ADVERTISEMENT

Read in English

ഉൾവനങ്ങളിൽ, പ്രത്യേകിച്ചും വന്യജീവികളുടെ വാസസ്ഥലങ്ങളിൽ എത്തി അവയെ കണ്ടെത്തുക എന്നത് ഏറെ ശ്രമകരവും അപകടകരവുമാണ്. എന്നാൽ ഒരു വനപാലകനെ സംബന്ധിച്ചിടത്തോളം അവശ്യം വേണ്ട ഒരു കഴിവു കൂടിയാണിത്. പറമ്പിക്കുളം കടുവാ സങ്കേതത്തിലെ വനപാലകനായ കെ ശ്രീനിവാസനെ ദേശീയ ബഹുമതി തേടിയെത്തിയതും ഈ കഴിവ് പരമാവധി പ്രയോജനപ്പെടുത്തിയതിനാണ്.

ഒന്നും രണ്ടുമല്ല നീണ്ട ഇരുപത് വർഷത്തെ അനുഭവജ്ഞാനമാണ് ശ്രീനിവാസന്റെ കൈമുതൽ. പറമ്പിക്കുളത്തെ മലസർ ഗോത്ര വിഭാഗത്തിലെ അംഗമായ ശ്രീനിവാസൻ ദിവസവും 20 കിലോമീറ്റർ വനത്തിനുള്ളിലൂടെ സഞ്ചരിക്കുന്നു. കേരളത്തിലെ വനങ്ങളിൽ ഇതിനോടകം 2000 തവണയാണ് ശ്രീനിവാസൻ എന്ന 38 കാരൻ കടുവകളെ കണ്ടെത്തിയത്. ശ്രീനിവാസന്റെ നിരീക്ഷണപാടവം കേരളത്തിലെ വനംവകുപ്പിന് തന്നെ ഏറെ സഹായകരമായിട്ടുണ്ട്. ശ്രീനിവാസന്റെ സേവനങ്ങൾക്കുള്ള  ബഹുമതി എന്നോണം 2019 ലെ ഏറ്റവും മികച്ച വന പാലകനുള്ള അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചിരിക്കുകയാണ് നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി.

2000 എന്നത് ഔദ്യോഗിക കണക്ക് മാത്രമാണെന്നും യഥാർത്ഥത്തിൽ എണ്ണം അതിനുമുകളിൽ ആണെന്നും ശ്രീനിവാസൻ അഭിമാനത്തോടെ പറയുന്നു. കടുവകളെ കണ്ടെത്താനുള്ള ശ്രീനിവാസന്റെ പാടവം മൂലം 'കടുവ ശ്രീനി' എന്ന പേരിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഇടയിൽ  ഇദ്ദേഹം അറിയപ്പെടുന്നത്. ശ്രീനിവാസനെ പരിചയമില്ലാത്ത ഒരൊറ്റ കടുവ പോലും പറമ്പിക്കുളം കടുവാ സങ്കേതത്തിൽ ഉണ്ടാവില്ല എന്ന് ഉദ്യോഗസ്ഥരും വന ഗവേഷകരും അഭിപ്രായപ്പെടുന്നു. ഗവേഷണത്തിന് എത്തുന്ന വിദ്യാർഥികൾക്ക് ഗൈഡായി പ്രവർത്തിക്കുന്ന  ശ്രീനിവാസന് വനത്തിലെ സസ്യ-ജന്തുജാലങ്ങളെ കുറിച്ച് ആഴത്തിലുള്ള പരിജ്ഞാനവും ഉണ്ട്.

സംസ്ഥാനതലത്തിലും ദേശീയതലത്തിലും കടുവാ നിരീക്ഷണത്തിനായി നിയോഗിക്കപ്പെട്ട വിവിധ സംഘങ്ങളിൽ അംഗമായിരുന്നു ശ്രീനിവാസൻ. ക്യാമറ ഡിപ്ലോയിമെന്റിൽ പരിശീലകനായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്. ഇതുകൊണ്ടൊന്നും തീർന്നില്ല. മികച്ച വന്യജീവി ഫോട്ടോഗ്രാഫർ എന്ന നിലയിലും പ്രശസ്തനാണ് അദ്ദേഹം. വനവുമായി ബന്ധപ്പെട്ട മാസികകളിലും ചിത്ര പ്രദർശനങ്ങളിലും ശ്രീനിവാസൻ പകർത്തിയ ചിത്രങ്ങൾ നിരവധി തവണ ഇടംനേടിയിട്ടുണ്ട്. 2010ൽ അഞ്ച് കടുവകളുടെ ചിത്രങ്ങൾ ഒറ്റ ഫ്രെയിമിൽ പതിഞ്ഞ അപൂർവ്വ ചിത്രം പകർത്തിയത് ശ്രീനിവാസനാണ്.

പറമ്പിക്കുളത്തെ കടുവാ സങ്കേതമായി പ്രഖ്യാപിക്കുന്നതിനു മുൻപ് തന്റെ ചെറുപ്പകാലത്തുതന്നെ കടുവകളുടെ കാലടികൾ പരിശോധിച്ച് ശ്രീനിവാസൻ കടുവകളെ നിരീക്ഷിക്കാൻ ആരംഭിച്ചിരുന്നു. കടുവകളുടെ വേഗവും മണ്ണിന്റെ പ്രത്യേകതയും മൂലം ഒരേ കടുവയുടെ തന്നെ കാൽപ്പാടുകൾ പലതരത്തിൽ ആകും പലപ്പോഴും ദൃശ്യമാകുക. അതിനാൽ ഒരേ തരം കാലടികൾ കണ്ടെത്തുക എന്നത് മുൻപ് ഏറെ ആയാസകരമായ ആയിരുന്നു. . എന്നാലിന്ന് സാങ്കേതികവിദ്യകളുടെ സഹായത്തോടെ  ഇത് വേഗത്തിൽ കണ്ടെത്താൻ സാധിക്കാറുണ്ട് എന്ന് ശ്രീനിവാസൻ പറയുന്നു. 

രാവിലെ എട്ടുമണിക്ക് ഓഫീസിലേക്കുള്ള യാത്രയിൽ ആരംഭിക്കുന്നതാണ് ശ്രീനിവാസന്റെ ഓരോ ദിവസത്തെയും ഔദ്യോഗികജീവിതം. വനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകളിൽ പതിഞ്ഞ മൃഗങ്ങളുടെ ചിത്രങ്ങളെക്കുറിച്ച് റെക്കോർഡ് തയ്യാറാക്കുന്നതും ശ്രീനിവാസനാണ്. അതിനുശേഷം പൂർണമായും ചാർജ് ചെയ്ത ക്യാമറകളുമായി വനത്തിനുള്ളിലൂടെ തന്റെ സംഘത്തിനൊപ്പം നിരീക്ഷണത്തിന് ഇറങ്ങും. ഏതൊക്ക മൃഗങ്ങളെ എവിടെ കണ്ടെത്താനാകും എന്നതിനെക്കുറിച്ച് ശ്രീനിവാസന് കൃത്യമായ ധാരണ ഉണ്ടെന്ന് അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച ഗവേഷണ വിദ്യാർത്ഥിയായ സന്ദീപ് ദാസ് പറയുന്നു. താൻ അടക്കമുള്ള നിരവധി ഗവേഷണ വിദ്യാർത്ഥികൾക്ക് ശ്രീനിവാസന്റെ വനത്തെക്കുറിച്ചുള്ള അറിവ് ഏറെ സഹായകരമായിട്ടുണ്ട്. കണ്ണടച്ച് നടന്നാൽ പോലും വനത്തിലെ ഓരോ സ്ഥലങ്ങളും കൃത്യമായി അറിയാനുള്ള പാടവം ശ്രീനിവാസന് ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മൃഗങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാകാതെയാണ് ശ്രീനിവാസൻ അവയെ നിരീക്ഷിക്കാറ്. മൃഗങ്ങളിൽ നിന്നും അകലം പാലിച്ചു നിൽക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുണ്ട്. ചില സമയങ്ങളിൽ മൃഗങ്ങളെ ഭയപ്പെടുത്താതെ നാലു കാലിൽ ഇഴഞ്ഞുനീങ്ങുകയാണ് അദ്ദേഹം അവയെ കണ്ടെത്തുന്നത്. 

വന്യ ജീവികളെ കുറിച്ച് ഡോക്യുമെൻററികൾ തയ്യാറാക്കുന്നതിൽ വിദഗ്ധനായ സുരേഷ് ഇളമണ്ണിനും ശ്രീനിവാസനെ പറ്റി ഏറെ പറയാനുണ്ട്. കേരളത്തിലെ നിരവധി വനമേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട് എങ്കിലും ഇതുവരെ ശ്രീനിവാസനെ പോലെ മറ്റൊരാളെ കണ്ടെത്താൻ തനിക്ക് ആയിട്ടില്ല എന്ന് അദ്ദേഹം പറയുന്നു. വനത്തിലെ എത്ര ഉൾപ്രദേശങ്ങളിലേയ്ക്കും തൻറെ തൊഴിലിന്റെ ഭാഗമായി ഒരു മടിയും പേടിയും കൂടാതെ കടന്നുചെല്ലാൻ ശ്രീനിവാസൻ സദാ സന്നദ്ധനാണ് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 

ഇത്രയും കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരൊറ്റ തവണ മാത്രമാണ് ശ്രീനിവാസനെ ഭയപ്പെടുത്തിയ ഒരു സംഭവം ഉണ്ടായത്. എന്നത്തെയും പോലെ വനത്തിനുള്ളിലൂടെ നടന്നുനീങ്ങുന്നതിനിടയ്ക്ക് മൂന്നു കുഞ്ഞുങ്ങളുമായി ഒരു കടുവയെ കണ്ടുമുട്ടി. കേവലം മൂന്നു മീറ്റർ അകലത്തിൽ മാത്രമാണ് അവ ഉണ്ടായിരുന്നത്. കുഞ്ഞുങ്ങൾ ഒപ്പമുള്ളതിനാലാവണം കടുവ ശ്രീനിവാസന്റെ നേർക്ക് തിരിഞ്ഞു. കടുവ തന്നെ ആക്രമിച്ചു കൊല്ലുമെന്ന് ഉറപ്പായപ്പോൾ ശ്രീനിവാസനും ഏറെ ഭയപ്പെട്ടു. എന്നാൽ മറ്റെന്തോ ഒന്നിലേക്ക് ശ്രദ്ധ തിരിഞ്ഞു കടുവ ശ്രീനിവാസനെ ആക്രമിക്കാതെ തിരികെ പോകുകയാണ് ചെയ്തത്. 

ഏറെ ഇഷ്ടപ്പെടുന്ന ജോലി ആണെങ്കിലും അപകടസാധ്യതയും അത്രയും ഏറെയാണെന്ന് ശ്രീനിവാസൻ പറയുന്നു. ഒരിക്കൽ കടുവകളുടെ കണക്കെടുക്കാൻ ഉള്ള ശ്രമത്തിനിടെ ഒരു കാട്ടുപോത്ത് അദ്ദേഹത്തെ ആക്രമിച്ചിരുന്നു. കാട്ടുപോത്തിന്റെ തൊഴിയേറ്റ് കാലിന് സാരമായ പരിക്കേറ്റു. അഞ്ചു കിലോമീറ്ററോളം വനത്തിനുള്ളിലൂടെ സ്വയം ഇഴഞ്ഞുനീങ്ങുകയാണ് പുറത്തെത്തി സഹായം തേടാൻ ആയത്.അതേ തുടർന്ന് മൂന്ന് മാസം താൻ കിടപ്പിലായിരുന്നു എന്നും ശ്രീനിവാസൻ പറഞ്ഞു. എന്നാൽ ഇത്തരം അനുഭവങ്ങളിൽ ഒന്നും പതറാതെ വനസംരക്ഷണത്തിനായി തന്റെ ജീവിതം തന്നെ നീക്കിവച്ചിരിക്കുകയാണ് അദ്ദേഹം.

അഞ്ചാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം നേടിയിട്ടുള്ള ശ്രീനിവാസൻ ഇന്ന് ക്യാമറ ട്രാപ്പിങ്ങിലുള്ള തന്റെ വൈദഗ്‌ദ്ധ്യത്തിലൂടെ കേരളത്തിലുടനീളമുള്ള നിരവധി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി വരുന്നു. തന്നെ തേടി ഇത്തരമൊരു ബഹുമതി എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്ന് ശ്രീനിവാസൻ പറയുന്നു.ഭാര്യ രൂപയും മൂന്നു മക്കളും അടങ്ങുന്നതാണ് ശ്രീനിവാസന്റെ കുടുംബം. തൊഴിലിനോടുള്ള ആത്മാർത്ഥതയും പ്രാഗത്ഭ്യവും  ശ്രീനിവാസന് നേടിക്കൊടുത്തിരിക്കുന്നത് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ആണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com