ADVERTISEMENT

പ്ലാസ്റ്റിക് ഉത്പന്നങ്ങളിലെ വിഷമയമായ ഘടകങ്ങളെ ഭക്ഷണമാക്കുന്ന സൂക്ഷ്മജീവിയെ ഗവേഷകർ കണ്ടെത്തി. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കൂമ്പാരത്തിൽ നിന്നുമാണ് ഗവേഷകർ ബാക്ടീരിയയെ കണ്ടെത്തിയത്. പ്ലാസ്റ്റിക്കിൽ അടങ്ങിയിരിക്കുന്ന പോളിയുറെത്തേന്‍ എന്ന രാസപദാർത്ഥം നശിപ്പിക്കാൻ കെൽപ്പുള്ള ഒരു സൂക്ഷ്മജീവിയെ ഇതാദ്യമായാണ് കണ്ടെത്തുന്നത്.

ദശലക്ഷക്കണക്കിനു ടൺ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളാണ് പ്രതിവർഷം ലോകത്താകമാനം ഉത്പാദിപ്പിക്കപ്പെടുന്നത്. എന്നാൽ ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ മണ്ണിൽ അലിഞ്ഞു ചേരാത്തത് നിമിത്തം പരിസ്ഥിതിക്കുണ്ടാക്കുന്ന ഭീഷണി ലോകം തന്നെ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിഘടീകരിക്കുമ്പോൾ പുറത്തുവരുന്ന മാരകമായ രാസവിഷം സാധാരണഗതിയിൽ സൂക്ഷ്മജീവികളെ ഇല്ലാതാക്കുന്നവയാണ്‌. എന്നാൽ പുതിയതായി കണ്ടെത്തിയ ബാക്ടീരിയ പ്ലാസ്റ്റിക്കിനെ വിഘടിപ്പിക്കുക മാത്രമല്ല അത് ഭക്ഷണമാക്കുകയും ചെയ്യുന്നു.

പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനഃചംക്രമണം  ചെയ്യുന്നതിലുള്ള വെല്ലുവിളികൾക്ക് ഒരു പരിഹാരമാകും ഈ സൂക്ഷ്മജീവികളുടെ കണ്ടെത്തൽ എന്ന് ജർമനിയിലെ ഹെൽമ്ഹോൾട്ട്സ് സെൻറർ ഫോർ എൻവയോൺമെന്റ് റിസർച്ചിലെ ഗവേഷകനായ ഹെർമൻ ഹേപൈപ്പർ പറയുന്നു. ഉയർന്ന താപനിലയും ഉയർന്ന അളവിൽ അമ്ലാംശമുള്ള പരിതസ്ഥിതിയും അതിജീവിക്കാൻ കെൽപുള്ള സ്യൂഡോമോണസ് ബാക്ടീരിയ എന്ന ഇനത്തിൽപ്പെട്ടതാണ് പുതിയതായി കണ്ടെത്തിയ സൂക്ഷ്മജീവി.

പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനഃചംക്രമണം ചെയ്യുന്നതിനായി വിഘടീകരിപ്പിക്കേണ്ടി വരുമ്പോൾ പുറത്തു വരുന്ന രാസവസ്തുക്കൾ കാൻസറിന് പോലും കാരണമായേക്കും എന്നതിനാൽ ഇവ കൈകാര്യം ചെയ്യുന്നത് കാലങ്ങളായി ഗവേഷകരെ കുഴക്കുന്ന പ്രതിസന്ധിയാണ്. എന്നാൽ പ്രകൃതിക്ക് ദോഷകരമാകാത്ത തരത്തിൽ പ്ലാസ്റ്റിക്കിലെ വിഷം ഇല്ലാതാക്കാൻ ഈ സൂക്ഷ്മജീവിയെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ച് പഠനം നടത്തുകയാണ് ഗവേഷകർ ഇപ്പോൾ. ഫ്രണ്ടിയേഴ്സ് ഇൻ മൈക്രോബയോളജി എന്ന ശാസ്ത്ര ജേർണലിൽ ആണ് പഠന വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com