ADVERTISEMENT

കോവിഡ് 19 മഹാമാരി മൂലം ലോകമെങ്ങുമുള്ള ജനങ്ങൾ ആശങ്കയിലാണെങ്കിലും  പരിസ്ഥിതിക്കും മറ്റു ജീവജാലങ്ങൾക്കും  ഈ സാഹചര്യം അനുകൂലമായി എന്നത് മാസങ്ങൾക്കുമുമ്പുതന്നെ തെളിഞ്ഞിരുന്നു. സമാനമായ ഒരു വാർത്തയാണ് ഹോങ്കോങ്ങിൽ നിന്നും പുറത്തുവരുന്നത്. കാലങ്ങളായി ഹോങ്കോങ്ങിലേക്ക് വരാൻ മടിച്ചിരുന്ന അപൂർവ ഇനത്തിൽപ്പെട്ട പിങ്ക്  ഡോൾഫിനുകൾ ഇപ്പോൾ ധാരാളമായി ഇവിടെയെത്തുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

ദിനംപ്രതി  നൂറുകണക്കിന്  ബോട്ടുകളും കടത്തു വള്ളങ്ങളും ഹോങ്കോങ്ങിലെ പേൾ നദിയിലൂടെ കടന്നു പോകുന്നതിനാൽ വർഷങ്ങളായി പിങ്ക് ഡോൾഫിനുകൾ ഈ പ്രദേശത്തേക്കെത്തുന്നുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ  കോവിഡ് നിയന്ത്രണങ്ങൾ മൂലം ജലഗതാഗതം ഗണ്യമായി കുറഞ്ഞതാണ് ഇവയുടെ തിരിച്ചുവരവിന് കാരണമായത്. നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വന്നു തുടങ്ങിയ ഫെബ്രുവരി മാസത്തിനുശേഷം ഇന്നുവരെ നദിയിലെ ഇൻഡോ പസഫിക് ഹമ്പ് ബാക്ക് ഡോൾഫിനുകളുടെ എണ്ണത്തിൽ 30 ശതമാനം വർധനവ് ഉണ്ടായിട്ടുണ്ടെന്ന് നിരീക്ഷകർ പറയുന്നു.

ചൈനീസ് വൈറ്റ് ഡോൾഫിൻ എന്ന പേരിലും അറിയപ്പെടുന്ന അപൂർവമായ പിങ്ക് ഡോൾഫിനുകളുടെ ആകെ എണ്ണം 2000 എന്ന നിലയിലാണ് ഗവേഷകർ കണക്കാക്കിയിരിക്കുന്നത്. ഇവയിൽ  50 എണ്ണം മാത്രമാണ് ലോക്ഡൗണിനു മുൻപ് ഹോങ്കോങ്ങിൽ ഉണ്ടായിരുന്നത്. എന്നാൽ അവയുടെ എണ്ണം ഗണ്യമായി വർധിച്ചതോടെ കൂടുതൽ വിശദമായ പഠനങ്ങൾ നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.

മടങ്ങിയെത്തിയ ഡോൾഫിനുകൾ ഇതിനോടകം തന്നെ ഹോങ്കോങ്ങിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ടു കഴിഞ്ഞതായാണ് പഠനങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം.എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ വരുന്നതോടെ വീണ്ടും ഇവയുടെ എണ്ണം കുറയുമോ എന്ന ആശങ്കയും ഗവേഷകർ പങ്കുവയ്ക്കുന്നുണ്ട്. അപൂർവയിനം ആയതിനാൽ ഇവയുടെ വംശം  സംരക്ഷിക്കുന്നതിനുവേണ്ടി അധികൃതരുടെ ഭാഗത്തുനിന്നും ശക്തമായ ഇടപെടൽ ആവശ്യമാണെന്ന് സമുദ്ര ഗവേഷകയായ ലിൻഡ്സെ പോർട്ടർ വ്യക്തമാക്കി.

English Summary: Rare pink and white dolphins return to the waters of Hong Kong

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com