ADVERTISEMENT

പച്ചയുടെ ഓരോ തുരുത്തുകൾ. ഹരിതാഭമായ ചെറു ദ്വീപുകൾ. അവ ഭൂമിയുടെ ശ്വാസകോശങ്ങളാണ്. പുകയും മാലിന്യങ്ങളും നിറഞ്ഞ് അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിൽ ഉയരുന്ന താപമാപിനിയിൽ കുളിരിന്റെ ഒരു കുഞ്ഞല തീർക്കാൻ ചെറു പരിശ്രമം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടക്കുന്ന പച്ചപ്പുവൽക്കരണത്തിന്റെ അനുരണനങ്ങൾ ഇവിടെയും എത്തുന്നു. മിയാവാക്കി വനവൽക്കരണം അനുകരിക്കാവുന്ന ഒരു മാതൃകയാണ്. ഒരു സെന്റോ രണ്ട് സെന്റോ ഒരേക്കറോ രണ്ട് ഏക്കറോ എന്നൊന്നും നിബന്ധന ഇല്ല. ഉള്ള പരിമിതമായ സ്ഥലത്തെ ചെറു വനങ്ങളാക്കുക. അവ ഇടതൂർന്ന് തിങ്ങി വളരാൻ അനുവദിക്കുക. 

ചുരുങ്ങിയ കാലം കൊണ്ട് പച്ചപ്പിന്റെ ചെറുതുരുത്തുകൾ ഉണ്ടാക്കിയെടുക്കാമെന്നതാണ് മിയാ വാക്കിയുടെ മേന്മ. വാഹനങ്ങൾ ചീറിപ്പായുന്ന ജനത്തിരക്കേറിയ നഗരത്തിലെ ഇത്തിരി ഇടം പോലും മിയാവാക്കി വഴി ഹരിതാഭമാക്കാം. പഞ്ചായത്തുകൾക്ക് ചെറിയ ഫണ്ട് ഉപയോഗിച്ച് തൊഴിലുറപ്പ് പദ്ധതിയിലൂടെയും ഗ്രാമസഭകളുടെയും സന്നദ്ധസംഘടനകളുടെയും ക്ലബുകളുടെയും ഒക്കെ സഹകരണത്തോടെ ഈസിയായി ചെയ്യാവുന്ന ഹരിതവൽക്കരണ മാതൃകയാണിത്. നഗരജീവിതങ്ങൾക്ക് ഫ്ലാറ്റുകൾക്ക് മുന്നിലോ പാർക്കിലോ റോഡരികിലോ ഒക്കെ വനമൊരുക്കാം. പ്രകൃതി സംരക്ഷണങ്ങൾക്ക് നൽകിയ സംഭാവനകൾക്ക് ബ്ലൂ പ്ലാനറ്റ് പുരസ്കാരം ലഭിച്ചിട്ടുള്ള ജാപ്നീസ് സസ്യ ശാസ്ത്രജ്ഞനായ ഡോ. അകിരാ മിയാവാക്കി രൂപപ്പെടുത്തിയ പ്രത്യേക രീതിയിലുള്ള വന നിർമാണമാണ് മിയാവാക്കി വനം അഥവാ ക്രൗഡ് ഫോറസ്റ്റിങ്.

ശ്രദ്ധയോടെ ഗൃഹപാഠം

മിയാവാക്കി വഴി മൂന്നു വർഷംകൊണ്ട് പൂർണ രൂപത്തിലുള്ള ഒരു വനം ഉണ്ടാക്കിയെടുക്കാവുന്നതാണ്. 15 വർഷംകൊണ്ട് നൂറു വർഷത്തിനു തുല്യമായ ഒരു വനം ഉണ്ടാക്കിയെടുക്കാൻ പറ്റുമെന്നാണു ഗവേഷകർ പറയുന്നത്. അടിത്തറ ശരിയാംവണ്ണം വേണം. വളം, ചെടികളെ പരിപോഷിച്ചെടുക്കുന്ന രീതികളാണ് ഇങ്ങനെയുള്ള വനനിർമാണത്തിന്റെ വിജയം. ചെടികളെ കൂട്ടിവച്ചത് കൊണ്ട് അവ വളരണമെന്നോ ഒരു വനമായി മാറുവാനോ സാധിക്കണമെന്നില്ല. മിയാവാക്കി മാതൃകയിൽ ഒരു തൈ നട്ടു പിടിപ്പിക്കണമെങ്കിൽ ആ തൈകൾ മൂന്നു മാസം വളർത്തിയെടുക്കേണ്ടതുണ്ട്. 

നഴ്സറികളിൽനിന്ന് വാങ്ങുന്ന ചെടികൾ മിക്കതും ചുവന്ന മണ്ണിൽ കവറിലോ ചട്ടികളിലോ വളർത്തിയതാകും. ഇവയെ മണ്ണു മുഴുവൻ കളഞ്ഞ് മിയവാക്കി രൂപത്തിൽ ഗ്രോബാഗിലോ, പ്ലാസ്റ്റിക്ക് അല്ലെങ്കിൽ മൺ ചട്ടികളിലോ ചകിരിച്ചോറ്, ഉണക്കച്ചാണകം, ഉമി തുടങ്ങിയ ചേർത്ത മിശ്രിതത്തിൽ വളർത്തണം. നാരായവേരും പാർശ്വ വേരുകളും ആരോഗ്യത്തോടെ വളർന്നെങ്കിലേ മിയാവാക്കി മാതൃക വിജയം കാണുകയുള്ളൂ. നഗരങ്ങളിൽ ലഭ്യമായ ഇടങ്ങളിൽ കൃത്രിമ ചെറു വനങ്ങൾ രൂപപ്പെടുത്താനും എളുപ്പത്തിൽ സാധിക്കും. പല ഇനങ്ങളിൽപെടുന്ന മരങ്ങൾ പല തട്ടുകളിലായി നടുമ്പോൾ ഇതു ചെറു വനമായി രൂപപ്പെടും. തമിഴിൽ അടർ വനങ്ങൾ എന്നാണ് ഇത് അറിയപ്പെടുന്നത്.

മിയാവാക്കി വന നിർമാണത്തിന് തദ്ദേശീയമായ ചെടികൾ ഉപയോഗിക്കുന്നത് കൂടുതൽ ഫലം ചെയ്യും. ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന ചെടികൾ ഏതൊക്കെയാണോ, ആ ചെടികളെതന്നെ അതേ പ്രദേശത്തു വളർത്താൻ ശ്രമിക്കുന്നതാണു നല്ലത്. കൃതൃമായി നടപ്പിലാക്കുമ്പോൾ മാത്രമേ മിയാവാക്കി മാതൃകയിൽ ഉദ്ദേശിക്കുന്ന വളർച്ച കുറഞ്ഞ കാലയളവു കൊണ്ട് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളു.

ശ്രദ്ധയോടെ നിലമൊരുക്കൽ

മിയാവാക്കി വനം ഒരുക്കാൻ ആദ്യം മണ്ണിനെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മാറ്റും. കുഴി ഏകദേശം നാല് അടി മുതൽ അഞ്ച് അടി വരെ, ഭൂമിയുടെ കിടപ്പ് വശമനുസരിച്ച് ചതുരത്തിലോ, ദീർഘ ചതുരത്തിലോ എടുത്തതിനു ശേഷം ഉണക്കച്ചകിരി ഒരു നിര തറയിൽ വിരിക്കും. ശേഷം ആ കുഴിയിൽ ജൈവ പദാർഥങ്ങളും, ഉണക്കച്ചാണകം, ഉമി ഇവ സമ്മിശ്രമാക്കിയ മൊത്തം മണ്ണു കൊണ്ട് ഒരു 95 ശതമാനമാക്കി കുഴി മൂടാം.

മണ്ണിന്റെ രാസ സ്വഭാവമനുസരിച്ച് കുമ്മായ പ്രയോഗവും നടത്താവുന്നതാണ്. ഇങ്ങനെ  ഒരുക്കുന്ന സ്ഥലത്തെ ‘ഫൈർട്ടിലൈസർ ബഡ്’ എന്നു പറയുന്നു. ശേഷം ചെടി നടുന്നതിനാവശ്യമായ കയറുകൊണ്ട് അളവ് പിടിച്ച് കുമ്മായം ഉപയോഗിച്ച് അടയാളമിടുന്നു. ചെടി നടുന്ന ഓരോ സ്ക്വയർ മീറ്റർ അളവിൽ നാല് ചെടികൾ നടാവുന്നതാണ്. വലിയ കനോപ്പിയോടെ വലുതാകുന്നവ, ഇടത്തരം, കുറ്റിച്ചെടിയായി വളരുന്നവ, വള്ളി വീശി വളരുന്നവ എന്നിങ്ങനെ ഇടകലർത്തി വേണം നടാൻ.

മിയാവാക്കി വനം നിർമാണത്തിനുപയോഗിക്കുന്ന ചില ചെടികൾ 

1. അത്തി, ഇത്തി, അരയാൽ, പേരാൽ തുടങ്ങിയവ. 2. ദന്തപ്പാല, 3. പ്ലാശ്, 4. നീർമാതളം, 5. പ്ലാവ് 6. മാവ്, 7. നെല്ലി, 8. പുളി, 9. പേര, 10. പലകപയ്യാനി, 11. വയ്യങ്കത, 12. ഓരില ,13. ഇടംപിരി– വലംപിരി,  14. കണിക്കൊന്ന, 15. രാമച്ചം, 16. ചാമ്പ 17. പതിമുകം 18. കരിങ്ങാലി 19. കാപ്പി 20. കൊക്കൊ 21. ഞാവൽ 22.  അശോകം 23. കരിങ്ങോട്ട 24. ബദാം, 25. പൂവരശ്, 26. മന്ദാരം, 27. പൂമരുത്, 28. പവിഴമല്ലി, 29. സീതപ്പഴം 30. മഹാഗണി, 31. വീട്ടി, 32. വേങ്ങ, 33. മകിഴം, 34. നീർമരുത്, 35. സ്പാത്തോഡിയം, 36. മലവേപ്പ് 37. നിലപ്പന, 38. കിരിയാത്ത്, 39. കുന്നി, 40. കൃഷ്ണക്രാന്തി, 41. കയ്യോന്നി, 42. നിലനാരകം, 43. കാഞ്ഞിരം, 44. കരിയിലാഞ്ചി(വള്ളി), 45. സർപ്പഗന്ധി, 46. കൂനംപാല, 47. മഞ്ചാടി, 48. ആടലോടകം, 49. ഗണപതി നാരകം, 50. ഒടിച്ചുകുത്തി നാരകം.

കേരളത്തിലെ ഒട്ടേറെ നഗരങ്ങൾ മിയാവാക്കി വനവൽക്കരണത്തെ അനുകരിക്കുന്നുണ്ട്. മലപ്പുറത്ത് പൊന്നാനിയിലും കുറ്റിപ്പുറത്തും കോട്ടയ്ക്കലിലുമെല്ലാം സന്നദ്ധ സംഘടനകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ മിയാവാക്കി രീതിയെ ആവിഷ്കരിച്ചു തുടങ്ങിയിട്ടുണ്ട്. സൗകര്യപ്രദമായ രീതിയിൽ മിയാവാക്കി വനങ്ങൾ സെറ്റ് ചെയ്തു കൊടുക്കുന്ന നഴ്സറികളും സന്നദ്ധ സംഘടനകളും കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഈ രംഗത്ത് സജീവമായ അനീഷ് നെല്ലിക്കൽ (9946709899) പറയുന്നു.

English Summary: How to make a mini forest with Miyawaki method

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com