ADVERTISEMENT

ബംഗാൾ ഉൾക്കടലിൽ നിന്നു തീരത്തേക്കു നീങ്ങുന്ന നിവാർ ചുഴലിക്കാറ്റിനെ നേരിടാൻ യുദ്ധകാല നടപടികളുമായി തമിഴ്നാടും പുതുച്ചേരിയും. ഇന്നു രാത്രിയോടെ കരയിൽ തൊടുമെന്നു പ്രതീക്ഷിക്കുന്ന നിവാർ കനത്ത നാശം വിതയ്ക്കുമെന്നു കണക്കു കൂട്ടുന്ന ജില്ലകളിൽ മുൻകരുതൽ നടപടികൾ പൂർത്തിയായി. നിവാറിൽ നിന്നു നേരിട്ടു ഭീഷണിയില്ലെങ്കിലും കനത്ത മഴ ചതിക്കുമോയെന്ന ആശങ്കയിൽ ചെന്നൈയും അതീവ ജാഗ്രതയിൽ. ഇന്നലെ രാവിലെ ചുഴലിയായി മാറിയ നിവാർ രാത്രി ചെന്നൈയിൽ നിന്നു 400 കിലോ മീറ്ററും പുതുച്ചേരിയിൽ നിന്നു 380 കിലോ മീറ്ററും അകലെയാണ്. മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിൽ കരയിൽ കടക്കുമ്പോൾ തമിഴകത്ത് 20 ജില്ലകളിൽ കനത്ത മഴയുണ്ടാകും.

തമിഴ്നാട്ടിൽ പൊതു അവധി

സംസ്ഥാനത്തു ഇന്നു സർക്കാർ പൊതു അവധി പ്രഖ്യാപിച്ചു. നിവാർ ചുഴലിക്കാറ്റ് പുനരധിവാസവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന അവശ്യ സർവീസുകളൊഴികെ എല്ലാ വിഭാഗങ്ങൾക്കും അവധി ബാധകം.ആവശ്യമെങ്കിൽ അവധി ദീർഘിപ്പിക്കും.

INDIA-WEATHER-CYCLONE-NIVAR
A resident fixes his roof during heavy rains as cyclone Nivar approaches the eastern Indian coast, in Chennai on November 24, 2020. (Photo by Arun SANKAR / AFP)

പുതുച്ചേരിയിൽ നിരോധനാജ്ഞ

പുതുച്ചേരിയിൽ ഇന്നലെ രാത്രി 9 മുതൽ നാളെ രാവിലെ 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.  ആവശ്യമെങ്കിൽ ദീർഘിപ്പിക്കും. ചുഴലിക്കാറ്റ് നിവാരണ പ്രവർത്തനങ്ങളിലേർപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ, പത്രം, പാൽ വിതരണം, പെട്രോൾ പമ്പ്, മരുന്നു കടകൾ, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ എന്നിവരെ ഒഴിവാക്കി.

കൽപ്പാക്കത്തും തയാറെടുപ്പ്

ചെന്നൈയ്ക്കു 70 കിലോ മീറ്റർ അകലെയുള്ള കൽപ്പാക്കം ആണവ നിലയത്തിൽ നിവാർ മുൻ കരുതൽ നടപടികൾ കൈക്കൊണ്ടതായി അധികൃതർ അറിയിച്ചു. ആണവ നിലയത്തിനു സമീപം തീരത്തിനോടു ചേർന്നു മണൽ ചാക്കുകൾ കൊണ്ടു തടയണ നിർമിച്ചു. നിലവിലെ സാഹചര്യത്തിൽ പ്ലാന്റിന്റെ പ്രവർത്തനം പൂർണ തോതിൽ തുടരും. ആവശ്യമെങ്കിൽ കൂടുതൽ നടപടികളെടുക്കുമെന്നു സ്റ്റേഷൻ ഡയറക്ടർ എം.ശ്രീനിവാസ് പറഞ്ഞു.  

∙ പരീക്ഷകൾ മാറ്റി‌

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) ഇന്നു നടത്താനിരുന്ന പരീക്ഷകൾ ഡിസംബർ 9,11 തീയതികളിലേക്കു മാറ്റി.ചെന്നൈ, കടലൂർ, കാഞ്ചീപുരം, കാരക്കുടി, കുംഭകോണം, നാഗപട്ടണം, പുതുക്കോട്ട, തിരുവള്ളൂർ, വിഴുപ്പുറം, പുതുച്ചേരി എന്നിവിടങ്ങളിലെ പരീക്ഷകളാണു മാറ്റിയത്. മറ്റു ജില്ലകളിലെ പരീക്ഷകൾക്കു മാറ്റമില്ല.

nivar

ശ്രദ്ധിക്കുക, സുരക്ഷിതരായിരിക്കുക

∙ആധികാരിക വിവരങ്ങൾ മാത്രം വിശ്വസിക്കുക

∙നിലവിൽ ചെന്നൈയിൽ ചുഴലിക്കാറ്റ് നാശം വിതയ്ക്കുമെന്ന ഭീഷണിയില്ല, കനത്ത മഴ വെള്ളപ്പൊക്കത്തിനു കാരണമാകുമോയെന്നതാണു ആശങ്ക.  അതിനുള്ള മുൻകരുതൽ നടപടികളെടുക്കും.  മണിക്കൂറിൽ  50-70 കി.മീ വേഗതയിൽ കാറ്റു വീശാനും സാധ്യത.

∙ആവശ്യമെങ്കിൽ മാത്രം വീടിനു പുറത്തിറങ്ങുക, യാത്രകൾ ഒഴിവാക്കുക

∙വീടിന്റെ വാതിലുകളും ജനവാതിലുകളും അടച്ചിടുക

∙ചുഴലിക്കാറ്റ് തീരം തൊട്ടു കടന്നു പോയതിനു ശേഷം ഒരു മണിക്കൂർ കൂടി അതീവ ജാഗ്രത തുടരുക

∙ ആധാർ കാർഡ്, പാൻ കാർഡ്, തിരഞ്ഞെടുപ്പു തിരിച്ചറിയൽ കാർഡ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ തുടങ്ങിയ പ്രധാനപ്പെട്ട രേഖകൾ സുരക്ഷിതമാണെന്നുറപ്പുവരുത്തുക

∙ആവശ്യത്തിനു ശുദ്ധലം, മരുന്നുകൾ, അവശ്യ വസ്തുക്കൾ എന്നിവ കൈവശമുണ്ടെന്നു ഉറപ്പാക്കുക

∙ചെന്നൈയിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നു അറിയിപ്പില്ല. എന്നാൽ, മഴ മൂലം തടസ്സപ്പെട്ടേക്കാം.  അതിനാൽ, മൊബൈൽ ഫോണുകൾ ചാർജ് ചെയ്തുവയ്ക്കുക.

∙മെഴുകുതിരി, ബാറ്ററി ഉപയോഗിക്കുന്ന ടോർച്ച്, തീപ്പെട്ടി എന്നിവ സജ്ജമാക്കിവയ്ക്കുക

∙വാഹനങ്ങൾ മരത്തിനടിയിൽ നിർത്തിയിടരുത്.

∙അപകടത്തിനു കാരണമാകുന്ന വൈദ്യുതി കണക് ഷനുകളോ ഉപകരണങ്ങളോ താമസ സ്ഥലത്തും പരിസരത്തും ഇല്ലെന്നുറപ്പാക്കുക.

തെക്കോട്ട് ട്രെയിനില്ല

ചെന്നൈയിൽ നിന്നു തെക്കൻ തമിഴ്നാട്ടിലേക്കുള്ള ട്രെയിനുകൾ  റദ്ദാക്കി. ആകെ 24 ട്രെയിനുകളാണു റദ്ദാക്കിയത്. തെക്കൻ തമിഴ്നാട് വഴി കടന്നു പോകുന്ന ചില കേരള ട്രെയിനുകളും ഇതിലുൾപ്പെടും. ടിക്കറ്റ് തുക തിരികെ നൽകും. ഇ ടിക്കറ്റ് ബുക്കു ചെയ്തവർക്കു അക്കൗണ്ടിലേക്കു പണം റീ ഫണ്ട് ചെയ്യും. കൗണ്ടറുകൾ വഴി ബുക്കു ചെയ്തവർക്കു 15 ദിവസത്തിനകം പണം തിരിച്ചുവാങ്ങാൻ അവസരമുണ്ടാകും. റദ്ദാക്കിയ കേരള ട്രെയിനുകൾ  

∙എഗ്മൂർ- കൊല്ലം സ്പെഷൽ ട്രെയിൻ (6723/ 06724)

∙എഗ്മൂർ -കൊല്ലം സ്പെഷൽ (06101/06102)

ഏഴിടത്തേക്ക് ബസില്ല

കടലൂർ, തഞ്ചാവൂർ, ചെങ്കൽപേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂർ, വിഴുപുറം എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസ് ഇന്നലെ ഉച്ച മുതൽ നിർത്തി. നാളെ രാവിലെവരെ ഇതു തുടരും. സർക്കാർ, സ്വകാര്യ സർവീസുകളില്ല.

സബേർബനും അവധി

ചെന്നൈ  സബേർബൻ സർവീസ് ഇന്നു രാവിലെ 10 മുതൽ ഓടില്ല. അവശ്യ സേവന മേഖലയിൽ ജോലി ചെയ്യുന്നവർക്കും തിരക്കിലാത്ത സമയത്തു സ്ത്രീകൾക്കും മാത്രമാണു നിലവിൽ സബേർബനിൽ സഞ്ചരിക്കാൻ അനുമതിയുള്ളത്.

ചെന്നൈ മെട്രോ

cyclone-nivar-1

രാവിലെ 7 മുതൽ രാത്രിവരെ സർവീസുണ്ടാകും. ട്രെയിനുകൾക്കിടയിൽ 10 മിനിറ്റ് ഇടവേള. മഴ ശക്തിപ്പെട്ടു ട്രാക്കിൽ വെള്ളം കയറുകയോ കാറ്റിന്റെ വേഗത കൂടുകയോ ചെയ്താൽ ട്രെയിൻ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനമെടുക്കും.

കൊച്ചി വിമാനം റദ്ദാക്കി

കൊച്ചിയിൽ നിന്നു ഇന്നലെ രാത്രി 9.15നു ചെന്നൈയിൽ എത്തേണ്ടിയിരുന്ന ഇൻഡിഗോ ഉൾപ്പെടെ 3 വിമാനങ്ങൾ ഇന്നലെ റദ്ദാക്കി. മറ്റു രണ്ടു വിമാനങ്ങളും ചെന്നൈ-തിരുച്ചിറപ്പള്ളി സെക്ടറിലാണ്.

English Summary: Cyclone Nivar To Slam Tamil Nadu, Puducherry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com