ADVERTISEMENT

സ്പേസ് സ്യൂട്ടില്ലാതെ ഒരു മനുഷ്യന് ശൂന്യാകാശത്ത് രണ്ട് മിനിട്ട് പോലും അതിജീവിക്കാനാകില്ല. എന്നാല്‍ ടാര്‍ഡിഗ്രേഡ്സ് എന്ന് വിളിക്കുന്ന കുഞ്ഞന്‍ ജീവിയെ ശൂന്യാകാശത്ത് സ്വതന്ത്രമായി വിട്ട് മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചെടുത്തപ്പോഴും അവയ്ക്ക് കാര്യമായ മാറ്റം സംഭവിച്ചിരുന്നില്ല. ശൂന്യാകാശത്ത് മാത്രമല്ല അഗ്നിപര്‍വതത്തിലും, ആഴക്കടലിലും ജീവിക്കാനും എന്തിനേറെ ആണവ സ്ഫോടനത്തിനു ശേഷമുള്ള ചൂടിനെയും ആണവ വികിരണത്തെയും വരെ അതിജീവിക്കാൻ ഇവയ്ക്ക് കഴിയും .എട്ട് കാലുകളും, അവയില്‍ നഖം പോലെ കൂര്‍ത്ത അവയവങ്ങളും പൈപ്പ് ഘടിപ്പിച്ചതെന്ന പോലെ വായും മുഖവും എല്ലാമാണ് ഇവയുടെ രൂപത്തിലെ പ്രത്യേകതകള്‍

മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ ആസ്ട്രോ ബയോളജിസ്റ്റ് ഡോ. ജോണ്‍ സ്റ്റോണ്‍ ആണ് ഇവയെ കുറിച്ച് ആഴത്തില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. പഠനത്തിനിടിയില്‍ എത്ര കഠിനമായ താപനിലയേയും ഇവ അതിജീവിയ്ക്കുമെന്നും ഡോ. സ്റ്റോണ്‍ കണ്ടെത്തി. മൈനസ് 180 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള തണുപ്പില്‍ 14 ദിവസം വരെയും 151 ഡിഗ്രി ഓവന്‍ ചൂടില്‍ ഇവ അരമണിക്കൂറോളവും അതിജീവിച്ചു. ഇതിലെല്ലാം അദ്ഭുതം ഇവയ്ക്ക് താങ്ങാന്‍ കഴിയുന്ന ആണവ റേഡിയേഷന്‍റെ പരിധി ആണ്. 5-10 വരെ G.Y ( ആണവ വികിരണം അളക്കുന്ന യൂണിറ്റ്)  റേഡിയേഷന്‍ തന്നെ മനുഷ്യരെ കൊല്ലാന്‍ പര്യാപ്തമാണ്. എന്നാല്‍ ഈ ജീവികള്‍ അയ്യായിരം G.Y റേഡിയേഷനിലും അതിജീവിക്കുന്നു എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം.

അവയുടെ അതിജീവനത്തിനായുള്ള കഴിവുകള്‍ ഇനിയുമുണ്ട്. മരവിച്ച അവസ്ഥയില്‍ 30 വര്‍ഷം  ഇവ ജീവനോടെ അവശേഷിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. 30 വര്‍ഷം ചെറിയ കാലയളവാണെന്നും 100 വര്‍ഷം വരെ ഇവയ്ക്ക് അതീജിവയ്ക്കാന്‍ കഴിയുമെന്നുമാണ് ഗവേഷക സംഘത്തിന്‍റെ കണക്ക് കൂട്ടല്‍. ഈ കണ്ടെത്തലുകള്‍ എല്ലാമാണ് ഭൂമിയിലെ ഏറ്റവും അതിജീവന ക്ഷമതയുള്ള, നശിപ്പിക്കാനാകാത്ത ജീവി ടാര്‍ഡിഗ്രേയ്ഡ് ആണെന്നു കണക്കാക്കുന്നത്. ജൈവ ശാസ്ത്രജ്ഞരുടെ ഇടയില്‍ തന്നെ നടത്തിയ പഠനത്തില്‍ അതില്‍ പങ്കെടുതത 67 ശതമാനം പേരും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നവരാണ് എന്നത് ഈ നിഗമനത്തിന്‍റെ മൂല്യം വർധിപ്പിക്കുന്നു.

Are Tardigrades The Most Indestructible Animals on Earth?

ടാര്‍ഡിഗ്രേയ്ഡിന്‍റെ അതിജീവന ശേഷിയുടെ രഹസ്യം

പ്രതിരോധമാണ് ഏറ്റവും മികച്ച അതിജീവന ആയുധം എന്നതാണ് ഈ ഇത്തരി കുഞ്ഞന്‍ ജീവികളുടെ നിലപാട്. അതുകൊണ്ട് തന്നെ അതിജീവിക്കാന്‍ വിഷമമുള്ള പ്രതിസന്ധിഘട്ടങ്ങളില്‍ ഇവയുടെ ശരീരത്തിന്‍റെ രൂപം തന്നെ മാറും. പുഴുക്കളും മറ്റും ചുരുണ്ട് കൂടുന്നത് പോലെ ഇവ ചുരുണ്ട രൂപത്തില്‍ ഒരു പന്തിനെ പോലെയാകും. "TUN" എന്നാണ് ഇവയുടെ ഈ ശാരീരിക അവസ്ഥയെ ഗവേഷകര്‍ വിളിക്കുന്നത്. ഈ രൂപത്തിലേക്ക് മാറുന്നതോടെ ക്രിപ്റ്റോബയോസിസ് എന്ന അവസ്ഥയിലേക്ക് ഈ ജീവികളുടെ ശരീരം പരിണമിക്കും.

ഈ അവസ്ഥയിലേക്കെത്തുന്നതോടെ ടാര്‍ഡിഗ്രേയ്ഡിന്‍റെ എല്ലാ ജീവികമായ പ്രവര്‍ത്തനങ്ങളും നിശ്ചലമാകും. അവ അനങ്ങുകയോ, ഭക്ഷണം കഴിക്കുകയോ, വലുതാവുകയോ ചെയ്യില്ല. ഈ നിശ്ചലാവസ്ഥ ഇവയെ ഏതൊരു പ്രതികൂല സാഹചര്യത്തില്‍ നിന്നും സംരക്ഷിക്കാനുള്ള കവചമായി മാറും. ഇവയിലെ ക്രിപ്റ്റോബയോസിസ് എന്ന ഈ പ്രതിഭാസം തന്നെ ഓരോ സാഹചര്യത്തിനനുസരിച്ച് മാറും. അതായത് ഓരോ വെല്ലുവിളിക്കും അനുസരിച്ച് ഈ ജീവികളുടെ ക്രിപ്റ്റോബയോസിസിന്‍റെ രീതിയും മാറും. ഇത്തരത്തിലുള്ള വിവിധ രീതികള്‍ക്കും പല പേരുകള്‍ ഗവേഷകര്‍ നല്‍കിയിട്ടുണ്ട്.

അതിനുള്ള ഒരു ഉദാഹരണമാണ് ഹൈഡ്രോബയോസിസ് എന്ന അവസ്ഥ. കടുത്ത വരണ്ട സാഹചര്യം നേരിടേണ്ടി വന്നാല്‍ ഈ ജീവികളുടെ സെല്ലുകളിലെ ജലം മുഴുവന്‍ പുറത്തേക്ക് പോകാതെ സംരക്ഷിക്കപ്പെടും. സെല്ലുകള്‍ വരണ്ടു പോകുന്നതു തടയാനാണ് ഈ മാര്‍ഗം. അതിലൂടെ മെബ്രേനുകളും, ഡിഎന്‍എ യും നശിക്കുന്നത് തടയാന്‍ സാധിക്കും. കൂടാതെ ഈ സമയത്ത് സെല്ലുകള്‍ മുഴുവന്‍ ട്രെഹലോസ് എന്ന സുഗര്‍ ദ്രവരൂപത്തില്‍ നിറയും, വീണ്ടും വെള്ളം ലഭിക്കുന്നത് വരെ ഈ വസ്തു അവിടെ തുടരുകയും ചെയ്യും. 

നൂറ്റാണ്ടുകളായി തുടരുന്ന പഠനം

Are Tardigrades The Most Indestructible Animals on Earth?

ടാര്‍ഡിഗ്രേയ്ഡ് എന്ന ജീവിയേക്കുറിച്ചുള്ള പഠനം പതിനാറാം നൂറ്റാണ്ട് മുതല്‍ നടക്കുന്നതാണ്. ഇവയിടെ ഹൈഡ്രോബയോസിസ് എന്ന പ്രതിഭാസം കണ്ടത്തിയത് പതിനെട്ടാം നൂറ്റാണ്ടിലാണ്. ആന്‍റോണ്‍ ലീന്‍ എന്ന ഗവേഷകനാണ് വീടിന്‍റെ മേല്‍ക്കൂരയിലിട്ട് ഉണക്കിയതിന് ശേഷം വീണ്ടും ഇവയ്ക്ക് ജീവന്‍ വരുന്നുണ്ടെ‌ന്നു കണ്ടെത്തിയത്. ടാര്‍ഡിഗ്രേയ്ഡില്‍ തന്നെ പല വിഭാഗങ്ങളുണ്ട്. എല്ലാത്തിന്‍റെയും അതീജിവന ക്ഷമത ഒരേ അളവിലല്ല. കടല്‍ ടാര്‍ഡിഗ്രേയ്ഡ് ആണ് കൂട്ടത്തില്‍ താരതമ്യേന ദുര്‍ബലരായി കണക്കാക്കുന്നത്. ആകെ ടാര്‍ഡിഗ്രേഡ്സില്‍ ഏതാണ്ട് 1400 ല്‍ അധികം വിഭാഗങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. 

അതേസമയം എന്തിനെയും ചെറുത്തു നില്‍ക്കാന്‍ കഴിയുന്ന ടാര്‍ഡിഗ്രേയ്ഡിനും ചില എതിരാളികളുണ്ട്. ഉദാഹരണത്തിന് ഭൂമിയില്‍ ഒരു ഉല്‍ക്ക പതിച്ചാല്‍ ഏറ്റവുമധികം അതിജീവന സാധ്യതയുള്ള ജീവി ടാര്‍ഡിഗ്രേയ്ഡ് തന്നെയായിരിക്കും. പക്ഷേ ഒരു സൂചി കൊണ്ടു കുത്തിയാൽ ഈ ജീവികള കൊല്ലാന്‍ അനായാസം സാധിക്കും. കൂടാതെ ഇവയെ ഭക്ഷിയ്ക്കുന്ന ജീവികള്‍ക്കും ടാര്‍ഡിഗ്രേയ്ഡിനെ കൊല്ലുന്നതും ദഹിപ്പിക്കുന്നതും ഒരു ശ്രമകരമായ പണിയല്ല. ഒരു ഫംഗസ് വിചാരിച്ചാലും ടാര്‍ഡിഗ്രേയ്ഡിനെ ഇല്ലാതാക്കാന്‍ കഴിയുമെന്നതും കൗതുകകരമായ കാര്യമാണ്.

English Summary: Are Tardigrades The Most Indestructible Animals on Earth? There's a Close Contender

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com