ADVERTISEMENT

ഇന്ന് ലോക ഭൗമദിനം. ലോകത്തെ ഏറ്റവും വലിയ പൊതുജനപങ്കാളിത്തമുള്ള ദിനാചരണമായി വിശേഷിപ്പിക്കപ്പെടുന്ന ഭൗമ ദിനാചരണത്തിന്റെ അൻപതാം വാർഷികമാണ് ഇന്ന് . 1970 ഏപ്രിൽ 22ന് അമേരിക്കയിലെ ജനസംഖ്യയുടെ പത്തു ശതമാനത്തിലേറെ ജനങ്ങൾ തെരുവിലിറങ്ങി മലിനീകരണം പോലെ ഭൂമിയുടെ നാശത്തിന് കാരണമായ വിഷയങ്ങളിൽ പ്രതിഷേധം കുറിച്ച് ആരംഭിച്ചതാണ് ഭൗമ ദിനാചരണം. ഭൂമുഖത്തെ മനുഷ്യരിൽ 45 ശതമാനത്തിലധികവും വീടുകളിൽ കഴിയേണ്ടുന്ന കാലത്താണ് അൻപതാം വാർഷികം ആചരിക്കപ്പെടുന്നത്. ഓരോരുത്തരും തങ്ങളാൽ കഴിയുന്ന വിധം കാലാവസ്ഥാമാറ്റം ചെറുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ഇത്തവണത്തെ ഭൗമദിന സന്ദേശം. മറ്റ് ഏതു ബോധവൽക്കരണ പരിപാടികളെക്കാൾ ശക്തമായി ഈ കൊറോണ കാലം നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഭൂമി മനുഷ്യൻറെ മാത്രമല്ല എല്ലാ ജീവജാലങ്ങളുടെയും വീടാണെന്ന സത്യം ഈ സമയം വീടിനുള്ളിൽ അടച്ചിരിക്കാൻ നിർബന്ധിതരായ നമ്മെ ഒരുപാട് അനുഭവങ്ങളിലൂടെ ഓർമിപ്പിക്കുന്നു. പ്രകൃതിയുടെ ആരോഗ്യം തകർന്നാൽ മനുഷ്യന്റെ ആരോഗ്യം തകർക്കുന്ന മഹാമാരികൾ പൊട്ടിപ്പുറപ്പെടും എന്നതിന് ചരിത്രത്തിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് കോവിഡ് 19. ആവാസവ്യവസ്ഥകൾ തകർത്തും വേട്ടയാടിയും വന്യജീവികളെ ചെറു വനങ്ങളിലേക്ക് പരിമിതപ്പെടുത്തിയതാണ് വന്യതയിൽ രോഗകാരികൾ അല്ലാതിരുന്ന പല സൂക്ഷ്മാണുക്കളെയും രോഗാണുക്കളാക്കിയത്. ഹ്യൂമൻ ഇമ്മ്യൂണോ വൈറസ്, ഇബോള, മെർസ്,സാർസ് തുടങ്ങി മനുഷ്യരിൽ രോഗകാരികളായ സൂക്ഷ്മാണുക്കളിൽ 70 ശതമാനവും ജന്തുജന്യങ്ങളാണ്. നമ്മുടെ ആഹാരം വന്യജീവികൾക്ക് നൽകുക, വംശനാശം നേരിടുന്ന അവയെ പോലും അരുമ മൃഗങ്ങളാക്കിയുള്ള വ്യാപാരം, വളർത്തുമൃഗങ്ങളെ വ്യവസായശാലകളിലെന്നതുപോലെ ബൃഹത് സമുച്ചയങ്ങളിൽ പരിപാലിക്കുക ഇവയൊക്കെ രോഗാണുക്കൾ മനുഷ്യരിലേക്ക് എത്താൻ വഴിയൊരുക്കി. വൃത്തിഹീനമായ സാഹചര്യങ്ങളിൽ രോഗാവസ്ഥയിലായ മൃഗങ്ങളെപ്പോലും വിപണനം ചെയ്യപ്പെടുന്നത് രോഗാണു വ്യാപനം അതിവേഗത്തിലാക്കുന്നു.

ഭൂമിയിൽ തങ്ങൾക്ക് ആവശ്യമുള്ളവർക്ക് മാത്രമാണ് ജീവിക്കാൻ അവകാശം എന്ന മനുഷ്യൻറെ ത്വരയിൽ നഗരങ്ങളിലെ ചെറു ഇടങ്ങളിലേക്ക് ഒതുക്കപെട്ടിരുന്ന വന്യജീവികളിൽ പലതും ഭൂമിയുടെ അവകാശം ഞങ്ങൾക്കും ഉണ്ട് എന്ന് പ്രഖ്യാപിച്ച് നഗര പാതകളിലേക്ക് ഇറങ്ങിയ കാഴ്ച പലയിടത്തും ഈ ലോക്ഡൗൺ കാലത്ത് നാം കണ്ടു. കേരളത്തിലെ നഗര പ്രദേശങ്ങളിൽ നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന ഭൂപരിസ്ഥിതിയിൽ പോലും വനങ്ങളുടേതിനു സമാനമായ ജൈവവൈവിധ്യം നിലനിൽക്കുന്നുണ്ടെന്ന് കഴിഞ്ഞ കുറെ വർഷങ്ങളായി നടക്കുന്ന പക്ഷി, തുമ്പി സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നു. വന്യജീവികളെ അവയ്ക്കാവശ്യമായ വന്യതയിൽ നിലനിർത്തിയാൽ രോഗാണു ജനനവും വ്യാപനവും ഒഴിവാക്കാമെന്ന് ഒട്ടേറെ ശാസ്ത്രജ്ഞർ കരുതുന്നു.

ഭൗമ സംരക്ഷണത്തിന് ഏറ്റവും മുഖ്യം, പ്രാദേശിക തനത് ജൈവവൈവിധ്യ സംരക്ഷണമാണ്. മാവും പ്ലാവും ആഞ്ഞിലിയും ഒക്കെയായി 150 ലേറെ ഫലസസ്യങ്ങളാൽ സമ്പന്നമായിരുന്ന കേരളത്തിലെ തൊടികൾ സാധ്യമായ തരത്തിൽ വീണ്ടെടുക്കണം. പ്രാദേശിക സസ്യങ്ങളുടെ തുരുത്തുകളായി വീടു പരിസരങ്ങൾ മാറുന്നതോടെ നാട്ടു പക്ഷികളും ജന്തുക്കളും മനുഷ്യന്റെ ആഹാരത്തിനായി കാക്കാതെ തനി വന്യമായി ജീവിക്കും. കൊറോണാ കാലത്ത് നമുക്ക് ഉപകരിച്ചത് പോലെ ആരോഗ്യകരവും രോഗപ്രതിരോധശേഷി ദായകവുമായ നാട്ടു ഭക്ഷണങ്ങളുടെ ലഭ്യത വിപണിയിലെ ആഹാരത്തിൽനിന്ന് രക്ഷയും നൽകും. ലഭ്യമായ ഇടങ്ങളിലൊക്കെ ഫലവൃക്ഷങ്ങൾ മാത്രമല്ല നാട്ടു സസ്യങ്ങൾ, പാഴ്മരങ്ങൾ തുടങ്ങിയവയും വയ്ക്കണം. മുൻപൊക്കെ പുരയിടങ്ങളിൽ സമൃദ്ധമായ ഇലിപ്പയും വെട്ടിയും  ആറ്റുവഞ്ചിയും  നഷ്ടമായപ്പോൾ ഒരുപാട് ജീവികളുടെ ആവാസ വ്യവസ്ഥ ഇല്ലാതാവുക മാത്രമല്ല ഇത്തരം മരങ്ങളുടെ വേരുകൾക്കൊപ്പമുള്ള സവിശേഷമായ സൂക്ഷ്മാണുസമൂഹവും ഇല്ലാതായതു മൂലം മണ്ണിൻറെ ഫലഭൂയിഷ്ടിയും ജലസംഭരണ ശേഷിയും ഇല്ലാതായെന്ന് പഠനങ്ങൾ പറയുന്നു.

വ്യവസായവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കൃഷിയെ സാധ്യമായ തരത്തിൽ വീട്ടുകൃഷി ആക്കണം. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് ഇക്കാര്യത്തിൽ പ്രാവർത്തികമാക്കണം. ഫ്ലാറ്റിൽ പോലും കോഴി വളർത്താൻ വേണ്ട സംവിധാനങ്ങൾ ലഭ്യമായിരിക്കെ,നാടൻ വളർത്തു മൃഗങ്ങൾ എല്ലാ വീട്ടിലും ഉണ്ടായാൽ മുട്ടയും മാംസവുമൊക്കെ രോഗാണു വിമുക്തമായി കഴിക്കാനാകും. കറിവേപ്പ്, മുരിങ്ങ, പ്ലാവ്, മാവ് ,പപ്പായ, കുരുമുളക് എന്നിവയ്ക്കൊപ്പം ചേമ്പ്, ചേന ,കാച്ചിൽ, മരച്ചീനി ,ഇഞ്ചി ,മഞ്ഞൾ എന്നിവയും പച്ചക്കറികളും വീട്ടുവളപ്പിൽ ഉണ്ടാകണം.

അവശ്യവസ്തുക്കൾ പ്രാദേശികമായി ഉൽപാദിപ്പിക്കുന്നതിലൂടെ പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താനാകും. ഭക്ഷണം പോലും പാഴാക്കിയും മാലിന്യമാക്കിയും ശീലിച്ചിരുന്ന നമ്മുടെ ധൂർത്ത സംസ്കാരം ഇല്ലാതാകുന്നതോടെ പൊതു മാലിന്യപ്രശ്നം 70 ശതമാനം കുറയും.

കൊറോണാ കാലത്തിനു ശേഷമുള്ള ബജറ്റുകളിൽ ആരോഗ്യരംഗത്ത് കൂടുതൽ നിക്ഷേപം ഉണ്ടാകുമെന്ന സൂചനകൾ നല്ലതെങ്കിലും ഭൂമിയുടെ ആരോഗ്യം നിലനിർത്തുന്ന പദ്ധതികൾ ആവിഷ്കരിച്ചാൽ മാത്രമേ ഇത് ഗുണം ചെയ്യൂ. തകരുന്ന സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ഇപ്പോൾ ചൈനയും ദക്ഷിണകൊറിയയും ഒക്കെ സ്വീകരിക്കുന്ന സാമ്പത്തിക ഉത്തേജക പാക്കേജുകൾ, കൊറോണയിൽ നിന്ന് പാഠം പഠിക്കാതെയാണെന്ന് വ്യക്തമാണ്.

നാമിപ്പോൾ കൈക്കൊള്ളുന്ന ഭൗമ സംരക്ഷണ നടപടികൾക്ക്‌ പ്രകൃതി ദുരന്തങ്ങളെയും മഹാമാരികളെയും തടയാൻ കഴിയുന്നില്ലെങ്കിലും അവയെ അതിജീവിക്കാൻ മനുഷ്യനേയും ഭൂമിയേയും പ്രാപ്തമാക്കും എന്നതിനു സംശയമില്ല.

(ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് സെക്രട്ടറിയും മണർകാട് സെന്റ്‌മേരിസ് കോളേജ് പ്രിൻസിപ്പലുമാണ് ലേഖകൻ)

English Summary:  Coronavirus, As Earth Day turns 50

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com