ADVERTISEMENT

പതിറ്റാണ്ടുകളായി താപനില വർധിച്ചു കൊണ്ടിരിക്കുന്ന സമുദ്രജലം ആര്‍ട്ടിക്കിലെ മഞ്ഞുപാളികളില്‍ വിള്ളല്‍ വീഴ്ത്തിക്കൊണ്ടിരിക്കുകയാണ്. ഈ പ്രതിഭാസം മൂലം ഈ നൂറ്റാണ്ടിന്‍റെ പകുതിയോടെ വേനല്‍ക്കാലത്ത് ആര്‍ട്ടിക്കില്‍ മഞ്ഞുപാളികളേ ഇല്ലാത്ത അവസ്ഥ സംജാതമാകുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. ഈ മാറ്റം ആര്‍ട്ടിക്കിലെ മാത്രമല്ല ലോകത്തിന്‍റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അധികം വൈകാതെ സംഭവിക്കാന്‍ പോകുന്ന ഈ ദുരന്തത്തിന് ആക്കം കൂട്ടുന്ന ചില പ്രതിഭാസങ്ങള്‍ കൂടി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.

ഹീറ്റ് ബോംബുകള്‍

മാറുന്ന കാലാവസ്ഥയുടെ സാഹചര്യത്തില്‍ പസിഫിക്കില്‍ നിന്നുള്ള ഉപ്പുവെള്ളം വലിയ തോതിലാണ് ആര്‍ട്ടിക് സമുദ്രത്തിലേക്കു ചെല്ലുന്നത്. മഞ്ഞുപാളികളിലേക്കുള്ള ഈ ഉപ്പുവെള്ളത്തിന്‍റെ വലിയ അളവിലുള്ള കടന്നു വരവ് മേഖലയിലെ ആകെ സമുദ്രതാപനില വർധിപ്പിക്കുന്നതില്‍ പ്രധാന പങ്കാണു വഹിക്കുന്നത്. ഒപ്പം തന്നെ മഞ്ഞുപാളികള്‍ വ്യാപകമായി ഉരുകി ഒലിക്കുന്നതിനും ഈ ഉപ്പുവെള്ളം കാരണമാകും. ഈ സാഹചര്യത്തിലാണ് ഗവേഷകര്‍ ആര്‍ട്ടിക്കിലേക്ക് അതിക്രമിച്ച് കയറുന്ന ഉപ്പു വെള്ളത്തെ ഹീറ്റ് ബോംബുകള്‍ എന്ന് വിശേഷിപ്പിച്ചതും.

ആര്‍ട്ടിക്കിലെ മഞ്ഞുപാളികളുടെ ഉരുകല്‍ വര്‍ഷംതോറും വർധിച്ചു വരികയാണ്. അതേസമയം ശൈത്യകാലത്ത് രൂപപ്പെടുന്ന മഞ്ഞുപാളിയുടെ വിസ്തൃതി കുറഞ്ഞു വരുന്നുമുണ്ട്. എന്നാല്‍ എല്ലാ വര്‍ഷവും കൃത്യമായ അളവിലല്ല ഈ ഉരുകിയൊലിക്കല്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ഓരോ വര്‍ഷവും ഉണ്ടാവാനിടയുള്ള മഞ്ഞുപാളിയുടെ വിസ്തൃതി കുറവും മഞ്ഞുപാളികള്‍ പൂര്‍ണമായും അപ്രത്യക്ഷമാകുന്ന ഏകദേശ വര്‍ഷവും പ്രവചിക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ വലിയ അദ്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഈ നൂറ്റാണ്ടിന്‍റെ പകുതിക്കപ്പുറത്തേക്ക് വേനല്‍ക്കാലത്ത് മഞ്ഞുള്ള ആര്‍ട്ടിക് ഉണ്ടാകില്ലെന്ന കാര്യം ഗവേഷകര്‍ ഉറപ്പിച്ചു പറയുന്നു.

പസിഫിക് - ആര്‍ട്ടിക് ഇടനാഴിയായ ബെറിങ് കടലിടുക്കിലൂടെയാണ് ഈ ഉപ്പ് വെള്ളം വലിയ അളവില്‍ കടന്നു ചെല്ലുന്നത്. റഷ്യയ്ക്കും അമേരിയ്ക്കയും ഇടയിലുള്ള ഈ സമുദ്ര അതിര്‍ത്തിയിലൂടെയാണ് ബ്യൂഫോര്‍ട്ട് ഗയിര്‍ എന്ന ഓഷ്യന്‍ കറന്‍റ് പസിഫിക്കില്‍ നിന്ന് ആര്‍ട്ടിക്കിലേക്ക് പ്രവഹിക്കുന്നത്. ഈ ഒഴുക്കിലൂടെയാണ് സമുദ്രത്തിലെ ലവണജലം ആര്‍ട്ടിക്കിലേക്കെത്തുന്നതും. ഈ പ്രദേശത്ത് അലാസ്കയുടെ പടിഞ്ഞാറന്‍ മേഖലകളിലേക്കും കാനഡയുടെ തക്കന്‍ മേഖലയിലേക്കുമാണ് ലവണജലം ആദ്യം കുതിച്ചെത്തുക. ഇവിടെ നിന്നാണ് ആര്‍ട്ടിക്കിന്‍റെ വിവിധ പ്രദേശങ്ങളിലേക്ക് ലവണ ജലം കടന്നുചെല്ലുന്നതും.

ആര്‍ട്ടിക്കിന്‍റെ മാറുന്ന താപ വ്യവസ്ഥ

ഇങ്ങനെ കടന്നു വരുന്ന ലവണ ജലം ആര്‍ട്ടിക്കിന്‍റെ താപനിലയെ മാത്രമല്ല ജൈവ വ്യവസ്ഥയെ കൂടി ബാധിക്കുന്നുണ്ടെന്നാണ് ഗവേഷകനായ ജെന്നിഫര്‍ മക്കിനോന്‍ വിശദീകരിക്കുന്നത്. സാന്‍റിയാഗോയിലെ ക്രിസ്പ് മിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയിലെ ഗവേഷകനായ ജെന്നിഫര്‍ മക്കിനോന്‍ 2018 ല്‍ ആര്‍ട്ടിക് സന്ദര്‍ശിച്ച നാവിക സേനാ പഠന സംഘത്തിന്‍റെ തലവന്‍ കൂടിയായിരുന്നു. ഈ പഠനത്തില്‍ നിന്ന് നേരിട്ട് മനസ്സിലാക്കിയ വിവരങ്ങളും, ഉപഗ്രഹ പഠനവും, ആഴക്കടല്‍ യന്ത്രങ്ങളിലെ സെന്‍സറുകളില്‍ നിന്ന് ലഭിച്ച വിവരവും കൂട്ടിച്ചേര്‍ത്താണ് ആര്‍ട്ടിക്കിലെ താപ ബോംബുകളെക്കുറിച്ച് ഏകദേശ രൂപം നല്‍കാന്‍ ജെന്നിഫര്‍ മക്കിനോന് സാധിച്ചത്. 

ആര്‍ട്ടിക് മേഖലയിലേക്കെത്തുമ്പോള്‍ ആഴത്തിലേക്കു പോകുന്ന രീതിയാണ് പസിഫിക് സമുദ്രത്തില്‍ നിന്നുള്ള താപജലത്തിനുള്ളതെന്ന് ഈ പഠനം വിശദീകരിക്കുന്നു. ഇങ്ങനെ ഏതാനും മീറ്റര്‍ താഴത്തെത്തി ഒരു പ്രത്യേക പാളി പോലെ കാണപ്പെടുന്ന പസിഫിക്കില്‍ നിന്നുള്ള ലവണാംശം കൂടുതലുള്ള താപജലം ആര്‍ട്ടിക് സമുദ്രത്തിലെ തണുത്ത ജലത്തെ അതിവേഗം മുറിച്ച് വിവിധ ഭാഗങ്ങളിലേക്കു കടന്നു ചെല്ലുന്നു. വൈകാതെ ഇവ ചെറിയ പോക്കറ്റുകളായി രൂപം മാറുന്നു. തുടര്‍ന്ന് ഉപരിതലത്തിലേക്കു കൂടിയെത്തുന്ന ഈ ചെറു താപജല കൂട്ടങ്ങളില്‍ അന്തരീക്ഷവുമായി കൂടി ചേര്‍ന്ന് പ്രവര്‍ത്തിച്ച് താപം നിലനിര്‍ത്തുന്നു എന്നും പഠനം വിശദീകരിക്കുന്നു. ഇത്തരം താപ പോക്കറ്റുകളെയാണ് ഗവേഷകര്‍ താപബോംബുകള്‍ എന്ന് വിശേഷിപ്പിച്ചതും.

ഈ താപ ബോംബുകള്‍ ചുറ്റുമുള്ള സമുദ്രജലത്തെ ചൂട് പിടിപ്പിക്കുന്നതിനൊപ്പം അടുത്തുള്ള മഞ്ഞുപാളികളുടെ ഉരുകലിനു കൂടി കാരണമാകുന്നു. കൂടുതല്‍ മഞ്ഞുപാളി ഉരുകുന്നത് കൂടുതല്‍സമുദ്രമേഖലയിലേക്ക് സൂര്യപ്രകാശം കടന്നുവരാനും ഈ പ്രകാശത്തില്‍ നിന്നുള്ള ചൂട് ആഗിരണം ചെയ്ത് കടല്‍ കൂടുതല്‍ ചൂടാകാനും ഇടയാകും. അങ്ങനെ ക്രമേണ ചെറു പോക്കറ്റുകളായി രൂപപ്പെട്ട താപമേഖല വൈകാതെ നൂറ് കണക്കിന് ചതുരശ്ര കിലോമീറ്ററുള്ള ഒരു താപമേഖലയായി മാറും. ഏതായാലും ഈ കണ്ടെത്തലുകള്‍ വൈകാതെ ആര്‍ട്ടിക്കിന്‍റെ മാറുന്ന സ്വഭാവത്തെ സംബന്ധിച്ച കൃത്യമായ പ്രവചനത്തിന് സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.

English Summary: Dangerous 'Heat Bombs' Have Been Entering The Arctic Ocean, Expedition Reveals

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com