ADVERTISEMENT

രാജ്യത്തെ പരിസ്ഥിതി പ്രസ്ഥാനങ്ങളും പോരാട്ടങ്ങളും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പിന്തുടർച്ചയാണെന്നു പറയാറുണ്ട്. സുന്ദർലാൽ ബഹുഗുണ എന്ന 94 വയസ്സുകാരനായ ഗാന്ധിയൻ ഓർമയായെങ്കിലും അദ്ദേഹം വിതറിയ പരിസ്ഥിതി സ്നേഹത്തിന്റെ വിത്തുകൾ വരും തലമുറകൾക്കും പ്രചോദനമേകും. അര നൂറ്റാണ്ടായി ഈ രംഗത്തെ ഇടിമുഴക്കമായിരുന്നു അദ്ദേഹം. 

ആദ്യത്തെ കാഴ്ച

എഴുപതുകളുടെ തുടക്കത്തിൽ ഗഡ്‌വാൾ ജില്ലയിലെ തെഹ്‌രിക്കടുത്ത സിൽയാര ഗ്രാമത്തിലെ ആശ്രമത്തിലാണു സുന്ദർലാൽ ബഹുഗുണയെ ആദ്യം കാണുന്നത്. അദ്ദേഹം തുടക്കമിട്ട പരിസ്ഥിതി പ്രസ്ഥാനത്തിൽ  പ്രവർത്തിക്കാനെത്തിയതായിരുന്നു ഞാൻ. ചമ്പ പ്രദേശത്തുകൂടി പോകുമ്പോൾ വഴിയരികിലെ ഒരു ചായപ്പീടികക്കാരന്റെ നാവിൽ നിന്നാണ് ആദ്യമായി ആ വാക്ക് കേൾക്കുന്നത്– ചിപ്കോ അഥവാ വൃക്ഷാലിംഗനം. 

ഹിമാലയത്തിൽ മടിത്തട്ടിലായിരുന്നു എന്റെ ബാല്യം. ചമ്പയ്ക്കും മസൂറിക്കും മധ്യേ ചൂള മരങ്ങൾ നിറഞ്ഞ വനമായിരുന്നു. അന്ന് അതുവഴി ഒരു കാട്ടരുവി ഒഴുകിയിരുന്നു. 1970 കളുടെ മധ്യത്തിൽ ഫിസിക്സ് ഗവേഷണത്തിനായി കാനഡയിലേക്കു പോകാൻ ഒരുങ്ങുന്ന സമയം ഓർമകളെ തിരിച്ചുപിടിക്കാനെത്തിയ ഞാൻ കണ്ടത് ആ അരുവി വെറുമൊരു നൂലൊഴുക്കായി മാറിയതാണ്. മരമെല്ലാം വെട്ടിമാറ്റി പ്രദേശം തന്നെ തെളിച്ചിട്ടിരിക്കുന്നു. ഡൽഹിയിലേക്കു തിരികെ പോകാൻ ബസ് കാത്ത് നിൽക്കുമ്പോൾ സമീപത്തെ ഢാബ ഉടമ പറഞ്ഞു. ‘ബേട്ടീ, പ്രതീക്ഷ കൈവിടേണ്ട. ചിപ്കോ എന്ന പ്രസ്ഥാനം മുളപൊട്ടിയിട്ടുണ്ട്.’ 

സ്വപ്നത്തിന്റെ വിത്ത്

sunderlal-bahuguna

മുറിക്കാൻ വരുന്ന കരാറുകാർക്കു മുൻപിൽ മരത്തിനു ചുറ്റും കെട്ടിപ്പിടിച്ച് (ചിപ്കോ) നിൽക്കുന്ന റേനി ഗ്രാമത്തിലെ സ്ത്രീകളെപ്പറ്റിയും സുന്ദർലാൽ ബഹുഗുണ എന്ന സന്യാസിയെപ്പറ്റിയും കഥകൾ പുറത്തുവന്നുകൊണ്ടിരുന്ന കാലം. 

വിദേശത്തേക്കു പോകുമ്പോൾ ചിപ്കോ എന്റെ മനസ്സിൽ ഒരു സ്വപ്നത്തിന്റെ വിത്തു പാകിയിരുന്നു. മധ്യവേനൽ അവധിക്കു വരുമ്പോഴെല്ലാം ഇവിടെ വന്നു സേവനം ചെയ്യണമെന്ന് ഞാൻ ഉറപ്പിച്ചു. ഏറ്റവും വലിയ മൂലധനം പ്രകൃതിസമ്പത്തല്ലാതെ മറ്റൊന്നുമല്ലെന്ന സത്യമാണ് സുന്ദർലാലും ഭാര്യ വിമല യും ലോകത്തെ പഠിപ്പിക്കാൻ ശ്രമിച്ചത്. 

കാനഡയിലെ പഠനം കഴിഞ്ഞ് പിന്നീട് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലും മറ്റും എത്തിയെങ്കിലും ഇടവേളകളിലെല്ലാം തെഹ്‌രിയിലെ ആശ്രമം സന്ദർശിക്കുന്നതു പതിവായി. 1981 വരെ സുന്ദർലാലും അനുയായികളും നടത്തിയ പദയാത്രകളിൽ പങ്കാളിയായി. പരിസ്ഥിതി കാക്കുന്നതിൽ സ്ത്രീകളുടെ പങ്കിനെപ്പറ്റി ബോധ്യപ്പെട്ട നാളുകളായിരുന്നു അത്. വനം മുറിക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം ഈ പദയാത്ര നീണ്ടു. 

നീതി അടിസ്ഥാനമാക്കിയ പോരാട്ടമായിരുന്നു ചിപ്കോയുടെ സത്യഗ്രഹങ്ങൾ. ജനങ്ങൾക്കും പരിസ്ഥിതിക്കും നേരെ ആക്രമം അഴിച്ചുവിടുന്ന നിയമങ്ങളെയും നയങ്ങളെയും തോൽപ്പിക്കാൻ ചിപ്കോയ്ക്ക് കഴിഞ്ഞു. 1981 ൽ ഇന്ദിരാഗാന്ധിയുടെ ഇടപെടലിലൂടെയും മറ്റും ഹിമാലയത്തിലെ മരം മുറിക്കലിനു നിരോധനം വന്നു. വിനോബാ ഭാവെയോടും ഗാന്ധിജിയോടും ഒപ്പം പ്രവർത്തിച്ച ദേവ് സുമനായിരുന്നു സുന്ദർലാലിന്റെയും വിമലയുടെയും ഗുരു. ഞാനുൾപ്പെടെയുള്ള തലമുറകൾക്ക് ഗാന്ധിയൻ തത്വങ്ങളെ മനസ്സിലാക്കാനുള്ള തുറന്ന പുസ്തകമായി, ഇവർ. 

ഭൂമിയുടെ ശബ്ദം

ഗംഗാ നദിയിലെ തെഹ്‌രി ഡാം പദ്ധതിക്കെതിരെയും വനങ്ങളിലെ ഏകവിള തോട്ടവൽക്കരണം, തടിവിലയുടെ അടിസ്ഥാനത്തിൽ വനത്തിന്റെ മൂല്യം കണക്കാക്കുന്ന രീതി തുടങ്ങിയവയ്ക്കെതിരെയും ചിപ്കോയ്ക്കു വേണ്ടി പഠനം നടത്താൻ എനിക്കു കഴിഞ്ഞു. 1991 ലെ ഭൂചലനത്തിൽ ആശ്രമം നശിച്ചെങ്കിലും ഗംഗയുടെയും ഹിമാലയത്തിന്റെയും രാജ്യത്തിന്റെയും പരിസ്ഥിതിയുടെ ശബ്ദമായി, സുന്ദർലാൽ. 

പരിസ്ഥിതി സംരക്ഷണാർഥം നെയ്റോബിയിലേക്കും മെക്സിക്കോയിലേക്കും സുന്ദർലാലിനൊപ്പം പോകാൻ കഴിഞ്ഞത് ധന്യമായ ഓർമയാണ്. ഞാൻ നേതൃത്വം നൽകുന്ന നവധന്യ എർത്ത് യൂണിവേഴ്സിറ്റിയിൽ ഗാന്ധി, ഗ്ലോബലൈസേഷൻ, ഇക്കോളജി എന്ന കോഴ്സിൽ ക്ലാസെടുക്കാൻ എത്തുമായിരുന്നു, അദ്ദേഹം. ഇരുവരെയും അടുത്തകാലം വരെയും സന്ദർശിക്കുമായിരുന്നു. 

മരത്തിലേക്കു ചെവി ചേർത്തുവച്ച് പ്രകൃതിയെ സ്നേഹിക്കാനും മലകൾക്കും നദികൾക്കും പറയാനുള്ളത് കേൾക്കാനും പുതുതലമുറയെ പഠിപ്പിച്ച കാവലാളിനെയാണ് ഹിമാലയത്തിനു നഷ്ടമായിരിക്കുന്നത്. രാഷ്ട്രീയക്കാർക്ക് മൈക്ക് ഉണ്ട്. മുറിക്കപ്പെടുന്ന മരങ്ങൾക്കായി ആരു വാദിക്കുമെന്നു ചോദിച്ച് ഭൂമിയുടെ ശബ്ദമായി. പ്രകൃതിയെ ബഹുമാനിക്കാനും സമരസപ്പെട്ട് ജീവിക്കാനും പഠിപ്പിച്ച ആ മഹാന്റെ ജീവിതം ലോകത്തിനു തന്നെ മാതൃകയാണ്. മരങ്ങൾക്കു വേണ്ടി മരണം വരെ സത്യഗ്രഹം പ്രഖ്യാപിച്ച മറ്റാരും സുന്ദർലാൽ അല്ലാതെ ലോകത്തില്ല എന്നാണ് ലോകമെമ്പാടും 26 കോടി വൃക്ഷത്തൈകൾ വച്ച ട്രീ പ്രസ്ഥാനത്തിന്റെ സ്ഥാപകനായ റിച്ചാർഡ് ബാർബെ ബേക്കർ ഒരിക്കൽ പറഞ്ഞത്. 

സുന്ദർലാൽ ബഹുഗുണയെപ്പറ്റി വൈകാതെ പുറത്തിറങ്ങുന്ന പുസ്തകത്തിൽ ഇതെല്ലാം ചേർത്ത് ഓർമകളെ നിത്യസ്മരണയാക്കി മാറ്റണമെന്ന് ആഗ്രഹിക്കുന്നു. 

Sunderlal-Bahuguna-8

അപരനെ കരുതൽ

എല്ലാം സ്വന്തമാക്കാനും വെട്ടിപ്പിടിക്കാനും സ്വാർഥത പഠിപ്പിക്കുമ്പോൾ അപരനെ കരുതലാണ് തുറന്ന ജീവിതം അഥവാ പ്രകൃതിയോടൊത്തുള്ള ഇക്കോ സെൻട്രിക് ജീവിത ക്രമം. അതു മറ്റുള്ളവന്റെ അവകാശം കവർന്നെടുക്കലല്ല. ലളിത ജീവിതവും ഉയർന്ന ചിന്തയും എന്ന ഗാന്ധിയൻ ബദലിനാണു സുന്ദർലാൽ ശ്രമിച്ചത്. സ്വയം ഭരണത്തിന്റെ സ്വരാജ്, ഗ്രാമാധിഷ്ഠിത സ്വദേശി സമ്പദ്ഘടന, നീതിക്കു വേണ്ടിയുള്ള സത്യഗ്രഹം എന്നിവയായിരുന്നു അദ്ദേഹം പ്രചരിപ്പിച്ച ഗാന്ധിയൻ ശീലങ്ങൾ. 

ആവശ്യമുള്ളത് ഉൽപാദിപ്പിച്ച് സ്വയം പര്യാപ്തമാകാനും അഹിംസയിലും കാരുണ്യത്തിലും ജീവിതം ചിട്ടപ്പെടുത്താനും അദ്ദേഹം ഗ്രാമീണരെ പ്രേരിപ്പിച്ചു. ‘എല്ലാവരുടെയും ആവശ്യത്തിനുള്ളതെല്ലാം ഇവിടെയുണ്ട്, ആർത്തിക്കുള്ളതില്ല’ എന്ന ഗാന്ധിപാഠം പഠിപ്പിച്ചു.

English Summary: Remembering Sundarlal Bahuguna, one of the architects of the Chipko movement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com