ADVERTISEMENT

എല്ലാവരുടെയും ആവശ്യത്തിനുള്ളതു ഭൂമിയിലുണ്ട്. ആരുടേയും ആർത്തിക്കുള്ളതില്ലതാനും എന്ന മഹാത്മജിയുടെ വാക്കുകൾക്കു കൂടുതൽ പ്രസക്തിയേറുന്ന കാലമാണ് മുന്നിലുള്ളത്. ഈ ലോകത്തിലെ സകല ജീവജാലങ്ങൾക്കും അവകാശപ്പെട്ട പ്രകൃതിവിഭവങ്ങൾ ഉൾപ്പെടെയുള്ള സ്വത്തുക്കൾ ഒരു വിഭാഗം വരുതിയിലാക്കുവാൻ ശ്രമിക്കുന്നിടത്തു നിന്നല്ലേ നാം അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്നത് ഈ ഭൗമദിനത്തിൽ എല്ലാവരും ചിന്തിക്കേണ്ടതാണ്. വർധിച്ചുവരുന്ന ജനസംഖ്യക്കും ആവശ്യങ്ങൾക്കുമനുസരിച്ചു പ്രകൃതിവിഭവങ്ങൾ ക്രമാനുഗതമായി കൂടണമെന്നില്ല  അവിടെ വിഭവങ്ങളുടെ യുക്തിപൂർവമായ വിനിയോഗം പ്രധാനമാണ്.ആയിരത്തി തൊള്ളായിരത്തി എഴുപതുകൾ മുതലാണ് ലോക ഭൗമദിനാചരണം നടക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന് എതിരെ കൃത്യതയുള്ള നടപടിയാണ് (ക്ലൈമറ്റ് ആക്‌ഷൻ) ഈ വർഷത്തെ വിഷയം.

ഭൂമിയുടെ യഥാർത്ഥ അവകാശികൾ ആരാണ്. മനുഷ്യർക്കു മുൻപേ തന്നെ കോടി കണക്കിന് സൂക്ഷ്മ ജീവികളും ബാക്ടീരിയകളും ഉൾപ്പെടെയുള്ള ജീവമണ്ഡലം ഇവിടെയുണ്ട്. ഏകദേശം പതിനയ്യായിരം വൈറസുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവയിൽ അയ്യായിരം എണ്ണം വരെ അപകടകാരികളാണ്. ബാക്ടീരിയകളും വൈറസുകളും വിവിധ പ്രവർത്തനങ്ങളാണ് ജൈവ വൈവിധ്യo നിലനിർത്തുന്നതിൽ സഹായിക്കുന്നതു. ജൈവ വസ്തുക്കളുടെ രൂപമാറ്റത്തിലും അവശിഷ്ടങ്ങളെ വിഘടിപ്പിച്ചു മണ്ണിൽ ചേർക്കുന്നതിലും മാലിന്യങ്ങൾ ഇല്ലാതാക്കുന്നതിലും സൂക്ഷ്മജീവികൾക്ക് വലിയ പങ്കാണുള്ളത്. പൂമ്പാറ്റകളും തേനീച്ചകളും മണ്ണിരകളുമെല്ലാം ഇല്ലെങ്കിൽ മനുഷ്യർ എങ്ങനെ ഭക്ഷ്യ ശൃംഖല നിലനിറുത്തുമെന്നതും പ്രധാനമാണ്.

വിവര വിജ്ഞാന വിസ്ഫോടന യുഗത്തിലാണ് നമ്മൾ ജീവിക്കുന്നത്.വെള്ളത്തിൽ ഹൈഡ്രജനും ഓക്സിജനുമുണ്ട്.പക്ഷേ ലാബിലിരിക്കുന്ന ഹൈഡ്രജനും ഓക്സിജനും ചേർത്ത് വെള്ളമാക്കി നാടിന്റെയും നാട്ടാരുടേയും ദാഹമകറ്റാനാവില്ല.സ്വാഭാവികമായി ഒരിഞ്ചു കനത്തിൽ മണ്ണുണ്ടാകുവാൻ ആയിരം വർഷം വേണം. നഷ്ടപെടാൻ നാലു വർഷം മതി. അതിനേക്കാൾ പ്രധാനം ഒരു മില്ലി മീറ്റർ മണ്ണ് പോലും കൃത്രിമമായി സൃഷ്ടിക്കാനാവില്ല എന്നതാണ്. മനുഷ്യരുടെ പരിമിതികൾ മനസിലാക്കുക എന്നതാണ് പ്രകൃതിയുടെ ഒന്നാംപാഠം

ഭൗമദിനാചരണവും പരിസ്ഥിതിയെ കൂടി സമന്വയിപ്പിച്ചുകൊണ്ടുള്ള വികസനവും വേണം എന്ന് പറഞ്ഞിട്ട് അൻപതാണ്ടു കഴിയുന്നു. അപ്പോഴും യാതൊരു വിവേചനവുമില്ലാതെ പ്രകൃതിയെ നാം കീഴ്മേൽ മറിക്കുകയാണ്. ഭൂമിയിലുള്ള വൈറസുകൾ സസ്യങ്ങൾ, മൃഗങ്ങൾ എന്നിവയിൽ നിന്നും മാത്രമേ പ്രധാനമായും മനുഷ്യരിൽ കടക്കുകയുള്ളൂ. വവ്വാൽ ജ്യൂസ്‌ ചൈനക്കാരുടെ ഒരു പാനീയമാണ്. പാമ്പുകളെ ഭക്ഷിക്കുന്ന രീതിയുമുണ്ട്. പാമ്പുകൾ വവ്വാലുകളുമായി ചങ്ങാത്തത്തിലുമാണ്  കാട്ടു പന്നിയെ വേട്ടയാടി കൊണ്ടുവന്നു കഴിച്ചതു കൊണ്ടോ വവ്വാൽ, പാമ്പ് എന്നിവയിൽ നിന്നോ ആകാം വൈറസ് കിട്ടിയതെന്ന വാദം മുന്നിലുണ്ട്.

ലോക മഹാ യുദ്ധങ്ങളിലുൾപ്പെടെ പ്രയോഗം നടത്തി എന്ന് പറയപ്പെടുന്ന ജൈവായുധ വൈറസുകളെ പോലുള്ളവയെ കൃത്രിമമായി ലാബുകളിൽ രൂപപ്പെടുത്തുവാനുള്ള പരീക്ഷണങ്ങൾ ഉണ്ടായി എന്ന കാര്യവും ശക്തമായുണ്ട്. വൈറസ് പരീക്ഷണത്തിനിടയിൽ അബദ്ധം കൊണ്ടോ മനഃപൂർവമോ പുറത്തു വന്നു എന്നതും ചർച്ചാ വിഷയമാണ്. എന്തായാലും മനുഷ്യരുടെ ആർത്തിതന്നെ കാരണം.

പ്രകൃതിയെ കീഴടക്കിയും കാട്‌ ഉൾപ്പെടെ ഉള്ള ആവാസ മേഖലകളിലേക്ക് കടന്നു കയറിയും  അധിനിവേശത്തിലൂടെയുംആഗ്രഹങ്ങൾ പൂർത്തിയാക്കാൻ നോക്കുന്ന ഒടുങ്ങാത്ത ആർത്തി. മാനവരാശി ഇതിനോടകം തന്നെ പ്ലേഗ്, വസൂരി, സ്പാനിഷ് ഫ്ലു, എബോള, എയ്ഡ്‌സ്, ഡെങ്കി ഫേവർ ചിക്കൻ ഗുനിയ, നിപ്പ, തുടങ്ങിയ മഹാമാരികൾ കണ്ടു കഴിഞ്ഞു. 

കോടി കണക്കിന് പേരെ കൊന്നൊടുക്കിയ സ്പാനിഷ് ഫ്ലൂവും ഒരു നൂറ്റാണ്ടിൽ അധികം നീണ്ടു നിന്ന വസൂരിയും ഗ്രീക്കിന്റെ പ്രതാപ പട്ടണമായിരുന്ന ഏതൻസിനെ ഇല്ലാതാക്കിയ പ്ലേഗിന്റെ വ്യാപനവും മുന്നിലെ പാഠങ്ങളാണ്. പ്ലേഗിന്റെ വ്യാപനത്തിനുശേഷമാണ് ആധുനിക മെഡിസിൻ വികാസം പ്രാപിച്ചത്. പ്രതിരോധം ഉൾപ്പെടെ ചെയ്തു കൊണ്ടു വിവിധ രോഗങ്ങളെ കീഴടക്കിയ ചരിത്രവും നമുക്കുണ്ട്.അപ്പോഴും പുതിയ വൈറസുകളും രോഗങ്ങളും വരുന്നുണ്ടെന്നതും പ്രധാനമാണ്.

ലോകം കുറച്ചു ദിവസങ്ങളിലായി മുറികളിൽ ഒതുങ്ങിയിരിക്കുകയാണ്. അതിരുകളില്ലാത്ത ആശങ്കകളും സമാനത കളില്ലാത്ത പ്രതിരോധവുമാണ് ലോകമാകെ നടക്കുന്നതു.വാർത്തകൾ കൂടുതൽ അറിയൂവാൻ കഴിയുന്നത് കൂടി കൊണ്ടാണ് രോഗവ്യാപന കാര്യങ്ങൾ എല്ലാo കിട്ടുന്നത്. സഞ്ചാരമാണ് പകർച്ച വ്യാധികൾ പകരാൻ പ്രധാന കാരണം. ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സഹായത്താൽ ലോകം ഒരു ചെറു വീടായി മാറി കഴിഞ്ഞു. മധ്യ ചൈനയിലെ വുഹാൻ എന്ന ഒരു നഗരത്തിലെ ഒരാളിൽ തുടങ്ങി ലോകമാകെ ലക്ഷകണക്കിന് പേർക്ക് രോഗം കിട്ടിയതും സഞ്ചാരത്തിന്റെ പാഠങ്ങളാണ്.

മനുഷ്യരുടെ നിശബ്ദതയിൽ പ്രകൃതി വീണ്ടും ഒരുങ്ങുകയാണ്. മലിനീകരണം കുറയുന്നു. വായുവും വെള്ളവും വീണ്ടും ശുദ്ധീകരിക്കപ്പെടുന്നു. ജലാശയങ്ങളിൽ നീരൊഴുക്കു കൂടുതലായി. മാലിന്യങ്ങൾ ഇല്ല. മത്സ്യങ്ങൾ ഉൾപ്പെടെ പുതിയ ജീവികൾ ഉണ്ടാകുന്നു. പക്ഷികളും  മൃഗങ്ങളും നാടും നഗരവും നോക്കാതെ സ്വൈര്യവിഹാരം നടത്തുന്നു. എല്ലാം കൊണ്ടും ഭൂമി ഒന്നുകൂടി റിഫ്രഷ് ആയി മാറുന്നു. ഭൂമിയുടെ ആയുസ് ഒന്നുകൂടി കൂടിയിരിക്കുന്നു. എന്നാൽ ഇതിന്റെ ഗുണം എടുക്കുന്നതും മനുഷ്യരായിരിക്കും.പരിസ്ഥിതിയും വികസനവും തമ്മിലുള്ള ബന്ധവും മനുഷ്യരുടെ പ്രകൃതിയിലെ ഇടപെടലുകളെ കുറിച്ചും പുനർവിചാരം നടത്തുവാനുള്ള സമയം കൂടിയായി ഈ കൊറോണ കാലം മാറ്റേണ്ടതാണ്.എഴുപതുകളിൽ തുടങ്ങി രണ്ടായിരത്തി പതിനാറിലെ പാരിസ് കരാർ വരെ ലോകത്തിലാകെ നിരവധി ചർച്ചകളും സമ്മേളനങ്ങളും കരാറുകളും ഉണ്ടായെങ്കിലും പ്രയോഗത്തിൽ ഇപ്പോഴും വഞ്ചി കരക്ക് അടുക്കുന്നില്ല.

മനുഷ്യരുടെ  ആവശ്യങ്ങളും അനാവശ്യങ്ങളും അത്യാവശ്യങ്ങളും തമ്മിൽ വേർതിരിച്ചു മനസിലാക്കാൻ നമുക്ക് കഴിയണം. ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും പലപ്പോഴും ഒന്നാകുന്നു. വെട്ടിപ്പിടിക്കലും അധിനിവേശവുമാണ് ശരി എന്ന തോന്നൽ നാശo വരുത്തിവയ്ക്കും.കാര്യങ്ങൾ എങ്ങനെ മാറണമെന്ന് ഒരു വൈറസ് നിശബ്ദമായി മാനവകുലത്തോടു പറയുകയല്ല കാണിച്ചു തരികയാണ്  ശബ്ദമുണ്ടാക്കുവാൻ അതൊരു ജീവി പോലും അല്ല.നമ്മുടെ മുൻഗണനകൾ മാറിയേ കഴിയൂ. ഇനിയും നശിപ്പിക്കാൻ ഭൂമിയിൽ നമുക്ക് കൂടുതലൊന്നുമില്ല. ഉള്ളതിന്റെ മേലുള്ള അച്ചടക്കവും മിതത്വവുമാണ് വേണ്ടത്.

പ്രതിരോധവും മരുന്നുകളും കൊണ്ടു തൽക്കാലം രക്ഷപ്പെടാം. അപ്പോഴും വൈറസുകൾ ഉൾപ്പെടെ ഇവിടെയുണ്ടെന്ന കാര്യം ഓർക്കാം. പുതിയവ ഉണ്ടാകുകയും ചെയ്യും അതുകൊണ്ട്തന്നെ എല്ലാം എല്ലാം കീഴടക്കിയെന്നു നാം കരുതരുത് എന്നാണ് കൊറോണ നമ്മോടു ഈ ഭൗമദിനത്തിൽ പറയുന്നത്. പ്രകൃതിയെ പൂർണമായി കീഴടക്കാൻ കഴിയാത്ത ജീവിയായി മനുഷ്യരെ പ്രകൃതി സൃഷ്ടിച്ചതും ഒരു പക്ഷേ ബോധപൂർവമായിരിക്കും. പ്രാഥമിക ഉൽപാദകരുടെയും സൂക്ഷ്മജീവികളുടെയും സൗജന്യമാണ് മനുഷ്യന്റെ നിലനിൽപ്പെന്ന വലിയ പാഠമായിരിക്കും പ്രകൃതി എന്ന സർവകലാശാല വൈറസ് എന്ന അധ്യാപകനിലൂടെ മനുഷ്യർക്കു പ്രയോഗിക പരീക്ഷകളിലൂടെ നൽകുന്നത്. ഒന്നാലോചിച്ചാൽ കുറെ വൈറസ് കളുടെ ദാനം തന്നെയല്ലേ മനുഷ്യ ജീവിതം.

English Summary: Lessons For Earth Day From The Coronavirus Pandemic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com