ADVERTISEMENT

രണ്ട് വര്‍ഷം മുന്‍പ് അര്‍ജന്‍റീനയില്‍ ഒരു ആലിപ്പഴ വർഷമുണ്ടായി. വേനൽ മഴയില്‍ ആലിപ്പഴം എന്നു നമ്മള്‍ വിളിക്കുന്ന മഞ്ഞുകട്ടകള്‍ വീഴുന്നത് സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ ഇതില്‍ അദ്ഭുതപ്പെടാന്‍ എന്താണെന്നു ചോദിച്ചാല്‍, ഒരു പക്ഷേ ലോകത്ത് ഇന്നേവരെ പെയ്ത ആലിപ്പഴ വർഷത്തിൽ ഏറ്റവും വലുപ്പം കൂടിയതാകാം ഇതെന്നതാണ് കൗതുകം. അതുകൊണ്ട് തന്നെയാണ് അര്‍ജന്‍റീനയില്‍ രണ്ട് വര്‍ഷം മുന്‍പുണ്ടായ ഈ മഴയെക്കുറിച്ച് ഗവേഷകര്‍ ഇപ്പോഴും ചര്‍ച്ച ചെയ്യുന്നതും.

അര്‍ജന്‍റീനയിലെ വില്ലാ കാര്‍ലോസ് പാസ് എന്ന നഗരത്തിലാണ് ഈ കൂറ്റന്‍ മഞ്ഞുകട്ടകള്‍ വന്നു പതിച്ചത്. ഒരു ക്രിക്കറ്റ് ബോളിന്‍റ അത്ര വലുപ്പമുള്ള ആലിപ്പഴങ്ങളാണ് ഇതുവരെ ഉണ്ടായിട്ടുള്ളതില്‍ വച്ച് ഏറ്റവും വലുപ്പമുള്ള ആലിപ്പഴമഴയില്‍ ലഭിച്ചിട്ടുള്ളത്. ഇത്തരം ആലിപ്പഴ ബോളുകള്‍ ഓസ്ട്രേലിയയിലും മറ്റും പലപ്പോഴും ലഭിച്ചിട്ടുണ്ട്. പക്ഷേ അര്‍ജന്‍റീനയില്‍ പെയ്ത ആലിപ്പഴങ്ങളില്‍ പലതിനും ഫുട്ബോളിനേക്കാൾ  വലുപ്പമുണ്ടായിരുന്നു. അതും താഴെ വീണ് പൊട്ടി തകര്‍ന്നതിനു ശേഷവും.

കണക്കുകളെ അടിസ്ഥാനമാക്കി പറഞ്ഞാല്‍ ഇവിടെ നിന്ന് ലഭിച്ച ആലിപ്പഴങ്ങളിലെ ഏറ്റവും വലുതിന് 24 സെന്‍റീമീറ്ററോളം വ്യാസമുണ്ടായിരുന്നു. ഈ ആലിപ്പഴം ഇപ്പോഴും യുഎസിലെ പെന്‍ സംസ്ഥാനത്തെ ഗവേഷകര്‍ പഠന വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഈ ആലിപ്പഴം നിലത്തേക്ക് പതിക്കുന്ന വിഡിയോ ഇപ്പോഴും ഇന്‍റര്‍നറ്റില്‍ ലഭ്യമാണ്. ശക്തമായ ആലിപ്പഴമഴയ്ക്കിടെ വലിയ ശബ്ദത്തോടെ പതിച്ച അസാമാന്യ വലുപ്പമുള്ള ഈ മഞ്ഞുകട്ട ആ സമയത്ത് തന്നെ അവിടെ നിന്നവരിലെല്ലാം അദ്ഭുതം സൃഷ്ടിച്ചുവെന്നത് വിഡിയോയില്‍ നിന്നു വ്യക്തമാണ്.

ഏതാണ്ട് 24 സെന്‍റിമീറ്റര്‍ ചുറ്റളവുള്ള ഈ ആലിപ്പഴം തന്നെയാണ് ഇതുവരെ ഭൂമിയില്‍ പതിച്ചവയില്‍ കണ്ടെത്തിയ ആലിപ്പഴങ്ങളിലെ ഏറ്റവും വലുപ്പമേറയതെന്ന് ഗവേഷക ലോകം ഏതാണ്ട് തീര്‍ച്ചപ്പടുത്തിയിട്ടുണ്ട്. ഇതേ ആലിപ്പഴ മഴയില്‍ തന്നെ പതിച്ച 17 സെന്‍റിമീറ്റര്‍ ചുറ്റളവുള്ള മറ്റൊരു ആലിപ്പഴവും ഈ ഗവേഷക സംഘത്തിന്‍റ കൈവശമുണ്ട്. അതേസമയം എന്തുകൊണ്ടാണ് ഈ അസാധാരണ വലുപ്പമുള്ള ആലിപ്പഴങ്ങള്‍ അന്ന് രൂപപ്പെടാന്‍ കാരണമായതെന്ന് ഗവേഷകര്‍ക്ക് ഇതുവരെ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

ആലിപ്പഴങ്ങള്‍ക്കു പിന്നില്‍

ഇത്തരം കൂറ്റന്‍ ആലിപ്പഴങ്ങള്‍ രൂപപ്പെടാന്‍ അതിനു തക്ക കാരണവും വേണമെന്ന് ഗവേഷകര്‍ വിവരിക്കുന്നു. മഴയായി രൂപപ്പെടേണ്ട അതേ ജലകണികകള്‍ തന്നെ ശക്തമായ കാറ്റില്‍ ഉയര്‍ന്ന് കൂടുതല്‍ മുകളിലേക്ക് പോകുമ്പോഴാണ് അവ തണുത്തുറഞ്ഞ് മഞ്ഞുകട്ടകളാകുന്നത്. ഇത്ര വലിയ മഞ്ഞുകട്ടകള്‍ രൂപപ്പെട്ട ശേഷം അവ അതേ ഊഷ്മാവില്‍ തന്നെ അന്തരീക്ഷത്തില്‍ തുടരണമെങ്കില്‍ ശക്തമായ അന്തരീക്ഷ മര്‍ദ്ദവും അതേ ശക്തിയിലുള്ള കാറ്റും ഉണ്ടായിരിക്കണമെന്നും ഗവേഷകര്‍ വിവരിക്കുന്നു.

ഇത്തരം വലിയ ആലിപ്പഴങ്ങള്‍ പതിക്കാനുള്ള സാധ്യത ഇനിയുമുണ്ടോ എന്നതും ഗൗരവമേറിയ വിഷയമാണ്. ഒരേ സമയം തണുത്തതും ഈര്‍പ്പമുള്ളതുമായ അന്തരീക്ഷം പെട്ടെന്ന് രൂപപ്പെടുമ്പോഴാണ് ആലിപ്പഴമഴകള്‍ സംഭവിക്കുക. ശക്തമായ ചൂട് മാറി പെട്ടെന്ന് മഴയെത്തുന്ന സ്ഥിതി ഇപ്പോള്‍ പലയിടത്തും സംഭവിക്കുന്നതിന്‍റ ഇടവേള കുറഞ്ഞു വരുന്നുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ തന്നെയാണ് ഇതിനു കാരണം.

ഇത് കാര്യമായ ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. കാണുമ്പോഴും നിരീക്ഷിക്കുമ്പോളും കൗതുകമുണ്ടാകുമെങ്കിലും അതീവ അപകടകാരികള്‍ കൂടിയാണ് ഇത്തരം ആലിപ്പഴങ്ങള്‍. ചെറിയ ആലിപ്പഴങ്ങള്‍ കൃഷിനാശം പോലുള്ള പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നതെങ്കില്‍ വലുപ്പം കൂടും തോറും ഇവ അപകടകാരികളാകും. ഇത്ര ഉയരത്തില്‍ നിന്നെത്തുന്ന ശക്തമായൊരു വലിയ ആലിപ്പഴം ഒരാളുടെ മേല്‍ പതിച്ചാല്‍ ജീവന്‍ തന്നെ അപകടത്തിലാകാനും സാധ്യതയുണ്ട്. കൂടാതെ കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കുമല്ലാം വലിയ തോതിലുള്ള നാശനഷ്ടമുണ്ടാക്കാനും ആലിപ്പഴങ്ങള്‍ക്കു കഴിയും. ഈ സാഹചര്യത്തിലാണ് ആലിപ്പഴങ്ങളുടെ വലുപ്പത്തെക്കുറിച്ചുള്ള ഗൗരവകരമായ പഠനത്തിനു ഗവേഷകര്‍ സമയം മാറ്റി വയ്ക്കുന്നതും. 

English Summary: Hailstone the size of a football in Argentina may have smashed a world record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com