ADVERTISEMENT

അമേരിക്കയുടെ തെക്കുഭാഗത്തുള്ള പ്രദേശങ്ങളിൽ  കഴിഞ്ഞ ദിവസങ്ങളിൽ ആകാശം ചുവപ്പും ഓറഞ്ചും എല്ലാം കലർന്ന വിചിത്ര നിറത്തിലാണ് കാണപ്പെട്ടത്. സഹാറ മരുഭൂമിയിൽ നിന്നും  വലിയ അളവിൽ പൊടിപടലങ്ങളുമായി  എത്തിയ കാറ്റാണ് ആകാശത്തെ വിചിത്ര  നിറത്തിലാക്കിയത്. എല്ലാ വർഷവും ഇതേ സമയത്ത് സഹാറയിൽ നിന്നും  പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് പൊടിപടലങ്ങളും വഹിച്ചുകൊണ്ടുള്ള കാറ്റ് നീങ്ങുന്നത് സാധാരണയാണ്. ഇതിൻ്റെ തുടക്കമായാണ് കഴിഞ്ഞ ദിവസങ്ങളിൽ ആകാശത്തിൽ നിറവ്യത്യാസം ഉണ്ടായത്. വരുന്ന ആഴ്ചയിൽ കൂടുതൽ അളവിൽ പൊടിപടലങ്ങളുമായി കാറ്റെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

 എന്നാൽ ഇത്തവണ എത്തുന്ന കാറ്റ് മുൻപത്തേതിൽ നിന്നും വ്യത്യസ്തമാണെന്നാണ് അന്തരീക്ഷ നിരീക്ഷകരുടെ കണ്ടെത്തൽ. കഴിഞ്ഞ പതിറ്റാണ്ടുകളെ  അപേക്ഷിച്ച് കൂടുതൽ അളവിൽ പൊടിപടലങ്ങളുമായാണ് കാറ്റ് എത്തുന്നത്.അമേരിക്കയുടെ തെക്കു കിഴക്കൻ മേഖലയിൽ ഗൾഫ് കോസ്റ്റ് മുതൽ കാര ലൈന വരെയുള്ള പ്രദേശങ്ങളെയും, വടക്കൻ മേഖലയിൽ ഇന്ത്യാനാപൊളിസ്, സിൻസിനാറ്റി എന്നിവ അടങ്ങുന്ന  പ്രദേശങ്ങളെയും മൂടുന്ന അത്രയും വലിയ പൊടിക്കാറ്റാണ് നിരീക്ഷകർ പ്രതീക്ഷിക്കുന്നത്.

 

സൂര്യപ്രകാശം കോടാനുകോടി കണക്കിന്  പൊടിപടലങ്ങളിൽ തട്ടി പ്രതിഫലിക്കുന്നതോടെ ആകാശം സാധാരണയിൽ നിന്നും വ്യത്യസ്തമായ നിറത്തിലായിരിക്കും കാണപ്പെടുന്നത്.

പൊടിപടലങ്ങൾ കട്ടിയുള്ള പാളികളായി രൂപപ്പെടുന്ന ഭാഗങ്ങളിൽ  സുര്യപ്രകാശം ഭൂമിയിലേക്ക്  പതിക്കുന്നത് തടസ്സപ്പെടുന്നതിനാൽ അവിടങ്ങളിൽ ചൂട് കുറയാൻ സാധ്യതയുള്ളതായി നിരീക്ഷകർ പറയുന്നു. പൊടിപടലങ്ങളുടെ സാന്നിധ്യം മൂലം അന്തരീക്ഷം ചുവപ്പ് ഓറഞ്ച് എന്നീ നിറങ്ങളിൽ കാണപ്പെടുന്നതിനാൽ ഈ ദിവസങ്ങളിൽ സൂര്യോദയവും സൂര്യാസ്തമനവും സാധാരണയിലും ഭംഗിയുള്ളതായിരിക്കും. 

 

എന്നാൽ  മഴ ഉണ്ടായാൽ പൊടിപടലങ്ങൾ മഴ വെള്ളവുമായി കലർന്ന് ഭൂമിയിൽ പതിക്കും. ഇത് ഭൗമോപരിതലത്തിൽ ഉള്ള വായുവിന്റെ ഗുണനിലവാരത്തെ സാരമായി ബാധിക്കുകയും  ഈ പ്രദേശങ്ങളിൽ ജീവിക്കുന്ന ജനങ്ങൾക്ക് അലർജികളും ശ്വാസകോശ സംബന്ധമായ രോഗങ്ങളും വർധിക്കുന്നതിനുള്ള സാഹചര്യം  ഉണ്ടാവുകയും ചെയ്യും എന്ന ആശങ്കയും നിരീക്ഷകർ പങ്കുവയ്ക്കുന്നുണ്ട്.

English Summary: Massive Saharan Dust Cloud Is Moving Across The US Turning Skies Strange Colors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com