ADVERTISEMENT

ഈ ഭൂമിയിലുള്ള എല്ലാത്തിനെയും ദൈവം സൃഷ്ടിച്ചിരിയ്ക്കുന്നത് മനുഷ്യന് ഭക്ഷിക്കാൻ വേണ്ടിയാണോ?. ലോകത്തിന്‍റെ പല ഭാഗങ്ങളിലുമുള്ള മനുഷ്യരുടെ ഭക്ഷണരീതി നോക്കിയാല്‍ ഇതു ശരിയാണെന്നു നമുക്ക് തോന്നിയേക്കാം വ്യത്യസ്തമായ ഭൂമിശാസ്ത്രവും കാലാവസ്ഥയും ജീവിത രീതിയുമെല്ലാം ചേര്‍ന്നു സൃഷ്ടിച്ച വിവിധങ്ങളായ സംസ്കാരങ്ങളാണ് ഇത്തരത്തില്‍ പല രീതിയിലുള്ള ഭക്ഷണ ശീലങ്ങള്‍ ഉടലെടുക്കാന്‍ കാരണവും. ഇന്ന് വികസിത രാജ്യങ്ങളിലെല്ലാം തന്നെ ഭക്ഷണത്തിന്റെ മെനുവില്‍ പ്രധാന വിഭവങ്ങളിലൊന്നായി പുതിയതായി ഇടം പിടിച്ചിട്ടുള്ള ജീവിയാണ് നീരാളികള്‍. ഒരു കാലത്ത് ചൈനയില്‍ മാത്രമായിരുന്നു ഇതെങ്കില്‍ ഇന്ന് യൂറോപ്പിലെയും അമേരിക്കയിലേയും എല്ലാം ഹോട്ടലുകളിലും ഉയര്‍ന്ന വിലയുള്ള വിഭവങ്ങളിലൊന്നായി നീരാളി മാറിയിട്ടുണ്ട്.

നീരാളിയെ വ്യാപകമായി ഭക്ഷണമാക്കാന്‍ തുടങ്ങിയപ്പോള്‍ സ്വാഭാവികമായും ചില പ്രതിസന്ധികളും ഉടലെടുത്തിട്ടുണ്ട്. ഇതില്‍ ഏറ്റവും നിര്‍ണായകം ഈ ജീവികളുടെ നിലനില്‍പ് നേരിടുന്ന പ്രതിസന്ധി തന്നെയാണ്. നിലവില്‍ കുതിച്ചുയരുന്ന നിരാളികള്‍ക്ക് വേണ്ടിയുള്ള ആവശ്യം മൂലം ഈ ജീവികള്‍ വ്യാപകമായി വേട്ടയാടപ്പെടുന്നുണ്ട്. ഇങ്ങനെ മുന്നോട്ട് പോയാല്‍ വര്‍ഗ- ജനിതക ഭേദമന്യേ നീരാളികള്‍ക്ക് വംശനാശം സംഭവിച്ചേക്കാമെന്നാണ് ശാസ്ത്രലോകം ഭയപ്പെടുന്നത്. 

നീരാളി ഫാമുകള്‍ 

പ്രകൃതിയില്‍ സ്വാഭാവികമായി കാണപ്പെടുന്ന നീരാളികളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താന്‍ ഒരു പരിധിവരെ നിരാളി ഫാമുകള്‍ സഹായിക്കുമെന്നാണ് ഒരു വിഭാഗം ആളുകളെങ്കിലും വാദിക്കുന്നത്. ഈ അഭിപ്രായം ശരിവയ്ക്കും വിധം ഇന്ന് ആഫ്രിക്കയുള്‍പ്പടെ പല രാജ്യങ്ങളിലും നീരാളികളെ കൃഷി ചെയ്യുന്ന ഫാമുകളുമുണ്ട്. മത്സ്യവളര്‍ത്തല്‍ പോലെയോ കന്നുകാലി വളര്‍ത്തല്‍ പോലെയോ ഇതിനെ കണ്ടാല്‍ മതിയെന്നാണ് നീരാളി കൃഷിയെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്.

എന്നാല്‍ ഭൂമിയിലുള്ള ഒട്ടുമിക്ക ജീവികളെയും പോലെയല്ല നീരാളി എന്നത് കുറച്ച് പേര്‍ക്കെങ്കിലും അറിയാം. അതീവ ബുദ്ധിശക്തിയുള്ള ചിന്താശേഷിയും ഓര്‍മ്മയുമുള്ള ജീവികളാണ് നിരാളികള്‍. കടലില്‍ തന്നെ ഇവയെ വേട്ടയാടുക അത്ര എളുപ്പമല്ല. ഇവ പലപ്പോഴും വേട്ടക്കാരായ ഡൈവര്‍മാര്‍ക്കിടയില്‍ നിന്ന് രക്ഷപെടാറുമുണ്ട്. ഒപ്പം ഇവയെ കൃഷി ചെയ്യുന്ന ഫാമുകളിളെ കുളങ്ങളില്‍ നിന്ന് ഇവ പുറത്തു ചാടി മറ്റ് ടാങ്കുകളിലേക്കെത്തുന്നതും, ഞണ്ടുകള്‍ പോലുള്ള ജീവികളെ സൂക്ഷിച്ച ടാങ്കില്‍ നിന്ന് അവയെ വേട്ടയാടി തിരികെ സ്വന്തം കുളത്തിലേക്കെത്തുന്നതുമായ സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഇതെല്ലാം നീരാളികളുടെ ബുദ്ധിശക്തിയേയും അവയുടെ ഓര്‍മ്മയേയുമാണ് കാണിക്കുന്നത്. ഇത്രയധികം ബുദ്ധിശക്തിയുള്ള നിരാളികളെ ഫാമില്‍ വളര്‍ത്തുന്നത് അവയുടെ വംശത്തിന്‍റെ ഭാവിയെതന്നെ ഗതി തിരിച്ച് വിടാന്‍ കാരണമായേക്കാമെന്ന് ചില ഗവേഷകരെങ്കിലും ഭയപ്പെടുന്നു. ഫാമില്‍ കൂട്ടത്തോടെ വളരുന്നത് ഇതത്തരം നീരാളികളുടെ ബുദ്ധിക്ഷമതയും കാര്യങ്ങളെ നേരിടാനുള്ള പ്രാപ്തിയും കുറച്ചേക്കാം എന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Octopus

നിരാളി ഭക്ഷണത്തിന്‍റെ പ്രത്യേകത 

ബുദ്ധിശക്തിയില്‍ മാത്രമല്ല രുചിയിലും ഇവ മറ്റെല്ലാം കടല്‍ജീവികളേക്കാളും മുന്നിലാണെന്നാണ് ഇവയെ ഭക്ഷിച്ചിട്ടുള്ളവര്‍ പറയുന്നത്. ഈ രുചിക്കൊപ്പം ഉയര്‍ന്ന ഇളവില്‍ പ്രോട്ടീനും അടങ്ങിയിട്ടുണ്ടെന്നതും കുറഞ്ഞ അളവിലാണ് കൊഴുപ്പുള്ളതെന്നതും ഇവയെ ആരോഗ്യകരമായ ഭക്ഷണം കൂടിയാക്കി മാറ്റുന്നു. ഇത്തരത്തില്‍ നീരാളികളെ ആഹാരമാക്കുന്നതിന്‍റെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞതോടെയാണ് മെഡിറ്ററേനിയന്‍ മേഖലയിലും, കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ഭക്ഷണ ശീലം ഇപ്പോള്‍ ലോകത്തെ പലയിടങ്ങളിലേക്കും വ്യാപിക്കാനും കാരണം. 

നീരാളി വളര്‍ത്തലിന്‍റെ ആഘാതങ്ങള്‍

Octopus

നീരാളികള്‍ വലിയ തോതില്‍ നൈട്രജന്‍, ഫോസ്ഫറസ് തുടങ്ങിയവ മാലിന്യങ്ങളിലൂടെ പുറന്തള്ളുന്ന ജീവികളാണ്. അതുകൊണ്ട് തന്നെ ഈ ജീവികളെ ഫാമില്‍ വളര്‍ത്തുന്നത് വലിയ തോതിലുള്ള ഇത്തരം മാലിന്യം ഈ മേഖലയില്‍ അടിഞ്ഞുകൂടുന്നതിന് കാരണമാകും. മറ്റൊന്ന് ഇത്തരത്തില്‍ നീരാളികളെ വളര്‍ത്തുമ്പോള്‍ ഇവയിലെ ജനിതക വ്യത്യാസങ്ങള്‍ ക്രമേണ ഇല്ലാതാകും. പശുക്കള്‍ മുതല്‍ നായ്ക്കള്‍ വരെയുള്ളവയുടെ കാര്യത്തില്‍ സംഭവിച്ചത് പോലെ മനുഷ്യന് ഏറ്റവും പ്രയോജനപ്രദമായ ഇനങ്ങള്‍ മാത്രമാകും അതിജീവിക്കുക. ഇണ ചേരാനുള്ള സാധ്യതകള്‍ ചുരുങ്ങുകയും, വേട്ടയാടല്‍ വർധിക്കുകയും ചെയ്യുന്നതോടെ കടലില്‍ സ്വാഭാവികമായി കാണപ്പെടുന്ന നീരാളികളുടെ വൈവിധ്യം കുറയുകയും ചെയ്യും.

കൂടാതെ പൂര്‍ണമായും മാംസാഹാരം മാത്രം ഭക്ഷിക്കുന്ന ജീവികളാണ് നീരാളികള്‍. ഇവയുടെ ലാര്‍വകള്‍ പോലും ജീവിനുള്ള മറ്റ് ജീവിവര്‍ഗങ്ങളെയാണ് ഭക്ഷിക്കുക. അതുകൊണ്ട് തന്നെ ഇവയുടെ ഭക്ഷണത്തിനു വേണ്ടി വലിയ തോതില്‍ മത്സ്യങ്ങളും മറ്റ് ചെറു കടല്‍ ജീവികളും ആവശ്യമായി വരും. ഇതിന് വേണ്ടിയുള്ള വേട്ടയാടല്‍ ഇത്തരം ജീവികളുടെ വൈവിധ്യത്തിനും ആഘാതം സൃഷ്ടിക്കും.

നീരാളികളുടെ  തീറ്റഭ്രാന്ത്

സമുദ്രത്തിലെ ഏറ്റവും വലിയ തീറ്റക്കാരാണ് നിരാളികള്‍. മറ്റ് ജീവികള്‍ കഴിയ്ക്കുന്നതിന്‍റെ മൂന്നിരട്ടി ഭക്ഷണമെങ്കിലും കഴിച്ചാലെ നീരാളികളുടെ വിശപ്പടങ്ങൂ. അതുകൊണ്ട് തന്നെ ഇവയുടെ വിശപ്പടക്കാന്‍ അത്രമാത്രം മത്സ്യങ്ങള്‍ വേണ്ടിവരും. മനുഷ്യര്‍ക്ക് പണം കൊടുത്ത് മത്സ്യം വാങ്ങി നീരാളിക്ക് നല്‍കി ഈ പണം കൂടി നീരാളിയെ വിറ്റ് കിട്ടുന്ന ലാഭത്തില്‍നിന്ന് കണ്ടെത്താനാകും. പക്ഷേ പ്രകൃതിക്ക് ഈ കച്ചവടം ലാഭത്തിലാകില്ല.

കടലില്‍ സ്വാഭവികമായി നിരാളികള്‍ വളരുന്നത് പോലയാകില്ല ഫാമിലെ സംരക്ഷണത്തില്‍ വളരുന്നത്. ഇവ വ്യാപകമായി പെറ്റു പെരുകും. ഇല്ലെങ്കില്‍ ഇവയുടെ എണ്ണം വർധിപ്പിക്കാനുള്ള സാഹചര്യം മനുഷ്യന്‍ സൃഷ്ടിക്കും. ഇങ്ങനെ എണ്ണം വർധിക്കുന്നതനുസരിച്ച് ഇവയ്ക്ക് വേണ്ട തീറ്റയും വർധിക്കും. ഇത് പ്രകൃതിയിലെ സ്രോതസ്സുകളില്‍ ഏല്‍പ്പിക്കുന്ന ആഘാതം പരിധികളില്ലാത്തതാകുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

Octopus

നീരാളികളോട് ചെയ്യുന്ന  ക്രൂരത

നീരാളികളോട് ചെയ്യുന്ന ക്രൂരത കൂടിയാണ് ഈ കൂട്ടിലടയ്ക്കലെന്ന് ഭൂരിഭാഗം ഗവേഷകരും വാദിക്കുന്നു. മുകളില്‍ പറഞ്ഞതു പോലെ ഭൂമിയിലെ ഏറ്റവും ബുദ്ധിയുള്ള ജീവികളില്‍ ഒന്നാണ് നീരാളി. മനുഷ്യരെ തിരിച്ചറിയാനും കുപ്പിയുടെ അടപ്പ് തുറക്കാനും വരെ ഇവയ്ക്ക് കഴിയും. ഇവയുടെ പ്രശ്നപരിഹാര ബുദ്ധി ഏറെ ശ്രദ്ധ നേടിയിട്ടുള്ളതാണ്. ഇങ്ങനെയുള്ള നീരാളികളെ കൂട്ടിലടച്ചിടുന്നത് അവയോട് ചെയ്യുന്ന ക്രൂരതയാണ്. കാരണം കൂട്ടില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ ഈ നീരാളികള്‍ക്ക് മനസ്സ് മടുക്കും. ഒരു പക്ഷേ ഇവയെല്ലാം നിരാശയിലേക്ക് വീഴുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഇത്തരം സന്ദര്‍ഭങ്ങളില്‍ അവ കൂടെയുള്ള മറ്റ് നീരാളികളെ കൊന്നു തിന്നുന്നതും സ്വന്തം കൈകളുടെ അറ്റം തന്നെ കടിച്ച് തിന്നുന്നതും ഗവേഷകര്‍ നിരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഏത് ആവശ്യത്തിന്‍റെ പേരിലായാലും നീരാളികളെ കൂട്ടിലിടുന്നത് ഒഴിവാക്കണമെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. പക്ഷേ നിരാളിക്കച്ചവടം സമുദ്രോൽപന്നങ്ങളില്‍ ഏറ്റവും വിലയേറിയ ഒന്നായി മാറിയ സന്ദര്‍ഭത്തില്‍ ഇവരുടെ ആവശ്യത്തിന് ലോകം ചെവി കൊടുക്കുമോ എന്നു മാത്രമാണ് ബാക്കിയാകുന്ന ചോദ്യം?

English Summary: Is It Possible To Farm Octopus?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com