ADVERTISEMENT
Oymyakon the Coldest inhabited place on earth

ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശങ്ങളിലൊന്നാണ് ഒയ്മ്യാകോൺ. ലോകത്തിന്റെ ഫ്രീസർ എന്ന് ഒറ്റവാക്കിൽ വിശേഷിപ്പിക്കാം. ശൈത്യമേറിയ ജനവാസപ്രദേശങ്ങളിൽ ഒന്നാണ് സൈബീരിയയിലെ ഈ ഗ്രാമം. കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ രേഖപ്പെടുത്തിയ താപനില മൈനസ് 60 ഡിഗ്രിയായിരുന്നു. 

Oymyakon the Coldest inhabited place on earth
Image Credit: red square showtime/Facebook

ശൈത്യകാലമായാൽ ദിവസത്തിന്റെ 21 മണിക്കൂറും ഒയ്മ്യാകോണിൽ ഇരുട്ടായിരിക്കും എന്നതാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. താപനില മൈനസ് 40 ലെത്തുമ്പോൾ തന്നെ ഇവിടുത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുകയാണു പതിവ്. സ്കൂളുകൾ കൂടാതെ ഒരു പോസ്റ്റ് ഓഫീസ്, ബാങ്ക്, എയർപോർട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. അതിശൈത്യം ആരംഭിക്കുന്നതോടെ ഗ്രാമവാസികളുടെ ജീവിതം വീടിനുള്ളിലുള്ള പവർ ജനറേറ്ററിന്റെ സഹായത്തോടെയാണ്. തണുപ്പുകാലത്ത് ഇവർ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം വാഹനങ്ങളുടെ എൻജിൻ കേടാകുന്നതാണ്. കാറുകളും മറ്റു വാഹനങ്ങളും കേടാകാതിരിക്കാൻ അവ നിരന്തരം പ്രവർത്തിപ്പിക്കുകയും വാഹനത്തിനുള്ളിൽ തന്നെ താമസമാക്കുന്നവരും ഇവിടെയുണ്ട്.

ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്താണ്  ഒയ്മ്യാകോൺ നിവാസികളുടെ ജീവിതം. തണുപ്പേറെയായതിനാൽ മുഖവും ശരീരഭാഗങ്ങളും വലിഞ്ഞു മുറിയുക, പേനയിലെ മഷി കട്ടയാകുക, ബാറ്ററി ചാർജ് തീരുക തുടങ്ങിയവ അവയിൽ ചിലതാണ്.ഇതൊക്കെ സഹിക്കാമെങ്കിലും ആരെങ്കിലും മരിച്ചാലാണ് പ്രശ്നങ്ങൾ രൂക്ഷമാകുന്നത്. കാരണം ശവസംസ്കാരം നടത്തുകയെന്നത് വളരെ സങ്കീർണമായ കാര്യമാണ്. കാരണം സ്ഥലം കണ്ടെത്തി ആദ്യം ആ ഭാഗത്തെ മഞ്ഞുരുക്കിക്കളയണം.മൃതദാഹം സംസ്ക്കരിക്കാൻ പാകത്തിൽ ഒരു കുഴി കുഴിക്കണമെങ്കിൽ തന്നെ ദിവസങ്ങൾ വേണ്ടി വരും. മഞ്ഞുവീഴുന്നതിനനുസരിച്ച് കൽക്കരി ഉപയോഗിച്ച് അത് ഉരുക്കിക്കൊണ്ടിരിക്കണം. അതിനുശേഷം മാത്രമേ മൃതദേഹം സംസ്ക്കരിക്കാൻ സാധിക്കൂ. ഇങ്ങനെ സംസ്ക്കരിക്കുന്ന മൃതദേഹം അഴുകാനും കാലതാമസമെടുക്കും. അതുകൊണ്ട് തന്നെ ഇവിടെയാരും മരിക്കരുതേയെന്നാണ് ഗ്രാമവാസികളുടെ പ്രാർ‍ത്ഥന.

Oymyakon the Coldest inhabited place on earth
Image Credit: red square showtime/Facebook

തണുപ്പുകാലത്ത് മാംസാഹരമാണ് ഗ്രാമവാസികളുടെ ആശ്രയം. എല്ലാസമയത്തും തണുത്ത ആഹാരത്തോടു പ്രിയമുള്ളവരാണ് ഇവിടുത്തെ ജനങ്ങൾ. വിവിധതരം മത്സ്യങ്ങളും റെയ്ൻഡിറിന്റെ മാംസവും കുതിരയുടെ കരളുമൊക്കെയാണ് ഇവരുടെ ഇഷ്ടവിഭവങ്ങൾ. ഒയ്മ്യാകോൺ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ്. 1993ൽ ആണ് ഇവിടെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തപ്പെട്ടത്: –67.7 ഡിഗ്രി. ഭൂമിയുടെ വടക്കൻ ഗോളാർധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായാണ് ഇതു കണക്കാക്കപ്പെടുന്നത്.

വീടിനു പുറത്തിറങ്ങിയാല്‍ മഞ്ഞില്‍ മൂടിപ്പോകുന്ന ഈ ഗ്രാമത്തില്‍ ആരും മുഖാവരണമണിയാതെ പുറത്തിറങ്ങാനാവില്ല. മുഖാവരണം മാറ്റിയാല്‍ ആ നിമിഷം കണ്‍പീലികളില്‍ മഞ്ഞു പൊതിയുന്ന അവസ്ഥയാണ്. ഇവിടെ താപനില അളക്കാന്‍ ഔദ്യോഗിക സംവിധാനങ്ങളുണ്ടെങ്കിലും അതിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ജനങ്ങളുടെ അഭിപ്രായം. ലോകത്തിലെ ഏറ്റവും തണുപ്പുള്ള ജനവാസ മേഖലയാണു സൈബീരിയയിലെ ഒയ്മ്യാകോൺ. സ്ഥിര താമസക്കാരുടെ എണ്ണം വളരെക്കുറവാണ്: 500 പേർ. അന്റാർട്ടിക്കയിൽ ഇതിലുമേറെ താപനില താഴാറുണ്ടെങ്കിലും അവിടെ സ്ഥിരം ജനവാസമില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടുത്തെ ജനങ്ങൾക്ക് ഒയ്മ്യാകോണിലെ ജീവിതം പ്രിയപ്പെട്ടതാണ്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും ജീവിതം ആസ്വദിക്കുന്നവരാണ്  ഒയ്മ്യാകോൺ നിവാസികൾ.

English Summary: Oymyakon the Coldest inhabited place on earth

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com