ADVERTISEMENT

ഭൂമി തങ്ങൾക്കും ഇനി വരുന്ന തലമുറയ്ക്കും വാസയോഗ്യമാക്കണമെന്ന കരുതലിൽ ഭൂഗോളത്തിനായി ഒരു ദിവസം വേണമെന്നു മനുഷ്യൻ തീരുമാനിച്ചിട്ടു അൻപതുവർഷം തികയുകയാണ് ഇന്ന്. ലോക ഭൗമദിനമാണ് ഏപ്രിൽ 22. ഇന്നത്തേക്ക് 4.5 ബില്യൺ വർഷം മുൻപാണത്രേ ഭൂമിയുടെ ജനനം. മനുഷ്യൻ പരിണമിച്ചിവിടെയെത്തിയിട്ട് 2.5 ദശലക്ഷം വർഷമാകുന്നു. ഹോമോ സാപിയൻസ് എന്ന മനുഷ്യ ജാതിയുണ്ടായിട്ട് 2 ലക്ഷം വർഷം. സാപിയൻസ് എന്ന ഒറ്റ മനുഷ്യ ജാതി മാത്രം ഭൂമിയിൽ ജീവിക്കാൻ തുടങ്ങിയിട്ട് കേവലം 13,000 വർഷം മാത്രം. ഭൂമിക്കായി ഒരു ദിവസം വേണമെന്ന് മനുഷ്യന് തോന്നിയിട്ട് 50 വർഷം.

ഭൗമദിനത്തിന്റെ പ്രാധാന്യം

ഭൂമിയുടെ സംരക്ഷണം ലക്ഷ്യമാക്കിക്കൊണ്ട് എല്ലാ വര്‍ഷവും ഏപ്രില്‍ 22 ലോകഭൗമ ദിനമായി കൊണ്ടാടപ്പെടുന്നു. അമേരിക്കയിലായിരുന്നു ദിനാചരണത്തിന്റെ തുടക്കമെങ്കിലും പിന്നീടത് ലോകവ്യാപകമായി ആചരിക്കുവാനാരംഭിച്ചു. പരിസ്ഥിതിയെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയെന്ന പ്രധാന ധര്‍മമാണ് ദിനാചരണത്തിനുള്ളത്. ഡെന്നിസ് ഹെയ്ഡ് എന്ന പരിസ്ഥിതി പ്രവര്‍ത്തകനും വിസ്‌കോണ്‍സിനില്‍ നിന്നുള്ള അമേരിക്കന്‍ സെനറ്ററായ ഗെയ്‌ലോഡ് നെല്‍സണുമാണ് ഭൗമദിനാചരണത്തിന് തുടക്കം കുറിച്ചത്. 1970 ഏപ്രില്‍ 22-നായിരുന്നു ആദ്യത്തെ ഭൗമദിനാചരണം നടന്നത്. 1969-ല്‍ നടന്ന യുനെസ്‌കോ സമ്മേളനത്തില്‍ ജോണ്‍ മക്‌കോണല്‍ ഉന്നയിച്ച ഭൗമദിനാചരണം എന്ന ആശയം യുനെസ്‌കോ അംഗീകരിക്കുകയായിരുന്നു.

എന്തുകൊണ്ട് ഏപ്രില്‍ 22?

അമേരിക്കയിലാണ് ആദ്യ ഭൗമദിനാചരണം നടന്നതെന്ന് പറഞ്ഞല്ലോ (1970 ഏപ്രില്‍ 22) .ഉത്തരാര്‍ദ്ധഗോളത്തില്‍ വസന്തകാലവും ദക്ഷിണാര്‍ദ്ധഗോളത്തില്‍ ശരത്കാലവും തുടങ്ങുന്ന ദിവസമായതിനാലാണ് ഈ ദിനം ഭൗമദിനാചരണത്തിന് തിരഞ്ഞെടുത്തത്.

അമേരിക്കയിലെ പരിസ്ഥിതി രാഷ്ട്രീയം

ഒരു രാജ്യത്തിന്റെ ഭരണാധികാരിയുടെ അല്ലെങ്കിൽ ഭരിക്കുന്ന പാർട്ടിയുടെ നയങ്ങളാണ് അവരുടെ പരിസ്ഥിതി വീക്ഷണത്തിലും പ്രതിഫലിക്കുന്നത്. അതിനാൽ പരിസ്ഥിതിയേക്കുറിച്ചുള്ള ഏതു ചർച്ചയും  രാഷ്ട്രീയപരമാകുന്നു. ഭൗമദിനാചരണത്തിന് തുടക്കമിട്ട അമേരിക്കയിലെ ശാസ്ത്രലോകം ഭൗമദിനാചരണത്തിന്റെ  അന്‍പതാം വര്‍ഷം മുന്‍പോട്ടു വയ്ക്കുന്ന ചിന്തകള്‍ എന്തെന്നു പരിശോധിച്ചാൽ പരിസ്ഥിതിയുടെ രാഷ്ട്രീയത്തേക്കുറിച്ച് എളുപ്പം മനസ്സിലാക്കാം.. 2020 ഏപ്രില്‍ 17-ന് പുറത്തിറങ്ങിയ സയന്‍സ് ജേര്‍ണലിന്റെ  മുഖപ്രസംഗം തയാറാക്കിയിരിക്കുന്നത് ജെയിംസ് മോര്‍ട്ടണ്‍ ടേണര്‍, ആന്‍ഡ്രൂ ഐസന്‍ബെര്‍ഗ് എന്നീ രണ്ടു പ്രൊഫസര്‍മാര്‍ ചേര്‍ന്നാണ്. ഒരാള്‍ പരിസ്ഥിതി പഠനത്തിലും മറ്റേയാള്‍ അമേരിക്കന്‍ ചരിത്രത്തിലും നിപുണരായവര്‍. അവർ എഴുതിയ ലേഖനം അവലോകനം ചെയ്താൽ രാഷ്ട്രീയ മാറ്റങ്ങൾ ,ഒരു രാഷ്ട്രത്തിന്റെ പുരോഗമനാദർശങ്ങളെ എങ്ങനെ മാറ്റിമറിക്കുമെന്ന് കാണാവുന്നതാണ്.

ഭൗമദിനാചരണം ആരംഭിച്ച 1970-ലെ അമേരിക്കയുടെ വസന്തകാലവും, ഭൗമദിനാചരണത്തിന്റെ അന്‍പതാം വാര്‍ഷികമെത്തുന്ന 2020-ലെ വസന്തവും തികച്ചും വ്യത്യസ്തമായ പ്രശ്‌നങ്ങളാണ് അമേരിക്കയുടെ മുന്‍പില്‍ വയ്ക്കുന്നത്. 2020-ലെ  വസന്തം കൊറോണ മഹാമാരിയുടെ  ഓര്‍മക്കാലമായിരിക്കും. എന്നാല്‍ അന്‍പതുവര്‍ഷം മുന്‍പത്തെ ഏപ്രില്‍ മാസത്തില്‍, അതായത് 1972 ഏപ്രിൽ 22-ന് ദശലക്ഷക്കണക്കിന് ആളുകൾ അമേരിക്കയിലെ തെരുവുകളിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയിലേക്ക് ശ്രദ്ധയാകർഷിച്ചു കൊണ്ട് പ്രകടനം നടത്തുകയായിരുന്നു. ജനങ്ങളുടെ ഇംഗിതമേറ്റുവാങ്ങിയ ഡെമോക്രാറ്റുകളും, റിപ്പബ്ലിക്കന്‍സും അന്ന് ഒരുമിച്ച് അടിയന്തര നടപടികളിലേക്ക് നീങ്ങി. പ്രസിഡന്റായിരുന്ന നിക്‌സണും, അമേരിക്കന്‍ കോണ്‍ഗ്രസ്സും പൊതുജനാരോഗ്യവും, പരിസ്ഥിതിയും സംരക്ഷിക്കാനായി ശാസ്ത്രീയ അടിത്തറയുള്ള നിരവധി നയപരിപാടികള്‍ക്ക്  രൂപം നല്‍കി. പരിസ്ഥിതിയുടെ 'മാഗ്നാ കാർട്ടാ' എന്നു വിശേഷിപ്പിക്കപ്പെട്ട അമേരിക്കയിലെ നാഷണൽ എൻവയൺമെന്റൽ പോളിസി ആക്ട് നടപ്പിലാക്കപ്പെട്ടു. ഡാമുകളും റോഡുകളും ഉൾപ്പെടെ ഫെഡറൽ ഗവൺമെൻ്റ് നടപ്പിലാക്കുന്ന എല്ലാ പദ്ധതികൾക്കും പാരിസ്ഥിതികാഘാത പഠനം നിർബന്ധമാക്കി. ജലമലിനീകരണം തടയാനും നദികളെ ശുചീകരിക്കാനുമായി 'ക്ലീൻ വാട്ടർ ആക്ട്' കൊണ്ടുവന്നു. ഒപ്പം ക്ലീൻ എയര്‍ ആക്ടും വെളിച്ചം കണ്ടു.

പ്രസിദ്ധയായ പരിസ്ഥിതി പ്രവർത്തക റേച്ചൽ കാഴ്‌സന്റെ 'സൈലന്റ് സ്പ്രിങ്ങ് ' എന്ന പുസ്തകത്തിന്റെ ശക്തിയിൽ കുപ്രസിദ്ധമായ ഡി.ഡി.റ്റി കീടനാശിനി നിരോധിക്കപ്പെട്ടു. തിമിംഗലം, ഡോൾഫിൻ ,സീലുകൾ തുടങ്ങിയ സമുദ്ര സസ്തനികളെ സംരക്ഷിക്കാൻ കൊണ്ടുവന്ന നിയമം അവരുടെ വംശങ്ങളെ കാത്തു രക്ഷിച്ചു. എൻ ഡെഞ്ചേർഡ് സ്പീഷിസ് ആക്ടിന്റെ ബലത്തിൽ നിരവധി ജന്തു സസ്യ ജാതികൾ സംരക്ഷിക്കപ്പെട്ടു. ലോകത്തിലെ ജനസംഖ്യ വെറും 370 കോടിയായിരുന്ന 1970-കളിലാണ്  ഈ മാറ്റങ്ങൾ അമേരിക്ക നടപ്പിലാക്കിയത്. പൊതുനയങ്ങൾ രൂപീകരിക്കുമ്പോൾ  ഇനി സാമ്പത്തിക കാര്യങ്ങളോ, മറ്റു പ്രത്യേക താല്‍പര്യങ്ങളോ ആയിരിക്കില്ല. പ്രസ്തുത ശാസ്ത്രമായിരിക്കും അവയെ നയിക്കുന്നതെന്ന് വ്യക്തമാക്കുന്ന നടപടികളായിരുന്നു അവ. വായു മലിനീകരണത്തിന്റെ മാനദണ്ഡങ്ങള്‍ പാരിസ്ഥിതികാഘാത പഠനം, വന്യജീവി സംരക്ഷണം എന്നിവയെക്കുറിച്ചുള്ള തീരുമാനങ്ങളില്‍ അക്കാലത്ത്  ശാസ്ത്രം  മേല്‍ക്കൈ നേടി. രാഷ്ട്രീയ നിരീക്ഷകനായിരുന്ന റോജര്‍ പിയെല്‍ക്കെ ഈ മാറ്റത്തെ 'ടൊര്‍ണാഡോ പൊളിറ്റിക്‌സ്' എന്നാണ് വിശേഷിപ്പിച്ചത്. കൊടുങ്കാറ്റിന്റെ വരവിനേക്കുറിച്ചുള്ള കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ വാക്കുകള്‍ക്കായി ജനങ്ങള്‍ കാതോര്‍ത്ത കാലം, ഉണര്‍ന്ന പരിസ്ഥിതി ബോധത്താല്‍ പൊതുജനാരോഗ്യവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ പൗരന്മാര്‍ ശാസ്ത്രത്തെ ഉറ്റുനോക്കിയിരുന്ന കാലമായിരുന്നു അത്.

അന്‍പതുവര്‍ഷങ്ങള്‍ നൽകിയതെന്ത്?

പരിസ്ഥിതിയും പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ടുണ്ടാക്കിയ അന്നത്തെ നിയമങ്ങള്‍ ഏറ്റവും മികച്ച ഫലങ്ങളാണ് അമേരിക്കയ്ക്ക് തിരിച്ചു നല്‍കിയത്. അന്‍പതുവര്‍ഷത്തിനിടയില്‍ പുതിയ വെല്ലുവിളികളും കാലമനുസരിച്ചുള്ള അനീതികളും ഉടലെടുത്തെങ്കിലും അന്നുണ്ടായ നിയമങ്ങളും നയങ്ങളും കൊണ്ടുവന്ന വലിയ മാറ്റങ്ങള്‍ ഒരിക്കലും അപ്രധാനമാകുന്നില്ല. 1980-കളുടെ തുടക്കത്തില്‍ ക്ലീന്‍ എയര്‍ ആക്ട് ഒരു അമേരിക്കക്കാരന്റെ ജീവിതദൈര്‍ഘ്യം ശരാശരിയില്‍ നിന്ന് ഒരുവര്‍ഷം മുന്‍പോട്ടു കൊണ്ടുപോയിരുന്നു. 2010 ആയപ്പോഴേക്കും ഈ നിയമവും, അതിന്റെ ഭേദഗതികളും ചേര്‍ന്ന് 3.2 ദശലക്ഷം സ്‌കൂള്‍ ദിനങ്ങളും, 13 ദശലക്ഷം പ്രവൃത്തി ദിനങ്ങളും നഷ്ടപ്പെടാതെ കാത്തുരക്ഷിച്ചു. ഒപ്പം 1.6 ലക്ഷം അകാലമരണങ്ങൾ തടഞ്ഞ മതിലായി അവ  നിലകൊണ്ടു. ക്ലീന്‍ വാട്ടര്‍ ആക്ട് ജലമലിനീകരണത്തില്‍ നിന്ന് വലിയ തോതിലുള്ള ആശ്വാസം നല്‍കി. ഗവേഷകരുടെ കണക്കനുസരിച്ച് എന്‍ഡെഞ്ചേര്‍സ് സ്പീഷിസ് നിയമമാകട്ടെ ഏകദേശം 291 ജീവജാതികളുടെ വംശനാശം തടയുകയും, 39 ഇനങ്ങളെ പൂര്‍ണമായും പ്രകൃതിയിലേക്ക് തിരിച്ചുകൊണ്ടുവരുകയും ചെയ്തു. ശാസ്ത്രബോധം പൊതുമനസാക്ഷിയേയും ഭരണനയങ്ങളേയും മുന്നോട്ടു നയിച്ച അന്‍പതു വര്‍ഷങ്ങളുടെ നേട്ടങ്ങളില്‍ നിന്ന് വര്‍ത്തമാനകാലത്തെ അമേരിക്ക പോകുന്ന വഴികളും മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

നയമാറ്റം പരിസ്ഥിതിയെ അവഗണിക്കുമ്പോൾ

അന്‍പതുവര്‍ഷങ്ങള്‍ അമേരിക്കയുടെ ഭരണാധികാരികളിലും, സര്‍ക്കാരിലുമുണ്ടാക്കിയ മാറ്റം സ്പഷ്ടമായി വ്യക്തമായത് കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോള്‍ പ്രദര്‍ശിപ്പിച്ച സമചിത്തതയില്ലാത്ത പ്രതികരണത്തിലൂടെയാണ്. സാംക്രമിക രോഗവിദഗ്ധര്‍ നല്‍കിയ ഉപദേശം ചെവികൊണ്ട് ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍ സാമൂഹ്യ അകലം പാലിച്ച് വീടുകളില്‍ അഭയം തേടി. എന്നാല്‍  പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാകട്ടെ 'ടൊര്‍ണാഡോ പൊളിറ്റിക്‌സി'നെ നിരാകരിക്കുന്ന വിധമാണ് രോഗബാധയുടെ ആദ്യത്തെ ആഴ്ചകളില്‍ പെരുമാറിയത്. ശാസ്ത്ര വിദഗ്ധരുടെ ഉപദേശങ്ങളെ അദ്ദേഹം ചോദ്യം ചെയ്തു. എന്തും തങ്ങള്‍ നേരിടുമെന്നു വീരവാദ നിലപാടാണ് അദ്ദേഹത്തിനുണ്ടായിരുന്നതും. ഇക്കാരണം കൊണ്ടുതന്നെ മഹാമാരിയോടുള്ള പ്രതികരണത്തിലും  രോഗവ്യാപനം തടയുന്നതിലും രാജ്യം പിന്നോട്ടു പോയി.

യാഥാസ്ഥിക രാഷ്ട്രീയ ദര്‍ശനങ്ങള്‍ എന്നും ശാസ്ത്രത്തോട് ഇത്തരം ബന്ധമാണ് പുലര്‍ത്തിയിരുന്നത്. ഇത്തരമൊരു നയവ്യതിയാനം 1980-ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്നെ ദൃശ്യമായി തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ റൊണാള്‍ഡ് റീഗന്‍ പരിസ്ഥിതി നിയമങ്ങളെയും ശാസ്ത്രയുക്തികളെയും പരിഹസിച്ചു. 'പ്രപഞ്ചസൃഷ്ടിവാദം' പൊതുവിദ്യാലയങ്ങളില്‍ പഠിപ്പിക്കുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തു. പരിസ്ഥിതി പ്രശ്‌നങ്ങളെ നിസ്സാരവല്‍ക്കരിക്കുന്ന നിലപാടാണ് റീഗന്‍ സ്വീകരിച്ചത്. റീഗന്‍ പ്രസിഡന്റായിരുന്ന കാലം കഴിഞ്ഞു വന്ന യാഥാസ്ഥിക നേതാക്കന്‍മാരും നയം തിരുത്തിയില്ല. പരിസ്ഥിതി, പൊതുജനാരോഗ്യ പ്രശ്‌നങ്ങളില്‍ മൂന്നു പ്രധാന ആശയങ്ങള്‍ക്കാണ് യാഥാസ്ഥിതിക രാഷ്ട്രീയം പ്രാമുഖ്യം നല്‍കുന്നത്. ഒന്നാമത്തേത്  അമേരിക്കയുടെ സവിശേഷ സ്ഥാനത്തിലുള്ള വിശ്വാസം, (American exceptionalism), രണ്ടാമത് വിപണിയിലും പ്രകൃതിവിഭവങ്ങളുടെ ധാരാളിത്തത്തിലുള്ള അടിപതറാത്ത വിശ്വാസം, മൂന്നാമത്തേത് ശാസ്ത്രത്തിലുള്ള അവിശ്വാസം. ഇതില്‍ ആദ്യത്തേതായ  'അമേരിക്കന്‍ ഇക്‌സ്‌പെക്ഷണലിസം' എന്നത് മൂന്ന് ആശയങ്ങളടങ്ങിയതാണ്. അമേരിക്കയുടെ തികച്ചും വ്യത്യസ്തമായ ചരിത്രം, ലോകത്തെ മാറ്റിമറിക്കാനുള്ള  അമേരിക്കയുടെ  സവിശേഷ ദൗത്യം, ചരിത്രവും സവിശേഷ ദൗത്യവും അമേരിക്കയ്ക്കു നല്‍കുന്ന മേല്‍ക്കോയ്മ എന്നിവയാണവ.

2017-ല്‍ പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന്  പിന്‍മാറുമ്പോള്‍ ട്രംപും, കൂട്ടരും ഊന്നല്‍ നല്‍കിയ ചില കാര്യങ്ങളുണ്ടായിരുന്നു. പാരിസ് ഉടമ്പടി അമേരിക്കയോട് ചെയ്യാനാവശ്യപ്പെടുന്ന ചില അടിയന്തിര പ്രവര്‍ത്തനങ്ങള്‍ നീതിയുക്തമല്ലെന്നായിരുന്നു ട്രംപിന്റെ പ്രധാനവാദം. ഒപ്പം ഗവണ്‍മെന്റിന്റെ ഇടപെടല്‍ കൂടാതെ തന്നെ കാലാവസ്ഥാ വെല്ലുവിളികള്‍ നേരിടാന്‍ അമേരിക്കന്‍ വ്യാപാര സഞ്ചയത്തിനുള്ള കഴിവും പ്രസിഡണ്ട് ഊന്നിപ്പറഞ്ഞു. ദശാബ്ദങ്ങളായി കാലാവസ്ഥാ ശാസ്ത്രത്തെ യാഥാസ്ഥിതിക ഭരണം ഒരിക്കലും പരിഗണിക്കാറില്ലായിരുന്നുുവെന്നതാണ് വാസ്തവം. കാലാവസ്ഥാ മാറ്റമെന്നതു തന്നെ ഒരു തട്ടിപ്പാണെന്നാണ് അവരുടെ മതം.

ലോകഭൗമദിനത്തിന് അന്‍പതു വയസ്സു തികയുമ്പോഴേക്കും ശാസ്ത്രവിരുദ്ധതയെ യാഥാസ്ഥിതികതയുടെ അടിസ്ഥാനമൂല്യങ്ങളോട് വിളക്കിച്ചേര്‍ക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. ശാസ്ത്രത്തെ ഉൽപതിഷ്ണുക്കളായ വരേണ്യ വര്‍ഗത്തിന്റെ തട്ടകമായും, മതേതരത്വം വിളമ്പുന്ന ദൈവവിരുദ്ധമാര്‍ഗമായും, മൂലധനവിരുദ്ധമായും അവര്‍ തള്ളിക്കളയുന്നു. ശാസ്ത്രം നല്‍കുന്ന മുന്നറിയിപ്പുകളെ അടിയന്തിരമായി പരിഗണിക്കാതെ, മഹാമാരിയായ കൊറോണയുടെ മുന്‍പില്‍ പ്രതിരോധങ്ങളില്ലാതെ നിന്നതിന്റെ വില അമേരിക്കന്‍ ജനത അനുഭവിക്കുന്നുണ്ട്.

1970 ജനുവരിയില്‍ പരിസ്ഥിതി പ്രശ്‌നങ്ങളേക്കുറിച്ച് പ്രസിഡണ്ട്  നിക്‌സണ്‍ വിശദീകരിച്ചത്  'now or never' എന്നായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളുടെ വെല്ലുവിളികള്‍ നോക്കിയാല്‍ 2020-ല്‍ അത് കൂടുതല്‍ ശരിയാകുക ഇപ്പോഴായിരിക്കും. കോവിഡും, കാലാവസ്ഥാ മാറ്റവുമൊക്കെ തീര്‍ക്കുന്ന വെല്ലുവിളികള്‍ നേരിടാന്‍ 1970-കളില്‍ നടപ്പിലാക്കിയതിലധികം തീവ്രതയോടെ ശാസ്ത്രബോധത്തോടെയുള്ള നയപരിപാടികളുണ്ടാവണമെന്ന് പറഞ്ഞാണ് സയന്‍സ് ജേണല്‍ മുഖപ്രസംഗം അവസാനിക്കുന്നത്.

1970- ഏപ്രിൽ 22-ന് തെരുവിലിറങ്ങിയ അമേരിക്കൻ ജനത ആവശ്യപ്പെട്ടത് പരിസ്ഥിതിയെ രക്ഷിക്കാൻ അടിയന്തര നടപടികളായിരുന്നു. അൻപതു വർഷത്തിനു ശേഷം 2020 ഏപ്രിൽ 22 എത്തുമ്പോൾ ഭൗമദിനത്തിനായി മാറ്റി വെച്ചിരിക്കുന്ന സന്ദേശം 'ക്ലൈമറ്റ് ആക്ഷൻ' എന്നതാണെന്നത് കൗതുകകരം. ഓർക്കുക ആഗോള താപനം, കാലാവസ്ഥാമാറ്റം എന്നിവയുണ്ടാക്കുന്ന ഹരിതഗൃഹ പ്രഭാവത്തേക്കുറിച്ച് നാസയുടെ കാലാവസ്ഥാ വിദഗ്ധനായിരുന്ന ജെയിംസ് ഹാൻസൺ മുന്നറിയിപ്പ് നൽകിയത് 1988-ൽ ആയിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച്  ആഗോള താപനസംബന്ധമായ അതിന്റെ ആദ്യ റിപ്പോർട്ട് നൽകിയത് 1990-ലാണ്. കേവലം 30 വർഷങ്ങൾക്കു മുൻപ്. ഭൂമിയെ രക്ഷിക്കാൻ ശാസ്ത്രീയ കാഴ്ചപ്പാടുള്ള വികസന രാഷ്ട്രീയത്തിനേ സാധിക്കൂ എന്നത് അമേരിക്കയുടെ 50 വർഷത്തെ പരിസ്ഥിതിക നേട്ടങ്ങൾ നമ്മെ പഠിപ്പിക്കുന്നു. അതുപോലെ അശാസ്ത്രീയ ജൽപനങ്ങൾക്ക് വികസനത്തെ സുസ്ഥിര പാതയിൽ നിന്ന് എങ്ങനെ മാറ്റി നടത്താമെന്നതും അമേരിക്കയുടെ സമകാലിക രാഷ്ട്രീയം നമുക്ക് കാണിച്ചു തരുന്നു..

വാൽക്കഷണം

ബ്രസീലിൽ കോവിഡ് പ്രതിരോധത്തിനുള്ള ലോക്ഡൗൺ പിൻവലിക്കാനുള്ള സമരത്തിൽ ജനങ്ങൾക്കൊപ്പം പ്രസിഡന്റും. ആമസോൺ മഴക്കാടുകൾ കത്തിയെെരിഞ്ഞപ്പോൾ വീണ വായിച്ചയാളാണ് പ്രസിഡന്റ്. ശാസ്ത്രം തോൽക്കുന്നു, മനുഷ്യനും.

English Summary:Earth Day From The Coronavirus Pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com