ADVERTISEMENT

പരിസ്ഥിതി ദിനത്തില്‍ കേരളം തലതാഴ്‌ത്തേണ്ട സ്ഥിതി. കൈതച്ചക്കയ്‌ക്കുള്ളില്‍ വച്ച നാടന്‍ പടക്കം പൊട്ടിത്തെറിച്ച്‌ ഗര്‍ഭിണിയായ പിടിയാന ചെരിഞ്ഞ സംഭവം ദേശീയതലത്തില്‍ മാധ്യമങ്ങള്‍ ഏറ്റെടുത്തു. സംസ്ഥാനത്തിനു കുറച്ചൊന്നുമല്ല നാണക്കേടുണ്ടാക്കിയിരിക്കുന്നത്‌. പന്നിയ്‌ക്കു വച്ചത്‌ ആനയ്‌ക്കുകൊണ്ട അനുഭവം മണ്ണാര്‍ക്കാടിനു പുറമെ കൊല്ലത്തെ പത്തനാപുരത്തും ഉണ്ടായെന്നു വനംവകുപ്പിന്റെ റിപ്പോര്‍ട്ട്‌. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി ജാവദേക്കറും മുഖ്യമന്ത്രി പിണറായി വിജയനും. ഗര്‍ഭിണിയായിട്ടും വേദന കടിച്ചമര്‍ത്തി ആന അക്രമം കാട്ടാതെ കാട്ടിനുള്ളിലും വെള്ളത്തിലുമായി നിലയുറപ്പിച്ചു എന്നാണ്‌ റിപ്പോര്‍ട്ട്‌. തന്റെ ഉള്ളില്‍ വളരുന്ന ആനക്കുട്ടിയെ രക്ഷപ്പെടുത്തണമെന്ന ചോദനയാവാം ആ അമ്മയെ എല്ലാം സഹിക്കാന്‍ സജ്ജയാക്കിയത്‌.

മനുഷ്യനും വന്യജീവിയും സാധ്യമാകുമോ സഹവര്‍ത്തിത്തം

elephant

കൃഷിയിടങ്ങളിലേക്കു കയറി വരുന്ന ആന നാശനഷ്ടം സൃഷ്ടിക്കുന്നുണ്ടെന്ന സത്യം വനംവകുപ്പിനും സര്‍ക്കാരിനുമറിയാം. തീറ്റ തേടിയെത്തുന്ന ആന പ്ലാവു പിടര്‍ത്തിയിട്ടു വരെ ചക്ക തിന്നിട്ടു പോകുമ്പോള്‍ കര്‍ഷകന്‍ എന്തു ചെയ്യും. ആര്‍ക്കും ആരെയും കുറ്റംപറയാനാവാത്ത സ്ഥിതി. സംസ‌്‌ഥാനത്ത്‌ അയ്യായിരത്തിലേറെ കാട്ടാനകളുണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. വനവിസ്‌തൃതി നാള്‍ക്കുനാള്‍ കുറയുകയും ചെയ്യുന്നു. കാടിനു താങ്ങാവുന്നതിനുമപ്പുറത്താണോ ആനകളുടെ എണ്ണം.

വന്യമൃഗങ്ങളും മനുഷ്യനുമായുള്ള സംഘര്‍ഷം കുറയ്‌ക്കാന്‍ അസമിലും മറ്റും ചെയ്യുന്നതുപോലെ അതിർത്തി പ്രദേശത്ത്‌ വനം വകുപ്പിന്റെ നേതൃത്വത്തില്‍ ഇവയ്‌ക്ക്‌ ആവശ്യമായ തീറ്റ നട്ടുവളര്‍ത്താനാവുമോ.വിദ്യാഭ്യാസത്തിലും സാക്ഷരതയിലും ആരോഗ്യ ശുചിത്വ കാര്യങ്ങളിലും രാജ്യത്തിനു മാതൃകയായ കേരളം പരിസ്ഥിതിയെയും പശ്ചിമഘട്ടത്തെയും സംരക്ഷിക്കുന്ന കാര്യത്തില്‍ പലപ്പോഴും പിന്നോട്ടുപോകുന്നുവെന്നു പറയാറുണ്ട്‌. എന്തുകൊണ്ടു ഒരു പാരിസ്ഥിതിക കേരള മാതൃക ഉരുത്തിയിരുന്നില്ല എന്ന ചോദ്യം ഇന്നലെ മലയാള മനോരമ സംഘടിപ്പിച്ച പരിസ്ഥിതി ദിന വെബിനാറില്‍ പങ്കെടുത്ത വിദഗ്‌ധരും ഉന്നയിച്ചു.

ശല്യക്കാരനായി പ്രഖ്യാപിച്ച്‌ കാട്ടുപന്നിയെ കൊല്ലാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്‌. ആനയും കുരങ്ങും മയിലും കുറുക്കനുമെല്ലാം ലോക്‌ഡൗണ്‍ കാലത്ത്‌ നാട്ടിലേക്ക്‌ ഇറങ്ങിയിട്ടുണ്ട്‌. സംരക്ഷിത വിഭാഗത്തില്‍പ്പെടുന്ന ഇത്തരം വന്യജീവികളെ പിടികൂടുന്നതോ ജീവഹാനിവരുത്തുന്നതോ കുറ്റകരമാണെന്നതു മറക്കരുത്‌. വന്യജീവികളും മനുഷ്യരും തമ്മില്‍ സഹവര്‍ത്തിത്തത്തോടെ പെരുമാറുന്നതാണ്‌ ശരിയായ വനം മാനേജ്‌മെന്റ്‌. അവയ്‌ക്കാവശ്യമായ തീറ്റയും വെള്ളവും ഉറപ്പാക്കാന്‍ സര്‍ക്കാരിനും വനംവകുപ്പിനും ബാധ്യതയുണ്ട്‌. ഇതു പൗരന്മാരുടെ ഭരണഘടനാപരമായ ബാധ്യതയാണ്‌.

ഭരണഘടന പറയുന്നത്‌

പരിസ്ഥിതിയെയും പ്രകൃതിയെയും ജീവജാലങ്ങളെയും കരുതുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത്‌ ഓരോ പൗരന്റെയും കടമയാണെന്നു ഇന്ത്യന്‍ ഭരണഘടനയിലെ അനുച്ഛേദം 51 (ജി) എ അനുശാസിക്കുന്നു. 1976ല്‍ നടപ്പാക്കിയ 42-ാം ഭരണഘടനാ ഭേദഗതി അനുച്ഛേദം 48 എ അനുസരിച്ച്‌ പരിസ്ഥിതിയെ നിരന്തരം മെച്ചപ്പെടുത്തി വനങ്ങളുടെ സംരക്ഷണവും വന്യജീവികളുടെ സുരക്ഷയും ഉറപ്പാക്കുന്നതില്‍ രാജ്യം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതാണ്‌. അനുച്ഛേദം 21 മൗലിക അവകാശങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി മാന്യമായി ജീവിക്കാനുള്ള അവകാശം ഉറപ്പു തരുന്നു. ശുദ്ധവായുവും ശുദ്ധജലവും മാന്യമായി ജീവിക്കാന്‍ ആവശ്യമായ പ്രകൃതിയുടെ മറ്റു നന്മകളും എല്ലാ പൗരന്മാര്‍ക്കും ഉറപ്പു തരുന്നു ഈ വകുപ്പ്‌.

കാര്‍ബണ്‍ എന്ന കുടത്തിലെ ഭൂതം

carbon

ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി ഭൂമിയുടെ അന്തര്‍ഭാഗത്തുറങ്ങി കിടന്ന ഖനിജ വസ്‌തുക്കള്‍ 19-ാം നൂറ്റാണ്ടിലെ വ്യവസായ വിപ്ലവത്തോടെ ഖനനം ചെയ്‌തു പുറത്തെടുക്കാന്‍ തുടങ്ങി. ഇതോടെയാണു പ്രകൃതിയുടെ താളം തെറ്റാന്‍ തുടങ്ങിയതെന്നു പറയാം. ആധുനിക മനുഷ്യന്‍ തീ കണ്ടുപിടിച്ചതോടെ വായുമലിനീകരണം തുടങ്ങിയെന്നു വാദിക്കുന്നവരുമുണ്ട്‌. പെട്രോളിയവും കല്‍ക്കരിയും കുഴിച്ചെടുക്കാന്‍ തുടങ്ങിയതാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയത്‌. അതുവരെ ലക്ഷോപലക്ഷം വര്‍ഷങ്ങളായി ഭൂഗര്‍ഭത്തില്‍ കിടന്നിരുന്ന കാര്‍ബണ്‍ എന്ന ഭൂതം കുടം തുറന്നു പുറത്തുവന്നു. മനുഷ്യന്‍ ഇന്ധനാവശ്യത്തിനായി പുറത്തെടുത്ത കാര്‍ബണ്‍ ആണ്‌ ഇന്നത്തെ ആഗോള താപനത്തിനും കാലാവസ്ഥാ മാറ്റത്തിനുമെല്ലാം കാരണമായത്‌. ജനസംഖ്യാ പെരുപ്പവും അനുബന്ധമായ നഗരവല്‍ക്കരണവും മറ്റു വികസന സംരഭങ്ങളും പരിസ്ഥിതിയുടെ സന്തുലനം തകര്‍ത്തു.

ഗോദവര്‍മ കേസ്‌, എംസി മേത്ത കേസ്‌

Forest-Kerala

ഗോദവര്‍മ കേസ്‌, എംസി മേത്ത കേസ്‌ തുടങ്ങി സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ആലേഖനം ചെയ്യപ്പെട്ട ഒട്ടേറെ കേസുകളുണ്ട്‌. നീലഗിരി വനങ്ങളിലെ മരം വെട്ടുന്നതിന്‌ എതിരെ ഗോദവര്‍മന്‍ തിരുമുല്‍പ്പാട്‌ 1995ല്‍ നല്‍കിയ കേസാണിത്‌. വനസംരക്ഷണ ചരിത്രത്തില്‍ ഈ കേസ്‌ സുപ്രധാന നാഴികകല്ലാണ്‌. പരിസ്ഥിതി സ്‌നേഹിയായ അഭിഭാഷകന്‍ എംസി മേഹ്‌ത്ത 1986ൽ നല്‍കിയ ഹര്‍ജിയിലാണ്‌ ഡല്‍ഹിയില്‍ കല്‍ക്കരി ഉപയോഗം കുറയുന്നതിനും വാഹനങ്ങളില്‍ സിഎന്‍ജി വാതകം ഉപയോഗിക്കുന്നതിനും വഴിതെളിച്ച വിധിയുണ്ടായത്‌.

പരിസ്ഥിതിയെ കരുതുന്ന ഭാരതീയ വേദസംസ്‌കൃതി

ഭാരതത്തിലെ വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലുമെല്ലാം പരിസ്ഥിതിക്കു പ്രാധാന്യം നല്‍കുന്നുണ്ട്‌. വേദിക്‌ സംസ്‌കാരമാണ്‌ ഭാരതത്തിന്റെ മുഖമുദ്ര. നമ്മുടെ ഉത്സവങ്ങളിലും പെരുന്നാളുകളിലും കലകളിലും നാടകങ്ങളിലും സാഹിത്യങ്ങളിലുമെല്ലാം പരിസ്ഥിതിയോടുള്ള തരളിത പ്രണയമാണു തളിരിട്ടു നില്‍ക്കുന്നത്‌.

പരിസ്ഥിതി ആഘാത പഠന നിയമത്തിലും വെള്ളം ചേര്‍ക്കല്‍

പലപ്പോഴും ആധുനിക സര്‍ക്കാരുകള്‍ പരിസ്ഥിതിയെ വികസനത്തിനു തടസ്സമായി കണ്ടു നിയമങ്ങള്‍ ദുര്‍ബലപ്പെടുത്തുന്ന കാഴ്‌ചയാണ്‌ ഇന്ത്യയില്‍ ഇന്നു പ്രകടമാകുന്നത്‌. ഇന്ത്യന്‍ വന നിയമം (1928), വന്യജീവി സംരക്ഷണ നിയമം (1972), ജലമനലീകരണ നിയന്ത്രണ നിയമം (1974), വനസംരക്ഷണ നിയമം (1980), വായുമലിനീകരണ നിയമം (1981) പരിസ്ഥിതി സംരക്ഷണ നിയമം (1986), പരിസ്ഥിതി ആഘാത പഠനം (2002) തുടങ്ങി കാലാകാലങ്ങളില്‍ വന്ന പല നിയമങ്ങളും വനത്തെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതില്‍ ചെറിയ പങ്കല്ല വഹിച്ചിരിക്കുന്നത്‌. എന്നാല്‍ ഈ കോവിഡ്‌ കാലത്തു തന്നെ ഇഐഎ എന്ന പരിസ്ഥിതി ആഘാത പഠനം സംബന്ധിച്ച ചട്ടങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട്‌ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാ മാറ്റ മന്ത്രാലയം പുതിയ കരടു ചട്ടംപുറത്തിറക്കി. ഇതു പരിസ്ഥിതിയുടെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുന്നതായി മാറി. ആദിവാസി, മത്സ്യത്തൊഴിലാളി തുടങ്ങി പ്രകൃതി വിഭവങ്ങള്‍ക്കൊണ്ടു ജീവിക്കുന്നവരുടെ അനുവാദം പോലുമില്ലാതെ ഏതു വികസന പദ്ധതിയും നടപ്പാക്കാന്‍ സംരഭകരെ കയറൂരി വിടുന്നതിനാണ്‌ പരിസ്ഥിതി വകുപ്പു ശ്രമിക്കുന്നത്‌. വെറും വിഡിയോ കോണ്‍ഫറന്‍സിലൂടെ പരിസ്ഥിതി അനുമതി നല്‍കിയ സംഭവവവും കഴിഞ്ഞ മാസങ്ങളിലുണ്ടായി. ഇതിനെതിരെ ജനകീയ വികാരം ഉണരണം.

മഹാമാരിയും പരിസ്ഥിതിയും

trivandrum-strict-restrictions-will-be-imposed

മഹാമാരി സൃഷ്ടിച്ച ആഗോള പ്രതിസന്ധിക്കു നടുവിലാണ്‌ ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്‌ ഇതള്‍ വിരിയുന്നത്‌. ഭൂമിയെയും അതിന്റെ കാലാവസ്ഥയെയും തകിടംമറിച്ചവരെ മുഖാവരണമിട്ടു നിയന്ത്രിച്ചു ശുദ്ധീകരിക്കാന്‍ പ്രകൃതി സാനിറ്റൈസര്‍ ഏല്‍പ്പിച്ചു വിട്ടത്‌ ഒരു കോശം പോലും സ്വന്തമായില്ലാത്ത വെറും ഒരു മാംസ്യതന്മാത്ര മാത്രമായ വൈറസിനെ. ഒരു തുമ്മല്‍, രണ്ടു ചുമ... മുട്ടുകുത്തിക്കാന്‍ ഇത്രയും മതി. ഒരു പനിയ്‌ക്കൊപ്പം പടിയിറങ്ങിപോകാനും മാത്രം ക്ഷണികമാണു കാര്യങ്ങള്‍. നിലനില്‍പിനും അടിപ്പെടലിനും ഇടയിലെ നൂല്‍പ്പാലത്തിലൂടെയായിരുന്നു ഈ പാച്ചിലൊക്കെയും.

സ്വര്‍ഗത്തിന്റെ താക്കോല്‍ നരകത്തിന്റെയും

ആറുദശലക്ഷം വര്‍ഷം മുമ്പു ഭൂമുഖം നിറഞ്ഞു നിന്ന ദിനോസറുകള്‍ എവിടെ. അവയുടെ ഫോസിലുകളില്‍ പ്രകൃതി ആ രഹസ്യം എഴുതിചേര്‍ത്തിരിക്കുന്നു. സമരസപ്പെടലാണു നല്ലത്‌, ജീവിച്ചുപോകാം. സുഖലോലുപതയുടെ ഗോപുരമേറി എല്ലാം അടക്കിവാഴാമെന്നാണോ. സര്‍വനാശത്തിന്റെ ചുമച്ചാറ്റലുമായെത്തുന്ന ഒരു തുമ്മലിനു വിഴുങ്ങാനുള്ളതേയുള്ളൂ അത്‌. സ്വര്‍ഗത്തിന്‌ ഒരു താക്കോല്‍ മാത്രം. നരകത്തിന്റെ താക്കോലും അതു തന്നെയൈന്നു തിരിച്ചറിയുന്നതാണു പരിസ്ഥിതി ബോധം. ഈ സത്യം അറിയാത്തവരാണ്‌ സ്വര്‍ഗമെന്നു കരുതി നരകം തുറന്നിടുന്നത്‌.

Spathodea campanulata Tree

പല വൈറസുകളും സൂക്ഷ്‌മജീവികളും കാട്ടിലും ചതുപ്പിലും വനാന്തരങ്ങളിലും ധ്രുവപ്രദേശത്തെ തണുത്തുറഞ്ഞ മഞ്ഞിനുള്ളിലുമായി സുഷുപ്‌തിയിലാണെന്നാണു ശാസ്‌ത്രജ്ഞര്‍ പറയുന്നത്‌. കാടുവെട്ടുകയു മല ഇടിക്കുകയും പാടം നികത്തുകയുമൊക്കെ ചെയ്യുമ്പോള്‍ ഇത്തരം രോഗാണുക്കള്‍ ജന്തുക്കളില്‍ നിന്നു ജന്തുക്കളിലേക്കും ഇടയ്‌ക്കു മനുഷ്യരിലക്കുമൊക്കെ വ്യാപിക്കാനുള്ള സാധ്യത ഏറെയാണെന്നും ഗവേഷകര്‍ പറയുന്നു. ജന്തുജന്യ (സൂണോട്ടിക്‌) രോഗങ്ങളെല്ലാം ഇത്തരത്തില്‍ ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു ചാടി പടരുന്നവയാണ്‌. വ്യാവസായിക അടിസ്ഥാനത്തില്‍ മാംസത്തിനായി പക്ഷികളെയും മൃഗങ്ങളെയും വളര്‍ത്തുന്നതു ഇത്തരം വൈറസുകള്‍ വരാനും വ്യാപിക്കാനും കാരണമാകും. ഇവയ്‌ക്കു നല്‍കുന്ന ആന്റി ബയോട്ടിക്കു മരുന്നുകള്‍ മനുഷ്യന്റെ ഉള്ളിലുമെത്തി ഒടുവില്‍ ഏത്‌ ആന്‌റിബയോട്ടിക്ക്‌ കഴിച്ചാലും രോഗാണു ചെറുത്തുനില്‍ക്കുന്ന സ്ഥിതി സംജാതമാകും. സാര്‍സും നിപ്പയും കോവിഡും ഇനി വരാനിരിക്കുന്ന മറ്റ്‌ വൈറസുകളുമെല്ലാം പഠിപ്പിക്കുന്നത്‌ പ്രകൃതിയുടെ വന്യതകളിലേക്കു അധികം കടന്നുകയറരുതെന്നു തന്നെയാണ്‌. ആഫ്രിക്കന്‍ വനാന്തരങ്ങള്‍ കണ്ണില്‍ചോരയില്ലാതെ വെട്ടുവെളിപ്പിച്ചപ്പോഴാ‌ണ്‌ എയിഡ്‌സ്‌ എന്ന വൈറസ്‌ രോഗം മനുഷ്യരാശിയെ തിരികെ ആക്രമിച്ചത്‌.

50 വര്‍ഷം മുമ്പ്‌ തുടക്കമിട്ടത്‌ ഇന്ദിരാഗാന്ധി

എഴുപതുകളില്‍ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലാണ്‌ ഇന്ത്യയില്‍ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ക്കു ചിറകുമുളയ്‌ക്കുന്നത്‌. അതുവരെ പിന്തുടര്‍ന്ന നെഹ്രൂവിയന്‍ സോഷ്യലിസ്‌റ്റ്‌ വികസന സങ്കല്‍പ്പങ്ങള്‍ പരിസ്ഥിതിക്ക്‌ അത്ര പ്രാധാന്യം കല്‍പ്പിച്ചിരുന്നില്ല. ശാസ്‌ത്രവും സാങ്കേതിക വിദ്യയും തുറന്നിട്ട വികസനത്തിന്റെ വാതിലിലൂടെ ഇന്ത്യ ലോകത്തോടൊപ്പം വിശാലതകളിലേക്കു ചുവടുവച്ചു. അണക്കെട്ടുകളും അണുനിലയങ്ങളും വന്‍ നിര്‍മിതികളും വന്‍കെട്ടിടങ്ങളും നഗരങ്ങളുടെ വളര്‍ച്ചയും പ്രോത്സാഹിപ്പിക്കാന്‍ പഞ്ചവത്സര പദ്ധതികള്‍ കെട്ടിപ്പൊക്കി. ആകെ മൊത്തം ഉല്‍പ്പാദനവും ആളോഹരി പ്രതിശീര്‍ഷ വരുമാനവും ചേര്‍ത്തുള്ള പുതിയ അളവുകോല്‍ ഇന്ത്യ ഉയര്‍ത്തിപ്പിടിച്ചു. ഗ്രോസ്‌ ഡൊമസ്‌റ്റിക്‌ പ്രൊഡക്ഷന്‍ എ്‌ന്ന ഈ ജിഡിപിയ്‌ക്കൊപ്പം ശാസ്‌ത്രത്തിന്റെ കുതിപ്പും കൂടിയായാല്‍ എല്ലാമായെന്നു കരുതി.

സൈലന്റ്‌ വാലി, ചാലിയാര്‍ ,ഗാഡ്‌ഗില്‍

silent-valley-travel-gif

1970 കളിലെ സൈലന്റ്‌ വാലിസമരം, ചാലിയാര്‍ മാവൂര്‍ റയോണ്‍സ്‌ സമരം തുടങ്ങി ഒട്ടേറെ ജനകീയ മുന്നേറ്റങ്ങളിലൂടെ വളര്‍ന്നു വന്ന പരിസ്‌ഥിതി അവബോധം പശ്ചിമഘട്ട സംരക്ഷണത്തിനായി രൂപീകരിച്ച ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനോടുള്ള എതിര്‍പ്പിന്റെ പേരില്‍ വിട്ടുകളഞ്ഞ കാഴ്‌ചയ്‌ക്ക്‌ കേരളം സാക്ഷ്യം വഹിച്ചു. ഇതു പ്രളയത്തിന്റെ രൂപത്തില്‍ കേരളത്തിനു തിരിച്ചടിയാവുകയും ചെയ്‌തു.

പശ്ചിമഘട്ടം എന്ന കുടയും കുടവും

കേരളത്തെ കേരളമാക്കുന്നതില്‍ പശ്ചിമഘട്ടം എന്ന പ്രാചീന പര്‍വതനിര വഹിക്കുന്ന പങ്ക്‌ വിസ്‌മരിക്കാവുന്നതല്ല. നമ്മുടെ ജലഗോപുരമായും കുടയായും കുടമായും ശ്വാസകോശമായും പഴക്കുട്ടയായും പ്രവര്‍ത്തിക്കുന്ന പശ്ചിമഘട്ടത്തെ മുന്‍നിര്‍ത്തി പുതിയൊരു പരിസ്ഥിതി മാതൃക കേരളം സൃഷ്ടിക്കണം. പ്രത്യേകിച്ചും കോവിഡ്‌ പ്രളയാനന്തര കേരളത്തെക്കുറിച്ചുള്ള ചര്‍ച്ച സജീവമായിരിക്കുന്ന ഇക്കാലം ഇതിനു അനുയോജ്യമാണ്‌. ഗാന്ധിയന്‍ സാമ്പത്തിക വ്യവസ്ഥിതിയില്‍ അധിഷ്ടിതമായ പുതിയ ജീവിതധാര പിറവിയെടുക്കുന്നതിനു പരിസ്ഥിതി ദിനാചരണം വഴി തുറക്കുമോ.

കാന്‍സര്‍ എക്‌സ്‌പ്രസും ഹരിത വിപ്ലവവും

പഞ്ചാബിലെ ഭട്ടിന്‍ഡയില്‍ നിന്ന്‌ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലൂടെ എല്ലാ ദിവസവും രാത്രി എട്ടിനു പുറപ്പെട്ട്‌ രാവിലെ അയല്‍ സംസ്ഥാനമായ രാജസ്ഥാനിലെ ശ്രീഗംഗാധര്‍ നഗറിലെത്തുന്ന ട്രെയിന്‍ ഈ നരകവാതിലിലേക്കുള്ള വണ്ടിയാണ്‌. എഴുപതുകളിലെ ഹരിതവിപ്ലവ കാലത്ത്‌ വിതറിയ കീടനാശിനികളും രാസവളവും ഇപ്പോഴും പഞ്ചാബിലെ മണ്ണില്‍ തക്കം പാര്‍ത്തുകിടക്കുന്നു. ധാരാളമായി വലിച്ചെടുക്കുന്ന ഭൂഗര്‍ഭജലത്തോടൊപ്പം അതു മനുഷ്യശരീരത്തിലേക്കു കടന്നു. ശ്രീഗംഗാധര്‍ നഗറിലെ ആശുപത്രി ലക്ഷ്യമാക്കി പോകുന്ന ഈ മനുഷ്യരെയും പേറി ഓരോ ദിവസവും ഭട്ടിന്‍ഡയില്‍ നിന്ന്‌ ആ ട്രെയിന്‍ ഒരു ഞരക്കത്തോടെ അതിന്റെ ആശങ്കനിറഞ്ഞ രാത്രിയാത്ര തുടങ്ങുന്നു. ഇതാണ്‌ കാന്‍സര്‍ എക്‌സ്‌പ്രസ്‌. നിറയെ കാന്‍സര്‍ രോഗികളുമായി പോകുന്ന ഇന്ത്യയിലെ ഏക ട്രെയിന്‍.

ഡോ. എം.എസ്‌ സ്വാമിനാഥന്‍ എന്ന മങ്കൊമ്പുകാരന്‍ അറുപതുകളില്‍ ആവിഷ്‌കരിച്ച ഹരിത വിപ്ലവം പട്ടിണി മാറ്റാന്‍ ഏറെ സഹായിച്ചു. വര്‍ഗീസ്‌ കുര്യന്‍ എന്ന മലയാളി തുടക്കമിട്ട അമുല്‍ ധവളവിപ്ലവത്തിന്റെ പാലാഴി സൃഷ്ടിച്ചു. രാജ്യത്തെ ഗവേഷണ സ്‌ഥാപനങ്ങളും കാര്‍ഷിക സര്‍വകലാശാലകളും മൊട്ടിട്ടു തളിര്‍ത്തു. കപ്പലില്‍ നിന്നു കപ്പിലേക്ക്‌ (ഷിപ്‌ ടു മൗത്ത്‌) എന്ന സ്ഥിതിയിലായിരുന്ന രാജ്യത്ത്‌ ഭക്ഷ്യധാന്യം കയറ്റുമതി ചെയ്യാമെന്നായി. ഭക്ഷ്യസുരക്ഷയിലേക്കുള്ള സ്വര്‍ഗവാതിലാണെന്നു കരുതി വളവും കീടനാശിനിയും സമൃദ്ധമായി വിതറി. ഒടുവില്‍ ഏറെ വൈകിയപ്പോള്‍ മനസ്സിലായി. അത്‌ നരകത്തിന്റെ വാതില്‍ കൂടിയായിരുന്നു. ഭോപ്പാല്‍ വാതക ദുരന്തത്തിലും കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തഭൂമിയിലും ഏറ്റവുമൊടുവില്‍ വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ചയിലും വരെ രാസവസ്‌തുക്കളുടെ അപകട സാധ്യത നാം തിരിച്ചറിഞ്ഞു. പാഠം ഒന്നും പഠിച്ചില്ലെങ്കിലും.

ഗാന്ധിജിയുടെ സ്വപ്‌നം സ്വയം പര്യാപ്‌ത ഗ്രാമം

Silent-Valley-National-Park2-gif

രാഷ്ട്രപിതാവ്‌ സ്വപ്‌നം കണ്ട പാതയിലല്ല ഈ രാജ്യം മുന്നോട്ടുപോയത്‌. ഓരോ ഗ്രാമങ്ങളും സ്വയം പര്യാപ്‌തമാകുന്ന ഇന്ത്യയെപ്പറ്റിയായിരുന്നു ഗാന്ധിജി സ്വപ്‌നം കണ്ടത്‌. ഓരോ ഗ്രാമത്തിലും ആവശ്യമായ ഭക്ഷണവും വെള്ളവും മാത്രമല്ല വസ്‌ത്രവും അവിടെ തന്നെ നെയ്‌തെടുക്കണമെന്നായിരുന്നു ഗ്രാമസ്വരാജ്‌ സങ്കല്‍പ്പം. എന്നാല്‍ ബ്രിട്ടീഷ്‌ പാശ്ചാത്യ കാഴ്‌ചപ്പാടാണ്‌ ആധുനികമെന്നു കരുതി അക്കാലത്ത്‌ സോഷ്യലിസ്‌റ്റ്‌ പാതിയിലൂടെ രാജ്യം മുന്നേറി. ഭരണഘടന മാത്രമായിരുന്നു രാജ്യത്തെ കെട്ടിമുറുക്കി നിര്‍ത്തിയ വലിയൊരു പിടിവള്ളി. പിന്നെ റെയില്‍വേയും. ഈ ലോക്‌ഡൗണ്‍ കാലത്ത്‌ രാജ്യം വിഭജനകാലസമാനമായ പലായനത്തിനും ദാരുണ സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചപ്പോള്‍ ആകെ കരഞ്ഞത്‌ രാഷ്ട്രപിതാവിന്റെ നിശബ്ദമായ ആത്മാവു മാത്രമായിരിക്കണം. സ്വയം പര്യാപ്‌തതയുടെ അനിവാര്യത ബോധ്യപ്പെടുത്താന്‍ വലിയൊരു മഹാമാരിയും അടച്ചിടലും വേണ്ടിവന്നു.

വേണ്ടതു സുസ്ഥിര വികസന മാതൃക

വരുംതലമുറയുടെ വിഭവങ്ങള്‍ കവര്‍ന്നെടുക്കാതെ ഇന്നിന്റെ ന്യായമായ ആവശ്യങ്ങള്‍ക്കുള്ള വിഭവങ്ങള്‍ വിവേചന ബുദ്ധിയോടെ ഉപയോഗിക്കയും സംരക്ഷിക്കയും ചെയ്യുന്ന സുസ്ഥിതി വികസന കാഴ്‌ചപാടാണ്‌ ഇന്നിന്റെ ആവശ്യം. എല്ലാവരുടെയും ആവശ്യത്തിനുള്ളത്‌ ഇവിടെയുണ്ട്‌. ആരുടെയും ആര്‍ത്തിക്കു തികയുകയുമില്ല എന്ന ഗാന്ധിജിയുടെ വാക്കുകള്‍ തന്നെയാണു ഇവിടെയും വഴികാട്ടേണ്ടത്‌.

English Summary: World Environment Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com