ഞൊടിയിടയിൽ കടുവ റേഞ്ച് ഓഫിസറെ അടിച്ചു വീഴ്ത്തി; കഴുത്തില്‍ പല്ലുകള്‍ ആഴ്ന്നിറങ്ങി; ഭീതിയോടെ പ്രദേശവാസികൾ

 tiger attack in Wayanad
പ്രതീകാത്മക ചിത്രം
SHARE

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കബനിയിലെ തീരഗ്രാമങ്ങളിൽ കൂടുമാറ്റം നടത്തുന്ന കടുവ റേഞ്ച് ഓഫിസറെ ആക്രമിച്ച് ഗുരുതര പരുക്കേൽപിച്ച വിവരമറിഞ്ഞതോടെ അതിർത്തി ഗ്രാമങ്ങൾ കൂടുതൽ ഭയപ്പാടിലായി. ഇന്നലെ ഉച്ചകഴിഞ്ഞാണ് കടുവയെ തിരയാനിറങ്ങിയ ചെതലയം റേഞ്ച് ഓഫിസർ ടി.ശശികുമാറിനെ കടുവ ആക്രമിച്ചത്. ഇന്നലെ രാവിലെ മുതൽ പാറക്കവലയിലും പരിസരങ്ങളിലും കടുവയെ പലരും കണ്ടിരുന്നു. മരപ്പാലത്തിലൂടെ തോട് കടക്കുന്നതിനിടെ പെരുമ്പള്ളിക്കുന്നേൽ ജോസാണ് ആദ്യം കടുവയെ കണ്ടത്. തോട്ടില്‍ വെള്ളംകുടിക്കുകയായിരുന്ന കടുവയെ കണ്ട് ഭയന്നോടിയ ജോസിനു മരത്തിലിടിച്ച് പരുക്കേറ്റു.‌

വനപാലകരും നാട്ടുകാരും തിരയുന്നതിനിടെ സ്ഥലംവിട്ട കടുവ കൃഷിയിടങ്ങളിലൂടെ പതുങ്ങി ഉച്ചയോടെ സീതാമൗണ്ട്–കൊളവള്ളി റോഡ് മുറിച്ചുകടന്നു മറ്റൊരു തോട്ടത്തില്‍ തമ്പടിച്ചു. കുടുംബശ്രീ പ്രവര്‍ത്തകര്‍ യോഗം ചേരാനെത്തിയ ഷൈല ഉണ്ണിയുടെ വീടിനു പിന്നിലെത്തിയ കടുവയെ കണ്ട് അവരും ഭയന്നോടി. അവിടെ നിന്നു മാറിയ കടുവയെ കണ്ടു ഭയന്നോടിയ വെള്ളറക്കല്‍ ടിന്‍സിന് വീണു പരുക്കേറ്റു. ഈ വിവരമറിഞ്ഞാണ് റേഞ്ച് ഓഫിസറും സംഘവും സ്ഥലത്തേക്ക് നീങ്ങിയത്. നാട്ടുകാരെ റോഡില്‍ നിര്‍ത്തി വനപാലകര്‍ മാത്രമാണ് കരുതലോടെ തോട്ടത്തിലേക്ക് കയറിയത്. ഇലഞ്ഞിക്കല്‍ സജിയുടെ തോട്ടത്തിലൂടെ നടക്കുമ്പോഴാണ് അടുത്ത പറമ്പില്‍നിന്നു ചെമ്പരത്തി വേലിയുടെ മുകളിലൂടെ കടുവ പാഞ്ഞെത്തിയത്.

ഇതുകണ്ട് സജിയും നിലവിളിച്ച് ഓടിയെത്തി. ഞൊടിയിടയ്ക്കുള്ളില്‍ കടുവ റേഞ്ച് ഓഫിസറെ അടിച്ചുവീഴ്ത്തി. സമീപത്തെ ചാലില്‍ വീണ അദ്ദേഹത്തിന്റെ കഴുത്തില്‍ കടിച്ചു. കൂടെയുള്ളവര്‍ ലാത്തികൊണ്ട് അടിച്ചും നിലവിളിച്ചുമാണു കടുവയെ തുരത്തിയത്. ചാലില്‍ വീണുപോയതിനാല്‍ കടുവയ്ക്ക് കൂടുതല്‍ ആക്രമിക്കാനായില്ല. സംഭവത്തിനു ശേഷം കൂടുതല്‍ വനപാലകരും പുല്‍പള്ളി ഇന്‍സ്പെക്ടര്‍ കെ.പി.ബെന്നിയുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തി നിരീക്ഷണത്തിന് നേതൃത്വം നല്‍കിവരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നരേന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ മറ്റൊരു കൂടും സ്ഥലത്തെത്തിച്ചു. രാത്രി ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

പതറാതെ ശശികുമാർ,രണ്ടാമതും

ഒരാഴ്ചയായി വീടും വീട്ടുകാരെയും കാണാതെ രാവും പകലും കൊവവള്ളിയിലും റേഞ്ച് ഓഫിസിലുമായി കഴിഞ്ഞ റേഞ്ച് ഓഫിസര്‍ ടി.ശശികുമാര്‍ മറ്റാര്‍ക്കോ സംഭവിക്കുമായിരുന്ന ദുരന്തം ഏറ്റുവാങ്ങുകയായിരുന്നു. അപകടത്തിനു തൊട്ടുമുൻപ് ഒരു വീട്ടില്‍ നാട്ടുകാരെ വിളിച്ചുകൂട്ടി ജാഗ്രതാ നിര്‍ദേശങ്ങള്‍ നൽകി. പാറക്കവലയില്‍ കടുവയെത്തിയ വിവരമറിഞ്ഞ് സഹപ്രവര്‍ത്തകരെയും കൂട്ടി അവിടേക്ക് പോകുമ്പോഴായിരുന്നു ആക്രമണം.

ഓഗസ്റ്റ് 8ന് പള്ളിച്ചിറയില്‍ സംഭവിച്ചതും ഇതുതന്നെ. ബസവന്‍കൊല്ലിയില്‍ ഗോത്രയുവാവിനെ കൊന്നു ഭക്ഷിച്ച കടുവ താവളം മാറി നാട്ടിലാകെ പ്രശ്നക്കാരനായി മാറിയപ്പോഴാണ് പിന്നാലെ നടക്കേണ്ടി വന്നത്. റേഞ്ചിലെ ജീവനക്കാരൊന്നടങ്കം മാസങ്ങളോളം കാട്ടിലലഞ്ഞു. പള്ളിച്ചിറയില്‍ പശുവിനെ കൊന്നുഭക്ഷിച്ച കടുവ തോട്ടത്തില്‍ തന്നെയുണ്ടെന്നറിഞ്ഞ് അതിനെ വനത്തിലേക്ക് തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശശികുമാറിനെ ആക്രമിച്ചത്. ഏറെ വൈകാതെ ഡ്യൂട്ടില്‍ പ്രവേശിച്ചപ്പോള്‍ ചീയമ്പത്ത് മറ്റൊരു കടുവ വില്ലനായി.  കൂടുകള്‍ സ്ഥാപിച്ച് ദിവസങ്ങളോളം കാവലിരുന്നു.  കൂട്ടിലായ പെണ്‍കടുവയെ എവിടെ വിടുമെന്നു തീരുമാനമെടുക്കാന്‍ ദിവസങ്ങളെടുത്തു. ഒടുവില്‍ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ വിട്ടു. ആ കടുവ അവിടെ കൂടുചാടിയതും വാർത്തയായിരുന്നു.

റേഞ്ച് ഓഫിസര്‍ ടി.ശശികുമാറും സംഘവും എന്റെ സ്ഥലത്തുകൂടി നീങ്ങുമ്പോള്‍ 100 മീറ്റര്‍ അകലെ നിന്നാണ് കടുവ ചെമ്പരത്തിവേലിക്കു മുകളിലൂടെ പാഞ്ഞുവന്നത്. കടുവ വരുന്നേയെന്ന് അലറിവിളിച്ച് ഞാന്‍ അവിടേക്ക് ഓടിയെത്തും മുൻപേ കടുവ റേഞ്ച് ഓഫിസറെ അടിച്ചുവീഴ്ത്തി. അടിതെറ്റി ചാലില്‍ വീണ അദ്ദേഹത്തിന്റെ കഴുത്തിലാണ് കടുവ പിടിമുറുക്കിയത്. ഹെല്‍മറ്റുണ്ടായതിനാല്‍ തലയില്‍ പിടുത്തം കിട്ടിയില്ല. ഞാനും മറ്റ് വനപാലകരും ഉച്ചത്തില്‍ നിലവിളിച്ചപ്പോഴാണു കടുവ മാറിയതെന്ന്  റേഞ്ച് ഓഫിസറെ രക്ഷിക്കാനെത്തിയ സ്ഥലമുടമ ഇലഞ്ഞിക്കല്‍ സണ്ണി വ്യക്തമാക്കി.

English Summary: Forest range officer injured in tiger attack in Wayanad

കൃഷിക്ക് ആവശ്യമായ സേവനങ്ങൾക്കായി ഇവിടെ ക്ലിക് ചെയ്യാംwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN ENVIRONMENT NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA