ADVERTISEMENT

ഒരു വിഭാഗത്തിൽപ്പെട്ട ജീവികളുടെ സംരക്ഷണത്തിന് വേണ്ടി മറ്റൊരു വിഭാഗത്തിൽപ്പെട്ട നൂറുകണക്കിന് ജീവികളെ കൊന്നൊടുക്കാൻ ഒരുങ്ങുകയാണ് അമേരിക്കയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ. സാൽമൺ  മത്സ്യങ്ങള്‍ അടക്കമുള്ള  ചിലയിനം പുഴമീനുകളെ രക്ഷിക്കുന്നതിനു വേണ്ടി അമേരിക്കയുടെ വിവിധ ഭാഗങ്ങളിലായി നീർനായകളെ കൂട്ടമായി കൊന്നൊടുക്കാനാണ് തീരുമാനം. നീർനായകളുടെ എണ്ണം പെരുകിയതുമൂലം സാൽമൺ മത്സ്യങ്ങള്‍ അപകടത്തിലാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്.

കൊളംബിയ നദീതടത്തിൽ നിന്നും  വരും വർഷങ്ങളിലായി 546 കലിഫോർണിയ നീർനായകളെയും 176 സ്റ്റെല്ലർ ഇനത്തിൽപ്പെട്ട നീർനായകളെയും കൊന്നൊടുക്കാൻ വാഷിങ്ടൺ, ഒറിഗൺ, ഇഡാഹോ  എന്നീ സംസ്ഥാനങ്ങൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. പ്രജനന സമയത്ത് ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് നീങ്ങുന്ന  മത്സ്യങ്ങള്‍ ഡാമുകളിൽ നിന്നും നദികളിൽ നിന്നുമുള്ള കൈവഴികളിലേക്ക് തിരിയുന്ന ഭാഗത്തുവച്ചാണ് നീർനായകൾ പിടികൂടുന്നത്. ഇതുമൂലം മത്സ്യങ്ങളുടെ എണ്ണത്തിൽ വൻ തോതിൽ കുറവുണ്ടാകുന്നതായി കണ്ടെത്തിയതോടെയാണ് നീർനായകളുടെ എണ്ണം നിയന്ത്രിക്കാൻ  നടപടി സ്വീകരിക്കുന്നത്.

നീർനായകളെ കൊല്ലാനുള്ള അനുമതി പ്രാബല്യത്തിൽ വന്നതോടെ കൊളംബിയ നദിയിൽ പോർട്ട്ലൻഡ് മുതൽ മക്നെരി ഡാം വരെയുള്ള 290 കിലോമീറ്റർ ഭാഗത്തുള്ള  സംസ്ഥാനങ്ങൾക്കും ചില പ്രാദേശിക ഗോത്രവർഗക്കാർക്കും നീർനായകളെ നിയമാനുസൃതമായി കൊല്ലാൻ സാധിക്കും. ഇത്രയധികം എണ്ണം കൊല്ലപ്പെട്ടാലും അവയുടെ വർഗത്തിന് ഭീഷണി നേരിടില്ല എന്നതിനാലാണ്  കൊല്ലാനുള്ള  അനുമതി അധികൃതർ നൽകിയിരിക്കുന്നത്.

വടക്കു കിഴക്കൻ പസിഫിക് സമുദ്രത്തിലെ ഗുരുതര വംശനാശഭീഷണി നേരിടുന്ന ഓർക്ക തിമിംഗലങ്ങളുടെ പ്രധാന ഭക്ഷണമാണ് കൊളംബിയ നദിയിലെ സാൽമൺ മത്സ്യങ്ങള്‍. അതിനാൽ സാൽമൺ  മത്സ്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകുന്നത് തിമിംഗലങ്ങളുടെ നിലനിൽപ്പിനെയും ബാധിക്കും. കെണികളിൽ പെടുത്തിയും സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പേടിപ്പിച്ചും നീർനായകളെ പ്രദേശത്തുനിന്നും നൂറുകണക്കിന് മൈലുകൾക്ക് അപ്പുറത്തേക്ക് തുരത്താൻ ശ്രമിച്ചെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ അവ വീണ്ടും നദികൾക്കു സമീപത്തേക്കു തിരിച്ചെത്തിയിരുന്നു. 

അവസാന ശ്രമം എന്ന രീതിയിൽ നീർനായകളെ  ഭയപ്പെടുത്തുന്നതിന് വേണ്ടി ഫൈബർഗ്ലാസ് കൊണ്ട് നിർമ്മിച്ച തിമിംഗലത്തിന്റെ ചലിക്കുന്ന രൂപം ഒാറിഗണിലെ അസ്റ്റോറിയ തുറമുഖത്തിൽ ഉദ്യോഗസ്ഥർ സ്ഥാപിച്ചിരുന്നു. എന്നാൽ അതുകൊണ്ടും പ്രയോജനമില്ലാതെ വന്നതോടെയാണ് കടുത്ത നടപടിയിലേക്ക് നീങ്ങാൻ അധികൃതർ തീരുമാനിച്ചത്.

English Summary: US allows killing of hundreds of sea lions to save struggling salmon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com