ADVERTISEMENT

മുംബൈയിൽ കടലിലെ ജലനിരപ്പ് ഉയരുന്നുവെന്നും കടലോരത്തിന്  ഒരു കിലോമീറ്ററിനുള്ളിൽ താമസിക്കുന്ന ലക്ഷക്കണക്കിനു  പേർക്ക് ജീവനും സ്വത്തിനും ഇത് ഭീഷണിയാകുമെന്നും  പഠന റിപ്പോർട്ട്.  ആഗോളതാപനമാണ് ഗുരുതര പ്രതിഭാസത്തിനു കാരണം. 30 വർഷത്തിനുള്ളിൽ കടൽ 50 സെന്റീമീറ്റർ വരെ ഉയരുമെന്നാണ് മകൻസി ഇന്ത്യ എന്ന സ്ഥാപനത്തിന്റെ പഠന റിപ്പോർട്ട്.

അടുത്ത 30 വർഷത്തിനിടയിൽ നഗരത്തിൽ പെട്ടെന്നുള്ള പ്രളയം വർധിക്കുമെന്നും വേലിയേറ്റം രൂക്ഷമാകുമെന്നും പുതിയ പഠനം മുന്നറിയിപ്പു നൽകുന്നു. നേരത്തെ, അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ‘ക്ലൈമറ്റ് സെൻട്രലും’ നഗരം പ്രളയ ഭീഷണിയിലാണെന്നു മുന്നറിയിപ്പു നൽകിയിരുന്നതാണ്.കടൽ ഘട്ടം ഘട്ടമായി ഉയർന്ന് 2050ൽ നിലവിലുള്ളതിലും 50 സെന്റീമീറ്റോളം ഉയരത്തിൽ എത്തുമെന്നും കടൽ ക്ഷോഭവും  പെട്ടെന്നുള്ള പേമാരിയും ഉണ്ടാകുമെന്നുമാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.  കാറ്റിന്റെ വേഗം മണിക്കൂറിൽ 100 കിലോമീറ്റർ വരെയാകാമെന്നും  പറയുന്നു.

മുൻകരുതൽ വേണം

30 ലക്ഷം ജനങ്ങളെ പ്രളയം നേരിട്ട് ബാധിക്കും. മരണം,  ജോലിനഷ്ടം, സാമ്പത്തിക നഷ്ടം, അടിസ്ഥാന സൗകര്യങ്ങളിലുണ്ടാകുന്ന തകർച്ച എന്നിവ ആഘാതങ്ങളിൽപ്പെടുന്നു. അന്തരീക്ഷ മലിനീകരണം കർശനമായി നിയന്ത്രിക്കുക വഴി ആഗോളതാപനത്തിന്റെ ആഘാതത്തിൽ കുറവുവരുത്താൻ ആകുമെന്നു  വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.  ഭാവി തലമുറയ്ക്കുവേണ്ടി നാം ശക്തമായി നടപടികൾ കൈകൊള്ളണം. കാർബൺ പുറന്തള്ളൽ കുറയ്ക്കുക, കണ്ടൽക്കാടുകൾ, മരങ്ങൾ എന്നിവ നശിപ്പിക്കാതിരിക്കുക, വനവത്ക്കരണം  വ്യാപകമാക്കുക തുടങ്ങിയവയാണ് പ്രതിരോധ നടപടികൾ.

ആവർത്തിക്കുമോ 2005ലെ പ്രളയം?

2005ൽ നഗരത്തെ കടലാക്കിയ പ്രളയത്തിന്റെ ഭീതി മനസ്സിൽ നിന്നു മായാതെ നിൽക്കുമ്പോഴാണ് അതിനേക്കാൾ രൂക്ഷമായ പ്രളയം നഗരത്തെ കാത്തിരിക്കുന്നുവെന്ന പ്രവചനം.  പേമാരിയും വേലിയേറ്റവും ഒന്നിച്ചു വന്നതാണ്, അന്ന്  മുംബൈ, താനെ, നവിമുംബൈ, റായ്ഗഡ്, പാൽഘർ അടക്കമുള്ള  പ്രദേശങ്ങളെ പ്രളയം കീഴടക്കാൻ കാരണം. പലയിടത്തൂം പ്രളയജലം 2-ാം നിലവരെ ഉയർന്നു. ഒരാഴ്ചയിലേറെക്കാലമാണ് നഗരത്തെ പ്രളയം  ഭീതിയിലാഴ്ത്തിയത്.

English Summary: Sea-Level Rise To Make Things Worse In Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com