ADVERTISEMENT

നാല് പതിറ്റാണ്ടിലേറെ രാജ്യത്തെ പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളുടെ മുൻനിരപ്പോരാളിയായിരുന്ന സുന്ദർലാൽ ബഹുഗുണ (94) അന്തരിച്ചു. കോവിഡ് ചികിത്സയിലായിരിക്കെ, ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലായിരുന്നു അന്ത്യം. ഋഷികേശിൽ ഗംഗാതീരത്ത് പൂർണാനന്ദഘട്ടിൽ സംസ്കരിച്ചു.

വ്യവസായ പദ്ധതികൾക്കു വേണ്ടി മലനിരകളിലെ മരങ്ങൾ വെട്ടിനശിപ്പിക്കുന്നതു തടയാൻ 1973 ൽ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ സ്ത്രീകൾ മുൻകയ്യെടുത്തു തുടങ്ങിയ ചിപ്കോ പ്രസ്ഥാനം ഫലവത്താക്കാൻ ബഹുഗുണയുടെ ഇടപെടൽ സഹായകമായി. ‘പരിസ്ഥിതിയാണു ശാശ്വത സമ്പത്ത്’ എന്ന മുദ്രാവാക്യം ചിപ്കോയ്ക്കു നൽകി, ഹിമാലയൻ ഗ്രാമങ്ങളിലൂടെ 5,000 കിലോമീറ്ററോളം അദ്ദേഹം യാത്ര നടത്തി.

ലോകശ്രദ്ധയാകർഷിച്ച ഈ യാത്ര കേന്ദ്ര സർക്കാരിനെ സമ്മർദത്തിലാക്കി. മരങ്ങൾ മുറിക്കുന്നതിനു കർശന വ്യവസ്ഥ ബാധകമാക്കാൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ നിർദേശമുണ്ടായി. 1981 ൽ പത്മശ്രീ നൽകി ബഹുഗുണയിലെ അക്രമരഹിത സമരവീര്യം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും, അദ്ദേഹം നിരസിച്ചു. പക്ഷേ, 2009 ൽ പത്മവിഭൂഷൺ സ്വീകരിച്ചു. തെഹ്‌രി അണക്കെട്ടിനെതിരെയുള്ള സമരത്തിന്റെ മുഖമായിരുന്ന ബഹുഗുണ, മറ്റു സംസ്ഥാനങ്ങളിലെയും പരിസ്ഥിതി മുന്നേറ്റങ്ങൾക്കു പ്രചോദനമായി. 

ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിലെ മറോഡ ഗ്രാമത്തിൽ 1927 ജനുവരി 9നു ജനിച്ച ബഹുഗുണയുടെ ചിന്തയെയും സമരരീതികളെയും മഹാത്മാ ഗാന്ധിയും വിനോബാ ഭാവെയും ജയ്പ്രകാശ് നാരായണും സാമൂഹിക പ്രവർത്തകൻ ശ്രീ ദേവ് സുമനും ഏറെ സ്വാധീനിച്ചു. ജീവിതത്തിലും സമരപാതയിലും ഭാര്യ വിമലയുടെ സ്വാധീനം നിർണായകമായിരുന്നു. ഗ്രാമങ്ങൾ കേന്ദ്രീകരിച്ചു സാമൂഹിക പ്രവർത്തനമെന്ന വ്യവസ്ഥയോടെയായിരുന്നു ഇവരുടെ വിവാഹം പോലും. മക്കൾ: രാജീവ്, മാധുരി, പ്രദീപ്.

English Summary: Veteran environmentalist Sundarlal Bahuguna dies of Covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com