ADVERTISEMENT

ചാലക്കുടി മേലൂരില്‍ ചുട്ടുപൊള്ളുന്ന വെയിലില്‍ ഒരാഴ്ചയ്ക്കിടെ സൂര്യാതപമേറ്റത് എട്ടു പേര്‍ക്ക്. പാടത്തെ പണിക്കാര്‍ക്കും സൈക്കിളില്‍ പോയ വിദ്യാര്‍ഥിയും സൂര്യാതപമേറ്റവരില്‍ ഉള്‍പ്പെടുന്നു.കനത്ത പേമാരി വിറപ്പിച്ചതു പോലെ കനത്ത ചൂടും ചാലക്കുടിയെ വിറപ്പിക്കുകയാണ്. നട്ടുച്ചയ്ക്കു പുറത്തിറങ്ങിയാല്‍ സൂര്യാതപമേല്‍ക്കും. പണിക്കാരുടെ ജോലി സമയമെല്ലാം ക്രമീകരിച്ചിട്ടും രക്ഷയില്ല. മേലൂര്‍ മേഖലയില്‍ നാല്‍പതേക്കര്‍ വ്യാപിച്ചു കിടക്കുന്ന കൃഷി ഭൂമിയില്‍ പണിയെടുക്കുന്നവരാണ് സൂര്യാതപമേറ്റവരില്‍ കൂടുതലും. പാടത്തെ ചെളിക്കുഴിയില്‍ വീണപ്പോള്‍ ഷര്‍ട്ടില്‍ ചെളി പറ്റിയിരുന്നു. ഈ ഷര്‍ട്ടൂരി പണിയെടുക്കുന്നതിനിടെയാണ് സൂര്യാതപമേറ്റത്. 

സൈക്കിളോടിച്ച് നട്ടുച്ചയ്ക്കു പോയ വിദ്യാര്‍ഥിയ്ക്കും സൂര്യാതപമേറ്റു. ഇതരസംസ്ഥാന തൊഴിലാളികള്‍ പലരും പണിയ്ക്കു വിളിച്ചാല്‍ വരുന്നില്ല. ആളെ കിട്ടാതെ കര്‍ഷകര്‍ നട്ടംതിരിയുകയാണ്. രാവിലെ എട്ടു മുതല്‍ പതിനൊന്നു വരെയും ഉച്ചക്കഴിഞ്ഞ് രണ്ടര മുതല്‍ അഞ്ചര വരെയുമായി പണി ക്രമീകരിച്ചിട്ടും ആളെ കിട്ടാനില്ല. പ്രതിദിന വേതനം കൂട്ടിക്കൊടുത്താണ് പണിക്കാരെ കിട്ടുന്നത്. വെയിലിന്റെ കാഠിന്യം തിരിച്ചറിഞ്ഞ് നട്ടുച്ചയ്ക്കു പുറത്തിറങ്ങുന്നതു പോലും ആളുകള്‍ നിയന്ത്രിച്ചിട്ടുണ്ട്. ഷര്‍ട്ടു ധരിക്കാതെ ആരും പാടത്തു പണിയെടുക്കരുതെന്ന് തൊഴിലാളികള്‍ക്കു നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മുമ്പെങ്ങും ഉണ്ടാകാത്തത്ര ചൂടാണ് ഇക്കുറിയെന്ന് നാട്ടുകാരും പറയുന്നു.

സൂര്യാതപം: അപകടം കുറയ്ക്കാൻ പദ്ധതിയുമായി ദുരന്തനിവാരണ വകുപ്പ്

സംസ്ഥാനത്തു സൂര്യാതപവും സൂര്യാഘാതവും പതിവായ സാഹചര്യത്തിൽ അപകടങ്ങൾ കുറയ്ക്കാൻ ദുരന്തനിവാരണ അതോറിറ്റി കർമപദ്ധതി തയാറാക്കുന്നു. വിവിധ സർക്കാർ വകുപ്പുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളും ജനങ്ങൾ ചെയ്യേണ്ട പ്രതിരോധ മാർഗങ്ങളും ഉൾപ്പെടുത്തിയാണു പദ്ധതി തയാറാക്കുക. നിർദേശങ്ങൾ അന്തിമമാക്കാൻ വകുപ്പ് മേധാവികളുടെ യോഗം 5 ന് ചേരും.

കഴിഞ്ഞ വർഷം ദേശീയ ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ മാർഗരേഖയുടെ അടിസ്ഥാനത്തിലാണു കേരളം ഹീറ്റ് ആക്‌ഷൻ പ്ലാൻ തയാറാക്കുന്നത്. കഴിഞ്ഞ വേനൽക്കാലത്തു സൂര്യാതപം, സൂര്യാഘാതം ഉൾപ്പെടെ 1671 അപകടങ്ങൾ ഉണ്ടായെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. ഈ വർഷം ജനുവരി–ഫെബ്രുവരി മാസങ്ങളിൽ പല ജില്ലകളിലും ശരാശരി താപനില 3 ഡിഗ്രി വരെ കൂടിയിരുന്നു. മേയ് വരെയുള്ള മാസങ്ങളിൽ ഇത്തവണ കടുത്ത ചൂടിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

വേനൽ മഴയ്ക്ക് സാധ്യത

കേരളത്തിൽ കടുത്ത ചൂടിനു നേരിയ ശമനം. ഇന്നു കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വേനൽ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 5 വരെ മധ്യകേരളത്തിൽ പലയിടത്തും ചെറിയ തോതിലുള്ള മഴയ്ക്കും സാധ്യതയുണ്ട്.

English Summary: Hot days ahead for Kerala this time; temperature rises by 3 degrees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com