ADVERTISEMENT

യുഎസിലെ ലൂസിയാന സ്റ്റേറ്റിലെ ഒരു സാധാരണ ഉപ്പുതടാകമായിരുന്നു പെന്യൂർ. മീൻപിടിത്ത ബോട്ടുകളും കായികവിനോദക്കാരും ഉല്ലസിച്ചിരുന്ന പ്രദേശം. 1980 നവംബർ 20 വരെ ഒരു ഒഴിവുസമയ ഉല്ലാസകേന്ദ്രമെന്ന നിലയിലായിരുന്നു ഈ തടാകം അറിയപ്പെട്ടിരുന്നത്. എന്നാൽ ഈ തടാകത്തിൽ നടത്തിയ ഒരു ഡ്രില്ലിങ് എല്ലാം മാറ്റിമറിച്ചു. ഏതാനും അടി മാത്രം ആഴമുണ്ടായിരുന്ന തടാകം മണിക്കൂറുകള്‍ക്കകം അപ്രത്യക്ഷമായി. തടാകം മാത്രമല്ല അതിനു സമീപത്തെ ജെഫേഴ്സൻ ദ്വീപിന്റെ വലിയൊരു ഭാഗവും കവർന്നെടുക്കപ്പെട്ടു.

അമേരിക്കൻ എണ്ണക്കമ്പനിയായ ടെക്സ്ക്കോ പതിവു പരിശോധനയുടെ ഭാഗമായാണ് പെന്യൂറിലെെെത്തിയത്. അവർ ഒരു ഓയിൽ റിഗ് തയാറാക്കി എണ്ണയ്ക്കു വേണ്ടിയുള്ള തിരച്ചിൽ തുടങ്ങി. സമീപത്തുതന്നെയായിരുന്നു പ്രശസ്തമായ ഡയമണ്ട് ക്രിസ്റ്റൽ സോൾട്ട് കമ്പനിയുടെ ഉപ്പുഖനിയും. എന്നാൽ ഈ ഖനിയുടെ മുകളിലാണ് ഡ്രില്ലിങ് നടത്തുന്നതെന്ന് എണ്ണക്കമ്പനിത്തൊഴിലാളികൾ അറിഞ്ഞില്ല. ഡ്രില്ലിങ് തുടങ്ങി രണ്ടു രണ്ടര മണിക്കൂർ കഴിഞ്ഞപ്പോഴാണ് റിഗ് ചെരിയുന്നതായും അസാധാരണമായ എന്തൊക്കെയോ അനക്കങ്ങൾ ഭൂമിക്കടിയിൽ ഉണ്ടാകുന്നതായും തൊഴിലാളികൾക്കു മനസ്സിലായത്. സംഗതി അപകടത്തിലേക്കാണു പോകുന്നതെന്നു മനസ്സിലായ അവർ ഉടൻതന്നെ തീരത്തേക്കു ബോട്ടിൽ കയറി രക്ഷപ്പെട്ടു. 

പക്ഷേ ഡ്രില്ലിങ്ങിന്റെ ദ്വാരം ഖനിയുടെ മേൽഭാഗം വരെയെത്തിയിരുന്നു. അതിലേക്ക് തടാകത്തിലെ വെള്ളം ഇരച്ചിറങ്ങാൻ തുടങ്ങി. 55 തൊഴിലാളികളുണ്ടായിരുന്നു ആ സമയത്ത് ഖനിയിൽ. ഖനിയിലാകെ വെള്ളം നിറയുന്നതു കണ്ട് അവരും ജീവനും കൊണ്ടോടി. ഡ്രില്ലിങ് വഴിയുണ്ടായ ദ്വാരത്തിലേക്ക് പെന്യൂർ തടാകത്തിലെ വെള്ളം മുഴുവൻ ഇരച്ചെത്തി ഒരു വമ്പൻ ചുഴി രൂപപ്പെടുന്നതാണു പിന്നീട് കണ്ടത്. തടാകത്തിൽ മീൻ പിടിക്കാൻ വന്നവർ വരെ ബോട്ടുമായി തീരത്തേക്കു പാഞ്ഞു. അതിഭീകരമായ അവസ്ഥയിലേക്ക് അപ്പോഴേക്കും തടാകം എത്തിയിരുന്നു. ഡ്രില്ലിങ് പ്ലാറ്റ്ഫോമിനെ മൊത്തത്തോടെ ചുഴി വിഴുങ്ങി. മാത്രവുമല്ല സമീപത്തുണ്ടായിരുന്ന ഏതാനും ട്രക്കുകളും, തീരത്തു കെട്ടിയിട്ടിരുന്ന ബോട്ടുകളും ചുഴിയിൽ നഷ്ടപ്പെട്ടു. 

അതും പോരാതെ ജെഫേഴ്സൻ ദ്വീപിന്റെ ഏകദേശം 70 ഏക്കറോളം വരുന്ന പ്രദേശവും ഒരു പാർക്കിങ് സെന്ററും വർഷങ്ങൾ പഴക്കമുള്ള വമ്പൻ മരങ്ങളും ഈ ചുഴിയിലേക്ക് ആഴ്ന്നു. തലനാരിഴയ്ക്കാണ് ഇതുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന മനുഷ്യർ രക്ഷപ്പെട്ടത്. തീരത്തേക്ക് രക്ഷപ്പെട്ടെത്തിയ അവരുടെ മുന്നിൽവച്ചാണ് ചുഴിയുടെ ഈ ഭീകരത മുഴുവൻ നടമാടിയത്. ചുഴിയിലുണ്ടായ മർദം കാരണം ആകാശത്തേക്ക് വെള്ളം ചീറ്റിത്തെറിക്കുകയും ചെയ്തു. ഏതാനും മണിക്കൂർ മുൻപ് ജോലി ചെയ്തിരുന്ന സ്ഥലം അപ്പാടെ അപ്രത്യക്ഷമാകുന്നത് ഞെട്ടലോടെ നോക്കിനിൽക്കാനേ അവർക്കു സാധിച്ചുള്ളൂ. സംഭവത്തിൽ മൂന്നു നായ്ക്കളുടെ ജീവൻ മാത്രമേ നഷ്ടപ്പെട്ടുള്ളൂ എന്നാണു റിപ്പോർട്ടുകൾ. തക്കസമയത്ത് വിവേചന പൂർവം പ്രവർത്തിച്ച് 55 തൊഴിലാളികളുടെ ജീവൻ രക്ഷിച്ച ഏഴു പേരെ ഡയമണ്ട് ക്രിസ്റ്റല്‍ കമ്പനി പിന്നീട് ആദരിച്ചിരുന്നു. ഡ്രില്ലിങ് നടത്തിയിരുന്ന സംഘത്തിലെ ഏഴു പേരും അന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. 

എന്നാൽ ഈ ദുരന്തത്തിന്റെ പേരിൽ ടെക്സോ കമ്പനി നഷ്ടപരിഹാരം നൽകേണ്ടിവന്നത് 4.5 കോടിയോളം ഡോളറായിരുന്നു. ഖനിക്കമ്പനിക്ക് മാത്രമല്ല സമീപത്തെ ഒരു ബൊട്ടാണിക്കൽ ഗാർഡനും ചെടികളുടെ നഴ്സറിക്കുമെല്ലാം നഷ്ടപരിഹാരം നൽകേണ്ടി വന്നു. കോടതിയിലാണ് കേസ് തീർപ്പാക്കിയത്. ചുഴിയിലേക്ക് ആഴ്ന്നു പോയ ബോട്ടുകളും മറ്റും ഏതാനും ദിവസം കഴിഞ്ഞപ്പോൾ വെള്ളമൊഴിഞ്ഞ തടാകത്തിലേക്ക് തിരിച്ചെത്തി. ചുഴിയിലെ വെള്ളത്തിന്റെ മർദത്തിൽ മാറ്റം വന്നപ്പോഴായിരുന്നു ഈ തിരിച്ചുവരവ്. തടാകത്തിലെ ജലം ഒരു കനാല്‍ വഴി വെർമില്യൻ ബേയിലേക്ക് എത്തിച്ചിരുന്നു. എന്നാൽ തടാകം വറ്റിയതോടെ വെള്ളം പിന്നോട്ടൊഴുകാൻ തുടങ്ങി. ലൂസിയാനയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടത്തിന്റെ രൂപീകരണത്തിലേക്കാണ് അതു നയിച്ചത്. എന്നാൽ കുഴിയിലേക്ക് വെള്ളമിറങ്ങിയപ്പോൾ വായു നീങ്ങി രൂപപ്പെട്ട മർദം സാധാരണ ഗതിയിലായതോടെ വെള്ളച്ചാട്ടവും അപ്രത്യക്ഷമായി, ഒപ്പം പെന്യൂറെന്ന കൊച്ചു തടാകവും. ഡ്രില്ലിങ്ങിന് ഉപയോഗപ്പെടുത്തിയ മാപ്പ് വിലയിരുത്തുന്നതിൽ എൻജിനീയർക്കു പറ്റിയ പിഴവാണ് ഈ ദുരന്തത്തിലേക്കു നയിച്ചതെന്ന് പിന്നീട് കണ്ടെത്തി. 1986ൽ ഖനി അടച്ചു. 2020ൽ 40 വർഷമായിരിക്കുന്നു പെന്യൂറിന്റെ അപ്രത്യക്ഷമാകലിന്.

English Summary: How One Engineer's Tiny Mistake Made An Entire Louisiana Lake Completely Disappear

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com