ADVERTISEMENT

ബംഗാളിലാകെ നാശം വിതച്ച ഉംപുൻ ചുഴലിക്കാറ്റിൽ പ്രകൃതിക്കുണ്ടായ നഷ്ടം ചെറുതല്ല. ലോകത്തിലെ ഏറ്റവും വലിയ ആൽമരം ചുഴലിക്കാറ്റിൽ കടപുഴകി വീണു. ഹൗറയിലെ ഇന്ത്യൻ ബൊട്ടാണിക്കൽ ഗാർഡനിൽ ഉണ്ടായിരുന്ന 270 വർഷം പഴക്കമുള്ള ആൽമരമാണ് അതിശക്തമായ കാറ്റിൽ മറിഞ്ഞു വീണത്.

15 മീറ്ററിൽ പരം വ്യാസമാണ് മരത്തിൻറെ പ്രധാന തടിക്കുണ്ടായിരുന്നതെന്ന് ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനായ  ശിവകുമാർ പറയുന്നു. 1.08 കിലോമീറ്റർ ചുറ്റളവിൽ ഒരു ചെറുവനം കണക്കെ പടർന്നുപന്തലിച്ചു നിൽക്കുകയായിരുന്നു ഈ ആൽമരമുത്തശ്ശി. പത്തൊമ്പതാം നൂറ്റാണ്ടിലെ ചുഴലിക്കാറ്റിൽ മരത്തിന്റെ തടിക്കും ശിഖരങ്ങൾക്കും സാരമായ കേടുപാടുകൾ സംഭവിച്ചിരുന്നു. 

ഇതേതുടർന്ന്  ആൽമരത്തിന് ആരോഗ്യം പഴയപടി നിലനിർത്താൻ 1925  കാതലായ ഭാഗം നീക്കം ചെയ്തശേഷം ശിഖരങ്ങളിൽ നിന്നും പൊട്ടി വളരുന്ന ബാഹ്യവേരുകൾ മണ്ണിൽ ഉറപ്പിച്ചാണ് മരം നിലനിന്നിരുന്നത്. 3,600 ഓളം ബാഹ്യവേരുകൾ ഈ മരത്തിനുണ്ടായിരുന്നു എന്നാണു കണക്ക്.

ഉംപുൻ ചുഴലിക്കാറ്റ് മരത്തിൻറെ ബാഹ്യവേരുകളെയും ശിഖരങ്ങളെയുമെല്ലാം തകർത്ത അവസ്ഥയിലാണ്. എന്നാൽ കേടുപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് വിശദമായ പഠനം നടത്തേണ്ടതുണ്ടെന്നും ശിവകുമാർ വ്യക്തമാക്കി. 

പതിനയ്യായിരത്തോളം മരങ്ങളാണ് ബൊട്ടാണിക്കൽ ഗാർഡനിലുണ്ടായിരുന്നത്. അവയിൽ നൂറുകണക്കിനെണ്ണം ചുഴലിക്കാറ്റിൽ കടപുഴകുകയും ആയിരക്കണക്കിന് മരങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. നൂറിൽപരം വർഷം പഴക്കമുള്ള പൂർണവളർച്ചയെത്തിയ അപൂർവ മരങ്ങളും കടപുഴകിയവയിൽ ഉൾപ്പെടുന്നു. ഉംപുൻ നാശം വിതയ്ക്കാത്ത ഒരു ഭാഗം പോലും ബൊട്ടാണിക്കൽ ഗാർഡനിൽ അവശേഷിക്കുന്നില്ലെന്ന് ബൊട്ടാണിക്കൽ ഗാർഡൻ ഡയറക്ടറായ കനകദാസ് അറിയിച്ചു.

English Summary: Storm strikes 270-year-old Great Banyan Tree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com