കി.മീ.

∙ കേരളത്തിലെ വനങ്ങളിലെ കാർബൺ ശേഖരം 21.29 കോടി ടൺ. രാജ്യത്തെ മൊത്തം കാർബൺ ശേഖരത്തിന്റെ 2.99%

‘ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള പാരിസ് ഉടമ്പടിയുടെ കാര്യത്തിൽ ഇന്ത്യ ശരിയായ ദിശയിലാണ്. രാജ്യത്തെ വനവിസ്തൃതിയും കാർബൺ ശേഖരവും വർധിക്കുന്നതും ആത്മവിശ്വാസം നൽകുന്നു.’

പ്രകാശ് ജാവഡേക്കർ കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി

ഇന്ത്യയുടെ വനസമ്പത്ത്

വനാവരണവും വൃക്ഷകവചവും ചേർന്നു രാജ്യത്തെ മൊത്തം  ഹരിത വിസ്തൃതി: 8,07276 ചതുരശ്ര കിലോമീറ്റർ

കഴിഞ്ഞ 2 വർഷത്തെ വർധന: 5188 ച.കി.മീ (.65%)

ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 21.67% വനം

വനവിസ്തൃതിയിലെ വർധന: 3976 ച.കി.മീ (.56%)

വൃക്ഷകവചത്തിലെ വർധന: 1212 ച.കി.മീ

കണ്ടൽക്കാടുകളുടെ വർധന: 54 ച.കി.മീ (1.10%). 

കണ്ടൽക്കാടുകൾ ഏറ്റവും കുടുതലുള്ളത് ബംഗാളിൽ: 2112 ച. കി.മീ

മുളങ്കാടിന്റെ വർധന: 3229 ച.കി.മീ

English Summary: Growing forest cover turning Kerala greener

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com