ADVERTISEMENT

രാജ്യത്തെ പല ദേശങ്ങളിലുള്ള  ചിത്രശലഭപ്രേമികളും പ്രകൃതിസ്നേഹികളും ജൈവശാസ്ത്രവിദഗ്ദരും " നാഷണൽ ബട്ടർഫ്ലൈ ക്യാംപെയ്ൻ കൺസോർഷ്യം " എന്ന പേരിൽ ഒത്തുചേർന്നത് കൃത്യമായ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ടാണ്.  ചിത്രശലഭങ്ങളേക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിൽ സൃഷ്ടിക്കുന്നതിനൊപ്പം, ഇന്ത്യയുടെ ദേശീയചിത്രശലഭമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാരിനു മുൻപിൽ സമർപ്പിക്കാനൊയൊരു ശലഭത്തെ തികച്ചും ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കാനുള്ള പ്രചാരണവും വോട്ടെടുപ്പും കഴിഞ്ഞ സെപ്റ്റംബർ 11 മുതൽ  ഒക്ടോബർ 8 വരെ സംഘടിപ്പിച്ചിരുന്നു.  വോട്ടെടുപ്പിൽ ഏറ്റവുമധികം വോട്ടുകൾ നേടി മൂന്നു ചിത്രശലഭങ്ങളാണ്  മുന്നിലെത്തിയത്.ഇന്ത്യൻ ജെസബെൽ( Delias eucharis), കൃഷ്ണാ  പീകോക്ക് (Papilio krishna), ഓറഞ്ച് ഓക്ക് ലീഫ് (Kallima inachus ) എന്നീ വർണശലഭങ്ങളെയാണ് പൂമ്പാറ്റപ്രേമികൾ ഹൃദയത്തിലേറ്റി പിന്തുണച്ചത്. 

ജനകീയവോട്ടെടുപ്പിൽ  വിജയികളായ ഇവരുടെ പേരുകൾ കൺസോർഷ്യം സംഘാടകർ കേന്ദ്ര വനം പരിസ്ഥിതി കാലാവസ്ഥാമാറ്റ വകുപ്പിനു മുമ്പിൽ  സമർപ്പിക്കുന്നതാണ്. ഇവയിലൊന്നിനെ ദേശീയ ചിത്രശലഭമായി തിരഞ്ഞെടുക്കാൻ സർക്കാർ തീരുമാനിക്കുകയാണെങ്കിൽ, ആറ് ചിത്രശലഭ കുടുബങ്ങളിലായി 1300 ചിത്രശലഭയിനങ്ങളിലധികം സ്വന്തമായുള്ള നമ്മുടെ രാജ്യത്തിന്  അഭിമാനിക്കാൻ ഒരു ദേശീയ ചിത്രശലഭം സ്വന്തമാകും. 

സവിശേഷമായ പ്രത്യേകതകൾ

ജനപിന്തുണയിൽ മുൻപിലെത്തിയ മൂന്നു ചിത്രശലഭങ്ങളും തനതായ സ്വഭാവ സവിശേഷതകളുള്ളവയാണ്. ശത്രുക്കളിൽ നിന്ന് രക്ഷനേടാൻ ഉണക്കയില പോലെ കപടവേഷം ധരിക്കാനും വർണോജ്വലമായ മേനി കാട്ടി ശത്രുക്കളെ അകറ്റി നിർത്താനും കഴിവുകളുള്ള ഇവ സസ്യകീടങ്ങളെ അകറ്റി നിർത്താൻ സഹായിക്കുന്നതിലൂടെ കർഷകരുടെ സുഹൃത്തുക്കളുമാകുന്നു.

ദേശീയ ചിത്രശലഭത്തെ തിരഞ്ഞെടുക്കാനുള്ള ഓൺലൈൻ വോട്ടെടുപ്പിൽ മുന്നിലെത്തിയ വിലാസിനി,ഓക്കില ശലഭം, കൃഷ്ണമയൂരി
ദേശീയ ചിത്രശലഭത്തെ തിരഞ്ഞെടുക്കാനുള്ള ഓൺലൈൻ വോട്ടെടുപ്പിൽ മുന്നിലെത്തിയ വിലാസിനി,ഓക്കില ശലഭം, കൃഷ്ണമയൂരി

ഭാരതത്തിന്റെ സംസ്ക്കാരവുമായി ഇഴചേർന്നിരിക്കുന്ന സിന്ദൂര വർണമുൾപ്പെടെയുള്ള ആകർഷകമായ നിറവിന്യാസമാണ് ഇന്ത്യൻ ജെസബെല്ലുകളുടെ പ്രത്യേകത. ബഹുവർണങ്ങളുള്ള ഈ പറക്കും രത്നം കോമൺ ജെസബെൽ എന്നും അറിയപ്പെടുന്നു. വളരെ സ്പഷ്ടമായ മോടിയായ നിറങ്ങളാൽ അലംകൃതമായ ചിറകുകൾ വഴി തങ്ങൾ വിഷകാരികളാണെന്ന സൂചന ശത്രുക്കൾക്ക് നൽകി രക്ഷപെടുന്ന സൂത്രക്കാരാണിവർ.പഴ വൃക്ഷങ്ങളെ ആക്രമിക്കുന്ന പരാദങ്ങളെ ഭോജനമാക്കുന്ന ജെസബെൽ ശലഭങ്ങൾ കർഷകരുടെ പടയാളികളായി പ്രവർത്തിക്കുന്നു. ഇന്ത്യയിൽ വ്യാപകമായി കാണപ്പെടുന്ന ഇവയെ ഉദ്യാനങ്ങളിലും ചെറു മരക്കാടുകളിലും കണ്ടുമുട്ടാം.

സൗന്ദര്യത്തിലും വലുപ്പത്തിലും വ്യക്തിപ്രഭാവത്തിലും ലോകത്തിൽ തന്നെ മുൻ നിരയിൽ നിൽക്കുന്ന പരന്നു കൂർത്ത വാലുള്ള ( Swallow tail) ചിത്രശലഭമാണ് കൃഷ്ണാ പീകോക്ക്.ഹിമാലയമാണ് ഇവയുടെ വിഹാരകേന്ദ്രം. കാലാവസ്ഥാമാറ്റം ഹിമാലയം പോലെയുള്ള ലോകത്തെ ഏറ്റവും പ്രാധാന്യമേറിയ ജൈവ വൈവിധ്യ ഹോട്സ്പോട്ടിനു പോലും ഭീഷണിയാകുമ്പോൾ, ഹിമവാന്റെ ജൈവ വൈവിധ്യത്തിന്റെയും പരിരക്ഷണത്തിന്റെയും പ്രധാനപ്പെട്ട ജീവജാതിയായി ഇവ പരിഗണിക്കപ്പെടുന്നു. ഇവയുടെ പിൻചിറകുകളിലെ പ്രത്യേക സൂക്ഷ്മ ഘടകങ്ങളിൽ പ്രകാശമേൽക്കുമ്പോൾ തെളിയുന്ന നീല നിറത്തിലുള്ള വർണഭാഗം ഇവയെ ആകർഷകമാക്കുകയും ശത്രുക്കളെ അകറ്റുകയും ചെയ്യുന്നു.

  ചത്ത ഇല അഥവാ ഡെഡ് ലീഫ് എന്നും പേരുണ്ട്  ഓറഞ്ച് ഓക്ക് ലീഫ് ശലഭങ്ങൾക്ക്.ബഹുവർണത്തിലുള്ള വലുപ്പമേറിയ ഇവയുടെ ഗാഢമായ നീലത്തിളക്കവും ഓറഞ്ചു നാടയുമുള്ള മേൽച്ചിറകുകൾ ഏറെ ആകർഷകമാണ്. എന്നാൽ ഇവയുടെ അടിവശമാകട്ടെ ഉണങ്ങിയ ഒരു ഇല പോലെയാണ് കാണപ്പെടുക. ഉണങ്ങിയ ശരത്കാല ഇലപോലെ ചിറകുകൾ അടച്ച് നിശ്ചലമായി ഇവർ പ്രത്യക്ഷപ്പെടുന്നു. ഇത്തരമൊരു പ്രഛന്ന വേഷത്തിലൂടെ തങ്ങളുടെ ആവാസസ്ഥാനമായ  ഉത്തര പശ്ചിമഘട്ടങ്ങളിലെയും ഇന്ത്യയുടെ മധ്യ, വടക്ക്, വടക്കുകിഴക്ക് ഭാഗങ്ങളിലെയും ആർദ്രവനങ്ങളിൽ ഇരപിടിയൻമാരിൽ നിന്ന് രക്ഷപെട്ട് ജീവിക്കാൻ ഇവർക്ക് കഴിയുന്നു. പോളിഫെനിസം (Polyphenism) എന്ന പ്രതിഭാസത്തിലൂടെ മഴക്കാലത്തും, വേനലിലും വ്യതിരിക്തമായ നിറവും വലിപ്പവും പ്രാപിക്കാൻ ഇവർക്ക് കഴിയുന്നു.

തിരഞ്ഞെടുപ്പിന്റെ ഘട്ടങ്ങളിങ്ങനെ

ചിത്രശലഭജീവശാസ്ത്രം, പരിരക്ഷണം എന്നീ മേഖലകളിൽ ഇന്ത്യയിൽ അഗ്രഗണ്യരായ വ്യക്തികൾ ഒത്തുചേർന്ന് കൃത്യമായ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ് ചിത്രശലഭങ്ങളെ തിരഞ്ഞെടുത്തത് .ദേശീയ രാജ്യന്തര തലങ്ങളിലുള്ള സാംസ്ക്കാരിക പാരിസ്ഥിതിക പരിരക്ഷണ പ്രാധാന്യം, പൊതുജനസ്വാധീനശക്തി, ആളുകളെ ആകർഷിക്കുന്ന തനതായ ജൈവ പ്രത്യേകതകൾ, എളുപ്പത്തിൽ തിരിച്ചറിയാനും കണ്ടെത്താനും ഓർമ്മ വെക്കാനുമുള്ള സാധ്യത, വകഭേദങ്ങളില്ലാത്ത ജാതിസ്വത്വം, ഉപദ്രവകാരികളായ കാറ്റർപില്ലറുകൾ, നശീകരണ ശേഷി ഉള്ളവയെ ഒഴിവാക്കൽ, വളരെ സാധാരാണക്കാരെ മാറ്റിനിർത്തൽ ഏതെങ്കിലും സംസ്ഥാനത്തിന്റെ ഔദ്യോഗിക ചിത്രശലഭങ്ങളെ ഒഴിവാക്കൽ തുടങ്ങിയ മാനദണ്ഢങ്ങൾ തിരഞ്ഞെടുപ്പിനുപയോഗിക്കപ്പെട്ടു. അങ്ങനെ 50 ഇനം ചിത്രശലഭങ്ങളുടെ ആദ്യ പട്ടിക തയ്യാറാക്കി. ഇവയിൽ നിന്നു പ്രത്യക സ്കോറിങ്ങ് സിസ്റ്റം ഉപയോഗിച്ചുള്ള വിദഗ്ദരുടെ വോട്ടിങ്ങ് വഴിയാണ് അവസാനം എഴിനങ്ങൾ അടങ്ങിയ ലിസ്റ്റുണ്ടാക്കി.. ഫൈവ് - ബാർ സ്വോർഡ് ടെയ്ൽ ,ഇന്ത്യൻ ജെസബെൽ/ കോമൺ ജെസബെൽ , ഇന്ത്യൻ നവാബ്/ കോമൺ നവാബ്, കൃഷ്ണാ പീകോക്ക്, ഓറഞ്ച് ഓക്ക് ലീഫ്, നോർത്തേൺ ജംഗിൾ ക്ലീൻ, യെല്ലോ ഗോർഗോൺ എന്നിവയായിരുന്നു ഏഴെണ്ണം. പൊതുജനങ്ങൾക്ക് ഈ ഏഴു പേരുടെ ലിസ്റ്റിൽ ഓൺലൈനായി വോട്ടു ചെയ്യാൻ അവസരം നൽകുകയും ചെയ്തിരുന്നു.

English Summary: Campaign to select country's national butterfly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com