ADVERTISEMENT

പുക്കാട്ടുപടിയിൽ വ്യാപകമായി ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം. വൈകുന്നേരങ്ങളിൽ വീടിന്റെ മുറ്റത്തും മതിലുകളിലും ഇഴഞ്ഞു നടക്കുന്ന ഒച്ചുകൾ വീട്ടുകാർക്കു തലവേദനയാകുന്നു. തെങ്ങ്, വാഴ, ‌കിഴങ്ങു വർഗങ്ങൾ, പച്ചക്കറി വിളകളാണു പ്രധാനമായും നശിപ്പിക്കുന്നത്. മഴക്കാലത്തു പ്രജനന കാലമായതിനാൽ ഒരു ഒച്ച് മാസങ്ങളുടെ വ്യത്യാസത്തിൽ ആയിരം മുട്ടകളെങ്കിലും ഇടും. ഇതോടെ കൃഷിയിടത്തിൽ പെട്ടെന്നു പെരുകാൻ കാരണമാകും. കല്ലുപ്പിട്ട് ഇവയെ നശിപ്പിക്കാം എന്നറിഞ്ഞതോടെ വീട്ടുകാർ ഇവയെ കാണുമ്പോൾ ഉപ്പു വിതറുകയാണ്. ഉപ്പ് വാരിയിടുമ്പോൾ ഇവയുടെ ദേഹത്തു നിന്നു ദ്രാവകം പുറത്തുവരും.

സംസ്ഥാനത്തെ 6 ജില്ലകളിൽ ആഫ്രിക്കൻ ഒച്ചിന്റെ അതിവ്യാപനമെന്നു സംസ്ഥാന വനം ഗവേഷണ കേന്ദ്രം കണ്ടെത്തിയിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം കൃഷിനാശവും വരുത്തുന്ന ‘അക്കാറ്റിന ഫൂലിക്ക’ വിഭാഗത്തിൽപെട്ട ഒച്ചുകളാണു വ്യാപിക്കുന്നത്. തേങ്കുറുശ്ശി, കുനിശ്ശേരി, വാടാനാംകുറുശ്ശി (പാലക്കാട്), വില്ലിങ്ടൺ ഐലൻഡ് (എറണാകുളം), തമ്പാനൂർ (തിരുവനന്തപുരം), കോന്നി (പത്തനംതിട്ട), തലശ്ശേരി (കണ്ണൂർ), മീഞ്ച (കാസർകോട്) എന്നിവിടങ്ങളിലാണ് ആഫ്രിക്കൻ ഒച്ചിന്റെ അതിവേഗ വ്യാപനം.

സംസ്ഥാന വനം ഗവേഷണ കേന്ദ്രത്തിലെ ഫോറസ്റ്റ് എൻഡമോളജി വിഭാഗം നടത്തിയ പഠനത്തിലാണു ഗുരുതര സ്ഥിതി കണ്ടെത്തിയത്. ആഫ്രിക്കൻ ഒച്ചുകൾ വഴി കുഞ്ഞുങ്ങളിൽ ‘ഇസ്നോഫിലിക് മെനിഞ്ചൈറ്റിസ്’ രോഗം വ്യാപിക്കുമെന്നു 2013ൽ കൊച്ചിയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. മഴ തുടങ്ങുന്നതോടെയാണ് ഒച്ചുകളുടെ വ്യാപനം. മറ്റു ജീവികൾ ഇവയെ കാര്യമായി ആഹാരമാക്കാത്തതിനാൽ ആവാസവ്യവസ്ഥയ്ക്കു പുറത്താണ് ഇൗ അധിനിവേശ ജീവിയുടെ സ്ഥാനം. ഒരു ഒച്ച് 500 മുട്ടകൾ വരെ ഇടുമെന്നതു വ്യാപനത്തിന്റെ തോതു വർധിപ്പിക്കുന്നു.

Giant African snail's fast spread alarms Kerala

ഫോറസ്റ്റ് എൻഡമോളജി വിഭാഗം റിസർച് സ്കോളർ ഡോ. കീർത്തി വിജയനാണു സംസ്ഥാന വ്യാപകമായി പഠനം നടത്തിയത്. ഇടുക്കി ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയതായി കീർത്തി വിജയൻ പറഞ്ഞു. എന്നാൽ, ചിലയിടങ്ങളിൽ അതിവേഗമാണു വ്യാപനം. കോന്നിയിൽ ഇവ റബർ മരങ്ങളിലെ പാലു കുടിച്ചു വറ്റിക്കുന്നതായി കണ്ടെത്തി. വാഴ, ജാതി, കൊക്കോ തുടങ്ങിയ കൃഷികൾക്കാണ് ആഫ്രിക്കൻ ഒച്ചുകൾ വലിയ നാശം വരുത്തുന്നത്. 

പച്ചക്കറിക്കൃഷിക്കും ചില പ്രദേശങ്ങളിൽ വലിയ നാശമുണ്ടായി. വാഴയുടെ നീരു കുടിച്ചു വറ്റിച്ചു വാഴ പൂർണമായും ഉണങ്ങിപ്പോകുന്ന സ്ഥിതിയുണ്ട്. ഒച്ചിന്റെ തലഭാഗത്തു കാണപ്പെടുന്ന വിരയാണു കുഞ്ഞുങ്ങളിൽ ‘ഇസ്നോഫിലിക് മെനിഞ്ചൈറ്റിസ്’ രോഗബാധയുണ്ടാക്കുന്നതായി തെളിയിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം ഒച്ചുകളെ ഭക്ഷിക്കരുതെന്ന മുന്നറിയിപ്പ് നേരത്തെ വനം ഗവേഷണ കേന്ദ്രം നൽകിയിരുന്നു.

വെയിലുള്ളപ്പോൾ ഇലകൾക്കിടയിൽ പറ്റിപ്പിടിച്ചിരിക്കും മഴയത്ത് പുറത്തിറങ്ങും. കട്ടിയുള്ള പുറന്തോടായതിനാൽ വേഗത്തിൽ നശിപ്പിക്കാനും കഴിയുന്നില്ല. മണ്ണിനടിയിൽ 3 വർഷം വരെ പതുങ്ങിയിരിക്കാൻ കഴിയും. അഞ്ച് മുതൽ 10 വർഷം വരെ ആയുസ്സുമുണ്ട്. 3 വർഷം വരെ കട്ടിയുള്ള തോടിനുള്ളിൽ ഒളിച്ചിരിക്കാനും കഴിയും. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത മരങ്ങൾ വഴിയുമാണ് ഒച്ച് നാട്ടിലേക്കെത്തിയത് എന്നാണ് കരുതുന്നത്.ഒച്ചിനെ നശിപ്പിക്കാം.

ഉപ്പ് വിതറി ഒച്ചിനെ നശിപ്പിക്കുന്ന രീതിയാണു പലരും ചെയ്തു വരുന്നത്. എന്നാൽ നിരന്തരം ഉപ്പു വിതറുന്നതു  മണ്ണിന്റെ ഘടനയെ പ്രതികൂലമായി ബാധിക്കും. 60 ഗ്രാം തുരിശും 25 ഗ്രാം പുകയില ലായനിയും ചേർത്ത മിശ്രിതം തളിച്ചും ഇവയെ നശിപ്പിക്കാം.

English Summary: Giant African snail's fast spread alarms Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com