തണുപ്പ് അതിന്റെ പാരമ്യതയിലെത്തിയിരിക്കുകയാണ് കശ്മീരില്‍. നാല്പതു ദിവസം നീണ്ടുനില്‍ക്കുന്ന ചില്ലായ് കലാന്‍ എന്നറിയപ്പെടുന്ന കൊടും തണുപ്പിന്റെ പിടിയിലായിരിക്കും ഇനി വരും ദിവസങ്ങൾ. ഈ ദിവസങ്ങൾ കശ്മീരിലും അതിര്‍ത്തിപ്രദേശങ്ങളിലും വിനോദസഞ്ചാര സീസണ്‍ കൂടിയാണ്. കശ്മീരും താഴ്‌വരകളും അതിര്‍ത്തിപ്രദേശങ്ങളുമൊക്കെ മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മനോഹരമായ കാഴ്ചയാണ് സഞ്ഞാരികളെ എതിരേൽക്കുക.
രണ്ടാഴ്ചയിലേറെയായി കടുത്തമഞ്ഞുവീഴ്ച തുടങ്ങിയിട്ട്. ഇപ്പോഴും തുടരുന്നു. ജനുവരി 31വരെ അതികഠിനമായ മഞ്ഞുവീഴ്ചയും കൊടും തണുപ്പും കശ്മീലുണ്ടാകുമെന്നാണ് കാലാവസ്ഥാറിപ്പോര്‍ട്ടുകള്‍. വടക്കന്‍ കശ്മീരിലെ ല്‍മാര്‍ഗില്‍ മൈനസ് 10 ആണ് താപനില.
അമര്‍നാഥ് യാത്രയുടെ ബേസ് ക്യാംപായ ആയ പഹൽഗാമിലും മഞ്ഞുവീഴ്ച തുടരുകയാണ്. ഖ്വാസിഗുന്ധിൽ 38.5 സെന്റീമീറ്ററാണ് മഞ്ഞു വീഴ്ച. ലേ ലഡാക്ക്,ദ്രാസ് എന്നീ അതിര്‍ത്തിമേഖലകളിലും താപനില മൈനസിലാണ്. ജനുവരി 31നാണ് ചില്ലായ് കലാന്‍ അവസാനിക്കുക. ഈ കാലയളവില്‍ തന്നെ 20 ദിവസം നീണ്ടുനില്‍ക്കുന്ന ചെറുമഞ്ഞുവീഴ്ച 'ചില്ലായ് ഖുർദ്' എന്നും, 10 ദിവസം നീണ്ടുനില്‍ക്കുന്ന നേരിയ മഞ്ഞുവീഴ്ച 'ചില്ലായ് ബച്ച' എന്നുമാണു അറിയപ്പെടുന്നത്. തണുത്തുറഞ്ഞ തടാകങ്ങളിലെ മഞ്ഞുപാളികള്‍ അടിച്ചുപൊട്ടിച്ച് അതില്‍നിന്നും മീന്‍പിടിക്കുന്നതും ചില്ലായ് കലാന്റെ പ്രത്യേകതയാണ്. തൂവെള്ളമഞ്ഞുകട്ടകള്‍കൊണ്ടുണ്ടാക്കിയ കട്ടിപ്പുതപ്പില്‍ കുളിരാര്‍ന്നുകിടക്കുകയാണ് സഞ്ചാരികളുടെ പറുദീസയായ കശ്മീര്‍ താഴ്‌വര.
English Summary: Harshest winter phase 'Chillai-Kalan' begins in Kashmir