ADVERTISEMENT

ലോകത്തിലെ എട്ടാമത്തെ അദ്ഭുതം എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ സാർ ചക്രവർത്തിയുടെ കൊട്ടാരമായ കാതറിൻ പാലസിലുണ്ടായിരുന്ന ആംബർ റൂം അദ്ഭുതപ്പെടുത്താനും കാരണങ്ങളേറെ. ടണ്‍ കണക്കിന് സ്വർണവും രത്നങ്ങളും മഞ്ഞക്കുന്തിരിക്കവും ഉപയോഗിച്ചു നിർമിച്ചതായിരുന്നു ആ മുറി. കിഴക്കൻ പ്രഷ്യയിൽ നിർമിക്കപ്പെട്ട അത് റഷ്യയിലെ സാർ പീറ്റർ ദ് ഗ്രേറ്റിന് സമ്മാനമായി നൽകുകയായിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ മുന്നേറ്റത്തിനിടെ ഹിറ്റ്‌ലറുടെ നാസി പടയാളികൾ ആംബർ റൂം മോഷ്ടിച്ചു. 

Nazi shipwreck found off Poland may solve Amber Room mystery
The wreck of the German cruiser Karlsruhe was discovered off the Polish coast by divers exploring the area in search of the ship which was sunk in April 1945. Image Credit: Baltictech

വമ്പൻ ആംബർ റൂമിനെ പല കഷ്ണങ്ങളാക്കി അവർ കടത്തി. വൈകാതെ യുദ്ധത്തിൽ ജർമനി പരാജയപ്പെടുകയും ചെയ്തു. അപ്പോഴും ആംബർ റൂമിനെപ്പറ്റി ആർക്കും വിവരമുണ്ടായിരുന്നില്ല. ജർമനി അതു നശിപ്പിച്ചുകളഞ്ഞെന്നായിരുന്നു ഭൂരിപക്ഷവും വിശ്വസിച്ചത്. പക്ഷേ കോടിക്കണക്കിനു രൂപ മൂല്യമുള്ള സ്വർണവും രത്നവുമെല്ലാം നിറഞ്ഞ ആ മുറി എല്ലാക്കാലത്തും നിധിവേട്ടക്കാരുടെ സ്വപ്നമായിരുന്നു. ആ സ്വപ്നത്തിലേക്കുള്ള ഒരു താക്കോലാണ് ഇപ്പോൾ ബാൾട്ടിക് കടലിന്റെ അടിത്തട്ടിൽനിന്നു ലഭിച്ചിരിക്കുന്നത്! ആംബർ റൂം കടത്തിയെന്നു കരുതുന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ ഡൈവർ സംഘം കണ്ടെത്തിയിരിക്കുന്നു! 

നാസികളുടെ കയ്യിലകപ്പെട്ട ആംബർ റൂം ഏറ്റവും ഒടുവിലായി കണ്ടത് അന്ന് ജർമനിക്കു കീഴിലുണ്ടായിരുന്ന തുറമുഖ നഗരമായ കോണിങ്സ്‌ബെർഗിലായിരുന്നു. ഇന്ന് റഷ്യയുടെ കീഴിലാണ് കളിനിൻഗ്രാഥ് എന്നു പേരു മാറ്റിയ ഈ പ്രദേശം. 1945ൽ ഈ തുറമുഖ നഗരത്തിൽ ഒരു വൻ ഒഴിപ്പിക്കൽ നടന്നു–ഓപറേഷൻ ഹാനിബാൾ എന്നാണ് അത് അറിയപ്പെട്ടത്. സോവിയറ്റ് യുദ്ധവിമാനങ്ങൾ ആക്രമണം ശക്തമാക്കിയതോടെ നിൽക്കക്കള്ളിയില്ലാതെ ജർമൻ സൈന്യം രക്ഷപ്പെട്ടത് ഈ തുറമുഖത്തിലൂടെയായിരുന്നു. ദശലക്ഷക്കണക്കിന് ജർമൻ സൈനികരാണ് ‌ഓപറേഷനിലൂടൻ ഹാനിബാളിന്റെ ഭാഗമായി കിഴക്കൻ പ്രഷ്യയിൽനിന്നു പലായനം ചെയ്തത്. 

Nazi shipwreck found off Poland may solve Amber Room mystery
The ship brought 1,083 refugees and 360 tons of cargo and has been lying 290ft underwater for decades. Image Credit: Baltictech

ഓപറേഷന്റെ ഭാഗമായിരുന്ന കാൾസ്റ എന്ന ആവിക്കപ്പലിൽ അന്ന് യാത്ര ചെയ്തത് 1083 റഷ്യക്കാരായിരുന്നു. കപ്പലിൽ ഏറെ ഭാരമുള്ള ഏതോ വസ്തു കയറ്റിയിരുന്നെന്ന് ദൃക്‌സാക്ഷികൾ പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. സോവിയറ്റ് പട്ടാളം അടുത്തു വരുന്നതിനാൽ അതിവേഗത്തിലായിരുന്നു ജർമൻ നീക്കം. കിട്ടിയതെല്ലാമെടുത്തു സ്ഥലംവിടുന്നതിനു പകരം ഈ പ്രത്യേക ചരക്കുപെട്ടികൾക്കായിരുന്നു നാസികൾ പ്രാധാന്യം നല്‍കിയത്. ആ വീഞ്ഞപ്പെട്ടികളിലെല്ലാം ആംബർ റൂമിന്റെ ഭാഗങ്ങളായിരുന്നുവെന്നാണു പറയപ്പെടുന്നത്. എന്തായാലും കപ്പൽ അധികദൂരം സഞ്ചരിച്ചില്ല. സോവിയറ്റ് വിമാനങ്ങൾ പോളണ്ട് തീരത്തുവച്ച് കാൾസ്റയെ കടലിന്റെ ആഴങ്ങളിലേക്കു മുക്കി. ആംബർ റൂമിന്റെ രഹസ്യവും അതോടെ എന്നന്നേക്കുമായി മറയുകയായിരുന്നു. 

ബാൾട്ടിക് കടലിൽ കപ്പൽ മുങ്ങിയ ഏകദേശ സ്ഥലം കണ്ടെത്തി അവിടെ ബാൾട്ടിടെക്ക് എന്ന ഡൈവർമാരുടെ സംഘം കഴിഞ്ഞ വർഷം മുതലാണ് തിരച്ചിൽ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവുമധികം ചരിത്രപ്രാധാന്യമുള്ള, ഏറ്റവും വലിയ രഹസ്യങ്ങളിലൊന്നിനെ കണ്ടെത്താനുള്ള ശ്രമം എന്നാണ് ഇതിനെ അവർ വിശേഷിപ്പിച്ചത്. ഒടുവിൽ സെപ്റ്റംബറിൽ അവരത് കണ്ടെത്തി. കാര്യമായ കേടുപാടുകളൊന്നും കൂടാതെയായിരുന്നു കപ്പലിന്റെ സ്ഥാനം. സൈനിക വാഹനങ്ങളും ചീനപ്പാത്രങ്ങളും വീഞ്ഞപ്പെട്ടികളും ഉൾപ്പെടെ യാതൊരു കുഴപ്പവുമില്ലാതെ കടലിനടിയിൽ സുരക്ഷിതമായിരുന്നു. എന്നാൽ കടലിന്റെ ആഴങ്ങളിലായിരുന്നതിനാൽത്തന്നെ കരയിലെത്തിക്കുന്നതിന് സമയമെടുക്കും. കടലിനടിയിൽവച്ച് പെട്ടികൾ തുറന്നു നോക്കാനുമാകില്ല. അവശിഷ്ടങ്ങൾ കരയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ഡൈവർ സംഘമിപ്പോള്‍.

1716ലാണ് ആംബർ റൂം പണി പൂർത്തിയായത്– കണ്ടെത്തിയാൽ 304 വർഷത്തെ പഴക്കമുണ്ടാകും അതിന്! കണ്ടെത്തുകയാണെങ്കിൽ അതൊരു ചരിത്രസംഭവമാകുമെന്നതും ഉറപ്പ്. നാസികള്‍ ആംബർ റൂം ഒളിപ്പിച്ചുവച്ച സ്ഥലം തേടി ലോകമെമ്പാടുമുള്ള തുരങ്കങ്ങളും തടാകങ്ങളും മലനിരകളും കാട്ടുപ്രദേശങ്ങളും കടലുമെല്ലാം ഇപ്പോഴും അരിച്ചുപെറുക്കുകയാണ് നിധിവേട്ടക്കാർ. അതിനൊരു അവസാനവുമാകും. കാതറിൻ പാലസിൽ പോയാൽ ഇപ്പോഴും ആംബർ റൂം കാണാം. അതുപക്ഷേ പിന്നീട് കൃത്രിമമായി ആംബർ റൂമിന്റെ ഒരു പതിപ്പ് നിർമിച്ചെടുത്തതാണെന്നു മാത്രം! ശിൽപികളും ചരിത്രകാരന്മാരും ഉൾപ്പെടെ ഏകദേശം 20 വർഷമെടുത്താണ് ആംബർ റൂമിന്റെ പുതിയ പതിപ്പ് തയാറാക്കിയെടുത്ത് 2003ൽ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്.

English Summary: Nazi shipwreck found off Poland may solve Amber Room mystery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com