ADVERTISEMENT

മാനവരാശിയെ പിടിച്ചുലച്ച കോവിഡ് മഹാമാരിയുടെ തേരോട്ടം അവസാനിച്ചിട്ടില്ല. മനുഷ്യനും പ്രകൃതിയും സമരസത്തിൽ ജീവിക്കണമെന്ന പാഠമാണ് പുത്തൻ മഹാമാരികളുടെ ഉദയങ്ങൾ നമുക്ക് നൽകുന്നതെന്ന മട്ടിലുള്ള  ചർച്ചകൾ അന്തരീക്ഷത്തിലുണ്ട്. എന്നാൽ  ഇപ്പോഴിതാ ഭൂമിയുടെ വസമ്പത്തുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടും ആശാവഹമല്ലായെന്ന് പറയേണ്ടിയിരിക്കുന്നു. ഭൂഗോളത്തിന്റെ ഉഷ്ണമേഖലയിലെ വനനഷ്ടം 2019- നെ അപേക്ഷിച്ച് 2020 വർഷത്തിൽ 12 ശതമാനത്തോളം അധികമാണെന്ന് ഇതു സംബന്ധിച്ച പുത്തൻ പഠനഫലം സൂചിപ്പിക്കുന്നു.

വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ടും മേരിലാൻഡ് യൂണിവേഴ്സിറ്റിയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടനുസരിച്ച് ,4.2 ദശലക്ഷം ഹെക്ടറോളം ആദിമവനങ്ങളാണ് ഇക്കാലയളവിൽ നശിപ്പിക്കപ്പെട്ടിരിക്കുന്നത്. പ്രാചീനവും മനുഷ്യ സ്പർശത്താൽ കളങ്കിതമാകാത്തതുമായ പ്രൈമറി ഉഷ്ണമേഖലാവനമാണ് നഷ്ടമായിരിക്കുന്നത്. മേൽപ്പറഞ്ഞ അളവിലുണ്ടായ വനനഷ്ടം മൂലം 2.64 ഗിഗാടൺ ബില്യൺ ടൺ കാർബൺ ഡയോക്സൈഡ് അന്തരീക്ഷത്തിലേക്ക് ചേർക്കപ്പെട്ടതായി കണക്കാക്കപ്പെടുന്നു. അതായത് 570 ദശലക്ഷം കാറുകൾ മൂലമുണ്ടാകുന്ന കാർബൺ ഡയോക്സൈഡ് ഉദ്വമനത്തിന്  തുല്യമായ അളവ്. അമേരിക്കയിലെ റോഡുകളിൽ ഇന്നുള്ള കാറുകളുടെ എണ്ണത്തിന്റെ ഇരട്ടിയാണത്രേ ഇത്! .

ആകെ നഷ്ടമായ 12. 2 ദശലക്ഷം ഹെക്ടർ വൃക്ഷാവരണത്തിൽ മൂന്നിലൊന്നും ആദിമ ഉഷ്ണമേഖലാ വനങ്ങളാണ്. കാർബണിന്റെ സംഭരണ കേന്ദ്രങ്ങളായ ഉത്തരം വനസ്ഥലികൾ ജൈവവൈവിധ്യത്തിന്റെ ഈറ്റില്ലങ്ങൾ കൂടിയാണ്. ബ്രസീലാണ് ഭൂമിയുടെ മൊത്തം സമ്പത്തായ ഈ വനങ്ങളുടെ നഷ്ടത്തിൽ അല്ലെങ്കിൽ നശീകരണത്തിൽ മുൻപിൽ നിൽക്കുന്നത്. പാമോയിൽ, കൊക്കോ തുടങ്ങിയവയുടെ ഉൽപാദനം വർധിപ്പിക്കുകയാണ്  വനഭൂമി നശിപ്പിക്കുന്നതിന്റെ ലക്ഷ്യങ്ങളിൽ മുഖ്യം. എന്നാൽ കോവിഡ് മഹാമാരി മൂലം ഇത്തരം പ്രവർത്തനങ്ങൾ കാര്യമായി നടക്കാതിരുന്നിട്ടും വനനഷ്ടം അധികമായത് അദ്ഭുതപ്പെടുത്തുന്നതാണ്. 

മാത്രമല്ല വനനശീകരണത്തിനെതിരായ യുദ്ധത്തിലെ നാഴികക്കല്ലാകേണ്ട വർഷമായിട്ടാണ് 2020 കണക്കാക്കപ്പെട്ടിരുന്നത്. കാരണം അനവധി ലോകരാജ്യങ്ങൾ, രാജ്യാന്തര സംഘടനകൾ  എന്നിവ വനങ്ങൾക്കുണ്ടാകുന്ന നഷ്ടം 2020-വർഷത്തിൽ ഇല്ലാതാക്കുകയോ ,ചുരുങ്ങിയത് പകുതിയെങ്കിലുമോ ആക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ ഉന്നം വെച്ച ലക്ഷ്യം സാധിക്കുന്നതിൽ മാനവ സമൂഹം പരാജയപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.

കൃഷിയുടെ പ്രത്യേകിച്ച് ചില വിളകളുടെ വ്യാപനത്തിനായാണ് പ്രധാനമായും വനങ്ങൾ നശിപ്പിക്കപ്പെടുന്നതെന്നാണ്  കരുതപ്പെടുന്നത്.കാട്ടുതീ ഉൾപ്പടെയുള്ള കാലാവസ്ഥാ പ്രതിഭാസങ്ങളും തങ്ങളുടേതായ പങ്കുവഹിക്കുന്നുണ്ട്. ബ്രസീൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ബൊളീവിയ, ഇൻഡോനേഷ്യ, പെറു, കൊളംബിയ, കാമറൂൺ, ലാവോസ്, മലേഷ്യ, മെക്സിക്കോ തുടങ്ങിയവയാണ് വനനഷ്ടത്തിൽ മുൻപിലുള്ള 10 രാജ്യങ്ങൾ. കണക്കുകൾ മനം മടുപ്പിപ്പിക്കുമ്പോഴും തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുമൊക്കെ ചില ശുഭസൂചനകളുമുണ്ട്. 

ആദ്യത്തെ മൂന്നു സ്ഥാനങ്ങളിൽ സ്ഥിരമായി ഉണ്ടായിരുന്ന ഇന്തോനീഷ്യ ഇത്തവണ നില മെച്ചപ്പെടുത്തി. മാത്രമല്ല വനനഷ്ടത്തിന്റെ തോത് തുടർച്ചയായ നാലു വർഷങ്ങളായി കുറച്ചു കൊണ്ടുവരാനും അവർക്ക് കഴിഞ്ഞിരിക്കുന്നു. ലിസ്റ്റിൽ ഒന്നാമതുള്ള ബ്രസീലിന്റെ നഷ്ടം തൊട്ടടുത്ത രാജ്യത്തേക്കാൾ മൂന്നിരട്ടിയാണ്. മുൻവർഷത്തെ അപേക്ഷിച്ച് 2020-ലെ ബ്രസീലിന്റ് നഷ്ടം 25 ശതമാനം കൂടുതലാണെന്നത് ആശങ്കപ്പെടുത്തുന്നതാണ്. ഇതിൽ ആമസോണിൽ മാത്രം 15 ശതമാനമാണ് വർധനവ്.

drsabingeorge10@gmail.com

English Summary: Tropical forest destruction spikes 12 percent in 2020 compared to previous year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com