ADVERTISEMENT

മെക്സിക്കോയിലെ സാന്റ ലൂസിയയിൽ പുതിയ വിമാനത്താവളത്തിന്റെ പണികൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ വർഷം അതിന്റെ സർവേ ജോലികളും മറ്റും നടക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിതമായ ആ കണ്ടെത്തൽ–ആനകളുടെ പൂര്‍വികരായ മാമത്തുകളുടെ ഫോസിലുകളാണ് മേഖലയിൽനിന്നു കണ്ടെത്തിയത്. ആദ്യം കരുതിയത് 10–12 ഫോസിലുകൾ മാത്രമായിരിക്കുമെന്നാണ്. എന്നാൽ ഇതുവരെ ഗവേഷകര്‍ കണ്ടെത്തിയത് നൂറോളം മാമത്ത് ഫോസിലുകൾ. അവിടെനിന്ന് അൽപം മാറി അവയെ പിടികൂടാനുള്ള കെണികൾ നിർമിച്ചിരുന്നതും കണ്ടെത്തി. 

Mammoth

കാട്ടുപോത്തിന്റെയും കുതിരയുടെയും ഒട്ടകങ്ങളുടെയും ഇഴജന്തുക്കളുടെയും ഫോസിലുകൾക്കൊപ്പം മനുഷ്യരുടെ അസ്ഥികളും പലപ്പോഴായി ഇവിടെനിന്നു ലഭിച്ചു. അഗ്നിപർവത ശിലകൾകൊണ്ടുള്ള ആയുധങ്ങളായിരുന്നു അക്കാലത്ത് ഉപയോഗിച്ചിരുന്നത്. അവയുടെ അവശിഷ്ടങ്ങളും മൺപാത്രങ്ങളുടെ അവശിഷ്ടങ്ങളുമൊക്കെയായി പുരാവസ്തു ഗവേഷകരെ സംബന്ധിച്ച് വൻ നിധിയായിരുന്നു അവിടെ കാത്തിരുന്നത്. 25.8 ലക്ഷം മുതൽ 11,700 വർഷം മുൻപുവരെ നിലനിന്നിരുന്ന പ്ലൈറ്റസീൻ കാലഘട്ടത്തിലേതാണ് ഫോസിലുകളെന്നാണു കണ്ടെത്തിയിരിക്കുന്നത്. അക്കാലത്ത് മാമത്തുകളിലെതന്നെ ഏറ്റവും അവസാനത്തെ ഇനമായിരുന്നു ഭൂമിയിൽ ഉണ്ടായിരുന്നത്. കൊളംബിയൻ മാമത്ത് എന്നറിയപ്പെടുന്ന ഇവയുടെ ഫോസിലുകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 

ഇന്നത്തെ വടക്കേ അമേരിക്കയിലും വടക്കൻ യുഎസിലും കോസ്റ്ററിക്കയുടെ തെക്കുമെല്ലാമായിരുന്നു ഇവയുടെ വിളനിലം. 15,000 വർഷം മുൻപുള്ള നിയോലിതിക് കാലത്തെ മനുഷ്യർ ഇവയെ മാംസത്തിനു വേണ്ടി വേട്ടയാടിയിരുന്നു. മാമത്തുകളുടെ പൂർവികരെപ്പോലെ ദേഹം മുഴുവൻ രോമമുള്ളവയായിരുന്നു കൊളംബിയൻ ഇനം. ഈ ഫോസിലുകൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഭാഗത്ത് പണ്ടുകാലത്ത്, അതായത് 35,000 വർഷം മുൻപ് സാൽട്ടോക്കൻ എന്ന തടാകമായിരുന്നെന്നു കണ്ടെത്തിയിട്ടുണ്ട്. നാലു താഴ്‌വരകളുടെ സംഗമസ്ഥാനമായിരുന്നു ഇത്. അതിനാൽത്തന്നെ മൃഗങ്ങൾക്ക് സഞ്ചരിക്കാനുള്ള പ്രകൃതിദത്ത കോറിഡോർ പോലെ ഇതു നിലനിന്നു. തടാകത്തിലെ വെള്ളം കുടിക്കാനും മൃഗങ്ങൾ കൂട്ടമായെത്തി. 

 Incredibly Well Preserved Mammoth Bones Keep Turning Up in Mexico
Image Credit: Patricia Ruiz Anchondo/Newsflash

എന്നാൽ 15,000 വർഷം മുൻപാണ് മനുഷ്യർ ഈ മേഖലയിലെത്തുന്നത്. മാമത്തുകൾ കൂട്ടത്തോടെയെത്തുന്ന പ്രദേശം അവർ കണ്ണുവച്ചു. വേട്ടയാടാൻ ഇത്രയേറെ എളുപ്പമുള്ള മറ്റൊരു സ്ഥലമില്ലെന്ന് തിരിച്ചറിഞ്ഞ ഇവർ അവിടെ വമ്പൻ കിടങ്ങുകൾ കുഴിച്ചു. ഇപ്പോൾ ഫോസിലുകൾ കണ്ടെത്തിയ സ്ഥലത്തുനിന്ന് 12 മൈൽ മാറി അത്തരത്തിലുളള രണ്ട് കിടങ്ങുകൾ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അവയ്ക്ക് 15,000 വർഷത്തെ പഴക്കവുമുണ്ടായിരുന്ന. ആറടിയോളം ആഴവും 25 അടി വ്യാസവുമുണ്ടായിരുന്ന കിടങ്ങിൽനിന്ന് എണ്ണൂറോളം അസ്ഥികളും ലഭിച്ചു. 14 മാമത്തുകളെ കിടങ്ങിൽ കൊന്നിട്ടതായും കണ്ടെത്തി. കിടങ്ങിലേക്ക് ആനകളെ ഭയപ്പെടുത്തി ഓടിച്ചു വീഴ്ത്തി അവിടെവച്ചുതന്നെ അവയെ കൊന്ന് ഇറച്ചിയെടുക്കുന്നതായിരുന്നു രീതി. 

ഏകദേശം 15 അടി ഉയരവും 22,000 പൗണ്ട് ഭാരവുമുള്ള ഭീമന്മാരായിരുന്നു കൊളംബിയൻ മാമത്തുകൾ. ഇന്നു നാം കാണുന്നയിനം ഏഷ്യൻ ആനകൾക്ക് 8–9 അടി ഉയരവും 12,000 പൗണ്ട് ഭാരമേയുള്ളൂവെന്നും ഓർക്കണം. കൊളംബിയൻ മാമത്തുകളുടെ കൊമ്പിന് 16 അടി വരെയായിരുന്നു നീളം. നമ്മുടെ ആനകളുടേത് പരമാവധി വളരുക 4–6 വരെ മാത്രം! ഏകദേശം 65 വർഷം വരെ ഒരു കൊളംബിയൻ മാമത്തിന് ആയുസ്സുണ്ടായിരുന്നു. ഏകദേശം 12,000 വർഷം മുൻപാണ് ഇവ വംശമറ്റു പോയത്. 31 ആർക്കിയോളജിസ്റ്റുകളാണ് മെക്സിക്കോയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രപ്പോളജി ആൻഡ് ഹിസ്റ്ററിയുടെ നേതൃത്വത്തിൽ മാമത്ത് ഫോസിലുകളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നത്. 

വിമാനത്താവളത്തിന്റെ നിർമാണത്തെ ബാധിക്കാത്ത വിധം ഫോസിലുകൾ സംരക്ഷിക്കാനാണ് ഇവരുടെ തീരുമാനം. വിമാനത്താവളത്തിനോടു ചേർന്നുതന്നെ ഈ ഫോസിലുകളുമായി ഒരു മ്യൂസിയം നിർമിക്കാനും പദ്ധതിയുണ്ട്. 35,000 വർഷം മുൻപ് പ്രദേശം എങ്ങനെയായിരുന്നുവെന്നു മനസ്സിലാക്കാനും ഇത് സഹായിക്കുമെന്ന് ഗവേഷകർ പറയുന്നു. നിലവിൽ 2022 മാർച്ചോടെ വിമാനത്താവളത്താവളം പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

English Summary: Incredibly Well Preserved Mammoth Bones Keep Turning Up in Mexico

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com