നിന്നനിൽപ്പിൽ കടൽ കാണാതായ 2017; ചുഴലിക്കാറ്റിനൊടുവിൽ സംഭവിച്ചത്...!

HIGHLIGHTS
  • നേരം വെളുത്തപ്പോൾ കടലിന്റെ സ്ഥാനത്തു കണ്ടത് മണൽനിറഞ്ഞ കര
  • – കടലിനെപ്പോലും വറ്റിക്കാനുള്ള ഇർമയുടെ ശേഷി!
Hurricane Irma: Why the ocean disappeared from the Bahamas
SHARE

2017ൽ യുഎസിലും കരീബിയൻ ദ്വീപുകളിലും ആഞ്ഞടിച്ചു നാശനഷ്ടങ്ങളുണ്ടാക്കിയ ചുഴലിക്കാറ്റാണ് ഇർമ. എന്നാൽ കാറ്റുണ്ടാക്കിയ നാശത്തേക്കാളും അന്ന് പാരിസ്ഥിതിക ലോകത്തെ അമ്പരപ്പിച്ചതു മറ്റൊന്നാണ്– കടലിനെപ്പോലും വറ്റിക്കാനുള്ള ഇർമയുടെ ശേഷി! ബഹാമസിലെ ലോങ് ഐലന്റിലും യുഎസിലെ ഫ്ലോറിഡ തീരത്തുമാണ് ഈ അദ്ഭുതം സംഭവിച്ചത്. തലേന്നുവരെ കണ്ണെത്താ ദൂരത്തോളം നീലനിറത്തിൽ തിരയടിച്ചു കിടന്ന കടലാണ്. എന്നാൽ നേരം വെളുത്തപ്പോൾ കടലിന്റെ സ്ഥാനത്തു കണ്ടത് മണൽനിറഞ്ഞ കര. ചെളി നിറഞ്ഞ മണലിൽ പലതരം മത്സ്യങ്ങളും കടൽജീവികളും! 

സൂനാമി വരുന്നതിനു മുന്‍പ് ഇത്തരത്തിൽ കടൽ പിൻവലിയാറുണ്ട്. എന്നാൽ സൂനാമി ഭീഷണിയില്ലെന്ന് വൈകാതെ ജനങ്ങൾക്ക് അറിയിപ്പ് ലഭിച്ചു. ചുഴലിക്കാറ്റുകൾ ആഞ്ഞടിക്കുമ്പോൾ അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്നതാണിത്. ചുഴലിക്കാറ്റിന്റെ ‘കണ്ണ്’ എന്നു പറയുന്നത് അതിന്റെ മധ്യഭാഗമാണ്. ആ ഭാഗത്തെ മർദ്ദമാണ് കാറ്റിനെ അപകടകാരിയാക്കുന്നത്. മർദം ഏറ്റവും കുറഞ്ഞ അവസ്ഥയിലായിരുന്നു ഇർമയുടെ കണ്ണ്. അതോടെ ആ ഭാഗം ഒരു വാക്വം ക്ലീനർ പോലെ പ്രവർത്തിക്കാൻ തുടങ്ങി. പോകുന്ന വഴിയിലെ സകലതും വലിച്ചെടുത്തു നശിപ്പിക്കാൻ പോന്നതായിരുന്നു അത്. അന്നേരം കരയെന്നോ കടലെന്നോ ഇല്ല. 

കടൽവെള്ളം പൂർണമായും ഈ മധ്യഭാഗത്തേക്കു വലിച്ചെടുക്കപ്പെട്ടു. കുറേ ജലം ആകാശത്തേക്കു പരക്കും, ശേഷിച്ചവ കാറ്റിനൊപ്പം ഏറെ ദൂരം സഞ്ചരിക്കുകയും ചെയ്യും. കാറ്റിന്റെ ശക്തി കുറയുന്നതിനനുസരിച്ച് അതിനകത്തെ വെള്ളം പുറത്തുവരും. കടലില്ലാത്ത സ്ഥലങ്ങളിൽ ഇത്തരത്തിൽ ആകാശത്തുനിന്ന് മീൻമഴ പെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബഹാമാസിൽ ആദ്യമായിട്ടായിരുന്നില്ല കടൽ ‘അപ്രത്യക്ഷ’മാകുന്നത്. 1936ലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്ന് പഴമക്കാർ പറയുന്നു. അന്ന് അക്ക്‌ലിൻ ദ്വീപിനു സമീപം വെള്ളമിറങ്ങിപ്പോയതോടെ മീൻ പിടിക്കാൻ കടൽത്തീരത്തു വൻ തിരക്കായിരുന്നുവെന്നും അവർ ഓർക്കുന്നു. 1929ലെ ‘ദ് ഗ്രേറ്റ് ബഹാമസ് ഹരിക്കെയ്ന്റെ’ സമയത്തും കടലിനെ ‘കാണാതായിട്ടുണ്ട്’.

എന്നാൽ അധികനേരം ഇത്തരം സ്ഥലങ്ങളിൽ ചെലവഴിക്കരുതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകാറുണ്ട്. കാരണം, അധികം വൈകാതെ ആകാശത്തുനിന്നു മഴയായും മറ്റും ഈ വെള്ളം ഇരച്ചെത്താൻ സാധ്യതയേറെയാണ്. രാവിലെ കടൽ കാണാതായാലും ഉച്ചയോടെ പൂർവസ്ഥിതിയിലാകുമെന്നു ചുരുക്കം. ചിലപ്പോൾ കടൽ വീണ്ടും നിറയാൻ ഒന്നോ രണ്ടോ ദിവസവുെമടുത്തേക്കാം. അതുവരെ കണ്മുന്നിലെ കൗതുകക്കാഴ്ചയായി അത് നിലനിൽക്കും. പണ്ടുകാലത്തെ ചിത്രങ്ങളില്ലെങ്കിലും 2017ൽ ഈ ‘കടൽ കാണാതാകൽ’ കൺനിറയെ കാണുന്നതിനു ജനങ്ങൾക്കു സാധിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അത്രയേറെയാണ് ബഹാമസില്‍നിന്നുള്ള വിഡിയോകളും ചിത്രങ്ങളും പ്രചരിച്ചത്. 2017ൽ ഒട്ടേറെ പേരുടെ മരണത്തിനും നാശനഷ്ടത്തിനുമാണ് ഇർമ കാരണമായത്. ഫ്ലോറിഡയിലെ 10 ലക്ഷത്തിലേറെ കുടുംബങ്ങളില്‍ വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടു. 63 ലക്ഷത്തോളം പേര്‍ക്ക് സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറേണ്ടിയും വന്നു. ജീവനു ഭീഷണിയാകുന്ന കൊടുങ്കാറ്റ് ശക്തിപ്രാപിക്കുന്നുണ്ടെന്നായിരുന്നു അന്ന് ഇർമയെക്കുറിച്ചുള്ള കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്!

English Summary: Hurricane Irma: Why the ocean disappeared from the Bahamas

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA