ADVERTISEMENT

കൃഷിയിടങ്ങളില്‍ കാണപ്പെടുന്ന വൃത്താകൃതിയിലും മറ്റുമുള്ള ചിഹ്നങ്ങള്‍ ഏറെ ജനശ്രദ്ധ നേടാറുണ്ട്. ഒരു രാത്രികൊണ്ടും മറ്റും രൂപപ്പെടുന്ന ഇത്തരം കൂറ്റന്‍ അടയാളങ്ങള്‍ അന്യഗ്രഹ ജീവികളുടെയോ അമാനുഷിക ശക്തികളുടെയോ സൃഷ്ടിയാണെന്ന കഥകളും വ്യാപകമാണ്. ഇത്തരത്തില്‍ വൃത്താകൃതിയിലുള്ള ഒരു ചക്രമാണ് മംഗോളിയയിലെ നദിയിലും രൂപപ്പെട്ടത്. നദിയില്‍ മഞ്ഞു കൊണ്ടു രൂപപ്പെട്ട ഈ വൃത്തം വിപരീദ ദിശയിൽ കറങ്ങുകയും ചെയ്യുന്നുണ്ട്.

ജെനെ എന്ന നദിയിലാണ് ഈ അപൂര്‍വ പ്രതിഭാസം രൂപപ്പെട്ടത്. കഴിഞ്ഞ വർഷം നവംബറിലും താപനില താഴ്ന്നതോടെ മഞ്ഞ് ചക്രം രൂപപ്പെട്ടിരുന്നതായി പ്രദേശവാസികൾ വ്യക്തമാക്കി. ചൈനയുടെയും റഷ്യയുടെയും അതിർത്തിയിലാണ് ഈ പ്രദേശം. അതുകൊണ്ടുതന്നെ എട്ടുമാസത്തോളം ഈ പ്രദേശം ശൈത്യത്തിന്റെ പിടിയിലായിരിക്കും. മൈനസ് 4നും മൈനസ് 26നും ഇടയിലാണ് നിലവിൽ പ്രദേശത്തെ താപനില. 20 മീറ്ററോളം വ്യാസമുണ്ട് മഞ്ഞു ചക്രത്തിന്.

ഐസ് ഡിസ്ക്

വൃത്തത്തില്‍ കാണപ്പെടുന്ന തീരെ കനം കുറഞ്ഞ ഒരു മഞ്ഞു പാളിയാണ് നദിയില്‍ രൂപപ്പെട്ടിരിക്കുന്നത്. ഡിസ്കിനോട് സാമ്യമുള്ള രൂപമായതിനാല്‍ ഐസ് ഡിസ്ക് എന്നതാണ് ഈ പ്രതിഭാസത്തിനു ശാസ്ത്രം നല്‍കിയിരിക്കുന്ന പേര്. ഐസ് ഡിസ്ക് അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണ്. സാധാരണ ഗതിയില്‍ ധ്രുവപ്രദേശങ്ങളോടു ചേര്‍ന്നു കിടക്കുന്ന അലാസ്കയിലും, സൈബീരിയയിലും നദികളില്‍ ശൈത്യാകാലത്തിന്‍റെ അവസാനത്തിലാണ് ഇവ രൂപപ്പെടുക.  വിപരീത ദിശയിലാണ് ഇവയുടെ കറക്കം.

ഭൂമിയുടെ ദ്വിമാന ചിത്രം

ശൂന്യാകാശത്തു നിന്നു നോക്കുമ്പോള്‍ മേഘാവൃതമായ ഭൂമിയെ കാണുന്നതു പോലെയാണ് ഈ ഐസ് ഡിസ്ക് പലപ്പോഴും കാണപ്പെടുന്നത്. ഐസിന്‍റെ വെള്ള നിറവും, നദിയുടെ നീല നിറവും ഇടകലരുമ്പോഴാണ് ഈ കാഴ്ച. അതേസമയം ഡിസ്ക് രാവിലെ പൂർണമായും ഐസ് നിറഞ്ഞു കാണപ്പെടും. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ആദ്യമായി ഐസ് ഡിസ്ക് റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. അന്ന് റൗണ്ട് ഐസ് കേക്ക് എന്നാണ് ഈ പ്രതിഭാസത്തെ ഗവേഷകര്‍ വിളിച്ചത്. 

പരാജയപ്പെട്ട പരീക്ഷണങ്ങള്‍

ഐസ് ഡിസ്കിനെക്കുറിച്ച് കൂടുതലറിയാനും ഇവയുടെ വിപരീത ദിശയിലുള്ള കറക്കത്തിന്‍റെ രഹസ്യമറിയാനും ഗവേഷകര്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. 2016 ല്‍ കൃത്രിമമായി ഐസ് ഡിസ്കിന് ലാബില്‍ രൂപം നല്‍കുക പോലും ചെയ്തിരുന്നു. എന്നാല്‍ അപ്പോള്‍ ഐസ് ഡിസ്ക് രൂപപ്പെട്ടെങ്കിലും കറക്കം സംഭവിച്ചില്ല. അതുകൊണ്ട് തന്നെ ഐസ് ഡിസ്കുകളുടെ കറക്കത്തിനു പിന്നിലെ രഹസ്യം ഇതുവരെ ശാസ്ത്രത്തിനു കണ്ടെത്താനായിട്ടില്ല.

എങ്കിലും ഐസ് ഡിസ്കുകളുടെ കറക്കം സംബന്ധിച്ച് ഗവേഷകരുടെ കണക്കു കൂട്ടല്‍ ഇങ്ങനെയാണ്. ഐസ് ഡിസ്കിന് കീഴിലുള്ള മഞ്ഞുരുകി വെള്ളമാകുമ്പോള്‍ അത് അടിയിലേക്കു പോകും,  ഈ സമയത്ത് രൂപപ്പെടുന്ന വെര്‍ട്ടല്‍ വോര്‍ട്ടക്സ്  മൂലം മുകളിലുള്ള മഞ്ഞു കറങ്ങുകയും ചെയ്യുന്നു. പക്ഷെ ഇത് ശാസ്ത്രീയമായി തെളിയിക്കാന്‍ ഇതുവരെ ഗവേഷകര്‍ക്കു സാധിച്ചിട്ടില്ല. 

English Summary: Rare Rotating Ice Disc Shows Up In A Chinese River & It's Mesmerising!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com