ADVERTISEMENT

പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) വിജ്ഞാപനത്തിന്റെ കരടു സംബന്ധിച്ചു ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായി ചർച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനത്തിലെത്താവൂ എന്നു കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 2 ഹെക്ടറിനു മുകളിൽ ഖനന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുമ്പോൾ പരിസ്ഥിതി അനുമതി നിർബന്ധമാക്കണം. കരടു വിജ്ഞാപനത്തിലെ പല നിർദേശങ്ങളോടും യോജിക്കാനാവില്ലെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കി.

സംസ്ഥാനത്തെ സാഹചര്യങ്ങൾ കൂടി പരിശോധിച്ചു ചില കാര്യങ്ങളിൽ മാറ്റം വരുത്തണം. പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഖനനാനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലെ ഭേദഗതിയാണു സംസ്ഥാനം മുഖ്യമായി നിർദേശിച്ചത്.

5 ഹെക്ടറിനും 100 ഹെക്ടറിനും ഇടയിൽ ഖനന പ്രവർത്തനങ്ങൾക്ക് അനുമതി നൽകുമ്പോൾ പരിസ്ഥിതി അനുമതി ആവശ്യമാണ്. ഇതിലെ 5 ഹെക്ടർ എന്നത് 2 ഹെക്ടർ എന്നാക്കി ഭേദഗതി ചെയ്യണമെന്നാണു സംസ്ഥാനത്തിന്റെ ആവശ്യം.പദ്ധതികളുടെ അനുമതിക്കു മുൻപ് പൊതുജനങ്ങളുടെ അഭിപ്രായം കേൾക്കാനുള്ള സമയം പുതിയ കരട് വിജ്ഞാപനത്തിൽ 20 ദിവസമായി കുറച്ചിട്ടുണ്ട്. എന്നാൽ, ഇത് 30 ദിവസം ആയി നിലനിർത്തണം.

ചെറുകിട പദ്ധതികൾക്ക് അനുമതി നൽകുന്നതിനു മുൻപു വിശദ പരിശോധന നടത്തുന്ന സംവിധാനമായിരുന്നു ജില്ലാ പാരിസ്ഥിതിക ആഘാത നിർണയ സമിതികൾ. സംസ്ഥാന തലത്തിൽ കൈകാര്യം ചെയ്യേണ്ട അപേക്ഷകളിലും ജില്ലാതല സമിതികൾക്കു നിർണായക പങ്കുണ്ട്. ഈ സമിതികൾ നിലനിർത്തണമെന്നും കേരളം ആവശ്യപ്പെട്ടു.

എന്താണ് ഇഐഎ 2020?

എന്താണ് പരിസ്ഥിതി വിജ്ഞാപനം 2020 (EIA 2020.)?. പരിസ്ഥിതി ഏറെ ചർച്ചയാവുന്ന ഈ കാലത്ത് നമ്മുടെ രാജ്യം നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ ലഘൂകരിക്കാൻ ഒരുങ്ങുന്നു എന്ന് ഒറ്റവാക്കിൽ ഇതിനെ പറയാം. ഇനി അനുമതികളുടെ നൂലാമാലകളില്ലാതെ പ്രകൃതിയെ ചൂഷണം ചെയ്യാം. അഞ്ചേക്കറിൽ താഴെയുള്ള ക്വാറികളിൽ പാറ പൊട്ടിക്കാം. അങ്ങനെ അവശേഷിക്കുന്നത് കാർന്നുതിന്നാൻ തക്കം പാർത്തിരിക്കുന്നവർക്ക് വാതിൽ തുറന്നുകൊടുക്കുകയാണ് പുതിയ പരിഷ്കരണം.

Environment

ഇതേ കുറിച്ച് പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ പറയുന്നു: ‘1984ലാണ് സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം കൊണ്ടുവരുന്നത്. വ്യവസായങ്ങളും മറ്റും പാരിസ്ഥിതിക നിയമങ്ങൾ പാലിച്ചു മാത്രമേ ആരംഭിക്കൂ എന്നുറപ്പാക്കുക ആയിരുന്നു ആദ്യ ലക്ഷ്യം. അതിൽ ജനങ്ങൾക്ക് ഇടപെടാനും പാരിസ്ഥിതികാഘാത പഠനം (EIA) എന്ന വ്യവസ്ഥ 1994ൽ കൊണ്ടുവന്നതാണ്. അത് കുറെക്കൂടി മെച്ചപ്പെടുത്തി ചില ഇളവുകളും നൽകി 2006 ൽ നിര്‍മ്മിച്ചതാണ് ഇപ്പോഴുള്ള നിയമം. പദ്ധതികൾക്ക് അംഗീകാരം നൽകാൻ അധികാരം മുൻപ് കേന്ദ്ര സർക്കാരിന് മാത്രമായിരുന്നു. പിന്നീട് ചില പദ്ധതികൾക്കു സംസ്ഥാനങ്ങൾക്കും അധികാരം ലഭിച്ചു. ഇതിനെ എ (കേന്ദ്രം), ബി (സംസ്ഥാനം) വിഭാഗങ്ങൾ എന്നാക്കി.  

എന്നാൽ ഇപ്പോൾ ഇതിനെയെല്ലാം ഇല്ലാതാക്കുന്നതാണ് പുതിയ നീക്കങ്ങൾ. ലോകരാജ്യങ്ങൾ പരിസ്ഥിതിയെ പരിഗണിച്ച് മുന്നോട്ടുപോകാനുള്ള ശ്രമം നടക്കുമ്പോഴാണ് ഇവിടെ ഉള്ളതു കൂടി ഇല്ലാതാക്കാൻ ശ്രമം നടക്കുന്നത്. ഇപ്പോഴത്തെ വിജ്ഞാപനം ഇംഗ്ലീഷിലും ഹിന്ദിയിലും മാത്രമാണ്. പ്രാദേശിക ഭാഷകളിൽ ഇല്ല എന്നത് തന്നെ നിയമവിരുദ്ധമാണ്.

പല മേഖലകളിലെ പദ്ധതികളിലും മുൻപ് നൽകിയിരുന്ന ഇളവുകൾ ഇപ്പോൾ വര്‍ധിപ്പിച്ചിരിക്കുകയാണ്. ലോഹ സംസ്കരണ യൂണിറ്റിന്‌ 30,000 ടൺ ആയിരുന്ന പരിധി ഒരു ലക്ഷം ടണ്‍ ആക്കി ഉയർത്തി, മൽസ്യ ബന്ധന തുറമുഖങ്ങളുടെ പരിധി വർഷത്തിൽ 10,000 ടൺ എന്നത് മൂന്നിരട്ടിയാക്കി. 70 മീറ്ററിൽ കുറഞ്ഞ വീതിയുള്ള ഹൈവേക്കു അനുമതി വേണ്ട. ജലസേചന പദ്ധതികൾ 2000 ഹെക്ടർ മുതൽ 50000 ഹെക്ടർ വരെയുള്ളവ ബി ഒന്ന് വിഭാഗത്തിലായിരുന്നു. അത് 10,000 മുതൽ 50,000 ഹെക്ടർ വരെ ആക്കി. 

സമുദ്രത്തിലെ എണ്ണ പ്രകൃതിവാതക ഖനനത്തിനും സംസ്കരണത്തിനുമുള്ള പദ്ധതികൾ മുൻപ് എ വിഭാഗത്തിലായിരുന്നു. ഇപ്പോൾ അത് രണ്ടാക്കി. ഏറ്റവുമധികം പാരിസിഥിതികാഘാതം ഉണ്ടാക്കുന്ന ഖനനത്തെ വേർപെടുത്തി പഠനം വേണ്ടാത്ത ബി രണ്ടിലാക്കി. താപ വൈദ്യുത നിലയങ്ങളുടെ അനുമതിയും ലഘൂകരിച്ചു. മുൻപ് 20 മെഗാവാട്ടും അതിലേറെയുമുള്ളവക്ക് കേന്ദ്ര അനുമതി വേണ്ട എ വിഭാഗത്തിലായിരുന്നു. ഇപ്പോൾ അവയെ മൂന്നാക്കി തിരിച്ചു 100 മെഗാവാട്ടിനു മുകളിൽ മാത്രം എ വിഭാഗം, 15 നും  100 മെഗാവാട്ടിനും ഇടയിലുള്ളവക്ക് ബി ഒന്ന് വിഭാഗവും. ഇങ്ങനെ പോകുന്നു പുതിയ പരിഷ്കരണങ്ങൾ.

പുതിയ നീക്കത്തിൽ 1,50,000 ചതുരശ്ര മീറ്റര്‍ വിസ്തീർണ്ണം വരെയുള്ള കെട്ടിടങ്ങൾക്കു പാരിസ്ഥിതികാനുമതി കിട്ടാൻ ഒരു പഠനമോ തെളിവെടുപ്പോ വേണ്ട. മുൻപ് ഇത് 20,000 ചതുരശ്ര മീറ്റർ ആയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ടി ത്രീ ടെർമിനൽ വരെ വലുപ്പമുള്ള കെട്ടിടങ്ങളാണിതെന്ന് ഓർക്കണം. അഞ്ചേക്കർ വരെയുള്ള ഖനനത്തിന് അനുമതിക്കു EIA വേണ്ടെന്നാണ് തീരുമാനം. പാരിസ്ഥിതികാനുമതിക്കു അപേക്ഷ നൽകി പതിനഞ്ചു ദിവസങ്ങൾക്കകം അത് നൽകിയില്ലെങ്കിൽ അനുമതി കിട്ടിയതായി കണക്കാക്കും. അതുപോലെ പദ്ധതികളെ തരം തിരിക്കുന്നത് അവയുടെ പാരിസ്ഥിതികാഘാതം മാത്രം  നോക്കി എന്ന രീതി മാറ്റി മുതൽ മുടക്കു കൂടി പരിഗണിക്കണം എന്ന വ്യവസ്ഥയും െകാണ്ടുവരുന്നു. 

പ്രതിദിനം പതിനായിരം ലിറ്റർ വരെ നാടന്‍ മദ്യം ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളെ പാരിസ്ഥിതികാഘാത പഠനത്തിൽ നിന്നും പൊതു തെളിവെടുപ്പിൽ നിന്നും ഒഴിവാക്കുന്നു. തുറമുഖങ്ങളുടെ പ്രവർത്തനങ്ങൾക്കാവശ്യമായ മണ്ണെടുപ്പിനു മുൻ‌കൂർ അനുമതി വേണമെന്ന നിബന്ധന പൂർണ്ണമായും ഒഴിവാക്കുന്നു. ഉയർന്ന (എലവേറ്റഡ്) റോഡുകളും ഫ്‌ളൈഓവറുകളും 1,50,000 ചതുരശ്ര മീറ്ററിന് താഴെയെങ്കിൽ അവയെ ബി രണ്ടു വിഭാഗത്തിൽ പെടുത്തി പാരിസ്ഥിതിക പഠനവും മറ്റും ഒഴിവാക്കുന്നു. പൊതുതെളിവെടുപ്പ് അനിവാര്യമാണെന്ന നിബദ്ധനകളുള്ളവയ്ക്കാണ് ഏറ്റവും കൂടുതൽ ഇളവുകൾ നൽകിയിരിക്കുന്നത്. ലോകം മുഴുവൻ പാരിസ്ഥിതിക വിഷയങ്ങളിൽ കൂടുതൽ ജനപങ്കാളിത്തം ആവശ്യപ്പെടുന്ന ഇക്കാലത്തു ഇന്ത്യയിൽ അത് പരമാവധി ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ഒരു പദ്ധതിയുടെ വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കിയാൽ 30 ദിവസങ്ങൾക്കകം അവർ അഭിപ്രായം പറയണമെന്നു 20 ദിവസം എന്നാക്കി. പദ്ധതി വിപുലീകരിക്കുമ്പോൾ അൻപത് ശതമാനത്തിലേറെ വർധനവില്ലെങ്കിൽ പൊതു തെളിവെടുപ്പ് തന്നെ ആവശ്യമില്ല. ഈ പ്രക്രിയ പൂർത്തീകരിക്കാനുള്ള സമയപരിധി 45 ദിവസം എന്നത് 40 ആക്കി കുറച്ചു. 

വൻകിട പദ്ധതികൾക്ക് ദേശീയ വന്യജീവി ബോർഡിന്റെ  മുൻ‌കൂർ അനുമതി വേണം എന്ന വ്യവസ്ഥയും ഒഴിവാക്കുന്നു. ഒരു പദ്ധതിക്ക് നൽകുന്ന അനുമതിയുടെ കാലാവധി അഞ്ചു  വർഷമായിരുന്നു ഒറ്റയടിക്ക് പത്തുവർഷമാക്കി. നിലവിൽ അഞ്ചു വർഷത്തെ പ്രവർത്തനം വിലയിരുത്തി നിയമലംഘനങ്ങൾ ഇല്ലെങ്കിൽ മാത്രം കാലാവധി നീട്ടുക എന്നതായിരുന്നു നിയമം. കൽക്കരിയും ഇരുമ്പയിരും മറ്റും ഖനനം നടത്താനുള്ള കാലപരിധി മുപ്പതു വർഷത്തിൽ നിന്നും ഒറ്റയടിക്ക് അൻപത് വർഷമാക്കുന്നു. ഇത്തരത്തിൽ മനുഷ്യന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാക്കുന്ന നിർദേശങ്ങളാണ് പരിസ്ഥിതി വിജ്ഞാപനം 2020 ഉള്ളത്. ഈ കോവിഡിന്റെ മറവിൽ ജനങ്ങളുടെ പ്രതിഷേധം ഉണ്ടാവില്ലെന്ന് ഉറപ്പാക്കി പാസാക്കാനുള്ള നീക്കമാണ് നടക്കുന്നത്.’ – സി.ആർ നീലകണ്ഠൻ പറയുന്നു

English Summary:  Can’t agree to many recommendations of EIA draft notificatio 2020: Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com