ADVERTISEMENT

വെള്ളരിക്കുണ്ടിൽ റെക്കോർഡ് മഴ. ഈ മാസത്തെ മഴപ്പെയ്ത്തിൽ സംസ്ഥാനത്ത് ഒന്നാമതെത്തി വെള്ളരിക്കുണ്ട്. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം 1 മുതൽ 21 വരെ വെള്ളരിക്കുണ്ടിൽ 1073 മില്ലി മീറ്റർ മഴ പെയ്തപ്പോൾ തൊട്ടുപിറകിലുള്ള വടകരയിൽ പെയ്തത് 975 മില്ലി മീറ്റർ. കക്കയം (940 മില്ലി മീറ്റർ) മൂന്നാമതും കാസർകോട് ജില്ലയിലെ തന്നെ ഹൊസ്ദുർഗ്(899 മില്ലി മീറ്റർ) നാലാം സ്ഥാനത്തുമാണ്. 

റെഡ് അലർട്ട് പ്രഖ്യാപിച്ച 19ന് രാവിലെ 8.30 മുതൽ 20ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ ലഭിച്ച മഴയുടെ അളവിൽ 188 മില്ലി മീറ്റർ  മഴയുമായി വെള്ളരിക്കുണ്ട് രണ്ടാമതായിരുന്നു. എന്നാൽ പിറ്റേന്ന് 20 ന് രാവിലെ 8.30 മുതൽ ഇന്നലെ രാവിലെ 8.30 വരെയുള്ള മഴ അളവിൽ  104 മില്ലി മീറ്റർ മഴയുമായി വെള്ളരിക്കുണ്ട് ഒന്നാമതായി. 

3 ദിവസം;  കൂടുതൽ മഴ

കഴിഞ്ഞ 3 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് ഏറ്റവുമധികം മഴ ലഭിച്ചതും വെള്ളരിക്കുണ്ടിലാണ് (371 മില്ലി മീറ്റർ). ഹൊസ്ദുർഗ്(291 മില്ലി മീറ്റർ) നാലാം സ്ഥാനത്തുണ്ട്. 3 ദിവസമായി തിമിർത്തു പെയ്യുന്ന മഴയ്ക്ക് ജില്ലയിൽ ഇന്നലെ അൽപം ശമനമായി. വെള്ളരിക്കുണ്ടിൽ ഇന്നലെ രാവിലെ 8.30 മുതൽ വൈകിട്ട് 4.30 വരെ ലഭിച്ചത് 9 മില്ലി മീറ്റർ മഴമാത്രമാണ്. എന്നാൽ വൈകിട്ട് വീണ്ടും മഴ സജീവമായി. സംസ്ഥാനത്തു മൊത്തം കാലവർഷം ഇതുവരെ 10 % അധികം ലഭിച്ചിട്ടുണ്ട്. തൃശൂർ, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലെല്ലാം അധികമഴ ലഭിച്ചു

പുഴകൾ കരകവിഞ്ഞു

മലയോരത്ത് തേജസ്വിനി, ചൈത്രവാഹിനി പുഴകളുടെ പ്രഭവസ്ഥാനങ്ങളിൽ പലയിടത്തും പുഴ കരകവിഞ്ഞിരുന്നു. താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറിയ കൃഷിയിടങ്ങളിൽ നിന്നും വെള്ളമിറങ്ങിത്തുടങ്ങിയതു കർഷകർക്കും ആശ്വാസമായി. താലൂക്കിൽ കഴിഞ്ഞ രണ്ടു ദിവസത്തെ മഴയിൽ 2 വീടുകൾ തകർന്നു. 

പ്രാഥമിക കണക്കെടുപ്പിൽ ഏതാണ്ട് 7 ലക്ഷം രൂപയിലേറെ നഷ്ടമുണ്ടായതായി തഹസിൽദാർ വി.കുഞ്ഞിക്കണ്ണൻ പറഞ്ഞു. മലയോരത്തു പലയിടത്തും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ അപകട മേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. മഴയുടെ അളവുകുറഞ്ഞത് ഇവർക്കും ആശ്വാസമായി. 

എന്തുകൊണ്ട് വെള്ളരിക്കുണ്ടിൽ കൂടുതൽ മഴ?

ജില്ലയിൽ ഏറ്റവും കൂടുതൽ മഴ മലയോര മേഖലയായ വെള്ളരിക്കുണ്ടിൽ ലഭിക്കാൻ കാരണം ന്യൂനമർദ മേഖലയിലേക്കുള്ള കാറ്റിന്റെ കുതിപ്പാണെന്ന് ഗവേഷകർ പറയുന്നു. വനപ്രദേശ മേഖലകളായ ഒട്ടേറെ സ്ഥലങ്ങൾ മലയോരത്ത് ഉണ്ട്. ഒപ്പം കാറ്റിന്റെ വേഗവും പലപ്പോഴും വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്കു തിരിയുന്നതാണു മഴ അവിടെ കൂടുതൽ ലഭിക്കാൻ കാരണമെന്നു പിലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിലെ അസി.പ്രഫസർ പി.കെ.രതീഷ് പറഞ്ഞു.

English Summary: Record rainfall in Kasargod Vellarikkundu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com