ADVERTISEMENT

ഓസ്ട്രേലിയയില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ ഇതുവരെ ജീവന്‍ നഷ്ടമായത് അന്‍പതുകോടിയിലേറെ വന്യജീവികള്‍ക്ക്. ജൈവവിധ്യത്തിന്‍റെ കാര്യത്തില്‍ ലോകത്തില്‍ മുന്നില്‍നില്‍ക്കുന്ന ഓസ്ട്രേലിയയില്‍നിന്ന് കരളലിയിക്കുന്ന കാഴ്ചകളാണ് ഓരോദിനവും പുറത്തുവരുന്നത്.ഓസ്ട്രേലിയ ഇന്നുവരെ കാണാത്ത കാട്ടുതീ പടര്‍ന്നുപിടിക്കുമ്പോള്‍ ലോകത്തിന് നഷ്ടമാകാന്‍ പോകുന്ന മറ്റൊരു ജീവിവര്‍ഗമായേക്കാം കോലകള്‍. കാരണം ലോകത്ത് അവശേഷിക്കുന്ന കോലകളില്‍ ബഹുഭൂരിപക്ഷവും ഓസ്ട്രേലിയയിലാണുള്ളത്. ആയിരക്കണക്കിന് കോലകള്‍ ഇതിനകം വെന്തുരുകി ചത്തു. ഓസ്ടേലിയയുടെ തെക്ക് കിഴക്കന്‍ തീരങ്ങളെ വിഴുങ്ങിയ കാട്ടുതീയില്‍ അന്‍പതുകോടി വന്യമൃഗങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 

വേഗത്തിലോടുന്ന കങ്കാരുക്കള്‍ വരെ തീയില്‍പ്പെട്ടു. പതിനഞ്ചുദശലക്ഷത്തിലധികം ഏക്കര്‍ സ്ഥലമാണ് ഇതുവരെ കാട്ടുതീയില്‍ എരിഞ്ഞമര്‍ന്നത്. നാല്‍പ്പത് ഡിഗ്രിക്ക് മുകളിലാണ് ശരാശരി താപനില. ഇതെല്ലാം വന്യമൃഗങ്ങളെ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്. കഴിഞ്ഞവര്‍ഷം ഉണ്ടായ ആമസോണ്‍ കാട്ടുതീയുടെ ഇരട്ടിയിലേറെ സ്ഥലം ഇതുവരെ കാട്ടുതീ വിഴുങ്ങിക്കഴിഞ്ഞു.  

ന്യൂ സൗത്ത് വെയ്ൽസിലെ വിവിധയിടങ്ങളിൽ ഇന്നലെ മഴയെത്തിയത് കാട്ടുതീയുടെ തീവ്രത കുറച്ചു. കാലാവസ്ഥ അനുകൂലമായതോടെ രക്ഷാപ്രവർത്തനം ഊർജിതമായിട്ടുണ്ട്. കാട്ടുതീയെത്തുടർന്നു താൽക്കാലികമായി അടച്ചിരുന്ന റോഡുകൾ തുറന്നെങ്കിലും പുക ശമിക്കാത്തത് തിരിച്ചടിയാകുന്നുണ്ട്. നിരവധി ആളുകൾ ഇപ്പോഴും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്.

റോഡുകളിലെ തടസ്സം നീക്കിയ അധികൃതർ ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിത്തുടങ്ങി. എന്നാൽ, പലയിടത്തും കനത്ത പുക മൂലം രക്ഷാപ്രവർത്തനങ്ങൾ മുടങ്ങി. നൂറുകണക്കിനു ആളുകളാണു കുടുങ്ങിക്കിടക്കുന്നത്. ഇന്നലെ ലഭിച്ച നേരിയ മഴയും കാറ്റും ലഭിച്ചെങ്കിലും വരും ദിവസങ്ങളിൽ കാലാവസ്ഥ മോശമാകുമെന്നാണു മുന്നറിയിപ്പ്.

80 ലക്ഷം ഹെക്ടറിൽ നാശം വിതച്ച കാട്ടുതീ 25 പേരുടെ ജീവനാണെടുത്തത്. ആയിരക്കണക്കിനു കെട്ടിടങ്ങൾ നശിച്ചു. കാലാവസ്ഥ വ്യതിയാനം നേരിടാനുള്ള നടപടികളിലെ വീഴ്ചയ്ക്കു വിമർശനം നേരിടുന്ന പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പുതിയതായി രൂപീകരിച്ച നാഷനൽ ബുഷ്ഫയർ റിക്കവറി ഏജൻസിക്ക് 2 വർഷം കൊണ്ട് 10,065 കോടി രൂപ അനുവദിക്കുമെന്നു പ്രഖ്യാപിച്ചു.

കഴിഞ്ഞ നാല് മാസങ്ങളായി രാജ്യത്തെ വെണ്ണീറാക്കുന്ന കാട്ടുതീയിൽ ചുട്ടുചാമ്പലായത് കോടിക്കണക്കിന് ജീവജാലങ്ങളാണെന്നാണ് റിപ്പോർട്ടുകൾ. 52.5 ലക്ഷം ഹെക്ടർ (130 ലക്ഷം ഏക്കർ) സ്ഥലം കത്തിയെരിഞ്ഞു. അതേസമയം, വ്യാഴാഴ്ച മുതൽ ഓസ്ട്രേലിയയിൽ വീണ്ടു കനത്ത ചൂട് തുടങ്ങുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനു മുൻപു കുടുങ്ങി കിടക്കുന്ന പരാമവധി ആളുകളെ രക്ഷിക്കാനാണ് അധികൃതരുടെ ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com