ADVERTISEMENT

അസാധാരണ വലുപ്പമുള്ള ഒരു മേഘക്കൂട്ടം ഇപ്പോള്‍ അറ്റ്ലാന്‍റിക് സമുദ്രത്തിന് മുകളിലൂടെ സഞ്ചരിക്കുകയാണ്. സഹാറയില്‍ നിന്ന് പുറപ്പെട്ട ഈ മേഘം വൈകാതെ അമേരിക്കയിലെത്തും. പക്ഷേ ആശങ്കപ്പെടുത്തുന്ന കാര്യം ഇത് മഴമേഘമല്ല മറിച്ച് പൊടിമേഘമാണെണ് എന്നതാണ്. അമേരിക്കയുടെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് ഓര്‍ഗനൈസേഷന്‍റെ സാറ്റ്‌ലെറ്റ് ആണ് ഈ മേഘത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ജൂണ്‍ ഏഴ് മുതലാണ് ഈ പൊടിക്കാറ്റ് സാറ്റ്‌ലെറ്റിന്‍റെ ക്യാമറയില്‍ പതിഞ്ഞത്. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തു നിന്ന്, സഹാറയയുടെ അതിര്‍ത്തിയിലാണ് ഈ പൊടിക്കാറ്റ് ഉദ്ഭവിച്ചതെന്നും, വൈകാതെ ഇത് പൊടിമേഘമായി മാറിയതെന്നും സാറ്റ്‌ലെറ്റ് ദൃശ്യങ്ങളെ അടിസ്ഥാനമാക്കി കാലാവസ്ഥാ നീരീക്ഷകര്‍ വിലയിരുത്തുന്നു.

അമേരിക്കന്‍ കാലാവസ്ഥാ ഏജന്‍സിയുടെ കണക്ക് കൂട്ടല്‍ പ്രകാരം അറ്റ്ലാന്‍റിക്കിന് മുകളില്‍ ഇപ്പോഴുള്ള ഈ പൊടി മേഘം അടുത്ത ഒരാഴ്ചയ്ക്കുള്ളില്‍ അറ്റ്ലാന്‍റിക്കിലൂടെ തന്നെ സഞ്ചരിയ്ക്കും. കരീബിയന്‍ ദ്വീപുകള്‍ക്കു മുകളിലൂടെ കടന്ന് അമേരിക്കയില്‍ പ്രവേശിക്കുന്ന ഈ മേഘം ജൂണ്‍ അവസാനത്തോടെ ടെക്സാസിന് മേലെത്തുമെന്നാണ് കരുതുന്നത്. നാസയുടെ ജിയോ- 5 സാറ്റലൈറ്റിന്‍റ പ്രവചനം അനുസരിച്ച് ഈ പൊടിമേഘം പതിയ്ക്കുന്നത് ഫ്ലോറിഡ, ലൂസിയാന മേഖലകളുടെ മധ്യത്തിലായിരിക്കും.

പൊടിമേഘം അമേരിക്കയെ ബാധിക്കുക എങ്ങനെ?

ഇതാദ്യമായല്ല ഇത്തരത്തില്‍ ഒരു പൊടിമേഘക്കൂട്ടം സഹാറയില്‍ നിന്ന് അമേരിക്കയിലേക്കെത്തുന്നത്. കനത്ത ചൂടിലും കാറ്റിലും പറന്നുയര്‍ന്ന പൊടി സഹാറയുടെ മുകള്‍തട്ടിലേക്കെത്തിയതോടെയാണ് ഇത് മേഘമായി മാറിയത്. നിലവില്‍ സെക്കന്‍റില്‍ 15 മുതല്‍ 25 മീറ്റര്‍ വരെ വേഗതയിലാണ് ഈ മേഘം നീങ്ങുന്നത്. സാധാരണ ഗതിയില്‍ ഇത്തരത്തില്‍ സഹാറയില്‍ നിന്നെത്തുന്ന മേഘക്കൂട്ടം ജൂണ്‍ മധ്യത്തിലാണ് അമേരിക്കയുടെ ആകാശത്തെത്തുന്നത്. തുടര്‍ന്ന് ഏതാണ്ട് ഒരാഴ്ച ഈ മേഘം മൂലമുള്ള പൊടി മഴ നീണ്ടു നില്‍ക്കും. എന്നാല്‍ ഇക്കുറി പതിവിലും വലുതാണ് മേഘക്കൂട്ടമെന്നതിനാല്‍ മഴ കൂടുതല്‍ സമയം നീണ്ടു നില്‍ക്കാനോ പൊടിമഴ ശക്തമാകാനോ സാധ്യതയുണ്ടെന്നാണ് കരുതുന്നത്.

ഇക്കുറി പൊടിമേഘം ശക്തമായതോടെ എന്ത് മാറ്റങ്ങളാണ് അമേരിക്കയില്‍ ഉണ്ടാകുക എന്നതാണ് ഗവേഷകര്‍ ഉറ്റുനോക്കുന്നത്. അമേരിക്കയില്‍ രണ്ടു തരത്തിലുള്ള മാറ്റങ്ങള്‍ ഈ പൊടിക്കാറ്റ് മൂലം ഉണ്ടാകുമെന്നാണു കരുതുന്നത്. അതായത് അമേരിക്കക്ക് ഗുണകരമാകുന്ന മാറ്റങ്ങളും, അമേരിക്കയ്ക്ക് പ്രതികൂലമായേക്കാവുന്ന മാറ്റങ്ങളും, ഈ പൊടിമേഘക്കാറ്റ് മൂലം ഉണ്ടായേക്കും. അമേരിക്കയില്‍ ജൂലൈ മാസത്തോടെ ആരംഭിക്കാറുള്ള ചുഴലിക്കാറ്റുകളില്‍ ഈ പൊടിമേഘം മൂലം കാര്യമായ കുറവുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഈ വാര്‍ത്ത തന്നെ അമേരിക്കയുടെ കിഴക്കന്‍ തീരത്തുള്ളവര്‍ക്ക് വലിയ ആശ്വാസം നല്‍കുന്നു.

എന്നാല്‍ പ്രകൃതിക്കും മനുഷ്യര്‍ക്കും പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ചില മാറ്റങ്ങളും ഈ പൊടിമേഘം മൂലം സംഭവിക്കും. ഇതിലൊന്ന് മഴയ്ക്കൊപ്പം ഭൂമിയിലേക്കെത്തുന്ന പൊടിപടലങ്ങള്‍ സൃഷ്ടിയ്ക്കുന്ന ശ്വാസകോശ രോഗങ്ങളാണ്. മഴ ശക്തമാവുകയാണെങ്കില്‍ സാരമായ ആരോഗ്യ പ്രതിസന്ധി ഉണ്ടാകുമെന്നാണു കണക്കുകൂട്ടുന്നത്. പ്രത്യേകിച്ചും ശ്വാസകോശത്തെ ബാധിക്കുന്ന കൊവിഡ് 19 രോഗം സജീവമായിരിക്കുന്ന സാഹചര്യത്തില്‍.

മഴയ്ക്കൊപ്പം ഭൂമിയിലേക്കെത്തുന്ന പൊടിപടലങ്ങള്‍ പ്രകൃതിക്ക് ആഘാതം ഏല്‍പ്പിക്കുക ജലാശയങ്ങളിലൂടെയായിരിക്കും. ഇത്തരം പൊടിപടലങ്ങള്‍ ചുവന്ന നിറത്തിലുള്ള ഹാനികരമായ ആല്‍ഗെ രൂപപ്പെടുന്നതിനു കാരണമാകും. ഇത് ജലാശയങ്ങളിലെ ജൈവ സമ്പത്തിനെ സാരമായി തന്നെ ബാധിക്കും. പ്രത്യേകിച്ചും മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങാനും ജലാശയങ്ങളുടെ മുകള്‍പ്പരപ്പില്‍  കാണപ്പെടുന്ന സസ്യങ്ങള്‍ നശിച്ചു പോകാനും സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടുന്നത്. 

English Summary: A Huge Cloud Of Dust From The Sahara Desert Could Hit The US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com