ADVERTISEMENT

വേനൽ ചൂടിൽ വനമേഖല കടുത്ത വറുതിയിലേക്കു നീങ്ങിയതോടെ വന്യമൃഗങ്ങൾ തീറ്റയും വെള്ളവും തേടി നാട്ടിലേക്ക്. വേനൽ ആരംഭത്തിൽതന്നെ വനത്തിലെ പുൽക്കാടുകൾ കരിഞ്ഞു. ആനയുടെ മുഖ്യാഹാരമായ മുള നശിച്ചതോടെ കുറെക്കാലമായി വയനാട്ടിലെമ്പാടും കാട്ടാന ശല്യം രൂക്ഷമാണ്. ഏകവിള തോട്ടങ്ങളിൽ തീറ്റയൊന്നുമില്ലാതായി.ഉണങ്ങിക്കൊഴിഞ്ഞ കരികിലകൾ മാത്രമാണു വനത്തിൽ. പച്ചപ്പ് അവശേഷിക്കുന്നിടത്ത് കമ്യൂണിസ്റ്റ് പച്ചയും ആനത്തൊട്ടാവാടിയും.

വയനാട് വന്യജീവി സങ്കേതത്തിലും സൗത്ത് വയനാട്, നോർത്ത് വയനാട് ഡിവിഷനുകളിലും തേക്ക് തോട്ടങ്ങൾ ധാരാളമുണ്ട്. തോട്ടങ്ങളിൽ ചൂട് അധികരിക്കുന്നതോടെ മൃഗങ്ങൾ തണുപ്പുള്ള സ്ഥലങ്ങളിലേക്കു മാറുന്നു. സ്വാഭാവിക വനവും ജലക്ഷാമത്താൽ വരണ്ടതോടെ മൃഗങ്ങൾ തീറ്റയും വെള്ളവുമുള്ള സ്ഥലങ്ങളിലേക്ക് മാറുകയാണ്. കബനിയുടെയും കന്നാരംപുഴയുടെയും സമീപത്ത് ഒട്ടേറെ ആനക്കൂട്ടങ്ങളുണ്ട്. സന്ധ്യയോടെ നാട്ടിലിറങ്ങുന്ന ഇവ വൈദ്യുതി കമ്പികളെല്ലാം തട്ടിത്തെറിപ്പിച്ച് കൃഷിക്കാരുടെ വാഴയും തെങ്ങുമെല്ലാം ഭക്ഷിക്കുന്നു.

മരങ്ങൾ ഉണങ്ങി കാട് മുഴുവൻ കരികിലകൾ നിറഞ്ഞതോടെ കാട്ടുതീ ഭീഷണിയും ഏറെയുണ്ട്. ഫണ്ട് ലഭ്യത കുറഞ്ഞതിനാൽ കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങളും കാര്യമായിട്ടില്ല. കൂടുതൽ വാച്ചർമാരെ നിയമിക്കാനും ഫയർലൈൻ ഉൾപ്പെടെയുള്ള നടപടികൾ കാര്യക്ഷമമാക്കാനും കഴിഞ്ഞിട്ടില്ല. വനത്തിലെ ജലസോതസ്സുകൾ പലതും വറ്റി. നീർചാലുകൾ വരണ്ടു. കഴിഞ്ഞ പ്രളയത്തിൽ ജലം സഭരിച്ചിരുന്ന ചിറകളും കുളങ്ങളും നശിച്ചു. ചെതലയം, കുറിച്യാട്, അമ്മവയൽ, ഗോളൂർ എന്നിവിടങ്ങളിലെ മൺഅണകൾ മലവെള്ളത്തിൽ തകർന്നു. ഇവയിലൊന്നും കാര്യമായി ജലമില്ല.

കാട്ടിലെ വറുതിയിൽ മിണ്ടാപ്രാണികളുടെ നിലനിൽപ് അപകടത്തിലാകുമ്പോൾ വനാതിർത്തിയിലെ കർഷകരുടെ കാര്യവും ദുരിതമയമായി.കൃഷി ചെയ്യുന്നവയെല്ലാം മൃഗങ്ങൾ നശിപ്പിക്കുന്നു. മേഖലയാകെ മനുഷ്യ-വന്യജീവി സംഘർഷ മേഖലയായി മാറുകയാണ്. ഭാവിയിലെ അപകടം മുൻകൂട്ടി കാണാതെയുള്ള വനം-വന്യജീവി സംരക്ഷണവും വനമേഖലയുടെ സ്വാഭാവികതയ്ക്ക് വന്ന തകർച്ചയുമാണു പ്രശ്നങ്ങൾക്ക് കാരണം.

English Summary: Drought forcing animals out of interior forests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com