ADVERTISEMENT

ചിപ്കോ പ്രസ്ഥാനത്തിലൂടെ  പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങൾ പകർന്നു നൽകി ലോകത്തിന് തന്നെ മാതൃകയായിത്തീർന്ന സുന്ദർലാൽ ബഹുഗുണ എന്ന അതുല്യ വ്യക്തിത്വമാണ് കോവിഡിന് കീഴടങ്ങിയത്. പ്രകൃതി സംരക്ഷണത്തിനു വേണ്ടി ഗാന്ധിയൻ മാർഗ്ഗങ്ങളിലൂടെ സന്ധിയില്ലാ സമരം ചെയ്ത  സുന്ദർലാൽ ബഹുഗുണ ഇന്ത്യയുടെ പരിസ്ഥിതി മേഖലയ്ക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ് .

വനനശീകരണത്തിനെതിരെ 1973 ലാണ് അഹിംസാ പ്രക്ഷോഭമായ ചിപ്കോ ആന്തോളന് അദ്ദേഹം നേതൃത്വം നൽകിയത്. വനത്തിനുള്ളിലെ മരങ്ങൾ മുറിക്കാൻ അനുമതി നൽകിയ ഭരണകൂടത്തിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ പോരാട്ടം. സമരമുഖത്ത് സ്ത്രീകളെ അണിനിരത്തി മരങ്ങളെ  കെട്ടിപ്പിടിച്ചുകൊണ്ട് പ്രതിഷേധിക്കുന്നതായിരുന്നു  ചിപ്കോ പ്രസ്ഥാനത്തിൻറെ സമര രീതി. അദ്ദേഹത്തിന്റെ പ്രതിഷേധങ്ങളുടെ  ഫലമായി 1980 ൽ പച്ച മരങ്ങൾ വെട്ടിമാറ്റുന്നതിന് 15 വർഷത്തെ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇന്നോളം ലോകത്തിന്റെ പലഭാഗങ്ങളിലായി പ്രകൃതിസംരക്ഷണ  പ്രസ്ഥാനങ്ങൾക്ക് മാതൃകയായി തീരാൻ സുന്ദർലാൽ ബഹുഗുണയുടെ മുന്നേറ്റത്തിന് സാധിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ഭഗീരഥി നദിയിൽ തെഹ്രി അണക്കെട്ട് നിർമ്മിക്കുന്നതിനെതിരെ സുന്ദർലാൽ ബഹുഗുണ നടത്തിയ സമരവും ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട സമരത്തിനിടെ നിരവധി തവണ ഉപവാസ സമരങ്ങളും അദ്ദേഹം നടത്തി. അണക്കെട്ട് നിർമാണത്തിനെതിരെ 1995 ൽ  താൻ ആരംഭിച്ച അനിശ്ചിതകാല ഉപവാസസമരം അണക്കെട്ടുകളുടെ മോശം വശങ്ങളെക്കുറിച്ച് പഠിക്കാൻ കമ്മിഷനെ നിയോഗിക്കാമെന്ന അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി വി നരസിഹം റാവുവിന്റ ഉറപ്പിനെ തുടർന്ന് 45 ദിവസങ്ങൾക്ക് ശേഷമാണ് അവസാനിപ്പിച്ചത്. ഖനന നിരോധനം നദികളുടെ  സംരക്ഷണം എന്നിങ്ങനെ ഇന്ത്യയുടെ പരിസ്ഥിതി മേഖലയെ ബാധിക്കുന്ന ഓരോ വിഷയങ്ങളിലും സുന്ദർലാൽ ബഹുഗുണ ശക്തമായ പ്രതിഷേധ മാർഗ്ഗങ്ങളിലൂടെ മുന്നണിപ്പോരാളിയായി നിലകൊണ്ടു .പരിസ്ഥിതി മാത്രമാണ് സുസ്ഥിരമായ സമ്പദ് വ്യവസ്ഥ എന്നതായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്ന ആശയം .

1927ൽ ഉത്തരാഖണ്ഡിൽ ജനിച്ച സുന്ദർലാൽ ബഹുഗുണ തന്റെ പതിമൂന്നാം വയസിൽ സ്വാതന്ത്ര്യ സമരരംഗത്ത് സാന്നിധ്യമറിയിച്ചു. ഗാന്ധിയൻ ആദർശങ്ങളിൽ ഏറെ ആകൃഷ്ടനായിരുന്ന അദ്ദേഹം തൊട്ടുകൂടായ്മയ്ക്കെതിരെയും മദ്യനിരോധനത്തിന് വേണ്ടിയും നിരന്തരം വാദിച്ചിരുന്നു. 

വികസന പ്രവർത്തനങ്ങൾ  പരിസ്ഥിതിയെ എത്രത്തോളം ദോഷകരമായി ബാധിക്കുന്നുണ്ട് എന്ന് നേരിട്ട് കണ്ടറിയുന്നതിനു വേണ്ടി ഗാന്ധിജിയുടെ പാത പിന്തുടർന്ന് ഹിമാലയസാനുക്കളിലെ വനമേഖലയിൽ 4700 കിലോമീറ്ററുകൾ അദ്ദേഹം നടന്നിട്ടുണ്ട്. 1981 ൽ പത്മശ്രീ നേടിയെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. പിന്നീട് 2009 ൽ പത്മവിഭൂഷൺ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com