ADVERTISEMENT

3000 വർഷങ്ങൾക്കു മുൻപ് സംഭവിച്ച ഒരു ദുരന്തം വീണ്ടും കൺതുറക്കുന്നു. അതിന്റെ ലക്ഷണങ്ങൾ ഒന്നൊന്നായി വന്നുതുടങ്ങി. ഏറ്റവും കൃത്യമായ ലക്ഷണം ഗവേഷകർ സാറ്റലൈറ്റ് ചിത്രങ്ങളിൽ നിന്നു കണ്ടെത്തിക്കഴിഞ്ഞു. തെക്കേ അമേരിക്കയിലെ ഏറ്റവും പ്രമുഖ അഗ്നിപർവതങ്ങളിലൊന്നായ ടങ്കുറാഹ്യുവയെക്കുറിച്ചാണു ഗവേഷകരുടെ മുന്നറിയിപ്പ്. ഇക്വഡോറിലെ പ്രശസ്ത അഗ്നിപർവതമായ ഇതിന് തീ നിറച്ച കഴുത്തെന്നും കറുത്ത രാക്ഷസനെന്നുമൊക്കെയാണു വിളിപ്പേര്. ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന വിധം സജീവമായതിനാണ് തീ നിറച്ച കഴുത്തെന്ന പേര്. 

South America's 'Black Giant' Volcano Is Showing Early Warning Signs Of Potential Collapse

ആൻഡീസ് പർവത നിരകളുടെ ഭാഗമാണ് ഈ അഗ്നിപർവതം. എന്നാൽ ആൻഡീസിലെ മറ്റിടങ്ങളിലെപ്പോലെ മഞ്ഞുനിറഞ്ഞകല്ല ടങ്കുറാഹ്യുവ. അഗ്നിപര്‍വതത്തിലെ ചൂടുതന്നെ പ്രധാന കാരണം. മഞ്ഞില്ലാത്ത പർവതമായതിനാലാണ് നിറത്തിലൂടെ ‘കറുത്ത രാക്ഷസൻ’ എന്ന പേരു വീണത്. സജീവ അഗ്നിപർവതമായതിനാൽത്തന്നെ ഗവേഷകർ വർഷങ്ങളായി ഇതിനെ നിരീക്ഷിക്കുന്നു. അടുത്തിടെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു കാര്യം കണ്ടെത്തിയത്. പർവതത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് കാര്യമായ മാറ്റങ്ങൾ. ഇടിഞ്ഞ് അതിന്റെ രൂപംതന്നെ മാറിപ്പോയിരിക്കുന്നു. അഗ്നിപർവതത്തിനകത്തെ മാഗ്മയിലുണ്ടാകുന്ന മാറ്റമാണ് ഇതിനു കാരണമെന്നാണു കരുതുന്നത്. 

അഗ്നിപർവതങ്ങൾക്കുള്ളിൽ ആഴത്തില്‍ മാഗ്മ അറകളുണ്ട്. ചുട്ടുപഴുത്ത പാറ ഉരുകിയാണ് മാഗ്മ രൂപംകൊള്ളുന്നത്. ഈ മാഗ്മ അറയിലേക്കു (ചേംബർ) വന്നുകൊണ്ടേയിരിക്കും. ചിലപ്പോഴൊക്കെ ഈ മാഗ്മ അൽപാൽപമായി പുറത്തേക്കൊഴുകും. ഇതുവഴി അഗ്നിപർവതത്തിനകത്ത് ഒരുതരം ‘ബാലൻസിങ്’ രൂപപ്പെടുത്തുന്നുണ്ട്. എന്നാൽ രൂപപ്പെടുന്ന മാഗ്മയുടെയും പുറത്തേക്കുപോകുന്ന മാഗ്മയുടെയും അളവ് വ്യത്യാസപ്പെടുന്നതോടെ ഈ ബാലൻസിങ് നഷ്ടമാകുന്നു. അതിന്റെ ഫലമായാണ് പടിഞ്ഞാറൻ ഭാഗം ഇടിഞ്ഞുകൊണ്ടിരിക്കുന്നതെന്നും യുകെയിലെ എക്സിറ്റർ സർവകലാശാല ഗവേഷകർ പറയുന്നു. 

South America's 'Black Giant' Volcano Is Showing Early Warning Signs Of Potential Collapse

1999 മുതൽ സജീവമായി, എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാമെന്ന സൂചന നൽകുന്നുണ്ട് ടങ്കുറാഹ്യുവ. ആ വർഷം പുറത്തേക്കു പ്രവഹിച്ച പാറയും ലാവയും ചാരവുമെല്ലാം ഭീതി പടർത്തിയതോടെ പ്രദേശത്തെ കാല്‍ ലക്ഷത്തോളം പേരെയാണ് ഒഴിപ്പിക്കേണ്ടി വന്നത്. 2013ലും 2014ലുമെല്ലാം ചെറിയ തോതിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. ഇപ്പോൾ പക്ഷേ പ്രശ്നം ഗൗരവതരമാണെന്നു ഗവേഷകർ പറയാനും കാരണമുണ്ട്. ഇതിനു മുൻപ് പർവതത്തിന്റെ പടിഞ്ഞാറൻ ഭാഗം ഇടിഞ്ഞത് 3000 വർഷം മുൻപാണ്. അതിനു തൊട്ടുപിന്നാലെയാണ് ടങ്കുറാഹ്യുവ പൊട്ടിത്തെറിച്ചത്. അഗ്നിപർവതത്തിൽ നിന്ന് അന്ന് മണ്ണും പാറയും മഞ്ഞും വെള്ളവും ലാവയുമെല്ലാം ഒഴുകിപ്പരന്നത് 30 ചതുരശ്ര മൈൽ പ്രദേശത്താണ്; ഏകദേശം 11,000 ഫുട്ബോൾ മൈതാനത്തിന്റെ വലുപ്പത്തിൽ! 

പിന്നീട് കാലക്രമേണ അൽപാൽപമായി ‘വളർന്നാണ്’ ഇന്നുകാണുന്ന 16,000 അടി ഉയരത്തിലെ പർവതമായി ടങ്കുറാഹ്യുവ മാറിയത്. ഇനിയൊരിക്കൽക്കൂടി പൊട്ടിത്തെറിച്ചാൽ മേഖലയില്‍ വൻ നാശനഷ്ടമായിരിക്കും ഉണ്ടാവുകയെന്നും ഏർത്ത് ആൻഡ് പ്ലാനറ്ററി സയൻസ് ലെറ്റേഴ്സ് ജേണലിലെ പഠനറിപ്പോർട്ടിൽ പറയുന്നു. വൻ തോതിൽ ഉരുൾപൊട്ടലുണ്ടാകാം. പ്രാദേശിക ജനതയുടെ ജീവിതം താറുമാറാക്കപ്പെട്ടേക്കാമെന്നും മുന്നറിയിപ്പുണ്ട്. ഇക്വഡോറിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നുകൂടിയാണ് ടങ്കുറാഹ്യുവ. ഈ സാഹചര്യത്തിൽ പർവതത്തിന്മേൽ കൂടുതൽ സൂക്ഷ്മ നിരീക്ഷണം ഉറപ്പാക്കണമെന്നും ഗവേഷകർ നിർദേശിക്കുന്നു.

English Summary: South America's "Black Giant" Volcano Is Showing Early Warning Signs Of Potential Collapse

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com