ADVERTISEMENT

പശുക്കൾ അമറുന്നതിലൂടെ പരസ്പരം ആശയവിനിമയം നടത്താറുണ്ടെന്ന് പുതിയ പഠനങ്ങൾ. ഓരോ പശുക്കൾക്കും അവയുടെ ശബ്ദത്തിൽ വ്യത്യസ്ത രീതിയിലുള്ള സവിശേഷതകളുണ്ട്. ഇതുപയോഗിച്ച് ശബ്ദം ഉയർത്തിയും താഴ്ത്തിയും അവ മറ്റു പശുക്കളുമായി  മനോവികാരങ്ങൾ പങ്കുവയ്ക്കുകയാണ് ചെയ്യുന്നതെന്ന് സിഡ്നി സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

പശുക്കൾ കൂട്ടമായി ജീവിക്കാനും പരസ്പരം ഇടപഴകാനും  ആഗ്രഹിക്കുന്നവയാണ്. അതിനാൽ തനതായ രീതിയിൽ അവ ആശയവിനിമയം നടത്തുന്നതിൽ ആശ്ചര്യപ്പെടാനൊന്നുമില്ലെന്ന് ഗവേഷണ സംഘത്തിന് നേതൃത്വം നൽകിയ അലക്സാണ്ട്ര ഗ്രീൻ അഭിപ്രായപ്പെട്ടു. ഇതാദ്യമായാണ് പശുക്കളുടെ ശബ്ദം വിശകലനം ചെയ്ത് വ്യക്തമായ നിഗമനങ്ങളിലെത്താൻ സാധിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കൂട്ടത്തിലുള്ള മറ്റു പശുക്കളുമായി ആശയവിനിമയം നടത്താൻ അവ ശബ്ദമാണ് ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തിയത്. ശബ്ദത്തിലൂടെ അവ അവ സന്തോഷം, ഉത്സാഹം, വിഷമം എന്നിവയെല്ലാം മറ്റുള്ളവയെ അറിയിക്കുകയാണ് ചെയ്യുന്നത്. ഗവേഷണസംഘം പഠന വിധേയമാക്കിയ പശുക്കളുടെ ഓരോന്നിന്റെയും ശബ്ദം മറ്റൊന്നിൽ നിന്നും വ്യത്യസ്തമായിരുന്നുവെന്നും കണ്ടെത്താൻ സാധിച്ചു. ഈ ശബ്ദങ്ങൾ സുപരിചിതമായതിനെതുടർന്ന് ശബ്ദം കേട്ടാൽ ഏത് പശുവാണെന്ന് തിരിച്ചറിയാൻ ഗവേഷക സംഘത്തിലെ അംഗങ്ങൾക്ക് കഴിഞ്ഞിരുന്നതായും അലക്സാണ്ട്ര വ്യക്തമാക്കി.

333 പശുക്കളെ ഉപയോഗിച്ചാണ് സംഘം പഠനം നടത്തിയത്. വ്യത്യസ്ത സാഹചര്യങ്ങളിൽ അവ പുറപ്പെടുവിക്കുന്ന ശബ്ദം റെക്കോർഡ് ചെയ്ത്‌ അവ വിശദമായി വിശകലനം ചെയ്തു. സമാന സാഹചര്യങ്ങളിൽ പശുക്കളോരോന്നും ഒരേ രീതിയിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നതായും കണ്ടെത്താൻ കഴിഞ്ഞു. 

ആഹാരത്തിനായി കാത്തിരിക്കുകയോ, കൂട്ടത്തിൽ നിന്നും മാറ്റിനിർത്തപ്പെടുകയോ, ഇണചേരുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ അവ പരസ്പരം ആശയവിനിമയം നടത്താറുണ്ടെന്നും പഠനത്തിൽ കണ്ടെത്തി .മുൻപു നടത്തിയ പഠനങ്ങളിൽ പശുക്കിടാവും അമ്മ പശുവും തമ്മിൽ തങ്ങളുടേതായ രീതിയിൽ ആശയവിനിമയം നടത്താറുണ്ടെന്ന് തെളിഞ്ഞിരുന്നു. പുതിയ പഠനത്തിലെ കണ്ടെത്തലുകൾ പശുക്കളുടെ മാനസിക നില തിരിച്ചറിഞ്ഞ് അവയ്ക്ക് വേണ്ടവിധത്തിലുള്ള പരിചരണം നൽകാൻ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷക സംഘം.  സയൻറിഫിക് റിപ്പോർട്ട് എന്ന ജേർണലിലാണ് പഠന ഇതു സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

English Summary: Cows talk to each about how they feel, study finds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com