ADVERTISEMENT

‘ആഫ്രിക്കയുടെ വെളുത്ത സ്വർണം’- വൻകരയിലെ ഭീകരവാദഗ്രൂപ്പുകൾക്കാവശ്യമായ പണത്തിന്റെ 40 ശതമാനവും കണ്ടെത്തി നല്‍കുന്ന ആനക്കൊമ്പിന് അവർ വേറെന്ത് ‘ഓമനപ്പേരി’ടാനാണ്. കാട്ടിലെ പാവം ആനകൾ കാടൻ ഭീകരവാദത്തിന്റെ കൂടി ഇരകളാകുന്നത് ഇങ്ങനെയാണ്. കൃഷിയാണ് ആഫ്രിക്കയിലെ ഭൂരിഭാഗം ജനങ്ങളുടെയും തൊഴിൽ. പക്ഷേ വരൾച്ചയും വെട്ടുകിളി ആക്രമണവുമെല്ലാമായി പലപ്പോഴും കൃഷിയിൽ നിന്നുള്ള വരുമാനം ‘കിട്ടിയാൽ കിട്ടി’ എന്ന മട്ടിലാണ്. ഭീകരവാദ സംഘടനകൾ ആഫ്രിക്കക്കാരെ ചാക്കിലാക്കുന്നതും ഇതിന്റെ പേരിലാണ്. ആനക്കൊമ്പിന് കിലോയ്ക്ക് അവർ വാഗ്ദാനം നൽകുന്നത് 100 പൗണ്ട് വരെ. അതായത് ഏകദേശം 10000 രൂപ.

ആഫ്രിക്കയിലാണ് ലോകത്തിലെ ഏറ്റവും നീളൻ കൊമ്പുള്ള ആനകളുള്ളത്. അവയിൽത്തന്നെ കെനിയയിലെ ‘ബുൾ’ ആനകളാണ് കേമന്മാർ. ഇവരിൽ പ്രായമായ ആനകൾക്ക് ഭാരവും നീളവുമുള്ള ഒത്ത കൊമ്പുകളായിരിക്കും. വേട്ടക്കാരുടെ പ്രിയപ്പെട്ട ഇരയും ഇത്തരം ആനകളാണ്. ഒരൊറ്റ കൊമ്പിൽ നിന്നു മാത്രം 9600 പൗണ്ട് വരെ ലഭിക്കും. അതായത് ഇന്ത്യൻ കണക്കിൽ 9.94 ലക്ഷം രൂപ. രൂപം മാറി അലങ്കാര വസ്തുവായി എത്തിക്കഴിഞ്ഞാൽ ചൈനയിൽ ഈ ആനക്കൊമ്പ് കിലോയ്ക്ക് 2000 പൗണ്ട് വരെയാണു ലഭിക്കുക. നിലവിൽ പ്രതിവർഷം 1200 കോടിയിലേറെ പൗണ്ടിന്റെ കച്ചവടമാണ് ആനക്കൊമ്പു കരിഞ്ചന്തയിൽ നടക്കുന്നത്. ലോക്കറ്റുകളും ആഭരണങ്ങളും കരകൗശലവസ്തുക്കളുമെല്ലാം നിർമിക്കാനായി ചൈനയും മറ്റ് ഏഷ്യൻ രാജ്യങ്ങളുമാണ് വൻതോതിൽ ആനക്കൊമ്പ് ‘ഇറക്കുമതി’ ചെയ്യുന്നത്.

ചൈനയിൽ ഇതെല്ലാം പണ്ടേ നിരോധിച്ചതാണ്. അതിനാൽത്തന്നെ ഈ ‘വിലക്കപ്പെട്ട കനി’ക്ക് ആവശ്യക്കാരുമേറെ. വന്നുവന്നിപ്പോൾ ആഫ്രിക്കൻ ആനകളുടെ എണ്ണം വൻതോതിൽ കുറയുകയാണ്. കെനിയയിൽ ഒരു  33 വയസ്സുകാരനെ 2013ൽ പൊലീസ് പിടികൂടിയിരുന്നു. 70 ആനകളെ കുന്തം കൊണ്ടു കുത്തി മാത്രം താൻ കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് ‘മിററി’നു നൽകിയ അഭിമുഖത്തിൽ 2014ൽ അയാൾ പറഞ്ഞത്. അപ്പോഴേക്കും ജയിൽശിക്ഷ കഴിഞ്ഞിരുന്നു, ആകെ ലഭിച്ചത് ഒരൊറ്റ വർഷത്തെ ശിക്ഷ. ആനവേട്ടയുടെ ക്രൂരതയും ലോകം ആ ഇന്റർവ്യൂവിലൂടെ അറിഞ്ഞു- ആനകളുടെ ഹൃദയം നോക്കിയാണ് വേട്ടക്കാരുടെ കുത്ത്. പിന്നെ അത് തളരും വരെ അടുത്തു തന്നെ നിൽക്കും. ഹൃദയത്തിനടുത്ത് കുത്തേറ്റാൽ ആന എളുപ്പത്തിൽ തളരുമത്രേ. അതിനിടെ ഒപ്പമുള്ള ആനകളും സംരക്ഷണകവചം തീർക്കാനെത്തും. പക്ഷേ ശബ്ദമുണ്ടാക്കിയും തീ കത്തിച്ചും ഓടിക്കുകയാണു പതിവ്.

പരിചയ സമ്പന്നരായ വേട്ടക്കാർക്ക് ആനയുടെ ഹൃദയത്തിന്റെ സ്ഥാനവും കൃത്യമായി അറിയാനാകും. ഒരിക്കൽ ആനക്കുട്ടിയുടെ മുന്നിൽ വച്ച് അതിന്റെ അച്ഛനാനയെ കുത്തിക്കൊന്ന കഥയും പറഞ്ഞു ജോൺ സുമോക്വോ എന്ന ആ കെനിയക്കാരൻ. ചത്തുവീണാൽ പിന്നെ കോടാലി കൊണ്ട് തല വെട്ടിപ്പൊളിച്ചാണ് കൊമ്പെടുക്കുക. ചിലപ്പോൾ തളർന്നു കിടക്കുമ്പോൾ പാതി ജീവനോടെയായിരിക്കും കൊല.

african-elephant-poaching-rates-correlate-local-poverty-national-corruption-and-global-ivory1

ഒരിക്കൽ കൂട്ടത്തിലെ ആനകൾക്കൊന്നിന് വേട്ടക്കാരുടെ കുത്തേറ്റ സ്ഥലത്തേക്ക് സംഘത്തിലെ മറ്റുള്ള ആനകൾ പിന്നെ വരില്ല. പക്ഷേ വേട്ടക്കാർ ഇവയെ ആട്ടിത്തെളിച്ച് കുന്തവുമായി മറ്റുള്ളവർ ഒളിച്ചിരിക്കുന്ന സ്ഥലങ്ങളിലെത്തിക്കുകയാണു പതിവ്. ആനകൾ മേയാൻ വരുന്ന സ്ഥലങ്ങളിലെ മരങ്ങളാണ് പ്രധാന ഒളിത്താവളം. അതിനു മുകളിൽ കയറിയിരുന്നു ആനയ്ക്കു മേൽ കുന്തം വലിച്ചെറിയുകയാണു പതിവ്.

രണ്ട് കുന്തമുണ്ടാകും കയ്യിൽ. രണ്ടിലും വിഷവും പുരട്ടിയിട്ടുണ്ടാകും. ആനകളുടെ കണ്ണിൽപ്പെട്ടാൽ അവ കൊലവിളിയുമായി പിന്നാലെയെത്തും. അങ്ങനെ പല തവണ വന്ന കഥയും ഓർമിച്ചു പറഞ്ഞു ‘മിറർ’ ലേഖകനോട് ജോൺ. പ്രദേശത്തെ ‘ലോക്കൽ’ കച്ചവടക്കാരനാണ് ആനക്കൊമ്പ് നൽകുക. അയാൾ നൽകുന്ന കാശ് തന്നെ ഗ്രാമവാസികൾക്ക് വൻതുകയാണ്. വർഷങ്ങളോളം കൃഷി ചെയ്താൽ മാത്രം കിട്ടുന്ന കാശാണ് ഒറ്റയടിക്ക് കയ്യിലെത്തുന്നതെന്നും ഓർക്കണം. കെനിയയിലെ മൊംബാസയിലേക്കാണ് ഈ ആനക്കൊമ്പ് എത്തുക. അവിടെ നിന്ന് വിദേശങ്ങളിലേക്ക് പല രൂപത്തിൽ പറക്കുകയും ചെയ്യും. ഈ കൊടുംവേട്ട കാരണം കെനിയയിൽ ഇന്ന് ആനകൾ എണ്ണത്തിൽ കുറയുകയാണ്. പ്രധാനമായും ആഫ്രിക്കൻ ആനകളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് 2012ൽ ലോക ആന ദിനാചരണം ആരംഭിക്കുന്നത്. അതിന്റെ കീഴിൽ ഒട്ടേറെ സംരക്ഷണ പരിപാടികളും സംഘടിപ്പിക്കാറുണ്ട്. എങ്കിലും കണക്കുകൾ ആശാവഹമല്ല.

35 വർഷം മുൻപ് കെനിയയിൽ 1.67 ലക്ഷത്തിലേറെ ആനകളുണ്ടായിരുന്നു. ഇന്നത് 34,000ത്തിൽ താഴെയാണ്. ആഫ്രിക്കയിലാകെ 50 ലക്ഷത്തിലേറെ ആനകളുണ്ടായിരുന്നു 1930കളിൽ. എന്നാലിന്നോ, അത് നാല് ലക്ഷമായി കുറഞ്ഞിരിക്കുന്നു. ആഫ്രിക്കയുടെ പല ഭാഗങ്ങളിലും ബോധവത്കരണവുമായി ആനപ്രേമി സംഘടനകൾ പോയിരുന്നു. പക്ഷേ വേട്ടക്കാർ അവരോട് പറഞ്ഞതിങ്ങനെ: ‘ആനകളെ മനുഷ്യനു വേണ്ടിയാണ് ദൈവം സൃഷ്ടിച്ചത്. അതിനാൽത്തന്നെ അതൊരിക്കലും നശിക്കില്ല. മനുഷ്യന് പണം നൽകാനുള്ള കൊമ്പുമായി ജനിച്ചു കൊണ്ടേയിരിക്കും.

English Summary: African elephant poaching rates correlate with local poverty, national corruption and global ivory price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com