ADVERTISEMENT

സമുദ്രനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെ തുടർന്ന് അമേരിക്കയിലെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഉൾപ്രദേശങ്ങളിലേക്ക് കുടിയേറിപ്പാർക്കേണ്ടി വരുമെന്ന് ഗവേഷകർ. കാലാവസ്ഥാവ്യതിയാനവും വെള്ളപ്പൊക്കവും മൂലം സമുദ്രനിരപ്പിൽ വൻതോതിൽ ഉയർച്ചയുണ്ടാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 

2100 ഓടെ തീരപ്രദേശങ്ങളിൽ ജീവിക്കുന്ന 13 ദശലക്ഷം ജനങ്ങൾക്ക് വീടുകൾ ഉപേക്ഷിച്ചു പോകേണ്ടി വരും എന്നാണ് കണക്ക്.  അറ്റ്ലാന്റ, ഹൂസ്റ്റൺ, ഡാലസ്, ലാസ് വേഗാസ്, ഡൻവർ എന്നിവിടങ്ങളിലെ ജനങ്ങൾക്കാണ് സമുദ്രനിരപ്പിലെ ഉയർച്ച ഭീഷണിയാകുന്നത്. 2017 ൽ ഹാർവെ ചുഴലിക്കാറ്റ് നാശം വിതച്ചതിനെ തുടർന്ന് ടെക്സസിലെ തീരപ്രദേശങ്ങളിൽ ജീവിച്ച ആയിരക്കണക്കിന് ആളുകളാണ്  ഉൾപ്രദേശങ്ങളിലേക്ക് കുടിയേറിയത്. വരുന്ന പതിറ്റാണ്ടുകളിൽ ഇത്തരം ‍സംഭവവികാസങ്ങൾ വലിയതോതിൽ ആവർത്തിക്കുമെന്നും അതോടെ കുടിയേറ്റക്കാരുടെ എണ്ണം ക്രമാതീതമായി വർധിക്കുമെന്നും സതേൺ കലിഫോർണിയ സർവകലാശാലയിലെ പ്രൊഫസറായ ബിസ്ട്രാ ഡിൽക്കിനയുടെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.

Dramatic Sea Level Rise

സമുദ്രനിരപ്പിലെ ഉയർച്ച മൂലമുണ്ടാകുന്ന  കുടിയേറ്റ മാതൃകകൾ യന്ത്രങ്ങളുടെ സഹായത്തോടെ പഠനവിധേയമാക്കിയ ആദ്യസംഘമാണ് ഇത്.  പ്ലസ് വൺ (Plos One) എന്ന ജേർണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പഠന റിപ്പോർട്ട് അനുസരിച്ച്  അമേരിക്കയിലെ എല്ലാ പ്രധാന നഗരങ്ങളിലും കുടിയേറ്റ ജനത പിടിമുറുക്കും. ഇതോടെ തൊഴിൽ രംഗങ്ങളിൽ മത്സരം വർധിക്കുകയും വീടുകളുടെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടാവുകയും ചെയ്യും.  നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളിലും ഉൾഗ്രാമങ്ങളിലും  പ്രദേശവാസികളുടെ എണ്ണത്തേക്കാൾ കൂടുതൽ  കുടിയേറ്റക്കാർ ഉണ്ടാകുമെന്നും ഗവേഷകർ പറയുന്നു.

ആഗോളതാപനം മൂലം വൻ തോതിലുണ്ടാകുന്ന മഞ്ഞുരുക്കം സമുദ്രനിരപ്പിന്റെ ഉയർച്ചയ്ക്ക് പ്രധാന കാരണമാകുമെന്നാണ് കണ്ടെത്തൽ. തെക്കൻ ഫ്ലോറിഡ, വടക്കൻ കരലൈന, വെർജീനിയ, ബോസ്റ്റൺ, ന്യൂ ഓർലിയൻസ് എന്നീ പ്രദേശങ്ങളിലെ തീരദേശ രേഖകൾ സമുദ്രനിരപ്പ് ആറടിയോളം ഉയരുന്നതോടെ മാറ്റി എഴുതപ്പെടും. ജനസംഖ്യയിലെ ഉയർച്ചയും സമുദ്രനിരപ്പിന്റെ ഉയർച്ചയും താരതമ്യം ചെയ്താണ് പഠനം നടത്തിയത്. ഈ പഠന റിപ്പോർട്ട് നഗര നിർമാണത്തിലും അടിസ്ഥാനസൗകര്യങ്ങളുടെ  വികസനത്തിലും ഏറെ സഹായകരമാകുമെന്നാണ് പ്രതീക്ഷ.

English Summary:13 million Americans at migration risk due to sea-level rise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com