ADVERTISEMENT

ആധിവേണ്ട, പാലക്കാട് എലപ്പുള്ളി തേ‍ാട്ടക്കരയിൽ കണ്ടതു വെട്ടുകിളികളല്ല. വെട്ടുകിളി കുടുംബത്തിൽപ്പെട്ടതാണെങ്കിലും അവ അക്രമകാരികളല്ലെന്നും വിദഗ്ധർ. അട്ടപ്പാടി തെ‍ാടുക്കി ഗലസി ഭാഗത്ത് വനത്തേ‍ാടു ചേർന്നു കഴിഞ്ഞദിവസം കണ്ട പ്രാണികളും കാപ്പിത്തേ‍ാട്ടങ്ങളിലും മറ്റും കൂട്ടമായി കഴിയുന്ന ഒളാർക്കിഡ് മില്യാരി എന്നു പേരുള്ള ജീവികളാണെന്നു നിഗമനം. എന്നാൽ വെട്ടുകിളിയേ‍ാട് സാമ്യംതേ‍ാന്നിയതിനാൽ കർഷകരും ആദിവാസികളും ആശങ്കയിലായി. 

പ്രാണികൾ വ്യാപകമായി ഇലകൾ തിന്നുനശിപ്പിച്ചു. വിദഗ്ധസംഘം ഇന്ന് അട്ടപ്പാടിയിൽ സ്ഥലം സന്ദർശിക്കും. രണ്ടുമാസം മുൻപ് വയനാട്ടിലെ പുൽപ്പള്ളിയിലും ഈ പ്രാണികളെ കൂട്ടത്തേ‍ാടെ കണ്ടെത്തി.എലപ്പുള്ളിയിൽ കണ്ടത് ബ്രൗൺസ്പേ‍ാട്ടഡ് ലോ‍കസ്റ്റ് എന്ന പേരുള്ളവയാണ്. ഇവ വൻതേ‍ാതിൽ കൂട്ടംകൂടുമെങ്കിലും കൃഷിയും മറ്റും വെട്ടിനശിപ്പിക്കില്ല. ഒരുമിച്ചു മുട്ടയിടില്ല, അക്രമകാരിയുമല്ല. യഥാർഥ വെട്ടുകിളി ഒരു കൂട്ടത്തിൽതന്നെ ലക്ഷക്കണക്കിനുണ്ടാകും. അവ കൂട്ടമായി വന്നിറങ്ങി മണിക്കൂറുകൾകെ‍ാണ്ടു പ്രദേശത്തെ കൃഷിയും വിളകളും വെട്ടിനുറുക്കി സ്ഥലംവിടും. കീടനാശിനികളും ഉപകരണങ്ങളുമെ‍ാന്നും അവയോട് ഏശില്ല. ഇരുന്ന സ്ഥലത്തു മുഴുവൻ മുട്ടയിടും. അവ എല്ലാം വിരിയും.

പിന്നീട് കാറ്റിന് അനുകൂലമായി ആയിരക്കണക്കിനു കിലേ‍ാമീറ്ററുകൾ സഞ്ചരിക്കുന്നതിനിടയിൽതന്നെ രൂപവും നിറവും മാറുന്നതിനെ‍ാപ്പം അക്രമകാരിയുമാകുമെന്നു യുഎന്നിനു കീഴിലുള്ള ഇന്റർനാഷനൽ യൂണിയൻ ഫേ‍ാർ കൺസർവേഷൻ ഒ‍ാഫ് നാച്വറിലെ (ഐയുസിഎൻ) വിദഗ്ധൻ ഡേ‍ാ. ധനീഷ് ഭാസ്കർ പറഞ്ഞു. പാടത്ത് കളപറിക്കുന്നതിനിടയിലാണ് എലപ്പുള്ളിയിൽ കർഷകർ വിളകൾക്കിടയിൽ പത്തോളം പ്രാണികളെ കണ്ടത്. തുടർന്നു ഫോട്ടോകൾ കൃഷി വകുപ്പിനു നൽകി. സാധാരണ കീടനാശിനി പ്രയോഗിച്ചാൽ മതിയെന്നാണു നിർദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com