ADVERTISEMENT

വടക്കുകിഴക്കന്‍ കിഴക്കന്‍ അറ്റ്ലാന്‍റിക്കിലാകെ തീരപ്രദേശത്തോടു ചേര്‍ന്നു കാണപ്പെടുന്ന ആല്‍ഗ വര്‍ഗങ്ങളാണ് ‘ഫ്ലൈമറ്റോലിതിന്‍ കാല്‍സേറിയം’ എന്ന ആല്‍ഗ വിഭാഗം. ചുവന്ന നിറത്തില്‍ കാണപ്പെടുന്ന ഈ ആല്‍ഗകള്‍ കൂട്ടത്തോടെ കാണപ്പെടുമ്പോള്‍ രക്തവര്‍ണത്തിലാണ് ആ മേഖല കാണാനാകുക. അതുകൊണ്ട് തന്നെ മെയ്റില്‍ ബെഡ്സ് എന്നും ഈ ആല്‍ഗകള്‍ കൂട്ടം കൂടുന്ന പ്രദേശത്തെ ഗവേഷകര്‍ വിളിക്കാറുണ്ട്. വടക്കുകിഴക്കന്‍ മേഖലയിലെല്ലാം ഈ ആൽഗ കാണപ്പെടുന്നുണ്ടെന്നതിനാല്‍ തന്നെ ബ്രിട്ടന്‍ തീരത്തും ഇവ വ്യാപകമായുണ്ട്. എന്നാല്‍ സമീപകാലത്ത് നടത്തിയ പഠനത്തില്‍ ബ്രിട്ടൻ തീരത്തെ ഈ ആല്‍ഗകള്‍ ജനിതകപരമായി മറ്റൊരു വിഭാഗമാണെന്ന കണ്ടെത്തലാണ് ഗവേഷകര്‍ നടത്തിയിരിക്കുന്നത്.

ഫാല്‍ഗെ

ശാസ്ത്രീയ നാമത്തിന് പുറമെ ഫാല്‍ഗെ എന്ന വിളിപ്പേരിലും ബ്രിട്ടനിലെ ഈ ആല്‍ഗകള്‍ അറിയപ്പെടാറുണ്ട്. ഇവ ധാരാളമായി കാണപ്പെടുന്ന ഫാല്‍ ഈസ്റ്റ്യൂറി എന്ന പ്രദേശത്തിന്‍റെ പേരിനോട് ചേര്‍ത്താണ് ഫാല്‍ഗെ എന്ന വിളിപ്പേര് ഇവയ്ക്ക് നല്‍കിയത്. അതേസമയം മറ്റ് പല ആല്‍ഗകളെ പോലെ ഇവ അതത് മേഖലയിലെ ജൈവസമ്പത്തിനോ ജൈവ വൈവിധ്യത്തിനോ ഭീഷണിയല്ല. മറിച്ച് ഫാല്‍ഗെകള്‍ പ്രദേശത്തെ സമുദ്രജീവികള്‍ക്ക്, പ്രത്യേകിച്ച് പവിഴപ്പുറ്റുകള്‍ക്ക് നിര്‍ണായകമായ സംഭാവനയാണ് നല്‍കുന്നത്. ഒപ്പം തന്നെ പ്രദേശത്തെ സമുദ്രത്തിലെ കാര്‍ബണ്‍ ശേഖരിച്ച് സൂക്ഷിക്കുന്നതിലും ഈ ഫാല്‍ഗെകള്‍ക്ക് കാര്യമായ പങ്കാളിത്തമുണ്ട്. അതുകൊണ്ട് തന്നെ ഇവയുടെ നിലനില്‍പ് ഉറപ്പാക്കേണ്ട ബാധ്യതയുണ്ടെന്ന് ശാസ്ത്രലോകം കരുതുന്നു.

എന്തുകൊണ്ടാണ് ഫാല്‍ഗെകള്‍ ഒരു പ്രത്യേക ജനിതക വിഭാഗമായി കാണപ്പെടുന്നത് എന്നതാണ് ഗവേഷകര്‍ അന്വേഷിക്കുന്നത്.  ഇക്കാര്യം മനസ്സിലാക്കിയാല്‍ ഈ ഫാല്‍ഗെകളുടെ സംരക്ഷണം താരതമ്യേന എളുപ്പമായിരിക്കുമെന്ന് ഗവേഷകര്‍ വിശ്വസിക്കുന്നു. ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടല്‍ തന്നെയാണ് ഫാല്‍ഗെകളുടെ ജനിതക വ്യതിയാനത്തിലേക്ക് നയിച്ചതെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. ബ്രിട്ടനിലെ തന്നെ ഫാല്‍മോര്‍ട്ട് തുറമുഖത്തേക്കുള്ള കപ്പല്‍പാതയിലാണ് ഈ ഫാല്‍ഗെകള്‍ ഏറ്റവുമധികമുള്ളത് . അതുകൊണ്ട് തന്നെ സമാന വര്‍ഗത്തില്‍ പെട്ട മറ്റ് ആല്‍ഗകളില്‍ നിന്നെല്ലാം വളരെ അകന്നാണ് ഇവയുടെ ആവാസമേഖലയുള്ളത്. 

ഫാല്‍മോര്‍ട്ട് തുറമുഖ മേഖലയ്ക്ക് പുറമെ  ഇവിടെ നിന്ന് 14 കിലോമീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന മനാക്കിള്‍സ് മേഖലയിലും ഫാല്‍ഗെകളുടെ മറ്റൊരു കൂട്ടമുണ്ട്.  ബ്രിട്ടൻ മുതല്‍ പോര്‍ച്ചുഗല്‍ വരെയുള്ള മേഖലയില്‍ 12 ഓളം വ്യത്യസ്ത ചുവന്ന ആല്‍ഗകളുടെ കൂട്ടങ്ങളാണുള്ളത്. എന്നാല്‍ ഭൂമിശാസ്ത്രപരമായ വ്യത്യസ്തത ഇവയിലൊന്നും ജനിതക മാറ്റം ഉണ്ടാകാന്‍ കാരണമായിട്ടില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഫാല്‍മോര്‍ട്ട് മേഖലയിലെ ആള്‍ഗകള്‍ മാത്രമാണ് ജനിതകപരമായ വ്യത്യസ്തത പുലര്‍ത്തിയിരുന്നത്. 

ഫാല്‍ഗെകള്‍ നേരിടുന്ന ഭീഷണി

വളരെ പതിയെ മാത്രം വളരുകയും, പ്രത്യുൽപാദനം നടത്തുകയും ചെയ്യുന്ന ആല്‍ഗകളാണ് ഫാല്‍ഗെകള്‍. അതുകൊണ്ട് തന്നെ ഫാല്‍മോര്‍ട്ട് മേഖലയിലെ മാത്രം ആല്‍ഗകള്‍ ഇന്ന് കാണുന്ന വിസ്തൃതിയില്‍ രൂപപ്പെടാന്‍ ആയിരക്കണക്കിന് വര്‍ഷങ്ങളെടുത്തിട്ടുണ്ടെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. പക്ഷേ ഇപ്പോള്‍ ആഗോളതാപനം പോലുള്ള പ്രതിഭാസങ്ങളും , വർധിച്ച് വരുന്ന കപ്പലുകളുടെ എണ്ണവും ഈ ആല്‍ഗകള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ആയിരക്കണക്കിന് വരുന്ന വൈവിധ്യമാര്‍ന്ന മത്സ്യങ്ങളുടെയും മറ്റും ജൈവ ആവാസവ്യവസ്ഥയുടെ ഭാഗം കൂടിയാണ് ഈ ആല്‍ഗകളുടെ കൂട്ടം. അതുകൊണ്ട് തന്നെ ഇവയ്ക്ക് കോട്ടം സംഭവിച്ചാല്‍ അത് ഒരു മേഖലയിലെ ആകെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയാകുമെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു. 

English Summary: Scientists Discover Weird 'Falgae' in Cornwall That Are Genetically Unique

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com