ADVERTISEMENT

കാട്ടുതീയുടെയുടെ പിടിയിലമർന്ന ഓസ്ട്രേലിയയിൽ കാലാവസ്ഥ തകിടം മറിയുകയാണ്. കാട്ടുതീക്ക് ശമനം ഉണ്ടാകാൻ മഴയ്ക്കായി കാത്തിരിക്കുന്ന ജനങ്ങൾക്ക്  മഴയ്ക്കൊപ്പം മറ്റൊരു അപകടം കൂടി തേടിയെത്തുമെന്ന മുന്നറിയിപ്പാണ് വിദഗ്ധർ നൽകുന്നത്. മഴക്കാലമെത്തുന്നതോടെ ആയിരക്കണക്കിന് കൊലയാളി ചിലന്തികൾ  ജനവാസ കേന്ദ്രങ്ങളിലേക്കെത്തിത്തുടങ്ങും എന്ന് ഓസ്ട്രേലിയൻ റെപ്ടൈൽ പാർക്കിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കൊടും ചൂടിനു പിന്നാലെ മഴയെത്തുന്നതോടെ അപകടകാരികളായ ഫണൽ വെബ് ചിലന്തികൾ പെരുകുമെന്ന ജാഗ്രതാ മുന്നറിയിപ്പ് വിദഗ്ധർ പുറപ്പെടുവിച്ചു കഴിഞ്ഞു.  ഓസ്ട്രേലിയൻ റെപ്ടൈൽ പാർക്കിന്റെ ഫെയ്സ്ബുക്ക് പേജിലെ വിഡിയോയിലൂടെയാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. 

സിഡ്നിയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർക്ക് ചിലന്തികളുടെ കൂട്ടത്തോടെയുള്ള ഈ വരവ് അത്ര അപരിചിതമല്ല.  നാൽപ്പതോളം ഇനങ്ങളിൽപ്പെട്ട ഫണൽ വെബ് ചിലന്തികളെയാണ് ഓസ്ട്രേലിയയിൽ മാത്രം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ അട്രാക്സ് റോബസ്റ്റസ്  എന്ന ഇനമാണ് ലോകത്തിലെ തന്നെ ഏറ്റവുംഅപകടകാരിയായ ചിലന്തിയായി കണക്കാക്കപ്പെടുന്നത്. ഇവ ഏറ്റവുമധികം കണ്ടുവരുന്നത്  കിഴക്കൻ ഓസ്ട്രേലിയയിൽ ആയതിനാൽ സിഡ്നി ഫണൽ വെബ് സ്പൈഡർ എന്നും ഇവ അറിയപ്പെടുന്നു.

അന്തരീക്ഷത്തിൽ ഈർപ്പം രൂപപ്പെടുന്നതോടെ ചിലന്തികൾ കൂട്ടമായി പുറത്തിറങ്ങിത്തുടങ്ങും. ഫണൽ വെബ് ചിലന്തികളിലെ ആൺ വർഗത്തിന്റെ വിഷം പെൺ വർഗത്തിനെ അപേക്ഷിച്ച് ആറിരട്ടി അപകടകരമാണ്. അതിനാൽ ജനങ്ങൾ ഏറെ കരുതലോടെയിരിക്കണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ചിലന്തികളുടെ കൂട്ടമായ ഈ വരവ് പേടിപ്പെടുത്തുന്നുണ്ടെങ്കിലും പ്രതിവിഷ നിർമാണത്തിന് ഒരു സുവർണാവസരമായാണ് റെപ്ടൈൽ  പാർക്ക് ഇതിനെ കാണുന്നത്. 1980 ൽ  പാർക്ക് പ്രതിവിഷ നിർമാണ പരിപാടി ആരംഭിച്ചതിനുശേഷം ചിലന്തി കടിച്ചുള്ള മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ പ്രതിവർഷം 30 മുതൽ 40 വരെ ആളുകൾക്ക് ഫണൽ വെബ് ചിലന്തികളിൽനിന്നും  വിഷബാധ ഏൽക്കുന്നുണ്ടെന്നാണ് കണക്ക്.  ഇവയ്ക്കുള്ള പ്രതിവിഷം റെപ്‌ടൈൽ പാർക്കിൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. 

ആൺ വർഗത്തിൽപ്പെട്ട ഫണൽ വെബ് ചിന്തകളിൽനിന്നും വിഷമെടുത്ത് മുയലുകളിൽ പ്രയോഗിച്ച് അവയിൽ രൂപപ്പെടുന്ന പ്രതിദ്രവ്യം ഉപയോഗിച്ചാണ് പ്രതിവിഷം നിർമിക്കുന്നത്.  അതിനാൽ ചിലന്തികൾ കൂട്ടമായി എത്തുന്നതോടെ വിഷം വലിയതോതിൽ ശേഖരിച്ച് പ്രതിവിഷ നിർമാണം ഊർജിതമാക്കാമെന്ന കണക്കുകൂട്ടലിലാണ് ഓസ്ട്രേലിയൻ റെപ്ടൈൽ പാർക്ക്. ചിലന്തികളെ കണ്ടുകിട്ടുന്നവർ അവയെ സുരക്ഷിതമായ രീതിയിൽ പിടിച്ച് ഏൽപ്പിക്കണമെന്ന അഭ്യർത്ഥനയും  പാർക്ക് വിഡിയോയിലൂടെ പങ്കുവയ്ക്കുന്നു. ചിലന്തികളെ  പിടിക്കുന്നത് എങ്ങനെയന്ന വിശദീകരണവും വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

English Summary: Australia Is About to Experience a 'Bonanza' of Deadly Spiders, Experts Warn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com