ADVERTISEMENT

‘ഭൂമിയിലെ എല്ലാ ജീവനും പരിപാലനം’ എന്ന സന്ദേശവുമായി ആയി ഒരു ‘ലോക വന്യജീവി ദിനം കൂടി വന്നെത്തി. ഭൂമിയിലെ എല്ലാ സസ്യജാലങ്ങളെയും ജന്തുജാലങ്ങളെയും കുറിച്ച്  ലോകത്തിന് അവബോധം പകർന്നു നൽകുക എന്ന ലക്ഷ്യവുമായാണ് ലോക വന്യജീവി ദിനം ആഘോഷിക്കുന്നത്. 

വിവിധ ഗണത്തിൽപ്പെട്ട ജന്തുക്കളും സസ്യജാലങ്ങളുമെല്ലാം  പരസ്പരപൂരകങ്ങളായി കഴിഞ്ഞതിനാലാണ് ഭൂമിയിൽ ജീവൻ ഇന്നത്തെ നിലയിൽ നിലനിൽക്കുന്നത്. എന്നാൽ മനുഷ്യരുടെ കൈകടത്തൽ മൂലം വന്യജീവികളുടെ നിലനിൽപ് തന്നെ ഇന്ന് ഭീഷണിയിലാണ്. വനം കാത്തുസൂക്ഷിക്കാൻ കഴിഞ്ഞാൽ മാത്രമേ വന്യജീവികളുടെ നിലനിൽപ്പും സാധ്യമാകൂ.  

പ്രധാനമായും രണ്ടുകാര്യങ്ങളാണ് വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് ഭീഷണിയാകുന്നത്. പ്രകൃതിക്കുമേൽ മേൽ മനുഷ്യൻ ആധിപത്യം സ്ഥാപിക്കുന്നതാണ് ഒന്നാമത്തെ കാരണമെങ്കിൽ വന്യത എന്ന ആശയം തന്നെ എന്നെ നഷ്ടപ്പെടുന്നതാണ് രണ്ടാമത്തേത്.  ലോകത്തിന്റെ വനമേഖലകളിലേക്ക് കടന്നുകയറി മനുഷ്യൻ ആധിപത്യം സ്ഥാപിക്കുന്നത് വന്യജീവികൾ അപകടത്തിലാകുന്നതിന് ഒരു പ്രധാന കാരണമാണ്. വനമേഖലയിലെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങളെത്തുന്നു എന്ന കാരണത്താൽ ദിനംപ്രതി നിരവധി മൃഗങ്ങളെയാണ് കൊന്നൊടുക്കുന്നത്. 

കഴിഞ്ഞ ദിവസം തന്നെ തമിഴ്നാട്ടിൽ ഇത്തരത്തിൽ കൃഷിയിടത്തിലെത്തിയ ആന വൈദ്യുതവേലിയിൽ സ്പർശിച്ചതിനെത്തുടർന്ന്  വൈദ്യുതാഘാതമേറ്റ് ചരിഞ്ഞിരുന്നു. ഇതിനുപുറമേ കെണിവെച്ച് മൃഗങ്ങളെ പിടിക്കുന്നതും  മയക്കുവെടിവച്ച് അപകടമേൽപ്പിക്കുന്നതുമെല്ലാം പതിവ് വാർത്തകളാണ്.  വനമേഖലകളിൽ ഹൈവേകളും ഖനികളും ഡാമുകളും നിർമിക്കുന്നതോടെ വന്യജീവികൾക്ക് അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥ നഷ്ടപ്പെടുകയും ചെയ്യുന്നു. 

വനസമ്പത്ത്‌ സംരക്ഷിക്കാൻ മനുഷ്യനെടുക്കുന്ന നടപടികളും യഥാർഥത്തിൽ വന്യജീവികൾക്കും സസ്യജാലങ്ങൾക്കും മറ്റൊരു തരത്തിലുള്ള ഭീഷണിയാണ് ഉയർത്തുന്നത്. സംരക്ഷിക്കുന്നതിനു വേണ്ടിയാണെങ്കിൽ കൂടി അവയുടെ സ്വൈര്യജീവിതത്തിലേക്കുള്ള കൈകടത്തൽ വന്യജീവികളുടെ നിലനിൽപിനെ അപകടത്തിലാക്കുന്ന ഒന്നാണ്. മൃഗങ്ങളുടെ നീക്കങ്ങൾ അറിയുന്നതിനായി സ്ഥാപിക്കുന്ന ക്യാമറകളും റേഡിയോ കോളറുകളുമെല്ലാം അവയുടെ സ്വാഭാവിക ജീവിതത്തിന് തടസ്സങ്ങൾ തന്നെയാണ്. അതിനാൽ വനങ്ങള്‍ കൈമോശം വരാതെ കാത്തു സൂക്ഷിക്കുക എന്നതാണ് വന്യജീവികളുടെ സംരക്ഷണത്തിനുള്ള ആദ്യപടി. 

ഇതിനെല്ലാം പുറമേ കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങളും വന സമ്പത്തിന്  കടുത്ത ഭീഷണിയാകുന്നു. ഇതെല്ലാം കണക്കിലെടുത്താണ് ഈ വർഷത്തെ ലോക വന്യജീവി ദിനത്തിൽ ‘ഭൂമിയിലെ എല്ലാ ജീവനും പരിപാലനം’ എന്ന ആശയം പ്രചരിപ്പിക്കാൻ ഐക്യരാഷ്ട്രസംഘടന തീരുമാനിച്ചിരിക്കുന്നത്.

മനുഷ്യന്റെ നിലനിൽപ്പുതന്നെ ഭൂമിയെ ആശ്രയിച്ചാണെന്ന കാര്യം ലോകജനത ഓർമിക്കണമെന്ന്  ഐക്യരാഷ്ട്ര സംഘടനയുടെ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടറീസ് ലോക വന്യജീവി ദിനസന്ദേശത്തിൽ  പറഞ്ഞു. പ്രകൃതിയുമായുള്ള  ബന്ധത്തിൽ  കൂടുതൽ കരുതലും ചിന്തയും മനുഷ്യൻ നൽകണമെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു.

2013ലാണ് ഐക്യരാഷ്ട്ര സഭ മാർച്ച് 3 ലോക വന്യജീവി ദിനം ആയി ആഘോഷിക്കാൻ തീരുമാനിച്ചത്. സസ്യ- ജന്തുജാലങ്ങളുടെ വ്യാപാരം അവയുടെ നിലനിൽപിന് ഭീഷണിയാകില്ലെന്ന് ഉറപ്പു വരുത്താൻ വിവിധ രാജ്യങ്ങൾ കണ്‍വെന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേയ്ഡ് ഇന്‍ എന്‍ഡേയ്ഞ്ചേഡ് സ്പീസിസ് ഓഫ് വൈല്‍ഡ് ഫോണ ആന്‍ഡ് ഫ്‌ളോറ എന്ന കരാറിൽ ഒപ്പുവെച്ച ദിനമായതിനാൽ ആണ് മാർച്ച് 3 ലോക വന്യജീവി ദിനം ആയി തിരഞ്ഞെടുത്തത്.

English Summary: World Wildlife Day: UN chief urges ‘more caring’ relationship with nature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com