ADVERTISEMENT

ഒരുകാലത്ത് ലോകം വെറുപ്പോടെ കണ്ട രോഗമായിരുന്നു കുഷ്ഠം. മൈക്കോബാക്ടീരിയം ലെപ്രെ എന്ന ബാക്ടീരിയ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനു പേരെയാണ് ദുരിതത്തിലാഴ്ത്തിയിട്ടുള്ളത്. ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കാനാകാത്ത കാലത്ത് കുഷ്ഠരോഗികളെ പ്രത്യേകം ദ്വീപുകളിലും മറ്റും കോളനികളുണ്ടാക്കി പാർപ്പിക്കുന്ന രീതിയുമുണ്ടായിരുന്നു. ആവശ്യത്തിനു ചികിത്സ ലഭിച്ചില്ലെങ്കിൽ കാഴ്ചശക്തി നഷ്ടപ്പെടാനും ശരീരഭാഗങ്ങൾ ദ്രവിച്ചു പോകാനും കൈകാലുകൾ വികൃതമാകാനുമൊക്കെ ഇടയാക്കിയിരുന്നു ഈ രോഗം. പല രാജ്യങ്ങളും നിലവില്‍ കുഷ്ഠരോഗം നിർമാർജനം ചെയ്തു കഴിഞ്ഞു. ഭൂരിപക്ഷം മേഖലയിലും ഇവയ്ക്കെതിരെ കൃത്യമായ ചികിത്സ ഉറപ്പാക്കി പ്രതിരോധിക്കുകയും ചെയ്യുന്നു. 

എന്നാൽ പടിഞ്ഞാറൻ ആഫ്രിക്കയിൽനിന്നുള്ള ഒരു വാർത്തയാണ് ഇപ്പോൾ ഗവേഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. അവിടെ രണ്ടു രാജ്യങ്ങളിലെ ദേശീയോദ്യാനങ്ങളിലെ ചിമ്പാൻസികളിൽ കുഷ്ഠരോഗം സ്ഥിരീകരിച്ചിരിക്കുന്നു. നൂറുകണക്കിനു മൈൽ വ്യത്യാസത്തിലുള്ള ദേശീയോദ്യാനങ്ങളിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു ദേശീയോദ്യാനം ഗിനിയ–ബിസ്സ രാജ്യത്തെ കാന്റനെ നാഷനൽ പാർക്കാണ്. രണ്ടാനത്തേത് ഐവറി കോസ്റ്റിലെ ടായ് നാഷനൽ പാർക്കിലും. രണ്ടിടത്തെയും ചിമ്പാൻസികളുടെ വിസർജ്യം പരിശോധിച്ചതിൽനിന്ന് കുഷ്ഠരോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം ബാധിച്ച ചിമ്പാൻസികളുടെ ചിത്രങ്ങളും പുറത്തുവന്നു. ഒരേയിനം ബാക്ടീരിയങ്ങളാണ് ഇവയെ ബാധിച്ചിരിക്കുന്നതും.

 Wild chimpanzees

1980കളിൽ വ്യാപകമായ ആന്റിബയോടിക്ക് ഉപയോഗത്തിലൂടെ മനുഷ്യർക്കിടയിൽനിന്ന് കുഷ്ഠരോഗത്തെ നിർമാർജനം ചെയ്തതാണ്. 1980കളിൽ 52 ലക്ഷത്തോളം മനുഷ്യരിൽ വിട്ടുമാറാത്തവിധം കുഷ്ഠരോഗം ഗുരുതരമായിരുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ 2012ൽ അത് 1.89 ലക്ഷത്തിലേക്കു താഴ്ന്നു. ലോകത്തെ മൊത്തം കുഷ്ഠരോഗികളുടെ എണ്ണത്തിൽ പകുതിയിലേറെയും ഇന്ത്യയിലാണ്. ഗവേഷകർ ഏറെ നാൾ കരുതിയിരുന്നത് മൃഗങ്ങൾക്കിടയിൽനിന്നും ഈ രോഗം എന്നന്നേക്കുമായി ഇല്ലാതായെന്നായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്തിനിടെ യുകെയിലെ ചുവന്ന അണ്ണാനുകളിൽ ഈ രോഗം തിരിച്ചറിഞ്ഞു. നോർത്ത്–സൗത്ത് അമേരിക്കയിലെ ഈനാംപേച്ചി ഇനത്തിൽപ്പെട്ട ഒരിനം ജീവിയിലും കുഷ്ഠരോഗം കണ്ടെത്തി. അതിനു പിന്നാലെയാണിപ്പോൾ ചിമ്പാൻസികളിലും. 

എക്സീറ്റർ സർവകലാശാല, ജർമനിയിലെ റോബർട്ട് കോഷ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ വിദഗ്ധർ ഇതു സംബന്ധിച്ചു നടത്തിയ പഠനറിപ്പോർട്ട് അടിത്തിടെ സയൻസ് മാഗസിൻ പ്രസിദ്ധീകരിച്ചിരുന്നു. മൂന്നു വിഭാഗത്തിൽപ്പെട്ട നാല് ചിമ്പാൻസികൾക്കെങ്കിലും കാന്റനേ ദേശീയോദ്യാനത്തിൽ കുഷ്ഠരോഗം ബാധിച്ചിട്ടുണ്ടെന്ന് അതിൽ പറയുന്നു. ടായ് ദേശീയോദ്യാനത്തിൽ ഒരു വിഭാഗം ചിമ്പാൻസികളിലാണ് രോഗം കണ്ടത്. ഇവ മറ്റു വിഭാഗങ്ങളിലേക്കു പടർന്നിട്ടുമില്ല. മാസങ്ങളോളം ആന്റിബയോട്ടിക് മരുന്നുകൾ തുടർച്ചയായി കഴിച്ചാണ് മനുഷ്യരിൽ കുഷ്ഠരോഗം മാറ്റുന്നത്. ഇത് മൃഗങ്ങളിൽ സാധ്യമാകില്ലെന്നും വിദഗ്ധർ പറയുന്നു. ഇപ്പോൾ രോഗം ബാധിച്ച ചിമ്പാൻസികൾക്ക് അതു മനുഷ്യരിൽനിന്നല്ല ലഭിച്ചത് എന്ന കാര്യം ഉറപ്പാണ്. വനത്തിൽ കുഷ്ഠരോഗത്തിന്റെ അജ്ഞാത ഉറവിടം കണ്ടെത്തുകയെന്നതാണ് ഗവേഷകർക്കു മുന്നിലെ അടുത്ത വെല്ലുവിളി. ചിമ്പാൻസികൾ വേട്ടയാടിപ്പിടിച്ചു തിന്നതോ, അവ ജീവിക്കുന്ന പരിസരത്തുള്ളതോ ആയ ഏതോ ഒരു ജീവിക്ക് കുഷ്ഠരോഗം ഉണ്ടെന്നും അതിൽനിന്നു പകർന്നതാകാമെന്നുമാണ് നിലവിലെ നിഗമനം. 

മൈക്കോബാക്ടീരിയം ലെപ്രോമറ്റോസിസ് എന്നയിനം ബാക്ടീരിയയാണ് രണ്ട് ദേശീയോദ്യാനങ്ങളിലെയും ചിമ്പാൻസികളിൽ രോഗത്തിനു കാരണമായിരിക്കുന്നത്. മനുഷ്യരെ ബാധിക്കുന്നതിനേക്കാളും ലക്ഷക്കണക്കിനു വർഷം മുൻപ് മൃഗങ്ങളിൽ കുഷ്ഠരോഗം കണ്ടെത്തിയിരുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. നിലവിൽ രോഗം ബാധിച്ചവയിൽ ചിലതിന് ഭാരം നഷ്ടപ്പെടുകയും ദേഹത്ത് വ്രണങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്. വേട്ടയാടലും കാടുകയ്യേറ്റം കാരണം സ്വാഭാവിക വാസസ്ഥാനം നഷ്ടമാകലും പലവിധ രോഗങ്ങളും ആഫ്രിക്കൻ കാടുകളിൽ ചിമ്പാൻസികളുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്. അതോടൊപ്പമാണ് ഇപ്പോൾ കുഷ്ഠരോഗത്തിന്റെയും വരവ്.  രോഗം മറ്റു ജീവികളിലേക്ക് പടരാതിരിക്കാൻ എന്തു ചെയ്യണമെന്ന ആലോചയിലുമാണ് ഗവേഷകരിപ്പോൾ. അതിനു മുൻപ് രോഗത്തിന്റെ ഉറവിടം കണ്ടെത്തുകയെന്ന വലിയ വെല്ലുവിളിയും മുന്നിലുണ്ട്.

English Summary: Wild chimpanzees in West Africa are found to be infected with LEPROSY for the first time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com