ADVERTISEMENT

നിവാർ ചുഴലിക്കാറ്റ് ഇന്നു കരയിൽ തൊടാനിരിക്കെ 2015ലെ വെള്ളപ്പൊക്കത്തിന്റെ ഭീതിയിൽ ചെന്നൈ നഗരം. അതിതീവ്ര ചുഴലി ഇന്ന് അര്‍ധരാത്രിയോടെ കരയ്ക്കെത്തും. ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയിൽ ചെന്നൈ ചെമ്പരപ്പാക്കം റിസർവോയർ തടാകം നിറയുന്നു. ഒരടി കൂടി നിറഞ്ഞ് 22 അടിയായാൽ ഉച്ചയോടെ തുറക്കാനാണ് തീരുമാനം. 24 അടിയാണ് ഇതിന്റെ സംഭരണശേഷി. 2015ല്‍ നഗരത്തിലെ വെള്ളപ്പൊക്കത്തിന് മുഖ്യകാരണം ഷട്ടര്‍ തുറന്നതായിരുന്നു. എന്നാൽ, ആശങ്കയ്ക്കു അടിസ്ഥാനമില്ലെന്നും ആവശ്യമായ മുൻ കരുതൽ നടപടികൾ സ്വീകരിച്ചതായും ചെന്നൈ കോർപറേഷൻ അറിയിച്ചു. നിവിലെ പ്രവചന പ്രകാരം ചെന്നൈയെ നിവാർ ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ല. എന്നാൽ, ഇന്നലെ രാവിലെ മുതൽ നഗരത്തിൽ കനത്ത മഴ തുടങ്ങി. ഇന്നു അതി തീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നാണു പ്രവചനം. ഇതു വെള്ളപ്പൊക്കത്തിനു കാരണമാകുമോയെന്നാണു ആശങ്ക.

എന്നാൽ, 2015ലെ സാഹചര്യമല്ല നിലവിലുള്ളതെന്നു കോർപറേഷൻ വിശദീകരിക്കുന്നു. അന്നു ചെറിയ സമയത്തിനുള്ളിൽ പെയ്ത കനത്ത മഴയാണു വെള്ളപ്പൊക്കത്തിനു പ്രധാന കാരണമായത്. എന്നാൽ, ഇന്നലെ ഇടവിട്ടാണു മഴ പെയ്തത്. ഇന്നു കനത്ത മഴ പെയ്താലും വലിയ പ്രശ്നമുണ്ടാകില്ല. 2015നെ അപേക്ഷിച്ചു നഗരത്തിലെ പ്രളയ പ്രതിരോധ സംവിധാനങ്ങൾ ഫലപ്രദമാണ്. ദിവസം 30 സെ.മീ. വരെ മഴ ലഭിച്ചാലും നേരിടാനുള്ള സംവിധാനമുണ്ടെന്നാണു അവകാശവാദം. ഇന്നലെ ഇതിന്റെ മൂന്നിലൊന്നു മഴ മാത്രമാണു ലഭിച്ചത്.

Cyclone Nivar To Slam Tamil Nadu, Puducherry, Winds Up To 145 Kmph

ചെമ്പരമ്പാക്കം തുറക്കുമോ?

ചെമ്പരമ്പാക്കം ജലസംഭരണി നിറഞ്ഞോ?തുറന്നോ?. നിവാർ ചുഴലിക്കാറ്റ് മുന്നറിയിപ്പു വന്നതു മുതൽ ചെന്നൈയിൽ ഉയരുന്ന പ്രധാന ചോദ്യം ഇതാണ്. ചെമ്പരമ്പാക്കം തടാകം മുൻ കരുതൽ നടപടികൾ സ്വീകരിക്കാതെ തുറന്നതാണു 2015ലെ വെള്ളപ്പൊക്കത്തിനു കാരണമായതെന്ന ആരോപണമുയർന്നിരുന്നു. 24 അടിയാണു ചെമ്പരമ്പാക്കം തടാകത്തിന്റെ സംഭരണ ശേഷി. 22 അടിയായാൽ ജലം തുറന്നുവിടും.

നിലവിൽ തടാകത്തിലേക്കുള്ള നീരൊഴുക്കു കുറവാണെന്നു ഇന്നലെ പരിശോധനയ്ക്കു ശേഷം കലക്ടർ അറിയിച്ചു. മണിക്കൂറുകൾ നിർത്താതെ കനത്ത മഴ പെയ്താലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. തടാകം തുറന്നുവിടാൻ തീരുമാനിച്ചാൽ മുൻകൂട്ടി ജനങ്ങളെ അറിയിക്കും. തുറന്നവിട്ടാലും പ്രളയ ഭീഷണിയില്ലെന്നു അധികൃതർ പറയുന്നു. ജലം അഴുക്കുചാലുകൾ വഴി കടന്നു പോകുന്നതിനു സംവിധാനമൊരുക്കിയിട്ടുണ്ട്.

ജാഗ്രതയിൽ ചെന്നൈ

നിവാർ ചുഴലിക്കാറ്റിന്റെ ഭാഗമായി കനത്ത മഴ പെയ്തു തുടങ്ങിയതോടെ നഗരം ജാഗ്രതയിൽ. ഡിവിഷനിൽ 3 വീതമെന്ന നിലയിൽ 75 പുനരധിവാസ കേന്ദ്രങ്ങൾ തുറന്നു. വെള്ളപ്പൊക്ക ഭീണിയുള്ള 19 സ്ഥലങ്ങൾ കണ്ടറിഞ്ഞു മുൻ കരുതൽ നടപടിയെടുത്തു. അടിയന്തര സാഹചര്യം നേരിടാൻ 5 തീരദേശ സേനാ യൂണിറ്റുകൾ സജ്ജമാക്കി നിർത്തി. മഴ ശക്തിപ്പെടുകയാണെങ്കിൽ പഴക്കം ചെന്ന 1000 കെട്ടിടങ്ങളിൽ നിന്നു ആളുകളെ ഒഴിപ്പിക്കും.

Cyclone Nivar brings heavy rainfall to Chennai

ഇന്നും നാളെയും അതിതീവ്ര മഴ

നിവാർ ചുഴലിക്കാറ്റ് തീരത്തോട് അടുത്തതോടെ ചെന്നൈയിൽ അതിശക്തമായ മഴ. സെൻട്രൽ, എഗ്‌മൂർ, എന്നൂർ, താംബരം, മീനമ്പാക്കം, നുങ്കംപാക്കം, വെപ്പേരി, അയനാവരം, ക്രോംപെട്ട്, റോയപ്പേട്ട, മൈലാപ്പൂർ, ട്രിപ്ലിക്കേൻ, അഡയാർ, മറീന ബീച്ച് എന്നിവിടങ്ങളിൽ പുലർച്ചെ മുതൽ ശക്തമായ മഴ ലഭിച്ചു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറി. പ്രധാന റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതോടെ നഗരത്തിൽ പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. നിവാർ കര തൊടുന്നതിനാൽ ഇന്നു ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപെട്ട് ജില്ലകളിൽ ഇന്നും നാളെയും അതിതീവ്ര മഴയ്ക്കു സാധ്യത. തീരപ്രദേശങ്ങളിൽ കടൽ ക്ഷോഭത്തിനും സാധ്യതയുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അതിതീവ്ര ചുഴലിക്കാറ്റു നിവാർ ഇന്നു കരയിൽ കടക്കാനിരിക്കെ തമിഴ്നാടും പുതുച്ചേരിയും അതീവ ജാഗ്രതയിൽ. മഹബലിപുരത്തിനും കാരയ്ക്കലിനും ഇടയിൽ പുതുച്ചേരി തീരത്തു മണിക്കൂറിൽ 120-145 വേഗതയിൽ ഇന്നു വൈകിട്ടു കര തൊടുമെന്നാണു കാലാവസ്ഥാ പ്രവചനം. മുൻ കരുതൽ നടപടികളുടെ ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും ഇന്നു പൊതു അവധിയാണ്. പുതുച്ചേരിയിൽ നാളെ രാവിലെ 6 വരെ നിരോധനാജ്ഞയുമുണ്ട്. ചെന്നൈയിൽ ചുഴലി നാശം വിതയ്ക്കില്ലെന്നാണു നിലവിലെ പ്രചവനം. എന്നാൽ, ഇന്നലെ മുതൽ തുടങ്ങിയ കനത്ത മഴ  ഇപ്പോഴും തുടരുകയാണ്.  രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്ത നിവാരണ സേനയും തീരദേശ സേനയും രംഗത്തിറങ്ങി.

ഈ നമ്പറുകൾ ശ്രദ്ധിക്കാം

∙ദുരന്തനിവാരണ വിഭാഗം

കൺട്രോൾ റൂം : 1077, 044-27237207.

∙ചെന്നൈ

ടോൾ ഫ്രീ നമ്പർ : 1913

ഹെൽപ് ലൈൻ :  044-25384530,

044- 253484540

∙ചെങ്കൽപെട്ട്

044-27427412, 044-27427414

∙റാണിപ്പെട്ട്

ആർക്കോണം :04177236360, 9445000507

ആർക്കോട്ട് : 04172235568, 9445000505

വാലജ : 04172232519, 944445000506

∙കാഞ്ചീപുരം

ഹെൽപ്‌ലൈൻ വാട്സാപ് : 9445071077

കറന്റ് പോയേക്കാം,വിളിക്കാം

മഴയിൽ വൈദ്യുതി തടസ്സപ്പെട്ടാൽ വൈദ്യുതി വകുപ്പിന്റെ (ടാൻജെഡ്കൊ) 24 മണിക്കൂർ ഹെൽപ് ഡെസ്ക്കിൽ സഹായം ലഭിക്കും. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപെട്ട് ജില്ലകളിലാണു ഹെൽപ് ഡെസ്ക് തുറന്നത്. വൈദ്യുതി തകരാർ സംബന്ധിച്ച എല്ലാ പരാതികളും അറിയിക്കാം.

∙സൗത്ത് ചെന്നൈ 1: 9445850434, 044–24713988

∙സൗത്ത് ചെന്നൈ 2: 9499050188, 044–23713631

∙നോർത്ത് ചെന്നൈ: 9445850929, 044–28521833

∙സെൻട്രൽ ചെന്നൈ: 9445449217, 044–28224423

∙വെസ്റ്റ് ചെന്നൈ: 9445850500, 044–26151153

∙ചെങ്കൽപെട്ട്: 9444099437, 044–27522119

∙കാഞ്ചീപുരം: 9445858740, 044–27282300

English Summary: Chennai rain: Water from Chembarambakkam lake to be released around noon today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com