ADVERTISEMENT

ലോക സമുദ്രങ്ങളില്‍ പ്രത്യേകിച്ചും പെട്രോളിയം ടാങ്കറുകളുടെ സഞ്ചാര മേഖലയിലെ വലിയ പ്രതിസന്ധികളില്‍ ഒന്നാണ് എണ്ണചോര്‍ച്ച മൂലമുള്ള മലിനീകരണം. ചോര്‍ച്ചയുടെ വലുപ്പമനുസരിച്ച് വലിയ തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ആ മേഖലയിലെ സമുദ്രത്തിന്‍റെ ജൈവവ്യവസ്ഥയില്‍ ഉണ്ടാകാറുണ്ട്. പാട പോലെ സമുദ്രത്തിനു മുകളില്‍ കെട്ടിക്കിടക്കുന്ന ഈ പെട്രോളിയത്തിന് പിന്നീട് എന്താണ് സംഭവിക്കുന്നത്. ഇതിനുത്തരം നല്‍കുന്നത് ഒരു തരം മൈക്രോബുകളാണ്. ഹൈഡ്രോകാര്‍ബണുകളെ വിഘടിപ്പിച്ച് ഭക്ഷണമാക്കാനുള്ള ഇവയുടെ കഴിവാണ് അല്‍പം സമയമെടുത്താണെങ്കിലും ഈ എണ്ണപ്പാടയെ സമുദ്രത്തിന് മുകളില്‍ നിന്ന് നീക്കാന്‍ സഹായിക്കുന്നത്.

Scientists Discover an Immense, Unknown Hydrocarbon Cycle Hiding in The Oceans

പക്ഷേ മനുഷ്യനിർമിതമായ ഈ പെട്രോളിയം മാലിന്യത്തെ ഭക്ഷണമാക്കി മാറ്റാനുള്ള ശേഷി എങ്ങനെ ഈ ചെറുജീവികള്‍ക്ക് കിട്ടി എന്നതാണ് അടുത്ത ചോദ്യം. ഇതിനുത്തരമായി ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത് മറ്റൊരു കൂട്ടം മൈക്രോബുകളുടെ സാന്നിധ്യമാണ്. സൈനോബാക്ടീരിയകളുടെ വിഭാഗത്തില്‍ പെടുന്ന ഈ മൈക്രോബുകള്‍ സൂര്യപ്രകാശത്തിന്‍റെ സഹായത്തോടെ സമുദ്രോപരിതലത്തില്‍ തന്നെ വലിയ തോതില്‍ ഹൈഡ്രോകാര്‍ബണുകള്‍ ഉൽപാദിപ്പിക്കുന്നവയാണ്. അതേസമയം ഈ ഹൈഡ്രോകാര്‍ബണുകളെ ഭക്ഷണമാക്കുക എന്ന ദൗത്യമാണ് ആദ്യം പറഞ്ഞ പെന്‍റാഡിസീന്‍ ഡീഗ്രേജിങ് ബാക്ടീരിയകള്‍ എന്നു വിളിക്കുന്ന മൈക്രോബുകള്‍ക്കുള്ളത്.

അതായത് ഗവേഷകരുടെ വാക്കുകളില്‍ പറഞ്ഞാല്‍ അദൃശ്യമായുള്ള ഒരു ഹൈഡ്രോകാര്‍ബണ്‍ സൈക്കിള്‍ അഥവാ ഹൈഡ്രോകാര്‍ബണ്‍ ചാക്രിക പ്രവര്‍ത്തി തന്നെ സമുദ്രത്തില്‍ നടക്കുന്നുണ്ടെന്ന് സാരം. ഈ പ്രവര്‍ത്തിയുടെ ഭാഗമായുള്ള ശീലം തന്നെയാണ് പെന്‍റഡീകേൻ ഡീഗ്രേജിങ് ബാക്ടീരിയകള്‍ എന്ന രണ്ടാം മൈക്രോബുകളെ പെട്രോളിയം മാലിന്യത്തെപോലും വിഘടിപ്പിക്കാന്‍ ശേഷിയുള്ളതാക്കി മാറ്റുന്നതും. കാരണം ലോകത്ത് മനുഷ്യരുടെ ഇടപെടല്‍ മൂലം സമുദ്രത്തിലേക്കെത്തുന്ന പെട്രോളിയം ഉള്‍പ്പടെയുള്ള ഹൈഡ്രോകാര്‍ബണുകളേക്കാള്‍ ഏതാണ്ട് 500 മടങ്ങ് ഹൈഡ്രോകാര്‍ബണുകള്‍ സൈനോബാക്ടീരിയ മൈക്രോബുകളിലൂടെ ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്. ഇതും രണ്ട് തരത്തിലുള്ള സൈനോബാക്ടീരികളില്‍ നടത്തിയ പഠനത്തില്‍ നിന്ന് മാത്രം കണ്ടെത്തിയതാണ്.

പെന്‍റഡീകേൻ

സൈനോബാക്ടീരിയ മൈക്രോബുകള്‍ ഉൽപാദിപ്പിക്കുന്ന ഹൈഡ്രോകാര്‍ബണുകളുടെ പേരാണ് പെന്‍റഡീകേൻ എന്നത്. ഇവ ഭൂമിയുടെ പ്രതലത്തിലെ 40 ശതമാനം മേഖലയിലും വ്യാപിച്ചു കിടകക്കുന്നു. മറ്റ് വിഭാഗങ്ങളില്‍ പെട്ട മൈക്രോബുകള്‍ ഇവയെ ഭക്ഷണമാക്കുന്നതിലൂടെ ഇവയുടെ അളവ് ഭൂമിയില്‍ വർധിക്കാതെ തുടരുകയും ചെയ്യുന്നു. ഈ ചാക്രിക പ്രവര്‍ത്തി നിരന്തരം സംഭവിച്ചു കൊണ്ടരിക്കുകയാണെന്ന് ഇതേക്കുറിച്ച് ഗവേഷണം നടത്തിയ കലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ കൊണാര്‍ ലവ് വിശദീകരിക്കുന്നു. കണക്കുകള്‍ പ്രകാരം ഒരു സമയത്ത് ഭൂമിയിലെ സമുദ്രങ്ങളില്‍ മാത്രം ഏതാണ്ട് 2 മില്യണ്‍ മെട്രിക് ടണ്‍ ഹൈഡ്രോ കാര്‍ബണുകളുടെ സാന്നിധ്യമുണ്ട്.

മനുഷ്യനിര്‍മിത ഹൈഡ്രോകാര്‍ബണുകള്‍ പെട്രോളിയത്തിന്‍റെ രൂപത്തില്‍ മാത്രമല്ല സമുദ്രത്തിലേക്കെത്തുന്നത്. പ്ലാസ്റ്റിക്, മെഴുക് തിരികള്‍, പെയിന്‍റ് തുടങ്ങിയവയെല്ലാം സമുദ്രത്തിലേക്ക് മനുഷ്യനിര്‍മിത ഹൈഡ്രോകാര്‍ബണുകള്‍ എത്തിക്കുന്നുണ്ട്. എന്നാല്‍ ഇങ്ങനെ എത്തുന്ന എല്ലാ വിഭാഗം ഹൈഡ്രോകാര്‍ബണുകളും ബാക്ടീരിയകള്‍ക്ക് വിഘടിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നുണ്ട്. പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന പെട്രോളിയം പോലുള്ള വസ്തുക്കള്‍ വിഘടിപ്പിക്കുന്നത് പോലെയാകില്ല കൃത്രിമമായി നിര്‍മിക്കപ്പെടുന്ന ഹൈഡ്രോകാര്‍ബണുകളുടെ വിഘടനമെന്നും ഇവര്‍ പറയുന്നു. 

ഹൈഡ്രോകാര്‍ബണ്‍ സൈക്കിള്‍

സമുദ്രോപരിതലം മുതല്‍ 200 മീറ്റര്‍ ആഴത്തില്‍ വരെയുള്ള മേഖലയിലാണ് ഈ ഹൈഡ്രോകാര്‍ബണ്‍ റീ സൈക്കളിങ് നടക്കുന്നത്. ഈ പ്രക്രിയയില്‍ മുകള്‍ ഭാഗത്ത് കാര്‍ബണ്‍ ഡയോക്സൈഡും സൂര്യപ്രകാശവും സ്വീകരിച്ച് പെന്‍റാഡെസീന്‍ എന്ന ഹൈഡ്രോകാര്‍ബണാക്കി മാറ്റുന്ന ബാക്ടീരിയകളാണുള്ളത്. സൈനോബാക്ടീരിയകളുടെ ഗണത്തില്‍ പെടുന്നവയാണ് ഇവ. പ്ലോക്കോറോ കോക്കസ്, സൈനോക്കോക്കസ് എന്നീ സൈനോബാക്ടീരിയകളാണ് ഇവയില്‍ ഏറ്റവും പ്രധാനം എന്ന് ഗവേഷകര്‍ പറയുന്നു. ഭൂമിയില്‍ നടക്കുന്ന ഹൈഡ്രോകാര്‍ബണ്‍ സൈക്കളിങ്ങിന്‍റെ നാലില്‍ ഒരു ഭാഗവും നിര്‍വഹിക്കുന്നത് ഇവയാണ്.

ഇങ്ങനെ ഈ ബാക്ടീരിയകള്‍ ഉൽപാദിപ്പിക്കുന്ന പെന്‍റാഡെസീന്‍ എന്ന ഹൈഡ്രോകാര്‍ബണ്‍ സ്വീകരിച്ച്, സ്വന്തം ആവശ്യത്തിനുള്ള ഊര്‍ജമാക്കി മാറ്റി, കാര്‍ബണ്‍ ഡയോക്സൈഡ് പുറന്തള്ളുക എന്നതാണ് രണ്ടാം വിഭാഗത്തില്‍ പെട്ട ബാക്ടീരിയകള്‍ ചെയ്യുന്നത്. ബാക്ടീരിയകള്‍ക്ക് ഒപ്പം തന്നെ ആര്‍ക്കിയ വിഭാഗത്തില്‍ പെട്ട സൂക്ഷ്മജീവികളും ഈ റീസൈക്കിളിങ്ങിന്‍റെ ഭാഗമാണ്. സമുദ്രത്തില്‍ 200 അടി വരെ ആഴത്തിലാണ് ഇവ കാണപ്പെടുക. 

English Summary: Scientists Discover an Immense, Unknown Hydrocarbon Cycle Hiding in The Oceans

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com